വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Friday, January 28, 2011

യുദ്ധ ഭൂമിയിലെ അന്ധന്‍

ആകാശത്ത് നക്ഷത്രങ്ങള്‍ കണ്ണിറുക്കി കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുറത്തു കിളികളുടെ കലപില ശബ്ദം കേള്‍ക്കുന്നുണ്ട്.  ആക്ഷത്തിന്റെ കവിളില്‍ കുങ്കുമചായം  തേച്ചു പിടിപ്പിച്ച് സൂര്യന്‍ അറബിക്കടലില്‍  ഊളിയിട്ടു. വല്യുമ്മയും  വല്യുപ്പയും  വല്യമ്മായി ,സ്വബിറയും ഡൈനിംഗ് ഹാളില്‍ ഖുർ‌ആന്‍ ഒതിക്കൊണ്ടിരിക്കുന്നു. സ്റ്റൂളില്‍ കാലുകള്‍ രണ്ടും കയറ്റി വെച്ചു മറ്റേമ്മ തസ്ബീഹ് മാലയില്‍ വിരലോടിച്ചു ചുണ്ടുകളിൽ തസ്ബീഹുമായി ഇരിക്കുന്നുണ്ട്. അകത്തു റൂമില്‍ ഹിശാമും ഉമ്മ, ഹസീനയും പഠനത്തിന്റെ തിരക്കിലാണ്...
"അബസ വതവ്ല്ലാ..........."- ഇടയ്ക്കിടയ്ക്ക് ഹിഷാമിന്റെ ശബ്ദം ഉയരുന്നുണ്ട്. അവന്‍ ഉമ്മാക്ക് സൂറത്ത് കാണാതെ ചൊല്ലിക്കൊടുക്കുകയാണ്.
കുറെ കഴിഞ്ഞും ഹിഷാം പുറത്തിറങ്ങുന്നത് കാണാതായപ്പോള്‍ വല്യുപ്പ മുസഹഫ് മടക്കി വെച്ചു റൂമിലേക്ക്‌ വന്നു. ഒരു കയ്യില്‍ വടിയും മറ്റേ കയ്യില്‍ മുസഹഫുമായി ഒരല്‍പം ഗൌരവത്തിലാണ് ഉമ്മ, ഹസീന.
"ആ മുസഹഫ് ഇങ്ങു തന്നിട്ട് നീയങ്ങോട്ടു ചെല്ല്. ഹിശാമിനെ ഞാന്‍ പഠിപ്പിക്കാം."-മുസ്‌ഹഫും  വടിയും അവിടെ തന്നെ വെച്ചു ഹസീന എഴുനേറ്റു അടുക്കളയിലേക്കു പോയി.
ഹിഷാമിന്റെ മുഖത്ത് സന്തോഷം പരക്കുന്നത് വല്യുപ്പ അറിഞ്ഞു.
കസേരയില്‍ ഒന്നുകൂടി ഇളകി ഇരുന്നു അവന്‍ കൂടുതല്‍ ഉച്ചത്തില്‍ ചൊല്ലിത്തുടങ്ങി. “അബസ വതവല്ലാ.......അന്‍ .....“
വല്യുപ്പ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
" മുഴുവന്‍ ഓതി തന്നാല്‍ വല്ല്യുപ്പ ഒരു കഥ പറഞ്ഞു തരാം"
ഉപ്പാപ്പ പറഞ്ഞത് കേട്ടപ്പോള്‍ ഹിഷാമിന്റെ കണ്ണുകളില്‍ സന്തോഷം നിറഞ്ഞു.
പത്തു മിനിട്ടിനകം തന്നെ അവന്‍ സൂറത്ത് മുഴുവനും കാണാതെ ഓതിക്കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ ഹിഷാമിന്റെ കയ്യും പിടിച്ചു ഉപ്പാപ്പ ഓഫീസ് റൂമില്‍ എത്തി.
മറ്റേമ്മയും ഉമ്മമ്മയും അമ്മായിയും ഓരോ കസേരകളില്‍ സ്ഥലം പിടിച്ചു ഇരിപ്പ് തുടങ്ങിയിട്ട് കുറച്ചു നേരമായെന്നു തോന്നുന്നു. അടുക്കളയില്‍ നിന്നും ഉമ്മയും വന്നു വാതിലിനോടു ചേര്‍ന്ന് ചാരി വാതില്‍ പടിയില്‍ പിടിച്ചുനിന്നു.
" 'അബസ വതവല്ലാ' എന്ന സൂറത്ത് എന്നാണ് ഇറങ്ങിയതെന്ന് കുഞ്ഞോനു അറിയ്യോ?"
വല്യുപ്പ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. എല്ലാവരും ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ഹിഷമിനെ ഒന്നുകൂടെ ചേര്‍ത്തു പിടിച്ചു, തലയില്‍ മെല്ലെ തലോടി ഒരു ചെറു പുഞ്ചിരിയോടെ ഉപ്പാപ്പ കഥ പറയാന്‍ തുടങ്ങി.
...............

നബി (സ്വ) തങ്ങള്‍ക്കു ഹിറാ ഗുഹയില്‍ വെച്ച് നുബുവ്വത് ലഭിക്കുക്കയും  മക്കയില്‍ പ്രബോധനം തുടങ്ങുകയും ചെയ്തു. വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമാണ് ആദ്യ കാലത്ത് ഇസ്ലാം സ്വീകരിച്ചത്. അബൂബക്കര്‍ സിദ്ദീഖ്, ഖദീജ, അലിയ്യുബിനു അബീ ത്വാലിബ്‌. (റ)..... തുടങ്ങി വളരെ കുറച്ചു ആളുകളെ മാറ്റി നിര്‍ത്തിയാല്‍ വിശ്വാസികളിൽ ബാക്കിയുള്ളവര്‍ അടിമകളോ പാവപ്പെട്ടാവരോ ഒക്കെ ആയിരുന്നു. മക്കയില്‍ സ്ഥാനവും അധികാരവും ശക്തിയും ഉള്ള ആരെങ്കിലും ഇസ്ലാം സ്വീകരിക്കണമെന്നും അതുവഴി ഇസ്ലാമിന് കൂടുതല്‍ കരുത്തു കിട്ടണമെന്നും പ്രവാചകന്‍ (സ്വ)ആഗ്രഹിച്ചു.
മക്കയില്‍ ഖുറൈഷികളുടെയും മറ്റു ബഹുദൈവ വിശ്വാസികളുടെയും അക്രമം മുസ്ലിങ്ങള്‍ക്ക്‌ നേരെ ശക്തമായ സമയം.
പ്രവാചകരുടെ വീട്ടില്‍ ഖുറൈഷി ഗോത്രത്തിലെ നേതാക്കള്‍ക്ക് നബി (സ്വ) തങ്ങള്‍ ഇസ്ലാമിനെ കുറിച്ച് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. ഉത്ബത്, ശൈബത്, അബു ജഹല്‍, രബീഅതിന്റെ രണ്ടു മക്കൾ‍, അബ്ബാസ്‌ ബിന്‍ അബ്ദുല്‍ മുത്തലിബ്, ഉമയ്യതുബ്നു ഖലഫ്, വലീദ് ബിന്‍ മുഗീറ തുടങ്ങി ഖുറൈഷി പ്രമുഖര്‍ക്ക്  അല്ലാഹുവിനെ കുറിച്ചും അവനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബഹുദൈവാരധനയുടെ പോഴത്തരത്തെ കുറിച്ചും നബി (സ്വ) വിശദീകരിച്ചു കൊടുക്കുകയായിരുന്നു.  സ്വന്തം ദേഹത്ത് ഒരു ഈച്ച വന്നിരുന്നാല്‍ അതിനെ ഒന്ന് ആട്ടാന്‍ പോലും അവ‍ക്ക് കഴിവില്ല,  പിന്നെ അവ എങ്ങനെ നമ്മുക്കു ഉപകാരവും ഉപദ്രവവും ചെയ്യും?. നബി (സ്വ) തങ്ങള്‍ അവരോടു ചോദിച്ചു.
