അബൂ തുഫൈല്‍ (റ) നെ തൊട്ടു നിവേദനം: ജുഗ്_രാന എന്ന സ്ഥലത്ത് വെച്ചു നബി(സ്വ) മാംസം വീതംവെക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ ഒരു സ്ത്രീ നബി (സ്വ) യുടെ അടുത്ത് വന്നു. നബി (സ്വ) അവര്‍ക്ക് അവിടുത്തെ തലപ്പാവ് വിരിച്ചു കൊടുത്തു.
ഹലീമ ബീവി (റ) യുടെ ഖബര്‍ |
ഞാന്‍ ചോദിച്ചു: " ആരാണവര്‍"
"നബി (സ്വ) ക്ക് മുലകൊടുത്ത നബി (സ്വ) യുടെ ഉമ്മ" -അവര്‍ പറഞ്ഞു. (ത്വബ്റാനി)
***
കൊയ്തൊഴിഞ്ഞ പാടത്തു പലതരം പക്ഷികള്‍ അന്നം തേടി വന്നിരിക്കുന്നു. അവയുടെ കളകളാരവം കാതുകളില്‍ സംഗീതം തീര്ക്കുന്നുണ്ട്. അകലെ നിരനിരയായി നില്‍ക്കുന്ന പച്ചപ്പരവതാനി വിരിച്ച കുന്നുകള്‍ക്കും മീതെ പഞ്ഞിക്കെട്ടു പോലെ ആകാശ മേഘങ്ങള്‍ പാറി നടക്കുന്നു...
ഹിശാമിനൊപ്പം ഉപ്പാപ്പയും വല്യുമ്മയും ആടിനെ മേക്കാന്‍ പാടത്തെത്തിയതാണ്. ഉപ്പാപ്പയുടെ വിരലില്‍ തൂങ്ങി അവന്‍ ചാടി ചാടി നടന്നു. കയ്യില്‍ ഒരു ചെറിയ വടിയും പിടിച്ചു ആടുകള്‍ക്ക് പിന്നില്‍ നടക്കുകയാണവന്‍. പച്ചപുല്ലു നിറഞ്ഞ ഒഴിഞ്ഞ സ്ഥലം നോക്കി ആടുകളെ കെട്ടി മേയാന്‍ വിട്ട് അധികം അകലെയല്ലാതെ ഒരു വരമ്പില്‍ അവരിരുന്നു.
ആടുകള്‍ പുല്ലും തിന്നു മേഞ്ഞു നടക്കാന്‍ തുടങ്ങിയിരിക്കുന്നു. വയല്‍ പരപ്പിനു ഓരം ചേര്‍ന്ന് നില്‍ക്കുന്ന കുളക്കടവില്‍ കുട്ടികളുടെ കലപില ശബ്ദം കേള്‍ക്കാം. ചാടിയും മറിഞ്ഞും അവര്‍ വെള്ളത്തില്‍ കളിക്കുകയാണ്.
" ഉപ്പാപ്പാ, ഇന്നലെ പറഞ്ഞതിന്റെ ബാക്കി ഇപ്പൊ പറഞ്ഞു തര്യോ?" - ഹിശാമിന് ആ സ്ഥലം നന്നായി ഇഷ്ടപെട്ടെന്നു തോന്നുന്നു. അവന്‍ ഉപ്പാപ്പയുടെ മടിയില്‍ നിന്നിറങ്ങി വരമ്പത്ത് സ്ഥലം പിടിച്ചു.
" അതിനെന്താ? അതിനു മുമ്പ് ഉപ്പാപ്പ ഒരു കാര്യം കാണിച്ചു തരാം" - ഉപ്പാപ്പ പതിയെ എണീറ്റ് അടുത്തു നിന്ന തെങ്ങിന്‍ തെയ്യില്‍ നിന്നും ഒരു ഓലക്കൊടിയും പറിച്ചു കൊണ്ട് വന്നു. അവന്‍ വരമ്പത്തു നിന്നും ചാടി എഴുനേറ്റ് ഉപ്പാപ്പാക്കടുത്തെത്തി. ഒറ്റ ഓലയില്‍ നെയ്തെടുത്ത ഒരു പന്ത് കയ്യില്‍ പിടിച്ചു ഹിശാമിനോട് ചോദിച്ചു.
കുഞ്ഞോനു ഇതിനു മുമ്പ് ഇങ്ങനെ പന്തുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?"
"വല്യുമ്മാക്കറിയോ ഇതുണ്ടാക്കാന്‍?, ഉപ്പാപ്പാ എനിക്കും പഠിപ്പിച്ചു താ" -ഹിഷാം വല്യുമ്മായെ നോക്കി.
"മോനു ചെറിയ കുട്ടിയല്ലേ, കുറച്ചു കൂടി വലുതായിട്ട് ഉപ്പാപ്പ പഠിപ്പിച്ചു തരാം കേട്ടോ"
മനമില്ലാ മനസ്സോടെയണെങ്കിലും അവന്‍ തല കുലുക്കി സമ്മതിച്ചു.
"നമ്മുക്ക് ഇന്നു ഹലീമ ബീവിയുടെ കഥ പറഞ്ഞാലോ"- ഉപ്പാപ്പ കണ്ണടക്കു മുകളിലൂടെ തന്റെ വലതു വശത്തിരിക്കുന്ന ഹിശാമിനെ നോക്കി.സമ്മതഭാവത്തിൽ തല കുലുക്കി അവന്‍ നേരെ വല്യുമ്മായുടെ മടിയില്‍ കയറി ഇരുന്നു.
മക്കയില്‍ പ്രത്യേകിച്ചും ഖുരൈശികള്‍ക്കിടയില്‍ സ്വന്തം ഉമ്മമാര്‍ മക്കള്‍ക്ക് മുലകൊടുക്കുന്ന സമ്പ്രദായം അക്കാലത്തുണ്ടയിരുന്നില്ല. പട്ടണ പ്രദേശത്തു നിന്നും മാറി, നാട്ടിന്‍ പുറത്തുള്ള സ്ത്രീകള്‍ കുട്ടികളെ അവരുടെ വീടുകളിൽകൊണ്ട് പോയി വളര്‍ത്തി കുറച്ചു വലുതാവുമ്പോള്‍ തിരിച്ചേൽപ്പിക്കുകയായിരുന്നു പതിവ്. കുട്ടികളുടെ സ്വഭാവം നന്നാവാനും അവര്‍ക്ക് പെരുമാറ്റ രീതികള്‍ മനസ്സിലാക്കാനും വേണ്ടിയായിരുന്നു അത്.
വല്ല്യുപ്പ ഹലീമാബീവിയുടെ(റ) കഥ പറഞ്ഞു തുടങ്ങി.ഹിഷാം കഥ കേള്‍ക്കാനുള്ള ആവേശത്താല്‍ ഉപ്പാപ്പയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
നബി (സ്വ) യെ പ്രസവിച്ചു കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. സഅദ് ഗോത്രത്തില്‍ ഭയങ്കരമായ ക്ഷാമമായിരുന്നു അക്കാലത്ത്. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ആഹാരവും കിട്ടാത്ത അവര്‍ വലഞ്ഞു. ഒട്ടകങ്ങളും ആടുകളും തിന്നാന്‍ പച്ചിലകളും വെള്ളവുമില്ലാതെ അവയുടെ ശരീരം മെലിഞ്ഞു തുടങ്ങി. കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുക്കാൻ പോലും പാലില്ലാതെ ഉമ്മമാര്‍ സങ്കടപ്പെട്ടു.
"നമ്മുക്കു മക്കയില്‍ പോയി ഏതെങ്കിലും കുട്ടികളെ മുലകൊടുക്കാന്‍ കിട്ടുമോന്നു നോക്കാം. അങ്ങനെ കിട്ടുന്ന പണം കൊണ്ട് നമുക്കു ഭക്ഷണം വാങ്ങാമെല്ലോ"- ഹലീമ ബീവി (റ) ഭര്‍ത്താവു ഹരിസിനോട് (റ) ചോദിച്ചു.
അവര്‍ അതിനു സമ്മതിക്കുകയും ചെയ്തു.
ബനൂ സഅദ് ഗോത്രത്തിലെ സ്ത്രീകള്‍ക്കൊപ്പം ഹലീമ ബീവി (റ)യും ഭര്‍ത്താവും പുറപ്പെട്ടു. ഹലീമാബീവി (റ) ക്കൊപ്പം മകന്‍ ദുഐബും ഉണ്ടായിരുന്നു. അവര്‍ ഒരു പെൺ കഴുതയുടെ പുറത്താണ് യാത്ര ചെയ്തിരുന്നത്. ഭക്ഷണവും വെള്ളവും വേണ്ട പോലെ ലഭിക്കാതെ അത് അകെ മെലിഞ്ഞു അവശയായിരുന്നു. ദീര്‍ഘമായ യാത്രക്കൊടുവില്‍ അവര്‍ മക്കയിലെത്തി.
കുട്ടികളെ തിരഞ്ഞു വന്ന പല സ്ത്രീകളും നബിയെയും കണ്ടു.
" കുട്ടി അനാഥനാണ്. ഇപ്പോള്‍ അബ്ദുല്‍ മുത്തലിബിന്റെ സംരക്ഷണത്തിലാണ്" -ആമിനാ ബീവി (റ) ഇത് പറയുമ്പോള്‍ എല്ലാ സ്ത്രീകളും ഒഴിഞ്ഞു മാറി. അവര്‍ കരുതിയത് ബാപ്പയില്ലാത്ത കുട്ടിയെ വളര്‍ത്തിയാല്‍ വളരെ ചുരുങ്ങിയ കാശ് മാത്രമേ കിട്ടൂ എന്നാണ്. അവര്‍ക്കൊപ്പം ഹലീമ ബീവി (റ) യും നബി (സ്വ) യെ കണ്ടു. അനാഥനാണെന്നറിഞ്ഞപ്പോള്‍ അവരും പിന്മാറി.
ഹലീമ ബീവി (റ) യും ഹാരിസ് (റ) വും വൈകുന്നേരം വരെ കുട്ടികള്‍ക്കായി നടന്നു. അവര്‍ക്കൊപ്പം വന്ന എല്ലാ സ്ത്രീകളും ബനൂ സഅദ് ഗോത്രതിലേക്ക് മടങ്ങാനൊരുങ്ങി.
സൂര്യന്‍ അസ്തമിക്കാന്‍ ഇനി ഏതാനും സമയം മാത്രമേ ഭാക്കി യുള്ളൂ. ഹലീമ(റ) ഭറ്ത്താവിനെയും മടിയില്‍ കിടക്കുന്ന കുഞ്ഞിനേയും മാറി മാറി നോക്കി.
"നമുക്കു ആ യതീം കുട്ടിയെ ഏറ്റെടുത്തു ഇവർക്കൊപ്പം തന്നെ തിരിച്ചു പോയാലോ"- ഹലീമ (റ) യുടെ വാക്കുകളില്‍ നിരാശ പടര്‍ന്നിരുന്നു.
"നേരം രാത്രിയാവുകയാണ്. നീയും കുഞ്ഞും ഒരുപാടു ക്ഷീണിച്ചിട്ടുണ്ട്, നമ്മുക്കു ആ കുട്ടിയെ തന്നെ ഏറ്റെടുക്കാം. ആ കുട്ടിയിൽ അല്ലാഹു നമുക്കു നന്മ നൽകാതിരിക്കില്ല " - ഹാരിസ് (റ) കഴുതയുടെ കയറും പിടിച്ചു അബ്ദുല്‍ മുത്തലിബിന്റെ വീട് ലക്ഷ്യമാക്കി നടന്നു.
ഹലീമ ബീവി (റ) നബി (സ്വ) യെ എടുത്തു മടിയില്‍ കിടത്തി.കണ്ണുകളില്‍ അസാമാന്യമായ തിളക്കവും കണ്ണെടുക്കാനാവാത്ത സൗന്ദര്യവും ഒരു വേള ഹലീമ (റ) നെ അല്ഭുതപ്പെടുത്തിയിരിക്കണം.
ഹലെമ ബീവി (റ) രണ്ടു കുട്ടികള്‍ക്കും പാല് കൊടുത്തു. അവര്‍ വയര്‍ നിറച്ചും പാല് കുടിച്ചു. അന്ന് ആദ്യമായി ദുഐബ് വയര്‍ നിറച്ചും പാല് കുടിച്ചു.
ഹലീമബീവി (റ) ദുഐബിനെ ഭര്‍ത്താവിന്റെ കയ്യില്‍ കൊടുത്തു. ഹലീമ ബീവി (റ) നബി (സ്വ) യെ സ്നേഹ പൂര്‍വ്വം മാറോട് ചേര്‍ത്ത് പിടിച്ചു .അവര്‍ സഅദ് ഗോത്രതിലേക്ക് മടങ്ങി.
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മെലിഞ്ഞുണങ്ങിയ ആടുകളും മറ്റും പുഷ്ടിപ്പെടുകയും അവയുടെ അകിടില്‍ പാല്‍ നിറയുകയും ചെയ്തിരുന്നു. ഹലീമ ബീവി ഭര്‍ത്താവിനെ നോക്കി.
" നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ, ഇന്നലെ രാത്രി ദുഐബ് പാല്‍ കുടിക്കാന്‍ ഇല്ലാത്തതിനാല്‍ വിശന്നു കരഞ്ഞാണു ഉറങ്ങിയത്. ഇന്നവന്‍ വയര്‍ നിറച്ചും പാല് കുടിച്ചു. രണ്ടു പേരും നന്നായി ഉറങ്ങുന്നു" - ഹലീമ ബീവി (റ) ക്ക് സന്തോഷം അടക്കാനായില്ല.
ഹാരിസ് (റ) വീട്ടില്‍ നിന്നു പുറത്തിറങ്ങി. അദ്ദേഹം തന്റെ ആടുകളുടെ അടുത്ത് വന്നു. അവയുടെ അകിടുകള്‍ പാല്‍ നിറഞ്ഞിരുന്നു. അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല.
"ഇതൊരു സാധാരണ കുട്ടിയല്ല" -ഹാരിസ് (റ) ഹലീമ ബീവി (റ) യോടായി പറഞ്ഞു
നബി (സ്വ) എന്നും കുടിക്കാറുണ്ടയിരുന്ന ആ മുലയില്‍ നിന്നു മാത്രമേ എന്നും പാല്‍ കുടിച്ചിരുന്നുള്ളൂ എന്ന് ഹലീമ ബീവി (റ) പറഞ്ഞിരുന്നുവത്രെ.
ഉപ്പാപ്പ ഹിഷാമിന്റെ മുഖത്തേക്ക് തന്നെ നോക്കി. അവന്റെ മുഖത്ത് എന്തോ സന്തോഷം കാണുന്നുണ്ട്. ഒരു ചെറു പുഞ്ചിരിയോടെ ഉപ്പാപ്പ വീണ്ടും പറയാന്‍ തുടങ്ങി.
അങ്ങനെ നബി (സ്വ) തങ്ങള്‍ക്കു രണ്ടു വയസ്സായപ്പോള്‍ ഹലീമ ബീവി (റ) നബിയേയും (സ്വ) കൂട്ടി ആമിനാ ബീവി (റ) യുടെ അടുത്തെത്തി. ഹലീമാ ബീവി (റ) ക്ക് ഒരു നിമിഷം പോലും നബിയെ വിട്ടു പോവാന്‍ കഴിയുമായിരുന്നില്ല.
"കുട്ടി കുറച്ചു ദിവസം കൂടി എന്റെ കൂടെ നിന്നോട്ടെ?"-ഹലീമ ബീവി ആമിനാ ബീവി (റ) യോട് അപേക്ഷിച്ചു.
ആമിനാ ബീവി(റ) നു മനസ്സലിഞ്ഞു.
" ശരി, അവന്‍ എന്നാല്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കട്ടെ"
ഹലീമ ബീവി(റ) ക്ക് സന്തോഷം അടക്കാനായില്ല. അവര്‍ നബി ( സ്വ) യെയും കൊണ്ട് ബനൂ സഅദ് ഗോത്രതിലേക്ക് മടങ്ങി.
അവിടത്തെ മറ്റു കുട്ടികള്‍ക്കൊപ്പം നബി (സ്വ) തങ്ങളും ആടുകളെ മേക്കാനും മറ്റും പോവുക പതിവായിരുന്നു. ഒരിക്കന്‍ നബി ( സ്വ) തങ്ങള്‍ ആടുകളെ മേച്ചു കൊണ്ടിരിക്കുമ്പോള്‍ തൂവെള്ള വസ്ത്രങ്ങള്‍ ധരിച്ച രണ്ടു പേര്‍ വന്നു. അവര്‍ നബി (സ്വ) യെ പിടിച്ചു നിലത്തു കിടത്തി. നബി (സ്വ) യുടെ നെഞ്ച് പിളര്തുകയും ഒരു മംസക്കഷ്ണമെടുത്ത് വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി തിരിച്ചു വെക്കുകയും ചെയ്തു.
എല്ലാം കണ്ടു നിന്ന കുട്ടികള്‍ ഹലീമ (റ) വിന്റെ വീട്ടിലേക്കോടി. അവര്‍ ഹലീമ ബീവി (റ) യോട് വിവരങ്ങള്‍ ധരിപ്പിച്ചു. ഭയന്ന് വിറച്ച ഹലീമ (റ) നബി (സ്വ) തങ്ങളെ അന്വേഷിച്ചു പുറപ്പെട്ടു. അകലെ ഒന്നും സംഭവിക്കാത്ത മട്ടില്‍ നബി (സ്വ) നില്‍ക്കുന്നു!!.
നബിക്കരികെ ഓടിയെത്തിയ അവര്‍ കാര്യങ്ങള്‍ ആരാഞ്ഞു. നബി നടന്ന സംഭവങ്ങള്‍ ഒന്നൊഴിയാതെ പറഞ്ഞു. ഹലീമ ബീവി അകെ പേടിച്ചു വിറക്കാന്‍ തുടങ്ങിയിരുന്നു. നബിയെ നബി (സ്വ) തങ്ങളെ, ഉമ്മ ആമിനാ ബീവി (റ) യെ ഏല്‍പ്പിക്കാന്‍ അവര്‍ തീരുമാനിച്ചു.
ഹലീമ ബീവി (റ) ക്ക് മനസ്സിലായി. ഇതൊരിക്കലും ഒരു സാധാരണ ബാലനല്ല. അവര്‍ നബി (സ്വ) തങ്ങളെയും കൂട്ടി മക്കയിലെത്തി. ആമിനാ ബീവി (റ) യോടു കാര്യങ്ങൾ വിശദീകരിച്ചു. അവരുടെ കണ്ണുകളിൽ ഭയവും പരിഭ്രാന്തിയും തെളിഞ്ഞു കാണാമായിരുന്നു.
ആമിനാ ബീവി ഒന്ന് പുഞ്ചിരിച്ചു. " ശൈത്ത്വാന്‍ ആണ് ഇതെല്ലം ചെയ്തതെന്ന് നിങ്ങള്‍ പേടിക്കുന്നുണ്ടല്ലേ?, എന്റെ മകനെ ശൈത്ത്വാന്‍ ഒന്നും ചെയ്യില്ല." അവര്‍ ഹലീമ (റ) യോട് പറഞ്ഞു
"ഞാന്‍ ഇവനെ ഗര്ഭം ധരിച്ചപ്പോള്‍ എനിക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. എനിക്ക് പ്രസവ സമയത്തും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. പ്രസവിച്ചപ്പോള്‍ എന്റെ ശരീരത്തില്‍ നിന്നും ഒരു പ്രകാശം ആകാശത്തേക്കുയര്‍ന്നു. ആ പ്രകാശത്തില്‍ ഞാന്‍ ബസ്വറയിലെ കൊട്ടാരം കണ്ടു. പ്രസവിച്ചു വീണ ഉടനെ ഇരു കയ്യും നിലത്തു കുത്തി അവര്ന്‍ ആകാശത്തേക്ക് നോക്കി......."
എല്ലാം കേട്ടപ്പോള്‍ ഹലീമ (റ) നു സന്തോഷമായി. അവര്‍ നബിയെ ആമിനാ ബീവി (റ) യെ ഏല്‍പ്പിച്ചു ബനൂ സഅദ് ഗോത്രതിലേക്ക് തന്നെ തിരിച്ചു പോയി.
(തുടരും)
_______________________________
നബി (സ്വ) യ്ടെ നെഞ്ചു പിളര്‍ത്തി ഹൃദയം പുറത്തെടുത്തു കഴുകിയ സംഭവം നടക്കുന്നത് നാലാമത്തെ വയസ്സിലാണ്. ( AD 575)
:P
ReplyDelete