വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Tuesday, February 1, 2011

മക്കയും കഅബയും; നാള്‍ വഴികളിലൂടെ

കാറ്റില്‍ ആടുന്ന തെങ്ങോലകല്‍ക്കിടയിലൂടെ പൂര്‍ണ ചന്ദ്രന്‍ ചിരിച്ചു കാണിക്കുന്നു. അകലെ കൊയ്യാന്‍ പാകമായ നെല്‍ വയലിന് അപ്പുറത്ത്  നിന്നു മൌലിദിന്റെ മധുര ശബ്ദം കേള്‍ക്കുന്നുണ്ട്. കട്ടിലില്‍ മലര്‍ന്നു കിടന്നു പതിനാലു നൂറ്റാണ്ട് മുമ്പ് നടന്ന ആ പുണ്യ നിമിഷങ്ങളെ കുറിച്ച് ആലോചിച്ചു കിടക്കുമ്പോള്‍ മകന്‍ ഹിഷാം വന്നു നെഞ്ചില്‍ കയറിയിരുന്നു.
ഹിഷാം, ഉപ്പാപ്പയുടെ പുന്നാര പേരക്കുട്ടി. അവന്‍ എല്ലായ്പ്പോഴും  ഉപ്പാപ്പയുടെ ഇടവും വലവും കാണും. പാഠ ഭാഗങ്ങള്‍ പറഞ്ഞു കൊടുക്കുന്നതും മദ്രസ്സയിലും സ്കൂളിലും  ഒരുക്കി പറഞ്ഞയക്കുന്നതും ഉമ്മ ഹസീനയാണ്‌. കൂട്ടിനു എപ്പോഴും  കൂടെ വല്യുമ്മയും സഹായത്തിനു മൂത്തമ്മ സ്വാബിറയും മറ്റേമ്മ, ആയിഷയും അവനൊപ്പം ഉണ്ടാവണം.
" ഉപ്പാ, എനിക്കൊരു കഥ പറഞ്ഞു തര്വോ?"- അവന്‍ ഒന്ന് കുലുങ്ങി ഇരുന്നു.  
"ഉപ്പാക്ക്  കഥയൊന്നും  അറിയില്ലല്ലോ, കുഞ്ഞോനെ" -ഞാന്‍ മെല്ലെ ഒഴിഞ്ഞു മാറാന്‍ നോക്കി.  
"ഐദ്രു ഉസ്താദ്‌ പറഞ്ഞല്ലോ ഉപ്പാക്ക് അറിയാന്ന്"- അവന്‍ ഒരു വാശിയുടെ വക്കിലെത്തി നില്‍ക്കുകയാണ്.
" ന്നാ വാ, നമുക്കു ഉപ്പാപ്പാനോട് പറയാം. ഉപ്പാപ്പാക്ക് നല്ല കഥകളൊക്കെ അറിയും"
നിസ്കാര പായയില്‍ കൈകള്‍ രണ്ടും മേലോട്ടുയര്‍ത്തി ഉപ്പാപ്പ ദുആയിലാണ്. ദുആ കഴിഞ്ഞപ്പോള്‍ കൈകള്‍ മുഖത്ത് തടവി ഉപ്പാപ്പ പിന്തിരിഞ്ഞു നോക്കി. ഹിഷാം നേരെ ഉപ്പാപ്പയുടെ മടിയില്‍ കയറി ഇരുന്നു.
"ഉപ്പാപ്പാ, ഉപ്പാപ്പാക്ക് കഥകളൊക്കെ അറിയ്യോ"- അവന്‍ ഉപ്പാപ്പയുടെ താടിയില്‍ പിടിച്ചു കളിയ്ക്കാന്‍ തുടങ്ങി.
ഇടതൂര്‍ന്നു വെട്ടി ശരിപ്പെടുത്തിയ താടിയില്‍ വാര്‍ധക്യത്തിന്റെ ചെറിയ ചെറിയ കയ്യൊപ്പുകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. തലയില്‍ നിന്നു തൂവെള്ള തോര്‍ത്തു മുണ്ട് പതിയെ പിന്നിലേക്ക്‌ വകഞ്ഞു മാറ്റി ഉപ്പാപ്പ ഒന്ന് ചിരിച്ചു.  
"പിന്നില്ലാതെ? കുഞ്ഞോനു് ഏതു കഥയാ വേണ്ടത്?"- ഹിഷാമിന്റെ ചെറിയ തലയിലൂടെ മെല്ലെ തലോടി ഉപ്പാപ്പ ചോദിക്കുമ്പോള്‍ അവന്റെ മുഖത്ത് വല്ലാത്ത സന്തോഷം നിഴലിച്ചു കാണാമായിരുന്നു.
" നമ്മുടെ നബി (സ്വ) യുടെ കഥ തന്നെ ആയ്ക്കോട്ടെ"- വല്യുമ്മ, ഫാത്തിമ്മ ഓഫീസ് റൂമിലേക്ക്‌ നടന്നു വന്നു.
"പറയുമ്പോലെ ഇത് റബീഉല്‍ അവ്വല്‍ അല്ലെ. ന്നാ നമുക്കു നബി (സ്വ) യുടെ ചരിത്രം ആദ്യം മുതല്‍ തന്നെ തുടങ്ങാം. അല്ലെ?. ഉപ്പാപ്പ ഓരോ ദിവസവും ഓരോ ചരിത്രം പറഞ്ഞു തരാം. ന്താ പോരെ?"
ചോദ്യത്തിന് ഉപ്പാപ്പയുടെ മുഖത്ത് നോക്കി ഹിഷാം ചിരിച്ചു. പറിഞ്ഞു പോയ രണ്ടു  മൂന്നു പല്ലുകള്‍ക്കിടയിലൂടെ അവന്റെ ചുവന്ന നാവു പുറത്തേക് വന്നു.
"ശരി. നമ്മുക്കിന്നു ആദ്യം മക്കയുടെ കഥ പറയാം."-ഉപ്പാപ്പ അവനെ ഒന്ന് കയറ്റി ഇരുത്തി. 

നബി  (സ്വ) യുടെ കാലത്ത് ഒരിക്കല്‍ കഅബ പുതുക്കി പണിതിരുന്നു. ഇതിനു തൊട്ടു മുമ്പ്  ക‌അബയുടെ നിര്‍മാണ കാലത്ത് ജര്‍ഹമിയ്യ ഗോത്രക്കാരും  ഏതാനും അമാലിക്  ഗോത്രത്തില്‍  പെട്ടവരും മാത്രമേ മക്കയില്‍ ഉണ്ടായിരുന്നുള്ളൂ. ഒരു ചെറിയ ഏറ്റു മുട്ടലിലൂടെ   അമാലിക്കുകളെ  കീഴ്പെടുത്തി ജര്‍ഹാമിയ്യാക്കള്‍ മക്കയുടെ അധികാരം പിടിച്ചെടുത്തു. ആ കാലത്തും അറബികളുടെ പ്രധാന വരുമാന മാര്‍ഗം കച്ചവടം തന്നെയായിരുന്നു. ശാം, യമന്‍, ഹീറ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വാര്‍ത്ഥവാഹക സംഗങ്ങള്‍ മക്ക വഴിയാണ് കടന്നു പോയിക്കൊണ്ടിരുന്നത്. ഇതും മക്കയില്‍ വ്യാപാരം കൂടുതല്‍ നടക്കാന്‍ സഹായിക്കുകയും അത് വഴി അവര്‍  സമ്പന്നരാവുകയും ചെയ്തു. മക്കയുടെ അടുത്ത് താമസിക്കുന്ന ചിലര്‍ മക്കയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നത്‌ രാജാവായിരുന്ന മുളാല്‍ അറിഞ്ഞു.  അവര്‍ സുഖലോലുപരായി തീരുന്നത് കണ്ടപ്പോള്‍ അന്നത്തെ ജര്‍ഹാമിയ്യ രാജാവായിരുന്ന മുളാല്‍ ബിനു അംര്‍ അവരെ താക്കീദ് ചെയ്തെങ്കിലും അവര്‍ അത് അനുസരിക്കാന്‍ തയ്യാറായില്ല.
തന്റെ അധികാരം നഷ്ടപ്പെടാന്‍  പോവുന്നുവെന്ന് മുളാലിനു തോന്നിയപ്പോള്‍ ക‌അബയില്‍ കാണിക്കയായി കിട്ടിയ രണ്ടു  സ്വര്‍ണ കലമാനുകളുടെ രൂപവും സ്വര്‍ണ വാളും കുറച്ചു വിലപിടിപ്പുള്ള വസ്തുക്കളും സംസം കിണര്‍ നിന്നിരുന്ന ഭാഗം കുഴിച്ചു അതിലിട്ട് മൂടി. എന്നെങ്കിലും കാലത്ത് തനിക്കു തന്നെ അധികാരം കിട്ടിയാല്‍ അവ തിരിച്ചെടുക്കാമെന്ന ചിന്തയിലാണ് അദ്ദേഹം അത് ചെയ്തത്.  അധികം വൈകാതെ തന്നെ ഖുസാഅ ഗോത്രം അവരെ  ആക്രമിച്ചു കീഴ്പെടുത്തുകയും ഭരണം പിടിച്ചടക്കുകയും  ജര്‍ഹാമിയ്യക്കള്‍ മക്ക വിട്ടു ഓടിപ്പോവുകയും ചെയ്തു.
ഖുറൈശികള്‍ അവിടെ ഉണ്ടായിരുന്ന കാലത്തും ഖുസാഅ ഗോത്രക്കാര്‍ തന്നെയായിരുന്നു കഅബയുടെ കാര്യങ്ങള്‍ നടത്തിയിരുന്നതും കഅബ പരിപാലിച്ചു കൊണ്ടിരുന്നതും. നബി (സ്വ) യുടെ അഞ്ചാമത്തെ പിതാ മഹാനായ ഖുസയ്യ്‌ അധികാരമേല്‍ക്കുന്നത് വരെ ഖുസാഅ ഗോത്രക്കാര്‍ തന്നെയാണ് മക്കയുടെയും കഅബയുടെയും ഭരണം നടത്തി വന്നിരുന്നത്.
.................................
ഖുസയ്യിന്റെ മാതാവ്‌ ഫാത്തിമ ബിന്ത് സഹല്‍ ആണ്. പിതാവ് കിലാബും. ഖുസയ്യ്, സുഹറ എന്നീ കുട്ടികള്‍ ജനിച്ച ശേഷം കിലാബ് രോഗ ബാധിതനാവുകയും മരണപ്പെടുകയും ചെയ്തു.
 പിന്നീട് ഖുസയ്യിന്റെ മാതാവ് ഫാത്തിമയെ റബീഅ ബിന്‍ ഹര്റാം എന്നയാള്‍ വിവാഹം കഴിക്കുകയും അവര്‍ ശാമിലേക്ക് പോവുകയും ചെയ്തു. ശാമില്‍ ജീവിച്ചു കൊണ്ടിരുന്നപ്പോഴും ഖുസയ്യിനു തന്റെ പിതാവ് റബീഅ അല്ല എന്ന് അറിയില്ലായിരുന്നു. അങ്ങനെ അവിടെ വെച്ചു ദാര്‍രാജ് എന്ന ഒരു കുട്ടി കൂടി ഫാത്തിമ്മായ്ക്കു ജനിച്ചു.
ഒരിക്കല്‍ കുട്ടികള്‍ തമ്മില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരാള്‍ ഖുസയ്യിനെ പരദേശി എന്ന് വിളിച്ചു. ഇത് ഖുസയ്യിനു വല്ലാത്ത സങ്കടം വരുത്തി വെച്ചു. അവന്‍ ചെന്ന് ഉമ്മയോട് അടുത്ത് ചെന്ന് കരഞ്ഞു കാര്യം പറഞ്ഞു.
" നിന്‍റെ പിതാവ് അവരുടെ പിതാവിനെക്കാള്‍ ഉത്തമാമായ കുടുമ്ബത്തില്‍ പെട്ടവനാണെന്ന് ആക്ഷേപിച്ചവരോട്പറഞ്ഞേക്കുക"-  ഖുസയ്യിന്റെ മാതാവ്, ഫാത്തിമ അവനോടു പറഞ്ഞു.
പക്ഷെ, ഖുസ്സയ്യ്‌ അത് കൊണ്ടൊന്നും സമാധാനിച്ചില്ല.
ഇത് ഖുസയ്യിനു വല്ലാത്ത ദുഃഖം തന്നെ വരുത്തി വെച്ചു. വളര്‍ന്നു വലുതായപ്പോള്‍ ഖുസയ്യ്‌ തന്റെ പിതാവിന്റെ നാടായ മക്കയിലേക്ക് തന്നെ തിരിച്ചു പോന്നു.
മക്കയിലെത്തിയ ഖുസയ്യ്‌ കച്ചവടം നടത്തി വലിയ സമ്പന്നനായി. വലിയ ശരീരവും ഗൌരവം സ്ഫുരിക്കുന്ന മുഖവും മുഴങ്ങുന്ന ശബ്ദവും എല്ലാവര്ക്കും അദ്ദേഹത്തോട് സ്നേഹവും ഭയവും തോന്നാന്‍ കാരണമായി. എല്ലാ വിഷയങ്ങളിലും  അദ്ദേഹത്തിനുള്ള അറിവും കൂടിയായപ്പോള്‍ അവര്‍ക്ക് അദ്ദേഹത്തോട് ബഹുമാനവും ആദരവും തോന്നി തുടങ്ങി.
അക്കാലത്തു കഅബയുടെ താക്കോല്‍ സൂക്ഷിചിരുന്നത് ഖുസാഅ  ഗോത്രത്തിലെ 'ഹുലൈല്‍ ബിന്‍ ഹുബ്ഷിയ്യ' ആയിരുന്നു. ഖുസയ്യ്‌ അദ്ധേഹത്തിന്റെ മകളെ വിവാഹാലോചന നടത്തിയപ്പോള്‍ ബുദ്ധിമാനും ദീര്‍ഘവീക്ഷണത്തിന് ഉടമയുമായിരുന്ന അദ്ദേഹം സമ്മതിച്ചു. അങ്ങനെ അദ്ദേഹം ഹുലൈല്‍ ബിന്‍ ഹുബ്ഷിയ്യയുടെ മകള്‍ 'ഹുബയ്യെ' വിവാഹം കഴിച്ചു. 

മരണാസന്നനായ ഹുലൈല്‍ കഅബയുടെ താക്കോല്‍ തന്റെ മകളും ഖുസയ്യിന്റെ ഭാര്യയുമായ ഹുബയ്യെ എല്പിചെങ്കിലും അവരത് സ്വീകരിക്കാന്‍ തയ്യാറായില്ല. അവസാനം ഹുലൈല്‍ അത് മകന്‍ അബൂ ശിബ്ശാനു നല്‍കി.
അബൂ ശിബ്ശാന്‍ ഒരു തികഞ്ഞ മദ്യപാനിയായിരുന്നു. ഒരിക്കല്‍ മദ്യപിച്ചു കൊണ്ടിരിക്കെ ഒരു ഗ്ലാസ്‌ മദ്യത്തിനു പകരമായി അയാള്‍ ക‌അബയുടെ താക്കോല്‍ ഖുസയ്യിനു വിറ്റു.
സമ്പന്നനും ധീരനും ബുദ്ധിശാലിയുമായ ഖുസയ്യിന്റെ കയ്യില്‍ കഅബയുടെ താക്കോല്‍ ഇരിക്കുന്നത് അത്ര നല്ലതല്ലെന്ന് ഖുസാ‍‌അ ഗോത്രക്കാര്‍ തിരിച്ചറിഞ്ഞു. അവര്‍ ഖുസയ്യില്‍ നിന്നു താക്കോല്‍ തിരിച്ചു വാങ്ങാന്‍ തീരുമാനിച്ചു. അവര്‍ അതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു.
 ഖുസാഅ ഗോത്രത്തിന്റെ ഭരണത്തിന് കീഴിലായിരുന്നു ഖുറൈശികള്‍ കഴിഞ്ഞു വന്നിരുന്നത്. കുസാഅ ഗോത്രത്തിന്റെ നീക്കങ്ങള്‍  മനസ്സിലാക്കിയ ഖുസയ്യ്‌ മക്കയിലെ ഖുരൈശികളുടെ സഹായം തേടി. ഖുസയ്യിന്റെ ശരീര പ്രകൃതിയും ബുദ്ധിസാമര്ത്യവും മനസ്സിലാക്കിയ ഖുറൈശികള്‍ അദ്ധേഹത്തെ സഹായിക്കാന്‍ തീരുന്മാനിക്കുകയും അവര്‍ ഖുസാഅ ഗോത്രക്കാരെ മക്കയില്‍ നിന്നും ആട്ടി ഓടിക്കുകയും ചെയ്തു.
സ്വാഭാവികമായും മക്കയുടെ അധികാരവും കൂടെ കഅബയുടെ മുഴുവന്‍ നടത്തിപ്പവകാശങ്ങളും ഖുസയ്യ്‌ സ്വയം ഏറ്റെടുത്തു. 

ഖുസയ്യിന്റെ സ്ഥാനാരോഹണം വരെ മക്കയില്‍, കഅബക്കരികില്‍ മറ്റു വീടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ജുര്‍ഹൂം ഗോത്രക്കാരും ഖുസാഅ ഗോത്രക്കാരും വിശുദ്ധ ഭവനത്തിനടുത്തു വീട് വെക്കാന്‍ താല്പര്യം കാണിച്ചിരുന്നില്ല. അവര്‍ കഅബയെ അത്രയും ബഹുമാത്തോടെയാണ് കണ്ടിരുന്നത്‌ എന്നതാണ് അതിനു കാരണം. ഖുസയ്യ്‌ സ്ഥാനം ഏറ്റെടുത്തപ്പോള്‍ അദ്ദേഹം ഖുറൈഷികളെ വിളിച്ചു വരുത്തി കഅബക്കടുത്തു വീടുകള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. ഓരോ ഗോത്രത്തിന്റെയും സ്ഥാനങ്ങള്‍ നോക്കിയാണു അവര്‍ വീട് വെച്ചത്. ഏറ്റവും ഉയര്‍ന്നവര്‍ കഅബക്കടുത്തും അടിമകളും മറ്റു താഴ്ന്നവരും കഅബയില്‍ നിന്നും ദൂരെയുമാണ് വീടുകള്‍ വെച്ചത്.
കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാനും അവര്‍ക്ക് യോഗങ്ങള്‍ ചേരാനുമായി അദ്ദേഹം കഅബക്കടുത്തു ഒരു വീട് നിര്‍മിച്ചു. 'ദാരുന്നദ്‌വാ' എന്നായിരുന്നു ആ വീടിന്റെ പേര്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനങ്ങള്‍ കൈകൊള്ളാനും സന്ധി സംഭാഷണങ്ങള്‍ നടത്താനും അവര്‍ അവിടെയായിരുന്നു ഒരുമിച്ചു കൂടിയത്. മക്കയില്‍ നടക്കുന്ന മുഴുവന്‍ കല്യാണങ്ങളും നടന്നിരുന്നത് ദരുന്നദ്‌വയില്‍ വെച്ചു തന്നെയായിരുന്നു. പില്‍കാലത്ത് നബി (സ്വ) യെ വധിക്കാന്‍ ഖുറൈശികള്‍ യോഗം ചേര്‍ന്നതും ഇതേ ദാറുന്നദ്‌വയില്‍ തന്നെ.

ഖുസയ്യിന്റെ മക്കളില്‍ മൂത്തത്  അബ്ദുദ്ദാര്‍ ആയിരുന്നു. പക്ഷെ, ജന സമ്മതിയും കരുത്തും അദ്ധേഹത്തിന്റെ ഇളയമകന്‍ അബ്ദു മനാഫിനായിരുന്നു. വാര്ധക്ക്യ സഹജമായ രോഗങ്ങള്‍ ബാധിച്ചു തുടങ്ങുകയും കഅബയുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ അദ്ദേഹത്തിനു കഴിയാതെ വരികയും ചെയ്തപ്പോള്‍ എല്ലാ അധികാരങ്ങളും അദ്ദേഹം മൂത്ത മകന്‍ അബ്ദുദ്ദാറിനു നല്‍കി. അവരോടായി അദ്ദേഹം പറഞ്ഞു.
" അല്ലയോ ഖുറൈഷി ഗോത്രമേ, നിശ്ചയമായും ദൈവത്തിന്റെ അയല്‍വാസികളും അവന്റെ ഭവനത്തിന്റെയും വിശുദ്ധ മേഖലയുടെ അവകാശികളുമാണ് നിങ്ങള്‍. ഹജ്ജ് തീര്‍ഥാടകര്‍ അവന്റെ അതിഥികളും അവന്റെ ഭവനം സന്ദര്ശിക്കുന്നവരുമാണ്. ഔദാര്യം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്നവരാണവര്‍. അതിനാല്‍ അവര്‍ നിങ്ങളെ വിട്ടു പോവുന്നത് വരെ ഹജ്ജ് കാലത്ത് അവര്‍ക്ക് ഭക്ഷണ പാനീയങ്ങള്‍ നല്‍കി കൊണ്ടിരിക്കുക"
പിന്നീട് അബ്ദുദ്ദാറിനു ശേഷം ആ അവകാശങ്ങള്‍ അദ്ധേഹത്തിന്റെ മക്കള്‍ക്ക്‌ ലഭിച്ചു. സമൂഹത്തില്‍ ശ്രേഷ്ഠതയും സ്വീകാര്യതയും അംഗീകാരവും ഉണ്ടായിരുന്ന  അബ്ദു മനാഫിന്റെ മക്കള്‍ക്ക്‌ ഇത് തീരെ ഇഷ്ടപെട്ടില്ല. അവര്‍ ബനൂ അബ്ദുദ്ദാറി  നിന്നു കഅബയുടെ മേല്‍നോട്ടവും കാര്യങ്ങളും പിടിച്ചു വാങ്ങാന്‍ തന്നെ തീരുമാനിച്ചു. അബ്ദു മനാഫിന്റെ മക്കളായ  ഹാഷിം, അബ്ദു ശംസ്, മുത്തലിബ്, നൌഫല്‍ എന്നിവരുടെ നേത്രത്വത്തില്‍ കാബയില്‍ അവര്‍ യോഗം ചേര്‍ന്നു. അവരോടു അനുഭാവം പുലര്‍ത്തുന്ന ഗോത്രക്കരുമായി അവര്‍ ഒരു സഖ്യമുണ്ടാക്കി. സുഗന്ധ ദ്രവ്യത്തില്‍ കൈ മുക്കി അവര്‍ ഉണ്ടാക്കിയ ഈ സഖ്യമാണ് 'ഹില്ഫുല്‍ മുത്വയ്യിബീന്‍' എന്നറിയപ്പെടുന്നത്. 
അബ്ദു അബ്ദുദ്ദാര്‍ന്‍റെ മക്കളും അവരോടു കൂറുള്ള ഗോത്രങ്ങളെ സംഘടിപ്പിച്ചു ഒരു സഖ്യമുണ്ടാക്കി. സഖ്യ കക്ഷികളുടെ സഖ്യം 'ഹില്ഫുല്‍ അഹ്‌ലാഫ്' എന്നു ഇതും അറിയപ്പെടുന്നു.
കാര്യങ്ങള്‍ ഒരു യുദ്ധത്തിന്റെ വക്കിലെത്തിയപ്പോള്‍ ഇരു പക്ഷത്തെയും ആളുകള്‍  പരസ്പരം ഒരു ധാരണയിലെത്താന്‍ ഇരു കൂട്ടരോടും ആവശ്യപ്പെട്ടു. കാലങ്ങളായി നിലനില്‍ക്കുന്ന അറബികളുടെ ഐക്യം തകരുന്നത് മറ്റുള്ളവര്‍ക്ക് മക്കയെ ആക്രമിച്ചു കീഴ്പെടുതാനും അധികാരം പിടിച്ചെടുക്കാനും സഹായിക്കുമെന്നും അവര്‍ അപിപ്രായപ്പെട്ടു. അങ്ങനെ ഒരു യുദ്ധം സംഭവിച്ചാല്‍ അത് ഖുരൈശികളുടെ നാശത്തിനു വഴിവെക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. മക്കയും കഅബയും വിട്ടു മറ്റൊരു സ്ഥലത്ത് താമസിക്കുന്നതിനെ കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അവര്‍ പരസ്പരം സന്ദ്ധികളിലെര്‍പ്പെടാന്‍ തന്നെ തീരുമാനിച്ചു.

വല്യുമ്മ ഫാത്തിമയും മറ്റേമ്മ ആയിഷയും ഹിഷാമിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ്. കണ്ണിമവെട്ടാതെ അവന്‍ വല്യുപ്പയുടെ വാക്കുകള്‍ ശ്രദ്ധിച്ചി രിക്കുകയായിരുന്നു. വല്ല്യുപ്പ സംഭവം പറഞ്ഞു നിര്‍ത്തി. അവന്‍ അപ്പോഴും ഉപ്പാപ്പയുടെ മുഖത്ത് നോക്കിയിരിക്കുകയായിരുന്നു.
"ബാക്കി പറ, ഉപ്പാപ്പാ"- അവന്‍ ഉപ്പാപ്പയുടെ അടുത്തേക്ക് ഒന്ന് കൂടി ചേര്‍ന്നിരുന്നു.
"ബാക്കി ഉപ്പാപ്പ നാളെ പറഞ്ഞു തരാം. കുഞ്ഞോന്‍ ഉറങ്ങാന്‍ നേരം വൈകും. നാളെ മദ്രസ്സയില്‍ പോവാന്‍ നേരത്തെ നീക്കണ്ടേ?"-ഇട തൂര്‍ന്ന തടിരോമാങ്ങള്‍ക്ക് മുകള്ളില്‍ ഒരു ചെറു പുഞ്ചിരിയോടെ ഉപ്പാപ്പ പറഞ്ഞു.  
" ഉറപ്പല്ലേ?"- സങ്കടം കലര്‍ന്ന സ്വരത്തില്‍ അവന്‍ ചോദിക്കുമ്പോള്‍ എല്ലാവരുടെയും ചുണ്ടില്‍ ചിരി വിടരാന്‍ തുടങ്ങിയിരുന്നു.

1 comment:

  1. ഉപദേശങ്ങളും നിർദേശങ്ങളും നൽകി കൂടെ നിൽക്കുന്ന എന്റെ ജ്യെഷ്ട തുല്യനായ ശുഹൃത്തു ‘അബ്ദുൽ നാസർ’ നു നന്ദി
    ദുആ‍ വസ്സിയ്യത്തോടെ.........
    അനസ്

    ReplyDelete