അവര്‍ക്ക് ഇസലാമിലെ ഓരോ കാര്യങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്തു. അത് വരെ ഇറങ്ങിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതി കേള്‍പ്പിച്ചു. ഖുര്‍ആനിന്റെ മാസ്മരിക ശക്തിയില്‍ ഒരു നിനിഷമെങ്കിലും അവര്‍ അറിയാതെ അലിഞ്ഞു ചേര്‍ന്നു. പക്ഷെ, അവരുടെ അധികാര കൊതിയും ഇസ്ലാമിനെതിരെയുള്ള ശക്തമായ നിലപാടുകളും ഇസ്ലാം സ്വീകരിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിച്ചിരിക്കണം.
" അല്ലാഹുവിന്റെ റസൂലേ, അള്ളാഹു തങ്ങള്‍ക്കു പഠിപ്പിച്ചു തന്നതില്‍ നിന്നു എനിക്കും പഠിപ്പിച്ചു തന്നാലും"-അബ്ദുള്ള ബിന്‍ ഉമ്മു മക്തൂമിന്റെ ശബ്ദം നബി (സ്വ) തിരിച്ചറിഞ്ഞു.
നബി (സ്വ) ഇസ്ലാമിക പ്രബോധനവുമായി മക്കയില്‍ വന്ന ആദ്യ കാലത്ത് തന്നെ വിശ്വസിച്ച കൂട്ടത്തില്‍ കണ്ണിനു കാഴ്ച ഇല്ലാത്ത ഇബ്നു ഉമ്മു മക്തൂം (റ) വും ഉണ്ടായിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇറങ്ങിയാല്‍ നബി (സ്വ)  അദ്ദേഹത്തെ ഓതി കേള്‍പ്പിക്കുമായിരുന്നു. അദ്ദേഹം അത് മനപാഠമാക്കി വെക്കുകയും ചെയ്യുമായിരുന്നു,
കയ്യില്‍ ഒരു വടിയും പിടിച്ചു ഇബ്നു ഉമ്മു മഖ്തൂം(റ)  കയറി വന്നു. ഗോത്ര പ്രമുഖന്മാര്‍ക്ക് ഇസ്ലാമിനെ കുറിച്ച് പരിചയപ്പെടുത്തുന്ന സ്ഥലത്തേക്ക് അദ്ദേഹം കയറി വന്നപ്പോള്‍ പ്രവാചകന്റെ(സ്വ) മുഖമൊന്നു ചുളിഞ്ഞു. ഗോത്ര നേതാക്കള്‍ ഇസ്ലാം സ്വീകരിക്കണമെന്നും അത് വഴി പ്രബോധനം കൂടുതല്‍ സുഖകരമാവുമെന്നും നബി (സ്വ) ആഗ്രഹിച്ചിരുന്നു.ഒരിക്കലും തന്റെ സ്വന്തം ആവശ്യങ്ങള്‍ക്കോ ലാഭത്തിനോ വേണ്ടിയല്ല. മറിച്ച് ഇസ്ലാമിന്നും മുസ്ലിങ്ങള്‍ക്കും വേണ്ടിയായിരുന്നു.  അത്തരം ഒരു സ്ഥലത്തേക്ക് അദ്ദേഹം കയറി വന്നപ്പോള്‍ അവരെന്തു വിചാരിക്കുമെന്ന് ഒരു നിമിഷമെങ്കിലും അവിടുന്ന് ചിന്തിച്ചിരിക്കാം.
"റസൂലേ, അള്ളാഹു താങ്കള്‍ക്കു പഠിപ്പിച്ചു തന്നതില്‍ നിന്നു എനിക്കും പഠിപ്പിച്ചു തന്നാലും"- അദ്ദേഹം നബിയുടെ (സ്വ) അടുത്തേക്ക് ഒന്ന് കൂടെ തപ്പി തടഞ്ഞു നീങ്ങി നിന്നു .
പ്രവാചകര്‍ (സ്വ) തങ്ങള്‍ ഒന്നും ഉരിയാടിയില്ല.
പ്രവാചകന്റെ ശബ്ദം ഞാന്‍ കേട്ടതാണല്ലോ. അവിടുത്തെ സുന്ദരമായ ശബ്ദത്തില്‍ ഖുര്‍ആനിന്റെ വാക്കുകള്‍ ഞാന്‍ കേട്ടതാണല്ലോ. നബി (സ്വ) തന്റെ ശബ്ദം കേട്ടു കാണില്ല. അദ്ദേഹം ഒന്ന് കൂടി ഉച്ചത്തില്‍ പറഞ്ഞു.
" യാ റസൂലല്ലാ, അള്ളാഹു താങ്കള്‍ക്ക് പഠിപ്പിച്ചു തന്നതില്‍ നിന്നും എനിക്കും പഠിപ്പിച്ചു തന്നാലും"
പ്രവാചകര്‍ (സ്വ) ഒന്ന് തിരിഞ്ഞൂ നോക്കി. അവിടുന്ന് അവരോടു ഇസ്ലാമിനെ കുറിച്ച് വീണ്ടും വിശദീകരിച്ചു കൊണ്ടിരുന്നു.

ഇബ്നു ഉമ്മു മക്തൂം (റ) ചെവി വട്ടം പിടിച്ചു.
ഇല്ല, പ്രവാചകര്‍ (സ്വ) തങ്ങള്‍ തന്നെ ശ്രദ്ദിക്കുന്നില്ല. അദ്ദേഹം ഇറങ്ങി നടന്നു. മനസ്സില്‍ ഒരു പാട് മുള്ളുകള്‍  തുളഞ്ഞിറങ്ങുന്ന വേദന. കണ്ണുകളില്‍ നിന്നു രക്തം പൊടിയുന്ന പോലെ അദ്ദേഹത്തിന് തോന്നി.
ഇരുട്ട് മൂടിയ കണ്ണുകളില്‍ ഒരായിരം സൂര്യ ഗോളങ്ങള്‍ ഒന്നിച്ചു ജ്വലിക്കുന്നതും അവയുടെ ചൂടില്‍ സ്വയം ഉരുകി ഇല്ലാതാവുന്നതും അബ്ദുള്ള ബിന്‍ ഉമ്മു മഖ്തൂം (റ) അറിഞ്ഞു.
കയ്യിലെ വടിയില്‍ തപ്പി തടഞ്ഞു പുറത്തിറങ്ങി മരുഭൂമിയിലൂടെ അദ്ദേഹം ഇറങ്ങി നടന്നു. സൂര്യന് പതിവിലും ചൂട് കൂടിയ പോലെ അദ്ദേഹം വിയര്തോലിക്കാന്‍ തുടങ്ങി. ശരീരം വിയര്‍ത്തു കുളിച്ചു.
.........

രസൂലിന്റെ താമരപ്പൂ നിറമുള്ള മുഖത്ത് വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു തുടങ്ങി. അവിടത്തെ മുഖത്ത് വല്ലാത്ത വിഷമവും ബുദ്ധിമുട്ടും കാണാനായി. ജിബരീലിന്റെ (അ) സാന്നിധ്യം എല്ലാവര്ക്കും മനസ്സിലാവും. ഖുര്‍ആന്‍ ഇറങ്ങുന്ന സമയത്ത് പ്രവാചകര്‍ (സ്വ) തങ്ങള്‍ക്കു അസഹനീയമാം വിധം ക്ഷീണം അനുഭവപ്പെടാറുണ്ടെന്നും അവിടുന്ന് വിയര്‍ക്കാറുണ്ടെന്നും ആയിഷ (റ) പറഞ്ഞത് പരമാര്‍ത്ഥം തന്നെ. 
" അബസ വതവല്ല ................" 
ജിബ്രീലിന്റെ വാക്കുകള്‍ പ്രവാചകരെ (സ്വ) ഒരുവേള സങ്കടപ്പെടുത്തിയിരിക്കണം. അവിടുത്തെ കണ്ണുകള്‍ കണ്ണീര്‍ പൊഴിച്ചിരിക്കണം. ദുഃഖ ഭാരത്താല്‍ അവിടുത്തെ ഹൃദയം തളര്ന്നിരിക്കണം.
"അദ്ദേഹം മുഖം ചുളിച്ചു കളഞ്ഞു. 
അദ്ധേഹത്തിന്റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.
(നബിയെ) താങ്കള്‍ക്ക് എന്തറിയാം. അയാള്‍ (അന്ധന്‍) ഒരു പക്ഷെ, പരിശുദ്ധി പ്രാപിച്ചേക്കാമല്ലൊ.
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും ആ ഉപദേശം അയാള്‍ക്ക്‌ പ്രയോച്ചനപ്പെടുകയും ചെയ്തേക്കാമല്ലോ?
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാവട്ടെ
താങ്കൾ അവന്റെ നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നു.
അവന്‍ പരിശുദ്ധി പ്രാപിക്കാതിരുന്നാല്‍ താങ്കള്‍ക്കെന്താണ് കുറ്റം?
എന്നാല്‍ നിന്റെ അടുക്കല്‍ ഓടി വന്നവനാവട്ടെ
(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവായിക്കൊണ്ട്.
അവന്റെ കാര്യത്തില്‍ താങ്കള്‍ അശ്രദ്ധ കാണിക്കുന്നു.
നിസ്സംശയം ഇത് (ഖുർ‌ആ‍ന്‍) ഒരു ഉൽബോധനമാവുന്നു; തീര്‍ച്ച........"

അല്ലാഹുവിന്റെ വാക്കുകളില്‍ വല്ലാത്ത ഗൌരവം നിറഞ്ഞു നിന്നിരുന്നു.
പ്രവാചകര്‍ (സ്വ) തങ്ങള്‍ ഇറങ്ങി നടന്നു. അപാരമായ ദുഖത്താല്‍ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവിടുത്തെ മുഖം ചുവന്നു തുടുത്തു. നബി (സ്വ) ഇബ്നു ഉമ്മു മഖ്തൂം (റ) ന്‍റെ അടുത്തെത്തി. അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഇബ്നു ഉമ്മു മഖ്തൂമിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
പിന്നീട് അദ്ദേഹം കടന്നു വരുമ്പോള്‍ നബി (സ്വ) എണീറ്റ്‌ നിന്നു സ്വീകരിക്കാറുണ്ടെന്നും " ‘ആരുടെ വിഷയതിലാണോ അള്ളാഹു എന്നെ ആക്ഷേപിച്ചത്, അദ്ദേഹത്തിനു സ്വാഗതം!!" എന്ന് അഭിസംബോധന ചൈതു പറയാറുണ്ടായിരുന്നു വെന്നതും ചരിത്രം. 

ഒരിക്കല്‍ നബി (സ്വ) തങ്ങളും അബ്ദുള്ള ബിന്‍ ഉമ്മു മഖ്തൂം(റ)വും  ഇരിക്കുന്ന സദസ്സിലേക്ക് ജിബ്‌രീൾ(അ) കടന്നു വന്നു.
പലകാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ജിബ്രീല്‍ (അ) ഇബ്നു ഉമ്മു മഖ്തൂമിനോടായി ചോദിച്ചു.
"എന്നാണ് നിങ്ങളുടെ കാഴ്ച ശക്തി നഷ്ടപെട്ടത്?"
"എന്റെ ചെറുപ്പത്തില്‍"
അദ്ദേഹം നിര്‍വികാരനായി ഉത്തരം പറഞ്ഞു.
ജിബ്രീല്‍ പറഞ്ഞു. അള്ളാഹു പറയുന്നു:  എന്റെ 'അടിമയുടെ എന്തെങ്കിലും കഴിവുകള്‍ ഞാന്‍ പിടിച്ചു വെക്കുകയാണെങ്കില്‍ അവനു അതിനു സ്വര്‍ഗമാല്ലാതെ പ്രതിഫലമില്ല.'
വെളിച്ചം കടക്കാത്ത കണ്ണുകളിലപ്പോള്‍  സ്വര്‍ഗ്ഗ ലോകം തെളിഞ്ഞു കണ്ടു. കണ്ണുകളില്‍ സന്തോഷത്തിന്റെ ഒരായിരം പൂക്കള്‍ ഒന്നിച്ചു വിടര്‍ന്നു വന്നു.
...........
"അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരും (യുദ്ധത്തില്‍ നിന്നു)  ഒഴിഞ്ഞിരിക്കുന്നവരും സമന്മാരാവുകയില്ല.....(നിസാ 95)എന്ന സൂക്തം ഇറങ്ങിയ സന്ദര്‍ഭം. അബ്ദുള്ള ബിന്‍ ഉമ്മു മക്തൂമിന് കാഴ്ച ഇല്ലാത്തതിനാല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. ഈ സൂക്തം അദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തി. മനസ്സിലെ സങ്കടം ഇരുള്‍ വീണ കണ്ണുകളിലൂടെ കണ്ണീര്‍ തുള്ളികള്‍ വീഴ്ത്തി. അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു
"എന്റെ രക്ഷിതാവേ, എനിക്ക് എന്റെ ഒഴിവുകഴിവ് ഇറക്കേണമേ"
മനസ്സുരുകി പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥന അള്ളാഹു കേട്ടു.ജിബ്‌രീല്‍ (അ) അല്ലാഹുവിന്റെ വഹ്‌യുമായി എത്തി. അല്ലാഹുവിന്റെ റസൂലിനു ഖുര്‍ആന്‍ അവതരിച്ചു 
"ബുദ്ധിമുട്ട് ഇല്ലാത്തവര്‍ ഒഴികെ"
അബ്ദുള്ള ബിന്‍ ഉമ്മു മക്തൂം(റ) ന്‍റെ കണ്ണുകളില്‍ സന്തോഷത്തിന്റെ പ്രകാശം പ്രതിഫലിച്ചു. അദ്ധേഹത്തിന്റെ മുഖം വിടര്‍ന്നു.
...................
ഹിജ്റയുടെ ഒന്നാം വര്‍ഷം മുതല്‍ നിസ്കാരത്തിനു ബാങ്ക് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ആ കര്‍ത്തവ്യം റസൂല്‍  (സ്വ) ഏല്‍പ്പിച്ചത് ബിലാല്‍ (റ) നെയും അബ്ദുല്ലഹിബിന്‍ ഉമ്മു മഖ്തൂം (റ) നെയുമായിരുന്നു.ബിലാല്‍ (റ) ന്‍റെ മുധുരമാര്‍ന്ന ശബ്ദത്തിനൊപ്പം അബ്ദുല്ലഹിബിനു ഉമ്മു മഖ്തൂം (റ) ന്റെയും ശബ്ദത്തിനു സ്വഹാബത്ത് കാതോര്‍ത്തു. തക്ബീറിന്റെയും തഹ്‌ലീലിന്റെയും അനശ്വര ശബ്ദം മദീനയെ പുളകം കൊള്ളിച്ചു. 
 ബിലാല്‍ (റ) ബാങ്ക് വിളിക്കുമ്പോള്‍ അദ്ദേഹം ഇഖാമത്ത് കൊടുക്കുകയും അദ്ദേഹം ബാങ്ക് വിളിക്കുമ്പോള്‍ ബിലാല്‍ (റ) ഇഖാമത്ത് കൊടുക്കുകയും ചെയ്യുമായിരുന്നു.
ഒരിക്കല്‍ നബി (സ്വ) തങ്ങള്‍ പറഞ്ഞതായി ഇപ്രകാരം ഹദീസില്‍ കാണാം " രാത്രി ബിലാല്‍ (റ) ന്റെ ബാങ്ക് കേട്ടാല്‍ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക, ഇബ്നു ഉമ്മു മഖ്തൂമിന്റെ ബാങ്ക് കേള്‍ക്കുന്നത് വരെ" 

നബി (സ്വ) യും സ്വഹാബത്തും  യുദ്ധങ്ങള്‍ക്ക് പുറപ്പെടുമ്പോള്‍ മദീനയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നതും ബാങ്ക് വിളിക്കുക, നിസ്കാരത്തിനു നേത്രത്വം നല്‍കുക എന്നിവ ചെയ്തിരുന്നതും അദ്ദേഹം തന്നെയായിരുന്നു. ഇസ്ലാമിന്റെ ആദ്യ കാലത്ത് തന്നെ വിശ്വസിക്കുകയും  പ്രവാചകര്‍ (സ്വ) തങ്ങള്‍ മദീനയില്‍ എത്തുന്നതിനു മുമ്പ് തന്നെ മദീനയില്‍ എത്തുകയും ചെയ്തവരില്‍ ഇബ്നു ഉമ്മു മക്തൂം (റ) മുന്‍പന്തിയിലുണ്ടായിരുന്നു. ബറാ‌അ് (റ) നെ തൊട്ട് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ നമുക്കു ഇപ്രകാരം വായിക്കാനാവും.  മദീനയില്‍ ആദ്യമായി പലായനം ചെയ്തു എത്തിയത്  മുസ് അബ് ബിനു ഉമൈര്‍ (റ) ആയിരുന്നു, ശേഷം ഇബ്നു ഉമ്മു മഖ്തൂം(റ) വും. യുദ്ധത്തിനു പുറപ്പെടുന്ന സമയങ്ങളില്‍ അദ്ധേഹത്തെ മദീനയുടെ കാര്യങ്ങൾ എല്പ്പിക്കുമായിരുന്നു. അദ്ദേഹം ജനങ്ങള്‍ക്ക് ഇമ്മാമായി നിസ്കരിക്കുകയും ചെയ്യുമായിരുന്നു.

"ഞാന്‍ യുദ്ധങ്ങളില്‍ കൊടി പിടിച്ചു മുന്നില്‍ നില്‍ക്കാം. എനിക്ക് കണ്ണ് കാണില്ലല്ലോ, അതുകൊണ്ട് ഞാന്‍ പിന്തിരിഞ്ഞു ഓടുകയുമില്ല"
അബ്ദുല്ലഹിബ്നു ഉമ്മു മഖ്തൂമിന്റെ (റ) ദൃഢതയാര്‍ന്ന വാക്കുകള്‍ക്കു മുന്നില്‍ ഒരു പക്ഷെ സ്വഹാബത് അത്ഭുതം കൂറി നിന്നിരിക്കണം. ഇരുള്‍ ബാധിച്ച കണ്ണുകളിൽ ഈമാനിന്റെ വെളിച്ചച്ചവും ഹൃദയത്തില്‍ തൌഹീദിന്റെ ശക്തിയും സംഭരിച്ചു അദ്ദേഹം വടിയും കുത്തി പിടിച്ചു മണല്‍ പരപ്പിലൂടെ നടന്നു നീങ്ങി. 
 ഖാദിസിയ്യ യുദ്ധത്തിലേക്ക് പുറപ്പെട്ട സൈന്യത്തിന്റെ കൂടെ ഇബ്നു ഉമ്മു മഖ്തൂം (റ) വും ഉണ്ടായിരുന്നു. നിലത്തു വീണ കൊടിയും പൊക്കി പിടിച്ചു എന്റെ ചുറ്റും നിന്നു യുദ്ധം ചെയ്യൂ എന്ന് വിളിച്ചു പറഞ്ഞ അദ്ധേഹത്തിനൊപ്പം അവര്‍ ധീരവീരം പോരാടി. ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത അദ്ദേഹം അവിടെ പ്രകടിപ്പിച്ച ധീരത ചരിത്രത്തില്‍ തുല്ല്യതയില്ലാത്തതു തന്നെ. അവിടെ വെച്ചു ശത്രുക്കളുടെ മൂര്‍ച്ചയേറിയ വാളുകള്‍ക്ക് മുന്നില്‍ ജീവനറ്പ്പിക്കുംപോള്‍ അദ്ദേഹം സ്വര്‍ഗ്ഗ ലോകം അതിന്റെ മുഴുവന്‍ സ്വന്ദര്യത്തോടെയും ദര്‍ശിച്ചു. ശത്രുക്കളുടെ വെട്ടേറ്റു നിലത്തു വീഴുമ്പോളും പിടി വിടാതെ ഇസ്ലാമിന്റെ കൊടി അദ്ധേഹത്തിന്റെ കൈകളില്‍ ഉണ്ടായിരുന്നു......

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment