വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Sunday, July 27, 2014

ഈദ് മുബാറക്


ഈദ് മുബാറക്


Saturday, October 6, 2012

AD 605ഹജറുല്‍ അസവാദ് സ്ഥാപിക്കുന്നു
ഉമര്‍ ബിനുല്‍ ഖതാബ്‌ (റ) ഹജറുല്‍ അസ്വദ്  ചുംബിച്ച ശേഷംപറഞ്ഞു . "നീ കല്ലാണെന്ന് എനിക്കറിയാം.  പ്രവാചകര്‍(സ്വ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും, ഞാന്‍ നിന്നെ ച്ചുംബിക്കുമായിരുന്നില്ല"1

ഭക്ഷണം കഴിച്ചു പുറത്തു വന്നിരുന്നപ്പോള്‍ തുള്ളിക്കൊരു കുടം കണക്കെ മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു. മുറ്റത്തെ പൂവിട്ടു നില്‍ക്കുന്ന മുല്ലയും സൂര്യകാന്തിയും മഴത്തുള്ളികല്‍ക്കനുസരിച്ചു താളം പിടിച്ചു കൊണ്ടിരിക്കുന്നത് കാണാന്‍ വല്ലാത്ത ചന്തമാണ്.
"മറ്റെമ്മാ വാ, വല്യുപ്പാനോട് ബാക്കി കൂടി കൂടി പറഞ്ഞു തരാന്‍ പറയിം"- ഹിഷാം മറ്റെമ്മായുടെ വടിയിലും ഒരു കൈ തുണിയുടെ കോന്തലയിലും പിടിച്ചു കൊണ്ട് വന്നു കസേരയില്‍ ഇരുത്തി.
"വല്യുപ്പാ നമ്മുക്ക് ബാക്കി കൂടിപറഞ്ഞാലോ?"
ഹിഷാം മടിയില്‍ കയറി ഇരിക്കുമ്പോള്‍ സമ്മതം ചോദിക്കുന്നത് പോലെചോദിച്ചു.
" അതിനെന്താ, വല്യുമ്മയും അമ്മായീം ഒക്കെ വരട്ടെ."
പറഞ്ഞു തീര്‍ന്നതും അമായിയും വല്യുമ്മയും ഉമ്മയും സ്ഥലത്തെത്തി.
"മക്കയില്‍ ഒരിക്കല്‍ ഒരു വലിയ മഴ പെയ്തു.........."
വല്യുപ്പ കഥ പറഞ്ഞു തുടങ്ങിയതും ഹിഷാം മടിയില്‍ ഒന്ന് കൂടി ഇളകി ഇരുന്നു.
മഴ കൂടുതല്‍ കൂടുതല്‍ കനത്തു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
"മുമ്പൊന്നും ഇല്ലാത്ത വിധം മക്കയും പരിസര പ്രദേശങ്ങളും വെള്ളം കൊണ്ട് നിറഞ്ഞു. അടുത്തുണ്ടായിരുന്ന മലകളില്‍ നിന്നും വെള്ളം കുത്തിയൊലിച്ച്‌  കഅബക്ക് നേരെ വരാന്‍ തുടങ്ങി. ശക്തമായ ഈ മഴവെള്ളത്തിന്റെ ശക്തിയില്‍ കഅബയുടെ ചുമരുകള്‍ക്കു സാരമായ കേടു പറ്റി.
ഖുറൈശികള്‍ കഅബ പുതുക്കി പണിയുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. ഇതിനു മുമ്പ് തന്നെ അവര്‍ ഇക്കാര്യം ചിന്തിച്ചിരുന്നു. കഅബക്ക് ഒരു മേല്‍കൂര ഇല്ലാത്തതിനാല്‍ ആളുകള്‍ നേര്‍ച്ചയായി സമര്‍പ്പിച്ചിരുന്ന വില കൂടിയ വസ്തുക്കള്‍ സൂക്ഷിക്കാന്‍ അവര്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ദൈവങ്ങള്‍ദ്യേശ്യപ്പെടുമോ എന്ന ചിന്തയാല്‍ അവര്‍ കഅബക്ക് രൂപ മാറ്റം വരുത്താന്‍ ഭയപ്പെടുകയാണുണ്ടായത്.
അവര്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. കഅബയുടെ ചുമരുകള്‍ തകര്‍ന്നതിനാല്‍ പുതുക്കി പണിയല്‍ നിര്‍ബന്ധമാണ്‌ എന്നവര്‍ തീരുമാനിച്ചു. എന്നാല്‍ കഅബ  പോളിക്കുന്നതിന്റെ കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
ഈ സമയത്ത് പക്കൊമിയാസ് എന്ന് പേരായ റോമന്‍ വ്യാപാരിയുടെ ഈജിപ്തില്‍ നിന്നും വരികയായിരുന്ന ഒരു കപ്പല്‍ ജിദ്ദയില്‍ കരക്കണഞ്ഞു. പക്കൊമിയാസ് ഒരു വിദഗ്ദനായ ആശാരി കൂടി ആയിരുന്നു. വലീദ് ബിന്‍ മുഗീറയുടെ നേതൃത്വത്തില്‍ ഖുറൈഷികളില്‍ ചില പൌരപ്രമുഖര്‍ ജിദ്ധയിലെത്തി കപ്പല്‍ വിലക്ക് വാങ്ങുകയും കഅബയുടെ പുനര്‍ നിര്‍മാണത്തില്‍ സഹായിക്കാന്‍ പക്കൊമിയസിന്റെ സഹായം തേടുകയും ചെയ്തു. അഭ്യര്‍ത്ഥന സ്വീകരിച്ച പക്കൊമിയാസ് ഖിബ്തി* വംശജനായ ഒരാളെ തന്റെ സഹായി ആയി ഒപ്പം കൂട്ടി അവര്‍ക്കൊപ്പം പുറപ്പെട്ടു.
കഅബ പൊളിക്കേണ്ട ഘട്ടം വന്നപ്പോള്‍ ആരും അതിനു തയ്യാറായില്ല. ദൈവ കോപവും മുന്‍കാലങ്ങളില്‍ അബ്രഹത്തിന് സംഭവിച്ച അനുഭവവും ഓര്‍ത്തു ആരും അതിനു മുന്നോട്ടു വന്നില്ല. അവസാനം ഖുറൈശികള്‍ നാല് ഗോത്രങ്ങള്‍ക്ക് പൊളിക്കാനുള്ള ചുമതല ഏല്‍പ്പിച്ചു കൊടുക്കാന്‍ തീരുമാനിക്കുകയും നാല് ഗോത്രക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നിട്ടും കഅബയുടെ ചുമരുകള്‍ പൊളിക്കാന്‍ ആരും മുന്നോട്ട് വന്നില്ല.
എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിന്നും വലീദ് ബിന്‍ മുഗീറ സര്‍വ്വ ദൈവങ്ങളെയും വിളിച്ച് യമനീ ഭാഗം പൊളിക്കാന്‍ ആരംഭിച്ചു.
പിറ്റേ ദിവസം വരെ വലീദിനു എന്ത് സംഭവിക്കുന്നു എന്ന് നോക്കി ആളുകള്‍ കാത്തിരുന്നു. പിറ്റേ ദിവസം പ്രഭാതത്തോടെ  ഒന്നും സംഭവിക്കാതെ വലീദ് തിരിച്ചു വന്നപ്പോള്‍ മറ്റുള്ളവര്‍ക്കും ധൈര്യമായി. അവര്‍ കഅബ പൊളിക്കാന്‍ ആരംഭിച്ചു.
ഈ പ്രവൃത്തികളില്‍ എല്ലാം തന്നെ മുഹമ്മദ്‌ നബി (സ്വ)യും പങ്കെടുത്തു. അവിടുന്ന് അവര്‍ക്കൊപ്പം കല്ലുകള്‍ ഇളക്കി മാറ്റാനും അനുബന്ധ പ്രവൃത്തികളിലും പങ്കെടുത്തു.
ചുമരുകള്‍ ഇളക്കി മാറ്റി തറ പൊളിക്കുന്ന ഭാഗമെത്തിയപ്പോള്‍ അവര്‍ക്ക് കല്ലുകള്‍ ഇളക്കാന്‍ പറ്റാതെയായി. അത് കാരണം അവര്‍ തറ ഭാഗം അങ്ങനെ തന്നെ നിലനിര്‍ത്തി. പിന്നീട് അടുത്തുള്ള കുന്നുകളില്‍ നിന്നും നീല നിറത്തിലുള്ള കല്ലുകള്‍ കൊണ്ട് വന്നു അവര്‍ ചുമരുകള്‍ പടുത്തുയര്‍ത്തി.
ഹജറുല്‍ അസവദ്  സ്ഥാപിക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ അവര്‍ തമ്മില്‍ തര്‍ക്കമായി. ആരാണ് അത് സ്ഥാപിക്കേണ്ടത് ? ഏതു ഗോത്രത്തിനാണ് അതിനുള്ള അവകാശം? ഇതായിരുന്നു പ്രധാന പ്രശ്നം.
ഓരോ ഗോത്രവും അവരവര്‍ക്കാണ്  അതിനുള്ള അവകാശമെന്ന് വാദിച്ചു തുടങ്ങി. തര്‍ക്കം ഒരു യുദ്ധത്തിന്റെ വക്കോളമെത്തി. അബ്ദുദ്ദാര്‍  ഗോത്രവും അദിയ്യ്  ഗോത്രവും ഹജറുല്‍ അസവദ്  സ്ഥാപിക്കാനുള്ള അവകാശം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അതിനു വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയ്യാറാണെന്നും പ്രഖ്യാപിച്ചു. അബ്ദുദ്ദാര്‍  ഗോത്രംഒരു പാത്രത്തില്‍ രക്തം കൊണ്ടുവരികയും ആ രക്തത്തില്‍ കൈ മുക്കി ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു.
"ഹജര്‍ സ്ഥാപിക്കാനുള്ള അവകാശം ഞങ്ങള്‍ക്കാണ്. അത് മറ്റാര്‍ക്കും വിട്ടു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. മരണം വരെ യുദ്ധം ചെയ്യേണ്ടി വന്നാലും...."
അക്കാലത്ത് ഖുറൈഷികള്‍ക്കിടയില്‍ ബഹുമാനവും സ്ഥാനവും ഉണ്ടായിരുന്ന ആളായിരുന്നു അബു ഉമയ്യ ബിന്‍ മുഗീറ  അല്‍  മഖ്സൂമി. കാര്യങ്ങള്‍  ഒരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ അദ്ദേഹം മുന്നോട്ടു വന്നു പറഞ്ഞു
"സഫാ ഭാഗത്ത് കൂടി ആദ്യം വരുന്ന ആളെ നമുക്ക് മധ്യസ്തനാക്കാം"
തീരുമാനം  എല്ലാവര്ക്കുംസമ്മതമായിരുന്നു. എല്ലാവരും അംഗീകരിച്ചു. കുറച്ചു കഴിഞ്ഞതും മുഹമ്മദ്‌ (സ്വ) തങ്ങള്‍ ആ വഴിക്ക് വന്നു.
"അതാ വരുന്നു അല്‍  അമീന്‍ . നമ്മുക്ക് അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കാം"
അവര്‍ ഒന്നടങ്കം കാര്യങ്ങള്‍ വിശദീകരിച്ചു. പ്രശ്നങ്ങള്‍ ശരിക്കും മനസ്സിലാക്കിയ മുഹമ്മദ്‌ (സ്വ)ഒരു വലിയ വിരിപ്പ് കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. വിരിപ്പിന്റെ ഓരോ ഭാഗത്ത് ഓരോ ഗോത്രതലവന്മാരോട് പിടിക്കാനും ആവശ്യപ്പെട്ടു. അവര്‍ അപ്രകാരം ചെയ്തു.
വിരിപ്പിലേക്ക്  നബി (സ്വ) അവിടുത്തെ സ്വകരങ്ങളാല്‍ തന്നെ ഹജറുല്‍ അസവദ്  എടുത്തു വിരിപ്പില്‍ വെച്ചു . ശേഷം അത് സ്ഥാപിക്കേണ്ട ഉയരം വരെ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് തന്നെ അതെടുത്തു സ്ഥാപിക്കേണ്ട സ്ഥലത്ത് എടുത്തു വെക്കുകയും ചെയ്തു.
ഒരു യുദ്ധത്തിന്റെ വക്കിലെത്തിയിരുന്ന സംഭവം വളരെ ബുദ്ധിപരമായി കൈകാര്യം ചെയ്തത് അറബികള്‍ക്കിടയില്‍ മുഹമ്മദ്‌ (സ്വ) യുടെ സ്വീക്കാര്യത വര്‍ധിപ്പിച്ചു.
അറബികള്‍ കഅബയുടെ ചുമരുകള്‍ പതിനെട്ട് അടി ഉയരത്തില്‍ കെട്ടിപൊക്കി. സുരക്ഷിതമോര്‍ത്ത് വാതില്‍ അല്പം ഉയര്‍ത്തി സ്ഥാപിച്ചു. അകത്തു ഇരു നിലകളിയായി ആറു  തൂണുകളും വടക്ക് ഭാഗത്ത്‌ മുകളിലേക്ക് കയറാന്‍ ഒരു ഗോവണിയും പണി കഴിപ്പിച്ചു.
ഹുബാല്‍ വിഗ്രഹത്തെ കഅബക്കകത്ത് സ്ഥാപിച്ചു. മേല്‍ക്കൂര ഇല്ലാത്തതിനാല്‍ കഅബക്കകത്ത് സൂക്ഷിക്കാന്‍ കഴിയാതിരുന്ന വില പിടിപ്പുള്ള വസ്തുക്കള്‍ കഅബയിലേക്ക്  തന്നെ മാറ്റുകയും ചെയ്തു.

പുറത്ത് മഴ തെല്ലൊന്നുതോര്‍ന്നിരിക്കുന്നു . ഇടയ്ക്കിടയ്ക്ക് വീശുന്ന കാറ്റിനു വല്ലാത്ത തണുപ്പും.... ഹിഷാം വല്യുപ്പയെ ചേര്‍ത്തു പിടിച്ചു കൊണ്ടിരുന്നു.
"ബാക്കി നമ്മുക്ക് പിന്നെ പറഞ്ഞാ പോരെ"
തണുത്ത് പല്ലുകള്‍ കൂട്ടിയിടിക്കുന്നതിനിടയില്‍ ഹിഷാം ശരി എന്ന് തല കുലുക്കി. അവര്‍ എല്ലാവരും മെല്ലെ എണീറ്റ്‌ അകത്തേക്ക് എഴുനേറ്റു നടന്നു......
(മുന്‍ ഭാഗങ്ങള്‍ ഇവിടെ)
______________________________________________________
1-സ്വഹീഹുല്‍ മുസ്ലിം.1270

 * മൂസാ നബി (അ) കാലത്ത് ഈജിപ്റ്റ്‌ ഭരിച്ചിരുന്ന ഫറോവ വംശത്തില്‍ പെട്ടവരെ ആണ് ഖിബ്തികള്‍ എന്ന് പറയുന്നത്.

Saturday, June 30, 2012

മക്കയിലെ ഏക ദൈവ വിശ്വാസികള്‍

അദ്ദേഹത്തിന്റെ മകന്‍ സഈദ്  ബിന്‍ സൈദും  (റ)  അമ്മാവന്റെ മകന്‍ ഉമര്‍ ബിനുല്‍ ഖതാബ്‌ (റ) വും നബി صلى الله عليه وسلم  യുടെ അടുത്തു വന്നു ചോദിച്ചു. ഞങ്ങള്‍ സൈദ്‌ ബിന്‍ അംറിനു പാപമോചനം തേടട്ടയോ?
നബിصلى الله عليه وسلم  പറഞ്ഞു:
"ശരി, അദ്ദേഹം സ്വന്തം ഒരു സമൂഹമായി ഉയിര്ത്തെഴുനെല്‍പ്പിക്കപ്പെടും"1

പുറത്തു വേനല്‍ മഴ തിമര്‍ത്ത് പെയ്യുകയാണ്. ഭൂമിക്കു പതിവില്ലാത്ത ഒരു പ്രകാശം കാണാം. കാറ്റില്‍ റോഡിനെതിര്‍വശത്തെ തെങ്ങുകളും തേക്കുകളും ആടിക്കളിക്കുന്നതും നോക്കി ഇരിക്കുകയാണ് വല്യുപ്പ. മുറ്റത്തെ വിവിധ വര്‍ണ്ണങ്ങളിലുള്ള ചെടികളില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍ അവ ആനന്ദനൃത്തമാടുന്നു. മുറ്റത്തു പെയ്ത വെള്ളം റോട്ടിലേക്ക് കവിഞ്ഞ് ഒഴുകുന്നതും നോക്കി ഇരിക്കാന്‍ നല്ല രസം തന്നെ. ഇടയ്ക്കിടയ്ക്ക്, കാറ്റ് ആഞ്ഞു വീശുമ്പോള്‍ മഞ്ഞു തുള്ളികളെ പോലെ തണുത്ത ഈര്‍പ്പം മുഖത്തേക്ക് വരുന്നു.
"അസ്സലാമു ആലൈക്കും"
"വാ അലൈക്കും അസ്സലാം" -ഹിഷാമിന്റെ ശബ്ദം കേട്ട് വല്യുപ്പ മറ്റേതോ ലോകത്ത് നിന്നും ഞെട്ടിയെണീറ്റു നോക്കുമ്പോള്‍ വെള്ളം വീണു കൊണ്ടിരിക്കുന്ന കുടയുമായി അവന്‍ അകത്തു കയറിയിരുന്നു.
"ന്താ കുഞ്ഞോനെ  ഈ കാണിക്കുന്നേ, അവിടെ ആകെ നനഞ്ഞില്ലേ"- അമ്മായി സ്വാബിറ  വന്നു കയ്യില്‍ നിന്ന് വേഗം കുട വാങ്ങി വെച്ചു.
"ന്താ വല്യുപ്പാ ആലോചിക്കണേ"- പുസ്തക കവര്‍ വല്യുപ്പയുടെ മടിയില്‍ വെക്കുമ്പോ അവന്‍ ഒരു ചെറു ചിരിയോടെ ചോദിച്ചു. ഹിഷാമിന്റെ കവിളില്‍ മെല്ലെ നുള്ളുംപോള്‍  വല്യുപ്പ ഒന്നുമില്ലെന്ന അര്‍ത്ഥത്തില്‍ ഒന്ന് മൂളുക മാത്രം ചെയ്തു.
"നമ്മുക്കിവിടെ ഇരുന്നു ഇന്നലത്തെ ബാക്കി ചരിത്രം കൂടി പറഞ്ഞാലോ" - ആശയം ഹിശാമിന്റെതാണ്.
"അത് ശരിയാ, ഇവിടെ ആവുമ്പോ നല്ല തണുപ്പും ഉണ്ട്" -വടിയും മെല്ലെ കുത്തി പിടിച്ചു മറ്റേമ്മ അവിടേക്ക് വന്നു. ഡൈനിംഗ്  ഹാളില്‍ നിന്നും ഒരു കസേര പുറത്തേക്ക് ഇട്ടു കൊടുത്ത് ഹിഷാം വല്യുപ്പാന്റെ മടിയില്‍ സ്ഥാനം പിടിച്ചു.
ഖദീജ ബീവിയെ കല്യാണം കഴിച്ചതോട് കൂടി നബി صلى الله عليه وسلمതങ്ങള്‍ സാമ്പത്തികമായി നല്ല നിലയിലായി. അറബികള്‍ക് സ്നേഹ ബഹുമാനവും കൂടി കൂടി വന്നു. എന്നാല്‍ അവിടുന്ന് അതൊന്നും പരിഗണിക്കുകയോ അവര്‍ക്കൊപ്പം അവരുടെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയോ ചെയ്തില്ല. എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ ശശ്രദ്ധം കേള്‍ക്കുകയും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തു.
മുഹമ്മദ്‌ നബി صلى الله عليه وسلمയുടെ ലൌകിക കാര്യങ്ങളിലുള്ള താല്പര്യമില്ലയിമയും ആത്മീയ കാര്യങ്ങളിലുള്ള ആധിയായ താല്‍പര്യവും ഖദീജ ബീവി മനസ്സിലാക്കി. കച്ചവട കാര്യങ്ങള്‍ നോക്കി നടത്താന്‍ മറ്റു ആളുകളെ നിയമിക്കുകയും നബി صلى الله عليه وسلمയെ ആ ചുമതലകളില്‍ നിന്നും ഒഴിവാക്കി, ആരാധനകള്‍ക്കു സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു.
ഖുറൈശികള്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ ഒന്നും നബിصلى الله عليه وسلم ആരാധിചിരുന്നില്ല. ഈ ലോകത്തിനു ഒരു രക്ഷിതാവുന്ടെന്നും അവന്‍ ഏകനാണെന്നും അവിടുന്ന് വിശ്വസിക്കുകയും, ലോകത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുകയും അവനെ മനസ്സില്‍ ധ്യാനിക്കുകയും ചെയ്തിരുന്നു.
നബിصلى الله عليه وسلم യെ പോലെ ഈ ലോകം മുഴുവന്‍ സൃഷ്ടിച്ചത് ഒരേ ഒരു അല്ലാഹു മാത്രമാണെന്നും ഖുറൈഷികളും അറബി സമൂഹവും ആരാധിക്കുന്ന ബിംബങ്ങല്‍ക്കൊന്നും ഒരു ശക്തിയും ഇല്ലെന്നും വിശ്വസിച്ചിരുന്ന വേറെയും കുറച്ചു ആളുകള്‍ അക്കാലത്തും അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നു.
അക്കാലത്ത് കഅബയില്‍ മാത്രം ലാത്ത, ഉസ്സ മനാത്ത, ഹുബയ്യ്  തുടങ്ങി മുന്നൂറിലധികം ബിംബങ്ങള്‍ ഉണ്ടായിരുന്നു. ആ ബിംബങ്ങല്‍ക്കൊക്കെയും അവിടെ ആക്ഹോഷങ്ങളും ബലി കര്‍മ്മങ്ങളും എല്ലാം നടക്കുമായിരുന്നു.
അങ്ങനെ ഇരിക്കെ ഒരിക്കല്‍ മക്കയില്‍  ഉസ്സ ദേവനുമായി ബന്ടപ്പെട്ടു ചില ആഘോഷങ്ങള്‍ നഖല  എന്ന സ്ഥലത്ത്  വെച്ച് നടന്നു. എന്നാല്‍ ഈ ആഘോഷത്തില്‍ നിന്നും നബി صلى الله عليه وسلمക്ക് പുറമേ വരഖത് ബിനു നൌഫല്‍, ഉസ്മാന്‍ ബിന്‍ ഹുവൈരിസ്, ഉബൈദുള്ള ബിന്‍ ജഹ്ഷ്, സൈദ്‌ ബിന്‍ അമ്ര്‍  എന്നിവര്‍ വിട്ടു നിന്നു.

വല്യുപ്പ ഒന്ന് നിര്‍ത്തി.
"ഇസ്ലാമിന് മുമ്പ് തന്നെ ഏക ദൈവത്തില്‍ മാത്രം വിശ്വസിച്ച ഇവരുടെ ചരിത്രം നിങ്ങള്‍ കേട്ടിട്ടുണ്ടോ?" - വല്യുപ്പ മറ്റെമായുടെ മുഖത്തേക്ക് നോക്കി.
മറ്റേമ്മ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
" ശരി, എന്നാ ഞാന്‍ അവരുടെ ചരിത്രം പറഞ്ഞു തരാം"


സൈദ്‌ ബിന്‍ അംര്‍, സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട സഈദ്  ബിന്‍ സൈദ്‌ (റ) ന്റെ പിതാവാണ് അദ്ദേഹം. ഖുറൈശികള്‍ ആരാധിച്ചിരുന്ന ബിംബങ്ങളെ ഒന്നും ആരാധിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇബ്രാഹീം (അ) ആരാധിച്ച ഏക ദൈവത്തെ മാത്രമേ താന്‍ ആരാധിക്കൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
 ഉമര്‍ ബിനുല്‍ ഖത്താബ് (റ) ന്റെ പിതാവ് ഖതാബ്‌ അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. ഖതാബ്‌ അദ്ദേഹത്തെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരുന്നു. അവസാനം അദ്ദേഹം മക്ക വിട്ടു പോവുന്നത് വരെയെത്തി കാര്യങ്ങള്‍. ഖതാബ്‌ ഖുറൈശികളില്‍ പെട്ട കുറച്ചു യുവാക്കളെ, അദ്ദേഹം മക്കയില്‍ പ്രവേശിക്കുന്നത് തടയാന്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാലും, രാത്രികളിലും ആളുകളുടെ കണ്ണ് വെട്ടിച്ചും ഇടയ്ക്കിടെ അദ്ദേഹം മക്കയിലെത്തുമായിരുന്നു.
അദ്ദേഹത്തെ കുറിച്ച് വിവരം കിട്ടിയാല്‍ അവര്‍ ഖതാബിനെ വിവരമരിയിക്കുകയും ആട്ടി പുറത്താക്കുകയും ചെയ്യുമായിരുന്നു.
ഇബ്രാഹിം (അ) വിശ്വസിച്ചിരുന്ന മതത്തെ കുറിച്ച് മനസ്സിലാക്കാന്‍ അറേബ്യ മുഴുവനും അദ്ദേഹം സഞ്ചരിച്ചു. കുറെ കാലം ശാമിലും ഇറാഖിലും കറങ്ങി, ക്രിസ്യന്‍ മതത്തെ കുറിച്ചും ജൂത മതത്തെ കുറിച്ചും നന്നായി പഠിച്ചു. പക്ഷെ, അതിലൊന്നും അദ്ദേഹം വിശ്വസിച്ചില്ല. അങ്ങനെ അദ്ദേഹം ശാമില്‍ ഒരു പാതിരിയുടെ അടുത്തെത്തി. ക്രിസ്തു മതത്തില്‍ വലിയ ജ്ഞാനിയായിരുന്നു അദ്ദേഹം. അക്കാലത്ത് ഇഞ്ചീലില്‍ അത്രമാത്രം അറിവുള്ള വേറെ ഒരാളും ഇല്ലായിരുന്നു.
"ഞാന്‍ പ്രവാചകന്‍ ഇബ്രാഹിം (അ) ന്റെ മതത്തെ കുറിച്ച് മനസ്സിലാക്കാന്‍ ഇറങ്ങിയതാണ്....."- സൈദ്‌ ബിന്‍ അംര്‍ അന്നത്തെ അറബി സമൂഹത്തിന്റെ അജ്ഞതയെ കുറിച്ചും അവിടെ നടക്കുന്ന അനാചാരങ്ങളെ കുറിച്ചും അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ചു.
"ഇന്നത്തെ കാലത്ത് ഒരൊറ്റ അനുയായി പോലും ഇല്ലാത്ത ഒരു മതത്തെ കുറിച്ച് അറിയാനാണ് നിങ്ങള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. പക്ഷെ,  കാലം വളരെ മോശമായിരിക്കുന്നു. നിങ്ങള്‍ പുറപ്പെട്ട അതേ നാട്ടില്‍ ഇബ്രാഹിം നബി (അ) ന്റെ മതവുമായി ഒരു പ്രവാചകന്‍ വരാന്‍ സമയമായിരിക്കുന്നു. അങ്ങനെ അദ്ദേഹം വന്നാല്‍ നിങ്ങള്‍ അതില്‍ വിശ്വസിച്ചുകൊള്ളുക." - പാതിരി അദ്ദേഹത്തെ നിറഞ്ഞ മനസ്സോടെ യാത്രയാക്കി.
സൈദ്‌ ബിന്‍ അംര്‍ വേഗം മക്കയിലേക്ക് തന്നെ പുറപ്പെട്ടു. സത്യ പാത പുല്‍കാന്‍ അദ്ധേഹത്തിന്റെ മനസ്സ് വെമ്പല്‍ കൊണ്ടു.
സൈദ്‌ ബിന്‍ അംര്‍  മക്കയിലെത്തിയ വിവരം ഖുറൈശികള്‍ ഖത്താബിനെ ധരിപ്പിച്ചു. ബിംബാരാധനയെ തള്ളിപ്പറഞ്ഞ അദ്ദേഹത്തെ അവര്‍ വധിക്കുകയും ചെയ്തു. നബി صلى الله عليه وسلم തങ്ങള്‍ ഇസ്ലാം മത പ്രബോധനം ആരംഭിക്കുന്നതിനു മുമ്പായിരുന്നു ഇത്.
തന്റെ വാര്‍ധക്യ കാലത്ത് കഅബയില്‍ ചാരി ന്നിന്നു ഖുറൈഷികളോട് അദ്ദേഹം പറഞ്ഞു. "ഖുറൈഷി സമൂഹമേ, അല്ലാഹുവാണ് സത്യം, ഞാനൊഴികെ നിങ്ങള്‍ ഒരാളും ഇബ്രാഹിം (അ) ന്റെ പാതയിലല്ല."
" അല്ലാഹുവേ ഏതു  രൂപത്തിലാണ് നിന്നെ ഞാന്‍ ആരാധിക്കേണ്ടത് എന്ന് അറിഞ്ഞിരുന്നെങ്കില്‍  അപ്രകാരം ഞാന്‍  ആരാധിക്കുമായിരുന്നു. പക്ഷെ എനിക്കത് അറിയില്ലല്ലോ" എന്ന്  കഅബയിലേക്ക് തിരിഞ്ഞു നിന്നും പറയുകയും സുജൂദ് ചെയ്യുകയും ചെയ്യുമായിരുന്നുവത്രേ.2
പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന അക്കാലത്തു ആളുകള്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലാന്‍ കൊണ്ട് പോവുമ്പോള്‍ അദ്ദേഹം ഏറ്റെടുക്കുകയും പിന്നീട് അവര്‍ക്ക് മനം മാറ്റം വരുമ്പോള്‍ കുട്ടിയെ തിരിച്ചു കൊടുക്കുകയോ അല്ലെങ്കില്‍ സ്വയം വളര്‍ത്തുകയോ ചെയ്തിരുന്നു വത്രേ3
. "ആടിനെ സൃഷ്ടിച്ചത് അല്ലാഹുവാണ്, അതിനുള്ള വെള്ളം, പുല്ല്  എന്നിവ ഒരുക്കിയതും അവന്‍ തന്നെ, പിന്നെ എന്തിനു നിങ്ങള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് അതിനെ ബലി കൊടുക്കുന്നു. നിങ്ങളുടെ ബിംബങ്ങള്‍ക്ക് ബലി നല്കിയവയില്‍ നിന്ന് ഞാന്‍ ഒന്നും കഴിക്കുകയില്ല"4-ഖുറൈശികള്‍ അല്ലാഹു അല്ലാതെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നതിനെയും  ബലി നല്ക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു

ഖദീജ (റ) ന്റെ ബന്ധുവായ ഉസ്മാന്‍ ബിന്‍ അല്‍ ഹുവൈരിസ് ബന്സാന്റിയയില്‍ ചെന്ന് ക്രിസ്തുമതം സ്വീകരിക്കുകയും റോമാ ചക്രവതിയുടെ കൊട്ടാരത്തില്‍ വലിയ സ്ഥാനം നേടുകയും ചെയ്തു. മക്കയെ റോമാ സാമ്രാജ്യത്തിന്റെ കീഴില്‍ കൊണ്ട് വരാനും അങ്ങനെ മക്കയിലെ വൈസ്രോയി ആവാനും ശ്രമിച്ചുവെങ്കിലും മക്കക്കാര്‍ അത് ചെറുത്തു തോല്‍പ്പിച്ചു. പിന്നീട് ശാമിലെ ഗസ്സാന്‍ രാജാക്കന്മാരുടെ അടുത്ത് ചെന്ന് അഭയം തേടി. മക്കക്കാരുടെ ശാമിലേക്കുള്ള വ്യാപാര മാര്‍ഗം തടയാന്‍ ചില തന്ത്രങ്ങള്‍ പ്രയോഗിച്ചു എങ്കിലും മക്കക്കാര്‍ രാജാവിന് സമ്മാനങ്ങള്‍ നല്‍കി അത് ഒഴിവാക്കി. പിന്നീട് അവിടെ വെച്ച് വിഷബാധ ഏറ്റ്  മരണപ്പെടുകയും ചെയ്തു.

വരഖത്ത് ബ്നു നൌഫല്‍ പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയും ഇഞ്ചീല്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയും. ക്രിസ്ത്യാനി ആയി തന്നെ മരണപ്പെടുകയും ചെയ്തു.

എന്നാല്‍ ഉബൈദുള്ള ബിന്‍ ജഹ്ഷ് ഇസ്ലാം വരുന്നത് വരെ ഒരു മതവും സ്വീകരിക്കാതെ നബി صلى الله عليه وسلم ഇസ്ലാം പ്രബോധനം തുടങ്ങിയപ്പോള്‍ മുസ്ലിമാവുകയും പിന്നീട് അബീ സീനിയായിലേക്ക് പലായനം ചെയ്യുകയും ചെയ്തു. അവിടെ വെച്ച് ക്രിസ്ത്യന്‍  മതത്തിലേക്ക് മാറുകയും അങ്ങനെ മരണപ്പെടുകയും ചെയ്തു. അയാളുടെ ഭാര്യ ഉമ്മു ഹബീബയെ പിന്നീട് നബി വിവാഹം കഴിക്കുകയുണ്ടായി.

ഹിഷാം വല്യുപ്പയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. അവന്‍ മടിയിലേക്ക്‌ ഒന്ന് കൂടി കയറി ഇരുന്നു 
"ബാക്കി നമുക്ക് പിന്നെ പറയാം. കുഞ്ഞോന്‍  ഒന്നും കഴിച്ചില്ലല്ലോ. വാ , വന്ന്  ചായ കുടിച്ചിട്ട് ബാക്കി പിന്നെ പറയാം." വല്യുമ്മ കസേരയില്‍ നിന്നും മെല്ലെ എഴുനേറ്റു.
"ന്നാ വല്യാപ്പയും വാ .."
ഹിഷാം വല്യുപ്പയുടെ കയ്യില്‍ തൂങ്ങി അടുക്കളയിലേക്കു നടന്നു .....
(തുടരും) 
___________________________________________________________________
1 അഹ്മദ് 1648
2 അസ്മാ ബിന്ത് അബൂബക്കര്‍ (റ) നെ തൊട്ടു റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.
3  ഇത് ഹാകിം (റ) റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട് (404-3)
4  സ്വതന്ത്ര വിവര്‍ത്തനം. ബുഖാരി-3614

Wednesday, June 27, 2012

സലാം പറയല്‍


“സത്യ വിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്. അനുവാദം ചോദിക്കുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണു നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിനു വേണ്ടിയാണ് ഈ ഉപദേശം. ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ അവിടെ പ്രവേശിക്കരുത്. ‘തിരിച്ചു പോകുക’ എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചു പോകണം. അതാണ് നിങ്ങള്‍ക്ക് ഏറ്റം പരിശുദ്ധമായിട്ടുള്ളത്. അ ല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നവനാണ്” (വി.ഖു: 24: 27,28)

നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികളാവുന്നത് വരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കാതെ നിങ്ങള്‍ യഥാര്‍ത്ഥ വിസ്വാസികളാവുകയുമില്ല.
ഞാന്‍ നിങ്ങള്ക്ക് ഒരു കാര്യം പറഞ്ഞു തരട്ടെയോ, നിങ്ങള്‍ അപ്രകാരം പ്രവര്‍ത്തിച്ചാല്‍ നിങ്ങള്ക്ക് പരസ്പരം സ്നേഹം വര്‍ധിക്കും.
അവര്‍ പറഞ്ഞു. ശരി, പ്രവാചകരേ .
നിങ്ങള്‍ പരസ്പരം സലാം പറയല്‍  പതിവാക്കുക.
(മുസ്ലിം)

“ജനങ്ങളേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുകയും അന്നദാനം നടത്തുകയും കുടുംബ ബന്ധം പുലര്‍ത്തുകയും  ജനങ്ങള്‍ ഉറങ്ങുമ്പോള്‍ എഴുന്നേറ്റു നിസ്കരിക്കുകയും ചെയ്യുക. എങ്കില്‍ സുരക്ഷിതരായി നിങ്ങള്‍ക്കു സ്വര്‍ഗത്തില്‍ പ്രവേശിക്കാം”(തുര്‍മുദി 2485).

നിങ്ങളിലൊരാള്‍ തന്റെ സഹോദരനെ കണ്ടാല്‍ സലാം പറയട്ടെ. അവര്‍ക്കിടയില്‍ വൃക്ഷമോ മതിലോ പാറക്കല്ലോ മറയിടുകയും എന്നിട്ടു വീണ്ടും അവന്‍ തന്റെ സഹോദരനെ കാണാനിട വരികയും ചെയ്താല്‍ വീണ്ടും സലാം പറയട്ടെ” (അബൂദാവൂദ്).

ദന്ത ശുചീകരണം


ദന്ത ശുചീകരണം സുന്നത്തുള്ള സമയങ്ങള്‍
  • വുദു ചെയ്യുമ്പോള്‍ 
  • നിസ്കാരത്തിന്റെ സമയത്ത് 
  • ഖുര്‍ആന്‍  പാരായനത്ത്തിന്റെ സന്ദര്‍ഭത്തില്‍ 
  • കുറെ സമയം ഒന്നും കഴിക്കാതിരിക്കല്‍, കുറെ സമയം മിണ്ടാതിരിക്കല്‍ എന്നീ സമയങ്ങളില്‍ വായ് നാറ്റം തുടങ്ങുമ്പോള്‍ 
  •  ചീത്ത വാസനയുള്ള വസ്തുക്കള്‍ തിന്നാല്‍
  • ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ 
  • ഉറക്കത്തില്‍ നിന്നും എണീറ്റാല്‍ 
  • വീട്ടിലേക്കു കയറി ചെല്ലുമ്പോഴും വീട്ടുകാരെ കാണുന്ന സന്ദര്‍ഭങ്ങളിലും 
  • ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ 
  • മരണ സമയത്ത് പല്ല് തേച്ചു കൊടുക്കല്‍ സുന്നത്തുണ്ട്‌  

Wednesday, June 20, 2012

ഖദീജ ബീവി (റ) യെ വിവാഹം കഴിക്കുന്നു

കട്ടിലിന്റെ ഒരു ഭാഗത്ത്‌ തലയിണ അല്പം കയറ്റി വെച്ച് മറ്റേമ്മ ചാരു കസേരയിലെന്ന പോലെ കാലുകള്‍ നീട്ടി വെച്ച് ഇരുന്നു. ഹിഷാം പാഠഭാഗങ്ങള്‍ എഴുതുന്നതും നോക്കി ഒരു ചെറു പുഞ്ചിരിയോടെ അവന്റെ മുഖത്തേക്കും പുസ്തകത്തിലേക്കും മാറി മാറി നോക്കി കൊണ്ടിരുന്നു. ചുണ്ടുകളിലെ തഹ്ലീലിനും തസ്ബീഹിനുമൊപ്പം കയ്യിലെ തസ്ബീഹു മാലയിലെ മുത്തുകള്‍ ചൂണ്ടു വിരല്‍ കൊണ്ട് മെല്ലെ മറിച്  കൊണ്ടിരിക്കുകയാണ്.
"കുഞ്ഞോന്‍ എഴുതി കഴിയാനായോ ?"
ഹിഷാം മെല്ലെ ചെരിഞ്ഞു കിടന്നു മറ്റെമ്മയെ തിരിഞ്ഞു നോക്കി.
"ആ, ഇപ്പൊ കഴീം. കുറച്ചും കൂട്യേ ഉള്ളൂ"
വല്യുപ്പ വന്നു മറ്റെമ്മായുടെ കട്ടിലിന്റെ മറു തലക്കല്‍ ഇരുന്ന്‍ പുസ്തകമെടുത്തു വായിച്ചു കൊടുക്കാന്‍ തുടങ്ങി. വല്യുപ വായിക്കുന്നത് കേട്ട് അവന്‍ നോട്ടു പുസ്തകത്തില്‍ അത് പകര്‍ത്തിയെഴുതി തുടങ്ങി.
മറ്റേമ്മ ഒന്ന് കൂടി കയറി ഇരുന്നു. കാലിലെ വേദനക്കിപ്പോ നല്ല ആശ്വാസമുണ്ട്. ഇറങ്ങി നടക്കാനും ചെറിയ ചെറിയ പണികള്‍ ചെയ്യാനും പറ്റും.
ഹിഷാം പുസ്തകങ്ങള്‍ ഓരോന്നെടുത്തു ബാഗിലേക്കു വെച്ചു. പേനയും പെന്‍സിലും ചെറിയ പെട്ടിയിലാക്കി അതും ബാഗിനകത്തു വെച്ചു.
"പ്പാപ്പാ, ഞാനിത് കൊണ്ട് വെച്ചു ഇപ്പോ വരാം"
"അമ്മായിനീം വല്യുമാനീം വിളിക്ക്" - ബാഗുമെടുത്ത്‌ പോവുമ്പോള്‍ വല്യുപ്പ ഹിശാമിനോടായി പറഞ്ഞു.
"ഇനി പറയാനുള്ളത് നബി (സ്വ) ശാമില്‍ നിന്നും തിരിച്ചു വരുന്നതാ അല്ലെ" - അതെ എന്ന അര്‍ത്ഥത്തില്‍ മെല്ലെ തല കുലുക്കി ഹിഷാം വല്യുപ്പയുടെ മടിയിലേക്ക്‌  നിരങ്ങി കയറി ഇരുന്നു.
നബി (സ്വ) യും മൈസറും തങ്ങളുടെ ചരക്കുകളുമായി ശാമിലെത്തി.
ഉദ്ദേശിച്ചതിലും വേഗത്തില്‍ ചരക്കുകള്‍ വിറ്റഴിക്കാനവര്‍ക്കായി. ഇത് മൈസറിനു നബി (സ്വ) യൂടുള്ള മതിപ്പ് കൂടാന്‍ കാരണമായി.ശാമിലെ വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും ഖദീജ വാങ്ങി വരാന്‍ ആവശ്യപ്പെട്ട മുഴുവന്‍ വസ്ത്തുക്കളും വാങ്ങി അവര്‍ പെട്ടെന്ന് തന്നെ മടങ്ങി, പ്രവാചകന്റെ (സ്വ) സ്വഭാവ ശുദ്ധിയും ആളുകളുമായുള്ള പെരുമാറ്റവും മൈസരക്ക് അവിടത്ത്തോടെ ബഹുമാനം കൂടാന്‍ കാരണമായി
മേഘപാളികള്‍ തണല്‍ വിരിച്ച പാതയില്‍, മരക്കൊമ്പുകള്‍ തല താഴ്ത്തി നിന്നപ്പോള്‍ പ്രവാചകനും (സ്വ) ഒട്ടക കടിഞ്ഞാണില്‍ മുറുകെ പിടിച്ച് മൈസറയും മക്കയെ ലക്ഷ്യമാക്കി നടന്നു നീങ്ങി.....
മൈസറക്ക് ഖദീജ ബീവിയുടെ വീട്ടിലെത്താന്‍ ദൃതി കൂടി കൂടി വന്നു....അദ്ദേഹം പ്രവാച്ചകര്‍(സ്വ)ക്കൊപ്പം വേഗത്തില്‍ നടന്നു .... ചൂട് പിടിച്ച് പരന്ന്‍  കിടക്കുന്ന മണല്‍ തരികള്‍ അവരുടെ കാല്‍ പാദങ്ങള്‍ക്കടിയില്‍ കിടന്നു പുളകം കൊണ്ടു  ....ഒട്ടകത്തിന്റെ കയര്‍ വലിച്ചു പിടിച്ചു അവയ്ക്കൊപ്പം നടന്നു നീങ്ങി ,.....
മക്കയുടെ അടുത്ത് മറുദറ്രാന്‍ എന്ന സ്ഥലത്തെത്തിയതോടെ മൈസരക്ക് തന്റെ ആവേശം അടക്കാനായില്ല. ഒട്ടകത്തിന്റെ മൂക്കുകയര്‍ മുറുകെ പിടിച്ചു അദ്ദേഹം വേഗത്തില്‍ നടന്നു പ്രവാചകരുടെ (സ്വ) അടുത്തെത്തി
"മുഹമ്മദ്‌, നീ വേഗം ചെന്ന് ഖദീജയോടു സന്തോഷ വാര്‍ത്ത അറിയിക്കൂ. അവര്‍ക്ക് വളരെ സന്തോഷമാവും. അവര്‍ നിനക്ക് എന്തെങ്കിലും സമ്മാനം തരാതിരിക്കില്ല"
കണ്ണുകളില്‍ ആവേശവും ചുണ്ടുകളില്‍ പുഞ്ചിരിയും വിരിയിച്ച് മൈസര മൈസര നബി(സ്വ) യോട് പറഞ്ഞു.
........... മക്കയില്‍, ഖദീജ ബീവിയുടെ വീടിനടുത്തെത്തുമ്പോള്‍ സമയം വൈകുന്നേരം ആയിരുന്നു. മരുഭൂമിയുടെ അങ്ങേ തലയില്‍ മുഹമ്മദും ഒട്ടക കൂട്ടങ്ങളും ഒഴുകി ഒഴുകി വരുന്നത് മട്ടുപ്പാവില്‍ നിന്നിരുന്ന ഖദീജ കണ്ടു. മുഹമ്മദി (സ്വ)നെയും സംഘത്തെയും സ്വീകരിക്കാന്‍ അവര്‍ താഴെ ഇറങ്ങി വന്നു.
ശമിലെക്കുള്ള യാത്രയെ കുറിച്ചും അവിടെത്തെ കച്ചവടത്തെ കുറിച്ചും അവര്‍ക്ക് ലഭിച്ച ലാഭത്തെ പറ്റിയും തന്റെ തനിമയാര്‍ന്ന പതിയ ശബ്ദത്തില്‍ അവിടുന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍ ഖദീജ മുഖത്ത് നിന്നും കണ്ണെടുക്കാതെ നബി (സ്വ) യെ തന്നെ നോക്കി നിന്നു ....
കച്ചവട ശേഷം അവര്‍ വാങ്ങാന്‍ ഏല്‍പ്പിച്ച വസ്തുക്കള്‍ അവര്‍ക്ക് കാണിച്ചു കൊടുത്തു....
അല്പം കഴിഞ്ഞാണ് മൈസറ  അവിടെ എത്തുന്നത് . ശമിലെക്കുള്ള യാത്രയും യാത്രയിലെ അത്ഭുത സംഭവങ്ങളും മുഹമ്മദി صلى الله عليه وسلم ന്റെ കച്ചവടത്തിലെ മിടുക്കും ആളുകളോടുള്ള പെരുമാറ്റവും ..... എല്ലാം വിശദീകരിക്കുമ്പോള്‍ മൈസരക്ക് ആയിരം നാവായിരുന്നു. ഖദീജ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ കേട്ട് നിന്നു.
ഖദീജ ബീവിക്ക് മുഹമ്മദ്صلى الله عليه وسلم യോടുള്ള മതിപ്പ് കൂടി കൂടി വന്നു.അവിടുത്തെ സ്വഭാവ മഹിമയും ശബ്ദവും പെരുമാറ്റവും ഖദീജയെ വല്ലാതെ ആകര്‍ഷിച്ചു.മൈസര നല്‍കിയ വിശദീകരണം കൂടി ആയപ്പോള്‍ അത് വീണ്ടും വീണ്ടും കൂടി വന്നു.
മക്കയിലെ ഉയര്‍ന്ന കുലജാതരാണ് അവര്‍ . പല ഖുറൈഷി പ്രമുഖരുടെയും വിവാഹാഭ്യര്‍ഥന നിരസിച്ചവരാണവര്‍ ....പക്ഷെ മുഹമ്മദ്‌ صلى الله عليه وسلم നോടുള്ള അവരടെ മതിപ്പ് സ്നേഹമായി മാറാന്‍ ആധികം കാലം വേണ്ടി വന്നില്ല.
നല്പതിലെത്തിയ അവര്‍ മുഹമ്മദ്  صلى الله عليه وسلم നോടുള്ള തന്റെ സ്നേഹവും വിവാഹം കഴിക്കാനുള്ള ആഗ്രഹവും പ്രിയ കൂട്ടുകാരി നുഫൈസ ബിന്ത് മുന്‍യയോട് തുറന്നു പറയാനും  മടി കാണിച്ചില്ല..
വിവാഹ അന്വേഷണവുമായി നുഫൈസ  മുഹമ്മദി صلى الله عليه وسلم ന്റെ അടുത്തെത്തി.
അവര്‍ ഖദീജയുടെ സ്ഥാനമാനങ്ങളെ കുറിച്ചും അവര്‍ക്ക് സമൂഹത്തില്‍ ഉള്ള മതിപ്പും സാമ്പത്തിക സ്ഥിതിയും എല്ലാം പറഞ്ഞു മനസ്സിലാക്കി.
"വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതിനു നിങ്ങള്‍ക്കെന്താണ് തടസ്സം"
തനതായ ശൈലിയില്‍ മുഹമ്മദ്‌صلى الله عليه وسلم തന്റെയും തന്റെ കുടുംബത്തിന്റെയും അപ്പോഴത്തെ സ്ഥിതിയും സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും നുഫൈസയെ  പറഞ്ഞു മനസ്സിലാക്കി.
"നിങ്ങള്‍ അത് കൊണ്ടൊന്നും പേടിക്കേണ്ട അതൊക്കെ ഖദീജ നോക്കി കൊള്ളും"
 നുഫൈസയുടെ  വാക്കുകള്‍ക്കു മുന്നില്‍ അവിടുന്ന് കല്യാണത്തിന് സമ്മതംഅറിയിച്ചു.
ഖദീജ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി . മുഹമ്മദ്‌ صلى الله عليه وسلم യും പിതൃവ്യന്‍ അബുത്വാലിബും ഖദീജ ബീവിയുടെ വീട്ടിലെത്തി. ഫിജ്ജാര്‍ യുദ്ധത്തിനു മുമ്പ് തന്നെ ഖദീജ ബീവിയുടെ പിതാവ് ഖുവൈലിദ്  മരണപ്പെട്ട്ടതിനാല്‍ ഖദീജ ബീവിക്ക് വേണ്ട സൌകര്യങ്ങള്‍ എല്ലാം ചെയ്തു കൊടുത്തത് പിതൃവ്യന്‍  അമ്ര്‍  ബിന്‍ അസദ്  ആയിരുന്നു.
ആകാശത്ത് മാലാഖമാര്‍ ആനന്ദാശ്രു പൊഴിച്ചു. ഈത്തപ്പനയോലകള്‍ നിര്‍ത്തം വെച്ചു. ഖദീജ ബീവി നബി صلى الله عليه وسلم യുടെ പ്രിയതമയായി.
വിവാഹം വളരെ ഗംഭീരമായി തന്നെ നടത്താന്‍ ഖദീജ ബീവി ശ്രദ്ധിച്ചു.
ഇത് പ്രവാചക صلى الله عليه وسلمജീവിതത്തിലെ ഒരുവഴിത്തിരിവായിരുന്നു . ഭാര്യയും മക്കളും അടങ്ങുന്ന അവിടുത്തെ കുടുംബ ജീവിതം .....
കണ്ണുകളില്‍ ആകാംഷ നിറച്ച് ഹിഷാം വല്യുപ്പയുടെ കണ്ണുകളിലേക്കു തന്നെ നോക്കി ഇരിക്കുകയാണ്...; ചരിത്രത്തിന്റെ ഏടുകള്‍ ഓരോന്നായി മറിഞ്ഞു വരുമ്പോഴും അവന്റെ ആകാംഷ വര്‍ദ്ധിച്ചു കൊണ്ടിരുന്നു.
"ഇന്ന് ഇത്രേം മതി കുഞ്ഞോനു  നാളെ മദ്രസ ഉള്ളതല്ലേ. നമ്മള്‍ ഇനില്യും പറഞ്ഞിരുന്നാല്‍ നേരം വൈകും. ബാക്കി പ്പാപ്പ നാളെ പറഞ്ഞു തരാം." - മടിയില്‍ നിന്നും ഹിശാമിനെ മെല്ലെ എടുത്തുയര്‍ത്തി വല്യുപ്പ എഴുനേല്‍ക്കാന്‍ തുനിഞ്ഞു. അമ്മായി സ്വാബിര വന്നു അവനെ എണീപ്പിച്ച്  അവനെയും എടുത്തു മെല്ലെ അടുക്കളയിലേക്കു നടന്നു.
"അല്‍ഹംദു  ലില്ലാഹ് ......"
കണ്ണുകളില്‍ സന്തോഷവും അത്ഭുതവും നിറച്ച്  മറ്റേമ്മ മെല്ലെ തസ്ബീഹിന്റെ ലോകത്തേക്ക് നീങ്ങി.
(തുടരും) 

Friday, January 13, 2012

AD 595 നബി (സ്വ) വീണ്ടും ശാമിലേക്ക്

ഖുറൈഷികള്‍ക്കും അറബികള്‍ക്കുമിടയില്‍ നബി (സ്വ) തങ്ങള്‍ വിശ്വസ്തനും  സല്സ്വഭാവിയുമായി അറിയപ്പെടാന്‍ തുടങ്ങി.അറബികള്‍ നബി  (സ്വ) യെ അല്‍ അമീന്‍ എന്ന് വിളിച്ചു തുടങ്ങി.സമകാലികരേക്കാള്‍ കാര്യങ്ങള്‍ ഗ്രഹിക്കാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാനും നബി (സ്വ) ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയായിരുന്നു.അല്‍ അമീന്‍ അറബികള്‍ക്കിടയില്‍ സ്വീകാര്യനാവാന്‍ അതും ആക്കം കൂട്ടി.   സമകാലികരോടൊപ്പം കൂട്ട് കൂടാനോ കളിചിരികളില്‍ പങ്കെടുക്കാനോ നബി (സ്വ) താല്പര്യം കാട്ടിയില്ല. പില്‍കാലത്ത് നബി (സ്വ) യുടെ മുഖ്യ ശത്രുവായി മാറിയ അബൂ ജഹല്‍ പോലും നബിയെ വിശ്വസ്തന്‍ ' അല്‍ അമീന്‍' എന്ന് വിളിച്ചു പോന്നു. ഖുറൈശികള്‍ക്കിടയില്‍ സുസമ്മതനായിതീര്‍ന്ന നബിയെ അവര്‍ അമാനത് സ്വത്തുകള്‍ ഏല്‍പ്പിക്കുകയും അവരുടെ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സമീപിക്കുകയും ചെയ്തിരുന്നു........

വല്ല്യുപ്പ ചരിത്ര സംഭവങ്ങളിലേക്ക് മെല്ലെ കടന്നു കയറുകയാണ്.  ഹിഷാമിന്റെ അമ്മായി ഫസീലയും കുട്ടികളും വിരുന്നു വന്ന ദിവസമാണ്. ഇന്ന് നസ്വീഹും അബ്ദുല്‍ മുഹ്സിനും കൂടിയുണ്ട് കഥ കേള്‍ക്കാന്‍ ഉപ്പാപയുടെ മടിയില്‍ ഇന്ന് മുഹ്സിന്‍ സ്ഥാനം പിടിച്ചിരിക്കുന്നു. നസീഹിന്റെ തോളില്‍ കയ്യിട്ടു ഹിഷമും നസ്വീഹും ഒരു കസേരയില്‍ കയറിയിരുന്നു. ഇടയ്ക്കു മുഹ്സിന്‍ ഉപ്പാപ്പയുടെ താടിയില്‍ പിടിച്ചു വലിച്ചപ്പോള്‍ ഉപ്പാപ്പ ചെറുതായി ഒന്ന് ചിരിച്ചു.
"ഉപ്പാപ്പാ പറ, ന്നിട്ട്?"- ഇന്ന് നസ്വീഹിനാണ് ദ്ര്യിതി. ഉപ്പാപ്പ കഥ പറയാന്‍ തുടങ്ങി. 

മക്കയില്‍ അറിയപ്പെട്ട വ്യാപാരിയായിരുന്നു ഖദീജ (റ). അവര്‍ ആളുകളെ വാടകക്കെടുത്തു അവരുടെ കയ്യില്‍ കച്ചവടത്തിന്നായി സാധനഗ്നല്‍ കൊടുത്തയക്കുക പതിവായിരുന്നു. മക്കയിലെ വലിയ സമ്പന്ന ഗോത്രമായ സഅദ് ഗോത്രത്തില്‍ ജനിച്ചതും മഖ്സൂം ഗോത്രതിലേക്ക് രണ്ടു തവണ കല്യാണം കഴിച്ചയച്ചതും കാരണം അവര്‍ കണക്കില്ലാത്ത സ്വത്തിനു ഉടമയായി തീര്‍ന്നു.
സാമ്പത്തികമായി വളരെ താഴ്ന്ന സ്ഥിതിയായിരുന്നു അബൂ ത്വാലിബിന്റെത്. ഇക്കാരണത്താല്‍ തന്നെ ആട് മേക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന ഒരു തൊഴിലിലേക്ക് സഹോദര പുത്രനായ മുഹമ്മദ്‌ (സ്വ) യെ പറഞ്ഞയക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. 
അക്കാലത്ത് ഖദീജ (റ) ഒരു കച്ചവട സംഘത്തെ ശാമിലേക്ക് അയക്കാന്‍ തയ്യാറെടുക്കുന്നതായി അദ്ദേഹം അറിയാനിടയായി. 
മുഹമ്മദ്‌ നബി (സ്വ) യുടെ അടുത്ത് വന്ന അബൂ ത്വാലിബ്‌ പറഞ്ഞു. " മകനെ, ഞാനൊരു ദരിദ്രനാണ്. കാലം നമുക്കെതിരും. ഖദീജ (റ) ശാമിലേക്ക് കച്ചവടത്തിന് ആളെ അയക്കാന്‍ ഒരുങ്ങുന്നു എന്ന് ഞാന്‍ അറിയുന്നു. രണ്ടൊട്ടകമാണ് പ്രതിഫലം പറയുന്നത്. ഞാന്‍ അവരുമായി സംസാരിക്കട്ടെയോ?"
" എല്ലാം അങ്ങയുടെ ഇഷ്ടം പോലെ"- വളരെ ശാന്തതയോടെ നബി (സ്വ) പ്രതിവചിച്ചു. 
"ഖദീജാ നിന്റെ വ്യാപാരത്തിന് മുഹമ്മദിനെ (സ്വ) ഞാന്‍ ഏര്‍പ്പാടാക്കി തരാം. രണ്ടു ഒട്ടകമാണ് നിങ്ങള്‍ പ്രതിഫലം പറഞ്ഞതെന്ന് കേട്ടു. പക്ഷെ, മുഹമ്മദിന് നാലൊട്ടകമെങ്കിലും തരണം"- അബൂ ത്വാലിബ്‌ ഖദീജ (റ) അടുക്കല്‍ വന്നു സംസാരിച്ചു. 
"നിങ്ങള്‍ നിങ്ങളുടെ ഒരകന്ന കൊള്ളരുതാതവന് വേണ്ടിയാണ് ഈ പറഞ്ഞതെങ്കിലും ഞാന്‍ സമ്മതിക്കുമായിരുന്നു. നിങ്ങളുടെ ഒരടുത്ത ബന്ധുവിന് വേണ്ടിയാകുമ്പോ പിന്നെ പ്രശ്നമെന്ത്? " - ഖദീജ (റ) ബീവിയുടെ അബൂ ത്വാലിബിനോടുള്ള ബഹുമാനവും വിശ്വാസവും മുഹമ്മദ്‌ നബി (സ്വ) യെ കച്ചവടക്കാരനായി കിട്ടിയതിലുള്ള സന്തോഷവും ആ വാക്കുകളില്‍ കാണാമായിരുന്നു. 
"ഇത് അല്ലാഹു നിനക്ക് നല്‍കിയ അനുഗ്രഹമാണ്" -നബിയുടെ തോളില്‍ തലോടുമ്പോള്‍ അബൂ ത്വാലിബിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. 
ഖദീജ (റ) യുടെ അടിമ മൈസരയായിരുന്നു നബി (സ്വ) യുടെ സഹായി. കച്ചവട സാധനങ്ങളുമായി അവര്‍ ശാം ലക്ഷ്യമാക്കി നീങ്ങി. വാദില്‍ ഖുറാ, മദ് യന്‍, സമൂദ്, തുടങ്ങിയ സ്ഥലങ്ങലൂടെ ആ സാര്‍ത്ഥ വാഹക സംഘം ശാം ലക്ഷ്യമാക്കി നടന്നു നീങ്ങി. പിന്നിടുന്ന ഓരോ വഴികളും,  അബൂ ത്വാലിബിനോടൊപ്പം ചെറുപ്പത്തില്‍ ശാമിലേക്ക് വന്നപ്പോഴുണ്ടായ സംഭവങ്ങള്‍ ഒരു പക്ഷെ പ്രവാചകന്‍ (സ്വ) ഓര്‍മ്മിചെടുതിരിക്കണം. 
പരന്നു വിശാലമായി കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന മരുഭൂമിയില്‍ ഒട്ടകങ്ങളുടെ കാല്‍ പെരുമാറ്റങ്ങളും സീല്കാരങ്ങളും അലിഞ്ഞലിഞ്ഞില്ലാതായി. ഈത്തപ്പനയോലകളില്‍ കുഞ്ഞിളം കാറ്റുകള്‍ രാഗസുധ തീര്‍ത്തു.... ഇളം തെന്നലില്‍ ഈന്തപനയോലകള്‍ നൃത്തം വെച്ചു ....
പ്രവാച്ചകര്‍ക്കൊപ്പം മൈസറും ഒട്ടക കൂട്ടങ്ങല്‍ക്കൊപ്പം ശാം  ലക്ഷ്യമാക്കി പതിയെ പതിയെ നടന്നു നീങ്ങി .....

Tuesday, December 20, 2011

ഹില്ഫുല്‍ ഫുളൂല്‍

മറ്റേമ്മ ഊന്നു വടിയുടെ സഹായത്തോടെ മെല്ലെ എണീറ്റ്‌ നടക്കാന്‍ ശ്രമിക്കുകയാണ്. കൂടെ വല്ല്യുമ്മയും ഉപ്പാപ്പയും ഉണ്ട്. കാലുകള്‍ക്ക് വല്ലാതെ ബലം കൊടുക്കാന്‍ കഴിയുന്നില്ലെങ്കിലും കുറച്ചൊക്കെ ദൂരം നടക്കാന്‍ സാധിക്കുന്നു. 
അല്‍പ്പ നേരത്തെ നടത്തത്തിനു ശേഷം മറ്റേമ്മ കസേരയില്‍ വന്നിരുന്നു. വല്ലാതെ വേദനിക്കുന്നുണ്ടെന്നു തോന്നുന്നു. ആ മുഖത്ത് നിന്നു തന്നെ എല്ലാം വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. 
താഴെ കിടന്ന പാത്രത്തില്‍ നിന്നും ഹിഷാം കപ്പു കൊണ്ട് മെല്ലെ വെള്ളം കോരി ഒഴിച്ച് കൊടുത്തു കൊണ്ടിരുന്നു. മഗ്‌രിബ് നിസ്കാരത്തിനു സമയമായി വരുന്നു. അംഗ ശുദ്ധി വരുത്തി കട്ടിലിന്റെ ഒരു ഭാഗത്തേക്ക് മെല്ലെ കയറി ഇരിക്കുമ്പോള്‍ വല്ല്യുമ്മായെ  അവനും കുഞ്ഞിക്കൈകള്‍ കൊണ്ട്  മെല്ലെ പിടിക്കാന്‍ സഹായിച്ചു.  
പുറത്ത് ആകാശ ചെരുവില്‍ ചെഞ്ചായം വാരി വിതറി പകലോന്‍ ഒരിക്കല്‍ കൂടി എരിഞ്ഞടങ്ങുകയാണ്. അന്നം തേടിയിറങ്ങിയ കിളികള്‍ തിരിച്ചു കൂടണയാനുള്ള തന്ത്രപ്പാടിലാണ്. അവയുടെ കളകളാരവത്തിനു വെറുതെ ചെവി കൊടുത്ത് ചിന്തകളുടെ ലോകത്തേക്ക് മറ്റേമ്മ മെല്ലെ ഇറങ്ങി നടന്നു....
കട്ടിലില്‍ കാലുകള്‍ നീട്ടിയിരുന്നു മറ്റേമ്മ പതിയെ നിസ്കരിച്ചു തുടങ്ങി. അടുത്ത് തന്നെ ഹിശാമും വല്ല്യുമ്മയും നില്‍ക്കുന്നുണ്ട്. പരിമിതികള്‍ക്കിടയിലും റുകൂഉം സുജൂദും ആംഗ്യം കാണിച്ച് അവസാനം സലാം വീട്ടുമ്പോഴും  ഹിഷാം മറ്റേമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു. 
 എല്ലാവരും നിസ്കാരം കഴിഞ്ഞു മറ്റേമ്മയുടെ കട്ടിലില്‍ വന്നിരുന്നു. ഉപ്പാപ്പ  പതിവ് പോലെ ഹിശാമിനെ അടുത്ത് പിടിച്ചിരുത്തി ചരിത്രത്തിനെ താളുകള്‍ മെല്ലെ മറിച്ചു തുടങ്ങി. 

വളരെ നീണ്ട നാല് വര്‍ഷത്തെ ഹര്ബുല്‍ ഫുജ്ജാരിനു ശേഷം അറബി സമൂഹം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയായിരുന്നു. മക്കയിലും പരിസര പ്രദേശങ്ങളിലും പതിവ് പോലെ വ്യാപാരം നടന്നു വന്നു.
ഹര്ബുല്‍ ഫുജ്ജാര്‍ കഴിഞ്ഞു ഏകദേശം നാലുമാസങ്ങള്‍ കഴിഞ്ഞു. ദുല്‍ ഖഅദ് മാസം. വ്യാപാര സാധനങ്ങളുമായി യമനില്‍ നിന്നും വന്ന കച്ചവട സംഘത്തില്‍ 'സുബൈദി' ഗോത്രത്തില്‍ നിന്നുള്ള ഒരാളും ഉണ്ടായിരുന്നു.
പതിവ് പോലെ കച്ചവടം നടന്നു കൊണ്ടിരിക്കുന്നു. ആളുകള്‍ കൂട്ടംകൂട്ടമായും ഒറ്റ  തിരിഞ്ഞും ചന്തയിലേക്ക് വന്നു കൊണ്ടിരുന്നു. 
അമര്‍  ബിന്‍ ആസിന്റെയും ഹിഷാം ബിന്‍ ആസിന്റെയും (റ) പിതാവാണ് ആസ് ബിന്‍ വാഇല്‍ അസ്സഹമി.വില്ലാളി വീരനും പോക്കിരിയുമായിരുന്നു അയാള്‍. ആളുകളെ അനാവശ്യമായി ആക്രമിക്കുകയും ഉപദ്രവികുകയും അയാളുടെ വിനോദമായിരുന്നു. 
കച്ചവടം നടക്കുന്ന സ്ഥലത്തേക്ക് ആസ് ബിനു വാഇല്‍ അസ്സഹമി കടന്നു വന്നു. 
യമനില്‍ നിന്നും വന്ന ആ കച്ചവടക്കാരന്റെ അടുത്ത് വന്നു കുറച്ചു സാധനങ്ങള്‍ വാങ്ങിച്ചു. എല്ലാം  വാങ്ങി കഴിഞ്ഞപ്പോള്‍ ആസിന്റെ സ്വഭാവം മാറി. അയാള്‍ പണം കൊടുക്കാന്‍ തയ്യാറായില്ല.
പരസ്പരം കലഹിച്ചും വാഗ്വാദം കൂടിയിട്ടും ഒരു ഫലവുമുണ്ടായില്ല. ആസ് പണം കൊടുക്കാന്‍ തയ്യാറായില്ല. അവിടെ കൂടി നിന്ന ഖുറൈശികളോടും മറ്റു അറബികളോടും സഹായം അഭ്യര്‍ഥിച്ചുവെങ്കിലും  ആരും ആസ്സിനെതിരെ തിരിയാന്‍ ഒരുക്കമായിരുന്നില്ല.
കാര്യങ്ങള്‍ കൈവിട്ടു പോയി എന്നുറപ്പായപ്പോള്‍ യമനി കച്ചവടക്കാരന്‍ മസ്ജിദുല്‍ ഹറമില്‍ കഅബക്കടുത്തു കയറി നിന്നു ഒരു കവിത ചൊല്ലി.

"...ഫിഹ്ര്‍ കുടുംബമേ നിങ്ങള്‍ സഹായിക്കുക, വീടും കൂട്ടുകാരും അകന്ന
 കച്ചവട ചരക്കത്രയും മക്കയില്‍ ആയ ഈ മര്‍ദ്ദിതനെ,
ഇഹ്രാമില്‍ പ്രവേശിച്ചു   ഉമ്ര നിര്‍വ്വഹിക്കാത്ത ഈ മുടി ജഡ കുത്തിയവനെ,
കാരണം ഈ ഗൃഹം മനുഷ്യത്വമുള്ളവര്‍ക്കുള്ളതാണ്
വഞ്ചകരും   ബുദ്ധിശൂന്യരുമായ തെമ്മാടികള്‍ക്കുള്ളതല്ല..." *

  
അദ്ദേഹം കവിത ആലപിക്കുന്നതും കേട്ടാണ് നബി صلى الله عليه وسلم യുടെ എളാപ്പ, സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്തലിബ് കടന്നു വന്നത്.
" ഞാനിതാ താങ്കളുടെ വിളി കേട്ടിരിക്കുന്നു. എന്താണ് നിങ്ങളുടെ പ്രശ്നം?"
സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്തലിബിന്റെ വാക്കുകള്‍ ആ വ്യാപാരിക്ക് കുറച്ചൊന്നുമായിരിക്കില്ല ആശ്വാസം പകര്‍ന്നത്.
കൊടും വേനലില്‍ മഴ മേഘങ്ങള്‍ പ്രത്യക്ഷപെട്ട പോലെ നിരാശയുടെ ഇരുളുകള്‍ക്ക് മീതെ പ്രതീക്ഷയുടെ പുതിയ പ്രകാശ കിരണങ്ങള്‍ കാണാനായി...
വ്യാപാരി എല്ലാ വിഷയങ്ങളും സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്വലിബിന്റെ മുന്നില്‍ അവതരിപ്പിച്ചു.
" ഈ കാണിക്കുന്നത് തികച്ചും അക്രമമാണ്. ഇതൊരിക്കലും വകവെച്ചു കൊടുക്കാനാവില്ല. ഇതിന്തിരെ നാം പ്രതികരിക്കണം."-വ്യാപാരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്വലിബ് കൂടി നിന്ന ഖുരൈശികളോടായി പറഞ്ഞു.
" ശരിയാണ്,നാം ഇദ്ദേഹത്തിനു കിട്ടേണ്ട അവകാശം വാങ്ങിച്ചു കൊടുക്കണം"- അവിടേക്ക് കടന്നു വന്ന അബ്ദുള്ള ബിന്‍ ജുദ്ആന്‍ പറഞ്ഞു. അബൂബക്കര്‍ സിദ്ധീഖ് (റ) ന്‍റെ കുടുംബത്തില്‍ പെട്ട അദ്ദേഹം ദാന ധര്‍മ്മങ്ങള്‍ക്കും പരസ്പര സഹായങ്ങള്‍ക്കും പേരുകേട്ട മഹാ വ്യക്തിയായിരുന്നു. അക്കാലത്തു അറബികളില്‍ പ്രായം കൊണ്ടും പദവി കൊണ്ടും ഏറ്റവും ഉന്നതിയില്‍ നിന്നിരുന്നതും അദ്ദേഹം തന്നെയായിരുന്നു.
"കടന്നു വരൂ ഖുറൈഷി ഗോത്രത്തിലെ നേതാകളെ, അക്രമിക്കപ്പെടുന്നവരെ സഹായിക്കാനും അക്രമികളുടെ കൈക്ക് പിടിക്കാനും നമുക്കു ഒരു ഉടമ്പടി ഉണ്ടാക്കാം"
അദ്ധേഹത്തിന്റെ വാക്കുകള്‍ കേട്ട, നന്മയുടെ ഉറവകള്‍ ഇനിയും വറ്റിയിട്ടിലാത്ത ചിലര്‍ മുന്നോട്ടു വന്നു. ബനൂ ഹാഷിം ബിന്‍ അബ്ദുല്‍ മുത്വലിബ്, ഖദീജ (റ) ന്‍റെ ഗോത്രമായ ബനൂ അസദ്, നബി صلى الله عليه وسلم യുടെ എളാപ്പമാരുടെ ഗോത്രമായ ബനൂ സഹര്‍, അബ്ദുല്ലഹിബ്നു ജുദ്ആന്റെ ഗോത്രമായ തൈം  എന്നീ ഗോത്രക്കാര്‍ പങ്കെടുത്തു ഒരു ഉടമ്പടി ഉണ്ടാകാന്‍ തീരുമാനമായി.
സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്വലിബ് ഖുറൈഷി പ്രമുഖരെ അബ്ദുല്ലഹിബിന്‍ ജുദ്ആന്റെ വീട്ടില്‍ ഒരു സദ്യക്കായി ക്ഷണിച്ചു. സദ്യക്ക് ശേഷം അവര്‍ അറബികളുടെ അന്നത്തെ സ്ഥിതിയും മറ്റും വിലയിരുത്തി.
"ഇക്കാലമത്രയും ഖുരൈഷികള്‍ക്ക് നേരെ യുദ്ധം ചെയ്യാനും യുദ്ധം നിഷിദ്ധമായ മാസത്തില്‍ യുദ്ധം ചെയ്യാനും ആരും ധൈര്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. " -'ഹര്ബുല്‍ ഫുജ്ജാരിന്റെ' വിഷയം സൂചിപ്പിച്ച് ചിലര്‍ അപിപ്രായപ്പെട്ടു.
അക്രമികളെ നിരുല്‍സാഹപ്പെടുത്താനും അക്രമിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കാനും വേണ്ടി പരസ്പരം ഒരു ഉടമ്പടി ഉണ്ടാക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ അവിടെ, അബ്ദുള്ള ബിന്‍ ജുദ്ആന്റെ വീട്ടില്‍ വെച്ചു ഒരു സഖ്യത്തിന് രൂപം നല്‍കി. ഈ ഉടമ്പടിയാണ് 'ഹില്ഫുല്‍ ഫുദൂല്‍' എന്നറിയപ്പെടുന്നത്. 
ഖുറൈഷി പ്രമുഖര്‍ പങ്കെടുത്ത ഈ യോഗത്തില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബി صلى الله عليه وسلم തങ്ങളും അവിടുത്തെ എളാപ്പമാര്‍ക്കൊപ്പം പങ്കെടുത്തു. 
 ഈ സഖ്യം രൂപപ്പെട്ട ശേഷം ആദ്യമായി യമനി വ്യാപാരിയുടെ പ്രശ്നം പരിഹരിക്കപ്പെട്ടു. 
______________
* കവിത വിവര്‍ത്തനം ചെയ്തു തന്ന പ്രിയ സുഹൃത്ത്‌ നൌഫല്‍ വി എം കൊടുവള്ളിക്ക് നന്ദി.

Tuesday, March 15, 2011

AD590 അപിഷപ്ത യുദ്ധം (ഹര്ബുല്‍ ഫുജ്ജാര്‍)

ഞാന്‍ അതില്‍  (ഹര്ബുല്‍ ഫുജ്ജാര്‍) പങ്കെടുക്കുകയും എളാപ്പമാർക്കൊപ്പം അമ്പെറിയുകയും ചൈതു. ഞാല്‍  ആഗ്രഹിചു പൊവുന്നു, ഞാല്‍  അങ്ങനെ ചൈതിരുന്നില്ലെങ്കിലെന്നു.*(നബി വചനം)
മറ്റേമ്മ കട്ടിലില്‍ നിന്ന് മെല്ലെ എഴുനേറ്റു ഒരു ഭാഗത്ത്‌ ചാരിയിരുന്നു.
"ദാ, മറ്റെമ്മാ മുണ്ട്" -നിലത്തു വീണു കിടന്ന തട്ടമെടുത്തു ഹിഷാം മറ്റെമ്മാക്ക് കൊടുത്തു.
ഉമ്മേം, വല്ല്യുമ്മേം അമ്മായീം ഒക്കെ എവിടെ?"
ഹിഷാമിന്റെ കവിളില്‍ ചെറുതായി ഒന്നു നുള്ളി  തട്ടം  വാങ്ങുമ്പോള്‍ മറ്റേമ്മ ചോദിച്ചു.
"അവിടെണ്ട്, ആടിനെ പാല് കറകുന്നുണ്ട്"
പറഞ്ഞു തീർന്നതും ഉമ്മയും വല്ല്യുമ്മയും അമ്മായിയും അവിടേക്ക് വന്നു.
"ഉം, ന്താ ഒരു ചര്‍ച്ച?"- അമ്മായി ഹിശാമിനെ ചേര്‍ത്ത് പിടിച്ചു നിര്‍ത്തി.
ഉപ്പാപ്പ അവന്റെ കൈ പിടിച്ചു വലിച്ചു മടിയിലേക്ക്‌ കയറ്റി ഇരുത്തി.
"നബി (സ്വ) തങ്ങള്‍ ജാഹിലിയ്യ കാലത്ത് പങ്കെടുത്ത ഏക യുദ്ധമാണ് ഹര്ബുല്‍ ഫുജ്ജാര്‍. അന്ന് നബിക്ക് 15 വയസ്സായിരുന്നു."- ഉപ്പാപ്പ കഥ പറയാന്‍ തുടങ്ങിയപ്പോള്‍ ഹിഷാം ഒന്ന് കൂടി ചേര്‍ന്നിരുന്നു.
"അപ്പൊ,ന്താ യുദ്ധത്തിനു കാരണം"- അവന്‍ ഇടയ്ക്കു കയറി ചോദിച്ചപ്പോള്‍ ഉപ്പാപ്പ കഥ മുഴുവന്‍ പറയാമെന്നേറ്റു.

ഖുറൈശികളും ഹവാസിന്‍ ഗോത്രവും തമ്മിലാണ് ഈ യുദ്ധം നടന്നത്. ജാഹിലിയ്യ കാലം മുതല്‍ക്കു തന്നെ യുദ്ധം അനുവദനീയമല്ലാത്ത നാലു മാസങ്ങളില്‍ പെട്ട റജബ് മാസത്തിലാണ് ഈ യുദ്ധം നടക്കുന്നത് . അത് കൊണ്ടാണ് ഇതിനു 'ഹര്ബുല്‍ ഫുജ്ജാര്‍' എന്ന് പേര് വന്നത്.
യുദ്ധത്തിന്റെ കാരണം ഇതാണ്.
 പ്രവാചകര്‍ (സ്വ)യുടെ കാലത്ത് ഓരോരോ  കാലത്ത് ഓരോരോ സ്ഥലങ്ങളില്‍ വെച്ചായിരുന്നു കച്ചവടം നടന്നിരുന്നത്.  മക്കയിലെ ഏറ്റവും പ്രസിദ്ധമായ വ്യാപാര കേന്ദ്രമായിരുന്നു അക്കാലത്തു ഉക്കാദ്.ത്വാഇഫിനും  മക്കക്കും ഇടയിലുള്ള ഏറ്റവും വലിയ വ്യാപാര കേന്ദ്രം. അറബി സാഹിത്യത്തില്‍ പ്രസിദ്ധമായ ‘മുഅല്ലഖാത്‘ കവിതകള്‍ ആലപിചിരുന്നതും അറബി സാഹിത്യ മത്സരങ്ങള്‍ നടന്നിരുന്നതും ഇവിടെ വെച്ച് തന്നെയായിരുന്നു. യുദ്ധം നിഷിദ്ധമായ മാസത്തില്‍ നടക്കുന്ന ചന്തയായതിനാല്‍ നിര്‍ഭയരായി ആര്‍ക്കും ഇവടെ വന്നു വ്യാപാരവും മറ്റും നടത്താന്‍ കഴിയുമായിരുന്നു. ഇത് ഉക്കാദിനു മറ്റു വ്യാപാര കേന്ദ്രങ്ങളെക്കാള്‍ പ്രസിദ്ധി നേടിക്കൊടുത്തു.
അറബികള്‍ പ്രവാചകര്‍ യുടെ കാലത്തും ഇസ്ലാമിക കാലത്തും പവിത്രവും യുദ്ധം നിഷിദ്ധവുമായ നാലുമാസങ്ങളാണ് റജബ്, ദുല്‍ ഖഅദ്, ദുല്‍ ഹിജ്ജ, മുഹറം എന്നിവ. ഈ മാസങ്ങളില്‍ തന്നെയാണ് ഉക്കാദില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടന്നിരുന്നതും. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ദേശങ്ങളില്‍ നിന്നും അക്കാലത്തു ഇവിടെ കച്ചവട സംഘങ്ങള്‍ എത്തുക പതിവായിരുന്നു. സമ്പന്നര്‍ അടിമകളെയോ മറ്റു വിശ്വസ്തരെയോ അവരുടെ കച്ചവട വസ്തുക്കള്‍ ഏല്പിച്ചു ഉക്കാദിലെക്കയക്കുമായിരുന്നു.
‘ഹീറ‘യിലെ രാജാവായിരുന്നു ‘നുഅമാന്‍ ബിന്‍ മുന്‍ദിര്‘‍. എല്ലാവര്‍ഷവും ഉക്കാദിലേക്ക് അദ്ദേഹവും കച്ചവട  സംഘത്തെ ഉക്കാദിലേക്ക്  അയക്കുമായിരുന്നു. ഹീറയില്‍ നിന്ന് കസ്തൂരി കൊണ്ട്‌വന്നു ഉക്കാദില്‍ വില്‍ക്കുകയും തിരിച്ചു പോവുമ്പോള്‍ യമനിപട്ട്, കയര്‍, തുകല്‍ വസ്ത്രങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ തിരിച്ചു കൊണ്ട്പോവുകയുമാണ് സാധാരണയായി അവര്‍ ചെയ്തിരുന്നത്.  പതിവ് പോലെ ആ വര്‍ഷവും ഉക്കാദിലേക്ക് കച്ചവട സംഘത്തെ അയക്കാന്‍ അദ്ദേഹം ഒരുങ്ങി.കച്ചവട സാധനങ്ങളുമായി സംഘം തയ്യാറായി. ഓരോ വര്‍ഷവും ഓരോരുത്തരെ പാട്ടത്തിനെടുത് അവര്‍ വശം ചരക്കു കൊടുത്തയച്ചാണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്. 
‘കിനാന‘ ഗോത്രക്കരയായ ‘ബരാദ് ബിന്‍ ഖൈസ്‘ തന്റെ ഗോത്രമായ കിനാനക്കരികിലൂടെ കച്ചവട സംഘത്തെ മക്കയിലെത്തിക്കാമെന്നേറ്റു. എന്നാല്‍, ‘ഹവാസിന്‍‘ ഗോത്രക്കാരനായ ഉർവതുല്‍ ഹവാസിന്‍ നജദ് വഴി ഹിജാസിലൂടെ സംഘത്തെ മക്കയില്‍ എത്തിക്കാമെന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി. ഹവാസിന്‍ ഗോത്രക്കാരനായ ഉര്‍വത്തിനെയാണ് നുഅമാന്‍ കച്ചവട സംഘവുമായി മക്കയിലേക്ക് പുറപ്പെടാന്‍ തിരഞ്ഞെടുത്തത്. ഇത് ബർരാദിനെ ദേഷ്യം പിടിപ്പിച്ചു. ഉര്‍വത്തിനെ അപായപ്പെടുത്താന്‍ തന്നെ അയാള്‍ തീരുമാനിച്ചു. 
അറബികള്‍ ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന മാസമാണ് യുദ്ധം നിഷിദ്ധമായ മാസങ്ങൾ. എത്ര വലിയ സംഘട്ടനങ്ങളായാലും ഈ മാസങ്ങളില്‍ അവരത് നിര്‍ത്തി വെക്കുമായിരുന്നു. 
ഉർവത്ത് കച്ചവട സംഘവുമായി നജ്ദ് വഴി മക്കയിലേക്ക് പുറപ്പെട്ടു.
യാത്രക്കിടയില്‍ അവര്‍ 'അവാറാ' എന്ന സ്ഥലത്ത് വെള്ളം കാണുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി അവിടെ ഇറങ്ങുകയും ചെയ്തു. ആയുധങ്ങളോ മറ്റു യുദ്ധസാമഗ്രികളോ ഒന്നും തന്നെ അവരുടെ കൈവശം ഉണ്ടായിരുന്നില്ല.
യുദ്ധം നിഷിദ്ധമായ മാസം ആണെന്നൊന്നും വകവെക്കാതെ ബർരാദ് തന്റെ സൈന്യവുമായി ഉര്‍വത്തിനു നേരെ അക്രമം അഴിച്ചു വിട്ടു.
നിരായുധരായിരുന്ന ഉര്‍വത്തിനു പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്തു. കച്ചവട സാധനങ്ങള്‍ തട്ടിയെടുത്ത അവര്‍ 'ഖൈബര്‍' എന്ന സ്ഥലത്തേക്ക് ഓടിപ്പോവുകയും അവിടെ ഒളിച്ചിരിക്കുകയും ചെയ്തു.
പിന്നീട് ബർരാദ് നേരെ ഹവാസിന്‍ ഗോത്രത്തില്‍ ചെന്ന് ഗോത്ര നേതാവ് ‘ബശാല്‍ ബിന്‍ അബീ ഹാസിനു‘മായി സംസാരിച്ചു, ഉര്‍വത്തിന്റെ രക്തത്തിന് ഖുരൈശികളോട് പകരം ചോദിക്കാന്‍ ബരാദ് അവരെ പ്രേരിപ്പിച്ചു.
ഹവാസിന്‍ ഗോത്രം ഖുരിഷികളെ ആക്രമിക്കാന്‍ കോപ്പ് കൂട്ടി. വിവരം അറിഞ്ഞ ഖുരൈശികള്‍ യുദ്ധ നിരോധിത മേഘലയായ ‘ഹറമിലേ’ക്കു രക്ഷപ്പെടാന്‍ ഒരുങ്ങിയെങ്കിലും ഖുറൈശികൾ അതിനു മുമ്പ് തന്നെ പിടിക്കപ്പെട്ടു.
ഇരു വിഭാഗവും തമ്മില്‍ കനത്ത പോരാട്ടം തന്നെ നടന്നു. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ ഖുറൈഷി സൈന്യം പതിയെ പതിയെ പിന്‍വാങ്ങിക്കൊണ്ടിരുന്നു. ഹറമില്‍ പ്രവേശിച്ച ഖുരിഷികളോട്' അടുത്ത വര്‍ഷം ഇതേ മാസം ഇതേ ദിവസം ഇതേ സ്ഥലത്ത് വെച്ച്  ഇതിനു പ്രതികാരം ചെയ്യുമെന്നും' അവര്‍ പ്രഖ്യാപിച്ചു.
ഇരു വിഭാഗവും യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. അടുത്തുള്ള ഗോത്രങ്ങളിലെക്കും ഖബീലകളിലെക്കും ഇരു കൂട്ടരും  ദൂതന്മാരെ പറഞ്ഞയച്ചു. പരസ്പരം സന്ധി ചെയ്തും ഉടമ്പടികള്‍ ഉണ്ടാക്കിയും അവര്‍ സൈന്യബലം കൂട്ടി. ആവശ്യമായ യുദ്ധ സാമഗ്രികളും കുതിരകളെയും സംഘടിപ്പിച്ചു. 
ഇരു സൈന്യവും മുഖാമുഖം നിന്ന് പോരാടി. ഹര്‍ബ് ബ്നു ഉമയ്യയായിരുന്നു കിനാന ഗോത്രത്തിന്റെ പടത്തലവന്‍. നാലു വര്ഷം നീണ്ടു നിന്ന യുദ്ധത്തില്‍ ഇരു ഭാഗത്ത്‌ നിന്നും നിരവധി ആളുകള്‍ പിടഞ്ഞു വീണു. ഒടുവില്‍ അവര്‍ പരസ്പരം സന്ധി ചെയ്തു യുദ്ധം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. വധിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ പ്രായശ്ചിത്തവും നല്‍കാന്‍ ധാരണയായി.
ഓരോ ഭാഗത്ത്‌ നിന്നും മരിച്ചവരുടെ എന്ണ്ണമെടുത്ത് കൂടുതല്‍ മരിച്ചവരുടെ ആളുകള്‍ക്ക് പ്രായശ്ചിത്തം നല്‍കാനാണ് തീരുമാനിച്ചത്. അപ്രകാരം ഖുറൈശികള്‍ ഹവാസ്‍ ഗോത്രത്തിനു ഇരുപതു ആളുകളുടെ പ്രായശ്ചിത്തം നല്‍കേണ്ടി വന്നു.
 എളാപ്പമാര്‍ക്കൊപ്പം യുദ്ധത്തില്‍ പങ്കെടുത്ത നബി (സ്വ) തങ്ങള്‍  ശത്രുക്കള്‍ എറിയുന്ന അമ്പുകള്‍ പെറുക്കാന്‍ അവരെ സഹായിച്ചു. യുദ്ധം നടന്ന നാലു വർഷവും നബി (സ്വ) അമ്പ് പെറുക്കൻ സഹായിക്കുക മാത്രമേ ചൈതിട്ടുള്ളൂ.
ഈ ഒരു യുദ്ധത്തിനു ശേഷമാണു 'ഹില്ഫുല്‍ ഫുളൂല്‍' എന്ന ഉടമ്പടി ഉണ്ടാക്കുന്നതും നബി (സ്വ) തങ്ങള്‍ അതില്‍ പങ്കെടുക്കുന്നതും.

ഹിഷാം ഒന്ന് കൂടി ചേര്‍ന്നിരുന്നു. അവന്‍ ഉപ്പാപ്പയുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ്.
"അതെന്താ, ഹില്ഫുല്‍ ഫുളുല്‍?"- അവന്‍ ചോദിച്ചു.
"അത് ഉപ്പാപ്പ നാളെ പറഞ്ഞു തരാം"-ഉപ്പാപ്പ കസേരയില്‍ നിഇന്നും മെല്ലെ എഴുനേറ്റു പുറത്തേക്കു നടന്നു. കൂടെ ഹിശാമും. 
* ഹദീസിന്റെ സ്വതന്ത്ര വിവർത്തനം. ഇബ്നു ഹാഷിം രചിച്ച ‘സ്വീറത്തുന്നബവി‘യിൽനിന്ന്.