വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Monday, November 29, 2010

പ്രവാചകന്റെ വിടവാങ്ങൽപ്രഭാഷണം

പ്രവാചകന്‍ صلى الله عليه وسلم  ഹജ്ജിനു പുറപ്പെടുന്നു എന്ന വാര്‍ത്ത‍ പരന്നതോട് കൂടി അവിടുത്തേക്കൊപ്പം ഹജ്ജു ചെയ്യാന്‍ നാടിന്റെ നാനാഭാഗത്ത്‌ നിന്നും സ്വഹാബത്ത് മദീനയില്‍ ഒരുമിച്ചു കൂടി. മദീനയും പരിസര പ്രദേശങ്ങളും ജനനിബിഡമായി. ഹിജ്റ പത്താം വര്‍ഷം ദുല്‍ ഖഅദ് 25 നു ശനിയാഴ്ച നബിയും സ്വഹാബത്തും  മദീനയില്‍ നിന്നു പരിശുദ്ധ ഹജ്ജു കർമ്മത്തിന്നായി പുറപ്പെട്ടു. അവര്‍ സഞ്ചരിക്കുന്ന വഴികളില്‍ നിന്നും  കേട്ടറിഞ്ഞു പലരും അവര്‍ക്കൊപ്പം കൂടി.ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു ലക്ഷത്തി നാല്‍പതിനായിരം സ്വഹാബത്ത് നബിക്കൊപ്പം صلى الله عليه وسلم  ഉണ്ടായിരുന്നു. ദുല്ജിജ്ജ 4 നു ഞായറാഴ്ച അവര്‍ മക്കയിലെത്തി.
അറഫ മലയിലെ 'ഉര്നാ' താഴ്‌വരയില്‍ അവിടുത്തെ 'ഖസ്‌വാ' എന്ന ഒട്ടകപ്പുറത്തിരുന്നു പ്രവാചകൻصلى الله عليه وسلم വിടവാങ്ങല്‍ പ്രസംഗം എന്നറിയപ്പെടുന്ന ലോക പ്രസിദ്ധമായ  മനുഷ്യാവകാശ പ്രഖ്യാപനങ്ങളടങ്ങുന്ന പ്രഭാഷണം നടത്തി. ലക്ഷക്കണക്കായ സ്വഹാബി വര്യര്‍ക്ക് കേള്‍ക്കാനായി റാബിഅത്തുബ്നു ഉമയ്യ رضي الله عنه അത്യുച്ചത്തില്‍ അത് ആവര്‍ത്തിച്ചു.(ഇപ്പോൾ‘ബത്ത്നുൾവാദി’ എന്ന പള്ളി നിൽക്കുന്ന സ്ഥലത്തു വെച്ചായിരുന്നു നബി صلى الله عليه وسلم  പ്രസംഗിച്ചത് എന്നും  ചില  റിപ്പോർട്ടുകൾ.)
തങ്ങളുടെ صلى الله عليه وسلم മഹത്തായ പ്രഭാഷണത്തില്‍ പ്രവാചകര്‍  صلى الله عليه وسلم പറഞ്ഞു:
ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാ പൂര്‍വ്വം ശ്രവിക്കുക. ഇനി ഒരിക്കല്‍ കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോ എന്നെനിക്കറിയില്ല.
ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും നിങ്ങളുടെ നാഥനെ കണ്ടു മുട്ടുന്നത് വരെ (അന്ത്യനാൾ വരെ) പവിത്രമാണ്, ഈ മാസവും സ്ഥലവും പവിത്രമായത് പോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ടു മുട്ടും. അപ്പോള്‍ അവന്‍ നിങ്ങളോട് നിങ്ങളുടെ കര്‍മ്മങ്ങളെ കുറിച്ച് ചോദിക്കും. ഈ സന്ദേശം  നിങ്ങള്ക്ക് എത്തിച്ചു തരിക എന്ന ദൌത്യം  ഞാന്‍ നിര്‍വചിച്ചിരിക്കുന്നു. അല്ലാഹുവേ നീയിതിനു സാക്ഷി.
വല്ലവരുടെയും കൈവശം വല്ല സൂക്ഷിപ്പ് സ്വത്തും (അമാനത്ത്) ഉണ്ടെങ്കില്‍ അവനതു അതിന്റെ അവകാശികളെ തിരിച്ചേല്‍പ്പിച്ചു കൊള്ളട്ടെ. ജാഹിലിയ്യ കാലത്തെ എല്ലാവിധ ആചാരങ്ങളും  നാം  ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകകളും നാം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ആദ്യമായി ഇബ്നു റബീഅതുബ്നു ഹാരിസിന്റെ പ്രതികാരം നാം ദുര്‍ബലപ്പെടുതിയിരിക്കുന്നു. എല്ലാ വിധ പലിശ ഇടപാടുകളും ഇന്ന് മുതല്‍ നാം റദ്ദു ചെയ്തിരിക്കുന്നു. ആദ്യമായി എന്റെ പിതൃവ്യന്‍ ഇബ്നു അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദു ചെയ്യുന്നു. മൂലധനമല്ലതെ മറ്റൊന്നും നിങ്ങൾക്കു അവകാശപ്പെടുന്നില്ല.
ജനങ്ങളേ, നിങ്ങള്ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്‌, അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പില്‍ സ്പര്‍ശിക്കാന്‍ അവര്‍ അനുവദിക്കരുത്. വ്യക്തമായ നീച്ച വൃത്തികള്‍ പ്രവര്തിക്കുകയുമരുത്. അങ്ങനെ അവര്‍ ചെയ്യുന്ന പക്ഷം അവരെ  മുറിവ് പറ്റാത്ത വിധം അടിക്കുക. ശരിയായ രീതിയില്‍ അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുക. സ്ത്രീകളോട് നിങ്ങള്‍ ദയാ പുരസ്സരം പെരുമാറുക. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങള്‍ അവരെ വിവാഹം ചെയ്തിരിക്കുന്നത്.
അറിയുക,  ഓരോ വിശ്വാസിയും മറ്റൊരു വിശ്വാസിയുടെ സഹോദരനാകുന്നു. വിശ്വാസികള്‍ പരസ്പരം സഹോദരന്മാരകുന്നു . തന്റെ സഹോദരന്‍ പൂര്‍ണ്ണ  തൃപ്തിയോടെ തരുന്നതല്ലാതെ ഒന്നും നിങ്ങള്ക്ക് അവുവദനീയമല്ല. അതിനാല്‍ നിങ്ങള്‍ പരസ്പരം ഹിംസകളിലേര്പ്പെടാതിരിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സത്യ നിഷേധികളാവും.
ജനങ്ങളേ, വളരെ വ്യക്തമായ രണ്ടു കാര്യങ്ങള്‍ ഇവിടെ ഇട്ടേച്ചാണ് ഞാന്‍ പോവുന്നത്. അവ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴി പിഴക്കുകയില്ല. അല്ലാഹുവിന്റെ  ഗ്രന്ഥവും അവന്റെ തിരു ദൂതരുടെ ചര്യയുമാണത്. .
ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ആദമിന്റെ മക്കളാണ്. ആദമോ മണ്ണില്‍ നിന്നും. അതിനാല്‍, അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ടതയില്ല, ദൈവ ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.
ജനങ്ങളേ, എനിക്ക് ശേഷം ഇനി ഒരു പ്രവാചകനും വരാനില്ല, നിങ്ങള്ക്ക് ശേഷം മറൊരു സമുദായവും.
അറിയുക, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുക, അഞ്ചു നേരവും  നിസ്കരിക്കുക, റമദാനില്‍ വൃതമനുഷ്ടിക്കുക, നിങ്ങളുടെ സ്വത്തിന്റെ സകാത്ത് പൂര്ണ തൃപ്തിയോടെ കൊടുത്തു വീട്ടുക, ക‌അബയിൽ ചെന്നു ഹജ്ജു ചെയ്യുക, നിങ്ങളുടെ നേതാക്കന്മാരെ അനുസരിച്ച് ജീവിക്കുക അങ്ങനെ നിങ്ങളുടെ രക്ഷിതാവിന്റെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുക (ഇബ്നു മാജ)
 നിങ്ങളുടെ ഈ സ്ഥലത്ത് ആരാധിക്കപെടുകയില്ലെന്നു ശൈത്ത്വാന്‍ സമ്മതിച്ചു തന്നിരിക്കുന്നു(ഹിജാസില്‍). പക്ഷെ, മറ്റു തെറ്റുകളിലൂടെ അവന് നിങ്ങളെ വഴിതെറ്റിക്കാനാവുമെന്നതിൽ അവന്‍ സന്തുഷ്ടനാണ്.(അഹമദ്)
പിന്നീട് പ്രവാചകർصلى الله عليه وسلم സ്വഹാബത്തിനോടു ചോദിച്ചു ‘എന്നെ കുറിച്ച് നിങ്ങളോട് ചോദിക്കപ്പെട്ടാല്‍ നിങ്ങള്‍ എന്ത് പറയും?‘
സ്വഹാബത്തു് പറഞ്ഞു: ഞങ്ങള്‍ സാക്ഷ്യം  വഹിക്കുന്നു,  അങ്ങ്  ഞങ്ങള്‍ക്ക് എത്തിച്ചു തന്നു , അവിടുത്തെ ബാധ്യത നിര്‍വഹിച്ചു, ഞങ്ങളെ സൽ‌വൃത്തരാക്കി. അപ്പോള്‍ നബി  صلى الله عليه وسلم  അവിടുത്തെ ചൂണ്ടൂവിരല്‍ ആകാശത്തേക്കുയര്‍ത്തി ഇപ്രകാരം  പറഞ്ഞു : അല്ലാഹുവേ നീ സാക്ഷി. അല്ലാഹുവേ നീ സാക്ഷി, അള്ളാഹുവെ നീ സാക്ഷി.(മുസ്ലിം)
അല്ലാഹുവേ  ഞാന്‍ സന്ദേശം എത്തിച്ചു കൊടുത്തില്ലേ? അല്ലാഹുവേ നീയിതിനു സാക്ഷി, അല്ലാഹുവേ നീയിതിനു സാക്ഷി, അല്ലാഹുവേ നീയിതിനു സാക്ഷി.
അറിയുക, ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചു കൊടുക്കട്ടെ. എത്തിക്കപ്പെടുന്നവർ എത്തിക്കുന്നവരേക്കൾ കാര്യങ്ങൾ ഗ്രഹിച്ചേക്കാം. 
പ്രവാചകരുടെ صلى الله عليه وسلم  ഈ പ്രസംഗത്തിനു ശേഷം ഈ സൂക്തം അവതരിച്ചു:  ഇന്നേ ദിവസം നിങ്ങൾക്കു നിങ്ങളുടെ മതം പൂർണ്ണമാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്കു പൂർത്തിയാക്കിത്തരികയും ചെയ്തിരിക്കുന്നു.മതമായി നിങ്ങൾക്കു ഇസ്ലാമിനെ ത്രിപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു(മാഇദ:3)
(പല ഹദീസുകളിലും  വ്യത്യത രീതിയിലും ഘടനയിലുമാണു  ‘ഹജ്ജത്തുൽ വിദാ‍‌‘ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഇത് അറഫയിൽ  നബി صلى الله عليه وسلم നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണമായ രൂപമല്ല. പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.)

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment