വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Tuesday, March 1, 2011

ആമിനാ ബീവിയുടേയും അബ്ദുൽ മുത്വലിബിന്റെയും വേർപ്പാട്ആമിനാ ബീവിയുടെ ഖബര്‍ ഇവിടെ സ്ഥിതി ചെയ്യുന്നു

സുലൈമാന്‍  ബിനു  ബരീദ  (റ) അദ്ധേഹത്തിന്റെ പിതാവിനെ  തൊട്ടു  നിവേദനം. അദ്ദേഹം പറഞ്ഞു: "നബി (സ്വ) ഒരു  ഖബറിനരികിലേക്ക്  ചെന്നു. നബി (സ്വ) ക്കൊപ്പം ജനങ്ങളും  ഇരുന്നു. സംഭാഷനതിലേര്‍പ്പെട്ടവനെ പോലെ നബി (സ്വ) തല കുലുക്കി കൊണ്ടിരുന്നു, അങ്ങനെ  പിന്നീട്കരയുകയും ചെയ്തു.ഉമര്‍ ബിന്‍ ഖത്വാബ് (റ) നബി (സ്വ) യുടെ അടുത്തെത്തി ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, താങ്കളെ എന്താണ് കരയിപ്പിക്കുന്നത്‌?. നബി (സ്വ) പ്രതിവചിച്ചു.
ഇത് ആമിന ബിന്ത് വഹബിന്റെ  ഖബറാണ്. ഞാന്‍ അവരുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ അല്ലാഹുവിനോട് അനുവാദം ചോദിച്ചു, എനിക്ക് സമ്മതം നല്‍കപ്പെടുകയും ചെയ്തു. അവര്‍ക്ക് പാപമോചനം ആവശ്യപ്പെടാന്‍ ഞാന്‍ സമ്മതം ചോദിച്ചു, പാപമോചനം ആവശ്യപ്പെടുന്നതില്‍ നിന്നും എന്നെ അല്ലാഹു വിലക്കി........" (ബൈഹഖി)
ഖുർ‌ആന്‍ ഒതുകയായിരുന്ന ഉപ്പാപ്പയുടെ മടിയില്‍ ചാരിനിന്നു ഹിഷാം മുസഹഫിലേക്ക് നോക്കി. തലയില്‍ തൂവെള്ള തോര്‍ത്തും മുഖത്ത് കണ്ണടയും വെച്ചു, അക്ഷരങ്ങള്‍ അതിന്റെ യഥാര്‍ത്ഥ സ്ഥാനത് നിന്നും ഉച്ചരിച്ചു  തജ്‌വീദ് അനുസരിച്ച് മധുര മാർന്ന ശബ്ദത്തില്‍ ഓതുന്ന ഉപ്പാപ്പയുടെ ഓത്തു കേട്ടാല്‍ ആരും ഒരു നിമിഷമെങ്കിലും എല്ലാം മറന്നു അതില്‍  ശ്രദ്ധിച്ചു നിന്ന് പോവും. അല്ലാഹുവിന്റെ റസൂല്‍ (സ്വ) തങ്ങളുടെ ഏറ്റവും വലിയ 'മുഅജിസത്ത്’ (അമാനുഷിക കഴിവ്). ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും മാറ്റ ത്തിരുത്തലുകള്‍ക്കോ കൂട്ടി ചെര്‍ക്കപ്പെടലുകള്‍ക്കോ വിധേയമാകപ്പെടാത്ത അല്ലാഹുവിന്റെ വാക്കുകള്‍. 'നമ്മുടെ ദാസന് നാം ഇറക്കിയതില്‍ നിങ്ങള്‍ സംശയാലുക്കലാണെങ്കില്‍ അതിലേതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ട് വരിക. അള്ളാഹു അല്ലാതെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചു കൊള്ളുക, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍....'  ആയിരത്തി നാനൂര് വര്‍ഷങ്ങള്‍ക്കു മുമ്പ്, അറബി സാഹിത്യ രംഗത്ത്‌ അഗ്രഗണ്യരായിരുന്ന അറബി സമൂഹത്തെ ഖുര്‍ആന്‍  വെല്ലു വിളിച്ചു. ഖസീദകളും നശീദകളും കൊണ്ട് അമ്മാനമാടിയിരുന്നവര്‍ പക്ഷെ, ഈ ഒരു വെല്ലു വിളി ഏറ്റെടുക്കാന്‍ തയ്യാറായില്ല.ഖുര്‍ ആനിന്റെ  വാക്ചാതുരിക്കും അമാനുഷികതക്കും  മുന്നില്‍ അവര്‍ പകച്ചു നിന്നു.  നൂറ്റാണ്ടുകള്‍ അനവധി  കടന്നു പോയെങ്കിലും ശത്രുക്കള്‍ ഇന്നും ആ  വെല്ലുവിളിക്ക്  മുന്നില്‍ അടി പതറുന്നു.
നിശ്ശബ്ദരായി പ്രവാചക വചനങ്ങള്‍ക്ക് കാതോര്‍ത്ത സ്വഹാബത്തിനു മുന്നില്‍ അല്ലാഹുവിന്റെ തിരു വചനങ്ങള്‍ നബി (സ്വ) തങ്ങള്‍ ഓതി കേള്‍പ്പിച്ചു. മക്കയുടെയും മദീനയുടെയും മണല്‍ തരികള്‍ അതിനു സാക്ഷിയായി. ഹിറയുടെ ചുവരുകള്‍ നടുക്കത്തോടെ ഉള്‍കൊണ്ട വാക്കുകള്‍ മദീനയുടെ അന്ധത ബാധിച്ച സമൂഹത്തിനു ഉണര്‍വും വിജയവും നേടിക്കൊടുത്തു. ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മക്കയുടെ തന്നെ അറഫ മൈതാനിയില്‍ ഒരുമിച്ചു കൂടിയ ജനസഹസ്രങ്ങളെ സാക്ഷി നിര്‍ത്തി ഖുര്‍ആനിന്റെ അവസാനത്തെ വാക്കുകളും നിറകന്ണ്ണൂകലളോടെ അബൂബക്കര്‍ സിദ്ദീഖും (റ) സ്വഹാബതും ശ്രവിച്ചു.
 "ഇന്നേ ദിവസം നിങ്ങൾക്കു നിങ്ങളുടെ മതം പൂർണ്ണമാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്കു പൂർത്തിയാക്കിത്തരികയും ചെയ്തിരിക്കുന്നു.മതമായി നിങ്ങൾക്കു ഇസ്ലാമിനെ ത്രിപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു.  ................"
ഹിഷാം ഉപ്പാപ്പയുടെ മുഖത്തേക്കൊന്നു എത്തി നോക്കി അനുസരണയോടെ ഒരു കള്ളചിരിയോടെ  അവിടെ തന്നെ നിന്നു. ഉപ്പാപ്പക്ക് കാര്യം പിടി കിട്ടി. അവന്റെ മുഖത്തേക്ക് തന്നെ നോക്കി മുസ്ഹഫ് മെല്ലെ മടക്കി വെച്ചു. 
 സ്വദഖല്ലാഹുല്‍ ആദീം. .............
വലിയവനും ഉന്നതനുമായ അള്ളാഹു  സത്യം പറഞ്ഞിരിക്കുന്നു. മാന്യനായ അവന്റെ പ്രവാചകന്‍ സത്യമാക്കുകയും എത്തിച്ചു തരികയും ചെയ്തിരിക്കുന്നു. ഞങ്ങള്‍  അതിനു സാക്ഷികളും നന്ദിയുല്ലവരുമാണ്. സര്‍വ്വ സ്തുതിയും അല്ലാഹുവിനാകുന്നു.

"ഇന്നലെ ഉപ്പാപ്പ എന്താ പറഞ്ഞു തന്നത്?"- മുഷഫുമായി ഓഫീസ് റൂമിലേക്ക്‌ നടക്കുമ്പോള്‍ ഉപ്പാപ്പ ചോദിച്ചു.
ഹലീമ ബീവി (റ) നബി (സ്വ) ക്ക് പാല് കൊടുത്ത കഥ"- അവന്‍ വല്യുപ്പയുടെ കുപ്പായകയ്യില്‍ നിന്നും പിടിവിടാതെ കൂടെ നടന്നു.
"ഉമ്മാ, അമ്മായീ ... വേഗം വാ"- അടുക്കളയില്‍ പണിയിലായിരുന്ന ഹസീനയെയും സ്വാബിറയെയും അവന്‍ നീട്ടിവിളിച്ചു.
വല്യുമ്മ ഓതിക്കൊണ്ടിരുന്ന മുസ്ഹഫ് മടക്കി മടിയില്‍ തലയിണക്ക് മുകളില്‍ തന്നെ വെച്ച് കണ്ണട ഊരി കയ്യില്‍ പിടിച്ചു. ഉമ്മ ഹസീനയും അമ്മായി സ്വബിറയും കസേരകളില്‍ ഇടം പിടിച്ചു. കലുകൽ നീട്ടി വെച്ച് മറ്റേമ്മ കട്ടിലിൽ എഴുനേറ്റിരുന്നു. നബിയുടെ ചരിത്രം പറഞ്ഞു തുടങ്ങുകയാണ് ഉപ്പാപ്പ.
പ്രവാചകന്‍ (സ്വ) യെ പറ്റി പറയുമ്പോൾ ഉപ്പാപ്പാക്ക് ആയിരം നാവാണ്. കണ്ണുകളില്‍ തിളക്കവും ചുണ്ടുകളില്‍ മന്ദഹാസവും മനസ്സില്‍ പ്രവാചക സ്നേഹവും നിറച്ചു ഉപ്പാപ്പ കഥ പറഞ്ഞ് തുടങ്ങി.

ഹലീമ ബീവി(റ)  നബിയെ മക്കയില്‍ ആമിനാ ബീവി (റ) യെ ഏല്‍പ്പിച്ചു. കുട്ടികളോടൊപ്പം അധികം കളിക്കുകയോ അനാവശ്യമായി ആരോടും തര്‍ക്കികുകയോ കളവു പറയുകയോ .... അങ്ങനെ യാതൊരു വിധ ദുശ്ശീലങ്ങളും ഇല്ലാതെ നബി (സ്വ) മക്കയില്‍ ജീവിച്ചു പോന്നു. ഇടയ്ക്കിടയ്ക്ക് 'ബനൂ അദിയ്യ് ബിന്‍ അല്‍  ജാറില്‍' പെട്ട  നബി (സ്വ) തങ്ങളുടെ അമ്മാവന്മാരുടെ നാടായ യസ്‌രിബിലേക്ക് ആമിനാ ബീവി (റ) നബിയേയും കൂട്ടി പോവാറുണ്ടായിരുന്നു. നബി (സ്വ) യുടെ പിതാവ് അബ്ദുള്ള (റ) ന്റെ ഖബറും അവിടെ തന്നെയായിരുന്നുവല്ലോ.
നബി (സ്വ) ക്ക് ആറ് വയസ്സുള്ള സമയം. ആമിന (റ) ന്റെ കൂടെ നബി (സ്വ) തങ്ങള്‍ അമ്മാവന്മാരുടെ നാടായ യസ്‌രിബ് ലേക്ക് പുറപ്പെട്ടു. കൂടെ ഉമ്മു ഐമന്‍ (റ) എന്ന അടിമ സ്ത്രീയും ഉണ്ടായിരുന്നു.
അവിടെ വെച്ച് നടന്ന ഒരു സംഭവം ഉമ്മു ഐമന്‍ (റ) വിവരിക്കുകയുണ്ടായി.
യസ്‌രിബില്‍ എത്തിയ സമയം. ഒരിക്കല്‍ യസ്‌രിബില്‍ അമ്മാവന്മാരുടെ വീട്ടില്‍ അവര്‍ താമസിക്കുകയായിരുന്നു.
യസ്‌രിബിലെ ജൂതന്മാരില്‍ പെട്ട രണ്ടു ആളുകള്‍ വന്ന് ഉമ്മു ഐമന്‍ (റ) നോടായി പറഞ്ഞു. "ആ കുട്ടിയെ ഒന്ന് ഞങ്ങളുടെ അടുത്തേക്ക് വിട്ടു തരുമോ"
ഉമ്മു ഐമന്‍ (റ) നബി (സ്വ) യെ അവര്‍ക്കടുത്തേക്ക് പറഞ്ഞയച്ചു.
അവര്‍ നബി (സ്വ) യെ നന്നായി വീക്ഷിക്കുകയും ഉമ്മ വെക്കുകയും ചെയ്തു.
ഇദ്ദേഹം ഈ സമുദായത്തിന്റെ പ്രവാചകനാണ്‌. ഇത് അദ്ധേഹത്തിന്റെ പലായന ഗൃഹവും......" അവര്‍തമ്മില്‍ ഇപ്രകാരം സംസാരിക്കുന്നത് ആമിന (റ) കേള്‍ക്കാനിടയായി. ആമിന (റ) പേടിക്കുകയും എത്രയും പെട്ടെന്ന് യസ്‌രിബിൽ നിന്നും മടങ്ങിപ്പോരാന്‍ ഒരുങ്ങുകയും ചെയ്തു.
ആവര്‍ യസ്രിബില്‍ നിന്നും യാത്ര പുറപ്പെട്ടു. മക്കയിലേക്കുള്ള വഴി മദ്ധ്യേ അബവാഅ്  എന്ന സ്ഥലത്ത് എത്തിയതും ആമിന ബീവി (റ) നു കലശലായ രോഗം ബാധിച്ചു.അധികം വൈകാതെ അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു.

ഉമ്മയും ഉപ്പയും നഷ്ടപ്പെട്ട നബി (സ്വ) തങ്ങളുടെ മുഴുവന്‍ സംരക്ഷണവും അബ്ദുല്‍ മുത്തലിബ് ഏറ്റെടുത്തു. അദ്ദേഹം നബി (സ്വ) യെയും കൂട്ടി മക്കയിലേക്ക് പുറപ്പെട്ടു. അബുല്‍ മുത്തലിബ് നബിയെ അതിരറ്റു സ്നേഹിക്കുകയും മറ്റു കുട്ടികളേക്കാന്‍ നബി (സ്വ) ക്ക് പരിഗണന നല്‍കിപ്പോരുകയും ചെയ്തിരുന്നു.
കഅബയുടെ തണലില്‍ അബ്ദുല്‍ മുതലിബിനു ഇരിക്കാന്‍ മാത്രമായി ഒരു പ്രത്യേക ഇരിപ്പിടം തന്നെ തയ്യാറാക്കി വെച്ചിരുന്നു. ആ ഇരിപ്പിടത്തില്‍  മറ്റാരും ഇരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ നബി സ്വല്ലല്ലാഹു അലൈഹി വസ്സല്ലം വന്നാല്‍ ആ ഇരിപ്പിടത്തില്‍ കയറി ഇരിക്കുമായിരുന്നു വത്രേ.
നബിയെ ഒരിക്കല്‍ അവിടെ ഇരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് അബ്ദുല്‍ മുത്തലിബ് കാണാനിടയായി.
" എന്റെ കുട്ടി അവിടെ തന്നെ ഇരിക്കട്ടെ, അവനു അതിനുള്ള യോഗ്യതയുമുണ്ട്." -അബ്ദുല്‍ മുത്തലിബ് നബിയെ ഒപ്പമിരുത്തി അണച്ച് പിടിച്ചു. പുറത്തു തടവിക്കൊണ്ട് പറഞ്ഞു.
അബ്ദുല്‍ മുതലിബിനോടോപ്പമുള്ള നബിയുടെ (സ്വ) സന്തോഷക്കാലം അധിക കാലം നിലനിന്നില്ല. പ്രവാചകരുടെ ആറാമത്തെ വയസ്സില്‍ അദ്ദേഹം രോഗശയ്യയിലായി. അധികം വൈകാതെ തന്നെ  82 -ആം വയസ്സില്‍ അബ്ദുല്‍ മുതലിബും  ഈ ലോകത്തോട്‌ വിട പറഞ്ഞു.*

പിന്നീട് നബി (സ്വ) യുടെ സംരക്ഷണം ഏറ്റെടുത്തു പ്രവാചകരെ വളര്‍ത്തി വലുതാക്കിയത് അബൂ ത്വാലിബ്‌ ആയിരുന്നു. അബ്ദുല്‍ മുതലിബിനെ പോലെ തന്നെ അദ്ദേഹവും നബിയെ ആത്മാര്‍തമായി സ്നേഹിക്കുകയും നബിക്ക് വേണ്ട എല്ലാ കാര്യങ്ങളും നടത്തി കൊടുക്കുകയും അതിരറ്റു സ്നേഹിക്കുകയും ചെയ്തു വന്നു. നബി (സ്വ) തന്റെ അരികിലില്ലെങ്കില്‍ അദ്ദേഹം ഉറങ്ങുക പോലും ചെയ്തിരുന്നില്ല എന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ വായിക്കാന്‍ കഴിയും.
നബി (സ്വ) അബൂ ത്വാലിബിന്റെ കൂടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. ഒരിക്കല്‍ അബൂ ത്വാലിബ്‌ നബിയോട് പറഞ്ഞു 
" മുഹമ്മദ്‌, നീ നിന്‍റെ കുപ്പായം അഴിച്ചു വെച്ചു എന്റെ കൂടെ കിടക്കു"
തന്റെ ശരീരം ആരും കാണുന്നത് നബിക്കിഷ്ടമില്ലായിരുന്നു. അതിനാല്‍ തന്നെ നബി അത് സ്നേഹപൂര്‍വ്വം നിരസിച്ചു. പക്ഷെ അബൂ ത്വാലിബ്‌ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ പ്രവാചകര്‍ (സ്വ)  അതിനു സമ്മതിച്ചു.കാരണം നബിക്ക് അബൂ ത്വലിബിനെ ധിക്കരികാനും കഴിയുമായിരുന്നില്ല.
" ഞാന്‍ വസ്ത്രം അഴിക്കുമ്പോള്‍ നിങ്ങള്‍ മുഖം തിരിക്കണം. ഞാന്‍ കിടന്നതിനു ശേഷം മാത്രമേ നോക്കാന്‍ പാടുള്ളൂ" - പ്രവാചകര്‍ (സ്വ) ആവശ്യപ്പെട്ടു.
"ശരി, സമതിച്ചിരിക്കുന്നു" -അബൂ ത്വാലിബ്‌ അങ്ങനെ തന്നെ ചെയ്തു.
അബൂ ത്വാലിബ്‌ ഒരിക്കന്‍ നബിയെ കുറിച്ച് പറയുകയുണ്ടായി. "ഞങ്ങളൊന്നും ഭക്ഷണം കഴിക്കുമ്പോള്‍ ദൈവ നാമമുച്ചരിക്കുകയോ ഭക്ഷണ ശേഷം ദൈവത്തിനു നന്ദി പറയുകയോ ചെയ്തിരുന്നില്ല. എന്നാല്‍ മുഹമ്മദ്‌ ആദ്യ കാലം മുതല്‍ തന്നെ അങ്ങനെ ചെയ്തിരുന്നു"
നബിയില്‍ നിന്നു ഒരിക്കലും അപക്വമായ പെരുമാറ്റമോ പൊട്ടിച്ചിരിയോ കളവു പറച്ചിലോ ഒന്നും തന്നെ അദ്ദേഹം കണ്ടില്ല. നബിയുടെ ഇത്തരം സ്വഭാവ സവിശേഷതകള്‍ അബൂ ത്വലിബിനെ നബിയിലേക്ക് വല്ലാതെ ആകര്‍ഷിച്ചു...

ഹിഷാം വല്യുപ്പയുടെ കണ്ണുകളിലേക്കു തന്നെ നോക്കിയിരിക്കുകയാണ്. അവനു വല്ലാത്ത ആവേശവും താല്പര്യവുമാണ് നബിയുടെ കഥ കേള്‍ക്കാന്‍.
"നമ്മുക്കു ഭക്ഷണം കഴിച്ചു കിടക്കാം"- വല്യുമ്മ ഇടപെട്ടു
" ന്നാ, നമുക്കു പോവാം അല്ലെ കുഞ്ഞോനെ?"- അവന്‍ വല്യുപ്പയുടെ വിരല്‍ തൂങ്ങി അടുക്കളയിലേക്കു നടന്നു.
_________________________________

* AD -578 ല്‍ ആണ് അബ്ദുല്‍ മുത്വലിബ് മരണപ്പെടുന്നത്. അന്ന് നബിക്ക് എട്ടു വയസ്സായിരുന്നു.

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment