വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Saturday, February 5, 2011

കഅബയും അറബികളും (രണ്ടാം ഭാഗം)

(ഒന്നാം ഭാഗം ഇവിടെ വായിക്കാം)
എന്നത്തേയും പോലെ ഇന്നും സുബ്‌ഹി  നിസ്കാരത്തിനു  ഹിഷാം വല്യുപ്പയോടൊപ്പം ജമാ‌അത്തായി  നിസ്കരിക്കാന്‍ കൂടി. തലയില്‍ വെളുത്ത തൊപ്പിയും പിറകില്‍ പിടിച്ചു കെട്ടിയ വെള്ളത്തുണിയും ഉടുത്ത് വല്യുപ്പാക്ക് പിന്നില്‍ നിന്നു നിസ്കരിക്കുന്നത് കാണാന്‍ വല്ലാത്തൊരു ചന്തം   തന്നെയാണ്. നിസ്കാര ശേഷം വല്യുപ്പ ദുആ ചെയ്യുമ്പോള്‍  അവനും കൂടെ ആമീന്‍ ചൊല്ലി. ദുആ കഴിഞ്ഞതും  അവന്‍ നേരെ വല്യുപ്പയുടെ മടിയില്‍ കയറി ഇരുന്നു. എല്ലാം നോക്കി കൊണ്ട് പിന്നില്‍ നിന്നു വല്യുമ്മ ഫാത്തിമ സന്തോഷത്തോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. സ്റ്റൂളില്‍ കാല്‍ രണ്ടും കയറ്റി വെച്ച് കയ്യില്‍ തസ്ബീഹ് മാലയും പിടിച്ചു ദിക്ര്‍ ചൊല്ലി കൊണ്ടിരിക്കുക്കയാണ് മറ്റേമ്മ.  ഉമ്മ , ഹസീന അടുക്കളയില്‍ ഹിശാമിനെ മദ്രസ്സയിലും സ്കൂളിലും  അയക്കാനുള്ളതെല്ലാം  ഒരുക്കുന്ന തിരക്കിലാണ്.
"ഉപ്പാപ്പാ, ഇന്നലെ പറഞ്ഞു തന്നതിന്റെ ബാക്കി പറഞ്ഞു താ"- ഹിഷാം ഉപ്പാപ്പയുടെ തോളില്‍ നിന്നു തോര്‍ത്ത്‌ മുണ്ട് മെല്ലെ വലിച്ചെടുത്തു. 
"രാതി മൌലിദ് കഴിഞ്ഞിട്ട് പറഞ്ഞു തന്നാല്‍ പോരെ?" 
"ഇപ്പൊ സമയമുണ്ടല്ലോ. ഇപ്പൊ പറഞ്ഞു തന്നാല്‍ മതി"- ഹിഷാം കുറുമ്പ് കാട്ടി തുടങ്ങി.
"ശരി"- ഉപ്പാപ്പ കഥ പറഞ്ഞു തുടങ്ങി.

പണ്ട് കാലം മുതല്‍ക്കു തന്നെ അറബികള്‍ വളരെ ബഹുമാനത്തോടെയും ആദരവോടെയുമാണ് കഅബയെ കണ്ടിരുന്നത്‌. ഇബ്രാഹിം നബി യും ഇസ്മായീല്‍  (അ) നബിയും അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ പുനര്‍നിര്‍മിച്ച  അല്ലാഹുവിന്റെ ആദ്യ ഭവനം. പില്‍കാലത്ത് ഖുറൈശികള്‍  അവിടെ മുന്നൂറിലധികം ബിംബങ്ങള്‍ പ്രധിഷഠിച്ചു ആരാധിക്കാന്‍ തുടങ്ങി.
കഅബയുടെ പരിചരണവും മേല്‍നോട്ടവും ലഭിക്കുന്നത്  ആദ്യ കാലം മുതല്‍ക്കു തന്നെ വളരെ വലിയ പദവി ആയിട്ടാണു  അറബികള്‍ വിശിഷ്യാ ഖുറൈശികള്‍  കരുതി വന്നിരുന്നത്. 
ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തില്‍  ഖുസ്സയ്യുബ്നു കിലാബ് ആയിരുന്നു കഅബയുടെ മേല്‍നോട്ടം വഹിച്ചു വന്നിരുന്നത്.  പില്‍കാലത്ത് അദ്ദേഹം മക്കളെ അധികാരങ്ങള്‍ ഏല്‍പ്പിച്ചത് ഓരോരുത്തരെയും ഓരോ കാര്യങ്ങളായാണ്. ഓരോ അധികാരങ്ങള്‍ക്കും ഓരോരോ പേരുകളുമുണ്ടായിരുന്നു. കഅബയുടെ താക്കോല്‍ സൂക്ഷിക്കുന്നതും പരിപാലനവും 'ഹിജാബ', തീര്ത്ഥാടനത്തിനെത്തുന്നവര്‍ക്ക്   ഈത്തപ്പഴ വീഞ്ഞും ശുദ്ധ ജലവും വിതരണം ചെയ്യുന്നത് 'സിഖായ', ഖുറൈശികളില്‍ നിന്നു ഒരു നിശ്ചിത സംഖ്യ പിരിച്ചു ഹജ്ജിനെത്തുന്നവര്‍ക്ക്  ഭക്ഷണം നല്‍കുന്ന ഉത്തരവാദിത്തം  'രിഫാദ', ദാറുന്നദ്‌വയിലും മറ്റും നടക്കുന്ന യോഗങ്ങളില്‍  അധ്യക്ഷപദവി വഹിക്കാനുള്ള അവകാശം  നദ്‌വ , യുദ്ധത്തിലേക്ക് പുറപ്പെടുമ്പോള്‍ കുന്തത്തില്‍ നാട്ടുന്ന  കൊടി പിടിക്കുന്നതിനും അത് സൂക്ഷിക്കുന്നതിനുമുള്ള  അധികാരമാണ് ലിവാഅ, സേനാ നായകത്വം  വഹിക്കുന്നത്   ഖിയാദ എന്നിവയായിരുന്നു ആ  സ്ഥാനങ്ങള്‍. പിന്നീട് ഖുസ്സയ്യുബ്നു കിലാബ് മരണപ്പെടുകയും  അബ്ദുമാനാഫിന്റെ മക്കളും അബ്ദുദ്ദാറിന്റെ മക്കളും തമ്മില്‍  കഅബയുടെ മേല്‍നോട്ടവും മറ്റും ലഭിക്കാന്‍ പരസ്പരം കലഹിക്കുക്കയും അത് വലിയൊരു യുദ്ധത്തിലേക്ക് അവരെ എത്തിക്കുമെന്ന് ഖുറൈഷി ഗോത്ര നേതാക്കള്‍ ഭയപ്പെടുകയും ചെയ്തു. അവസാനം ഖുറൈഷി നേതാക്കള്‍ ഒരു സന്ധിയില്‍ ഏര്‍പ്പെടുകയും ഒരു കരാറില്‍ ഒപ്പുവെക്കുകയും  ചെയ്തു.  
കരാര്‍ അനുസരിച്ച് കഅബയില്‍ വരുന്ന ഹാജിമാര്‍ക്ക്  ഭക്ഷണം നല്‍കുന്നതും  വെള്ളം നല്‍കുന്നതും  ഹാഷിം ഇബ്നു അബ്ദു മനാഫിനും  കഅബയുടെ താക്കോല്‍ , കൊടി എന്നിവ സൂക്ഷിക്കുക, കഅബയുടെ കാര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നീ കാര്യങ്ങള്‍ ബനൂ അബ്ദിദ്ദാരിനും  ഏല്‍പ്പിച്ചു കൊടുത്തു . 
അബ്ദു മനാഫിന്റെ മൂത്ത പുത്രന്‍ ഹാഷിം  ആയിരുന്നു രിഫാദ, സിഖായ എന്നീ സ്ഥാനങ്ങള്‍ വഹിക്കുകയും ഹജ്ജ് തീര്താടകര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുകയും ചെയ്തിരുന്നത്. ഖുസയ്യ്‌ ചെയ്ത പോലെ ഖുരിഷികള്‍ക്കിടയില്‍ നിന്നുംപിരിച്ചെടുക്കുന്ന പണം കൊണ്ട് തന്നെയാണ് അദ്ദേഹവും ചിലവുകള്‍ നടത്തിയിരുന്നത്. അദ്ധേഹത്തിന്റെ ഭരണ കാലത്ത് മക്ക കച്ചവടത്തിലും മറ്റുമായി നല്ല ലാഭം നേടുകയും അത് വഴി മക്ക നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്തു. അക്കാരണമായി ഹാഷിം എല്ലാവര്ക്കും സ്വീകാര്യനായി തീരുകയും ചെയ്തു. എല്ലാവരും അദ്ധേഹത്തെ അനുസരിച്ച് ജീവിക്കുകയും ചെയ്തു. എന്നാല്‍ സഹോദരന്‍ അബ്ദു ശംസിന്റെ പുത്രന്‍ ഉമയ്യത് ബിന്‍ അബ്ദു ശംസ് അദ്ദേഹത്തിനെതിരെ, ഭരണം പിടിച്ചെടുക്കാന്‍  പടയൊരുക്കം നടത്തുകയും അവരെ മക്കയില്‍ നിന്നും ആട്ടി പുറത്താക്കുകയും ചെയ്തു. അങ്ങനെ അദ്ധേഹത്തിന്റെ ജീവിതാവസാനം വരെ ഹാഷിം തന്നെയായിരുന്നു മക്കയുടെയും കഅബയുടെയും അധിപന്‍.
ഹാഷിം ഇബ്നു അബ്ദു മനാഫിന്റെ മരണ ശേഷം കഅബയില്‍ എത്തുന്ന ഹാജിമാര്‍ക്ക് ഭക്ഷണവും  വെള്ളവും നല്‍കുന്ന ഉത്തരവാദിത്വം ഹാഷിമിന്റെ സഹോദരനും  അബ്ദു മനഫിന്റെ മൂന്നാമത്തെ  പുത്രനുമായ മുത്തലിബ് ഇബ്നു അബ്ദു മനാഫ് ഏറ്റെടുത്തു.  മുത്തലിബിന്റെ മരണ ശേഷം ഹാഷിമിന്റെ പുത്രന്‍ 'ശബിയ'യും ആ കാര്യങ്ങള്‍ നടത്തി വന്നു.


"ശബിയ, അതാരാണ് ഉപ്പാപ്പാ?" -ഹിഷമിന് സംശയം.
"അബ്ദുല്‍ മുത്തലിബ് എന്ന് കേട്ടിട്ടില്ലേ , അദ്ദേഹം തന്നെയാണ് ശബിയ. അബ്ദുല്‍ മുത്വലിബ് എന്നാല്‍ മുത്തലിബിന്റെ അടിമ എന്നാണ് അര്‍ഥം. ശബിയക്ക്‌ അബ്ദുല്‍ മുത്തലിബ് എന്ന് പേര് കിട്ടിയതിനു പിന്നില്‍ ഒരു സംഭവമുണ്ട്. ഞാന്‍ അത് പറഞ്ഞു തരാം"
 വല്യുപ്പ കഥ തുടര്‍ന്നു. ഉപ്പാപ്പ ഹിഷാമിന്റെ മുഖത്തേക്ക് തന്നെ നോക്കി. അവന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിപ്പാണ്.  പാതിയടഞ്ഞ കണ്ണുകളില്‍ ആവേശത്തിന്റെ തിളക്കം കാണാമായിരുന്നു.


ഒരിക്കല്‍ ശാമില്‍ നിന്നും കച്ചവടം കഴിഞ്ഞു മടങ്ങുകയായിരുന്ന ഹാഷിമും മറ്റു ഖുറൈശികളും യസ്രിബില്  ഇറങ്ങി. യസ്‌രിബിലെ കച്ചവട സ്ഥലങ്ങള്‍ ചുറ്റി നടന്നു കാനുന്നതിനിടക്ക് ഹാഷിം ഒരു കുലീനയായ സ്ത്രീയെ കാണാനിടയായി. കച്ചവടത്തില്‍ അവളുടെ കഴിവും ആളുകളോടുള്ള പെരുമാറ്റവും കണ്ടപ്പോള്‍  ഒറ്റ നോട്ടത്തില്‍ തന്നെ ഹാഷിമിന് ആ സ്ത്രീയെ ഇഷ്ടപ്പെട്ടു. അവരുടെ അടുത്ത് ചെന്ന് കാര്യങ്ങള്‍ തിരക്കുകയും വിവാഹാഭ്യാർത്ഥന നടത്തുകയും ചെയ്തു.ഖസ്രജ് ഗോത്രത്തില്‍ പെട്ട അമ്റിന്റെ മകള്‍ സല്മയായിരുന്നു അത്. ഹാഷിമിന്റെ ജനങ്ങല്‍ക്കിടയിലുള്ള പദവിയും സ്വീകാര്യതയും മനസിലാക്കിയ അവര്‍ സല്മയെ ഹാഷിമിന് വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു.
കുറച്ചു കാലം മക്കയില്‍ ഹാഷിമിനോപ്പം താമസിച്ച സല്‍മ പിന്നീട് യസ്‌രിബ് (മദീന) ലേക്ക് തന്നെ മടങ്ങി. അവിടെ വെച്ചു സല്‍മ ഒരു ആണ്‍ കുഞ്ഞിനു ജന്മം നല്‍കി, ശബിയ.
ഒരു ഗ്രീഷ്മ കാലത്തെ കച്ചവട യാത്രക്കിടയില്‍ ഹാഷിം രോഗ ബാധിതനാവുകയും അധികം വൈകാതെ തന്നെ മരണപ്പെടുകയും ചെയ്തു.
ഹാഷിമിന്റെ മരണ ശേഷം അദ്ദേഹം നടത്തി പോന്നിരുന്ന അധികാരങ്ങള്‍ സഹോദരന്‍ മുത്വലിബ് ഏറ്റെടുത്തു. അബ്ദുശംസിനെക്കാള്‍ വയസ്സില്‍ ചെരുപ്പമായിരുന്നെങ്കിലും മുതലിബിനു തന്നെയായിരുന്നു സമൂഹത്തില്‍ സ്ഥാനവും ശ്രേഷ്ഠതയും. അദ്ധേഹത്തിന്റെ അപാരമായ ദാന ശീലം കാരണം അവര്‍ അദ്ദേഹറെ 'അല്‍ ഫയദ്'( സമൃധി) എന്നാണു വിളിച്ചിരുന്നത്. 
ഒരിക്കല്‍ മുത്തലിബ് ഹാഷിമിന്റെ ഭാര്യയെ കുറിച്ചും മകനെ കുറിച്ചും ഓര്‍ക്കാനിടയായി. അധികം വൈകാതെ തന്നെ അദ്ദേഹം യസ്‌രിബിലെത്തി. പ്രായപൂര്‍ത്തിയായ ശബിയയെ തന്റെ കൂടെ മക്കയിലേക്ക് പറഞ്ഞയക്കണമെന്നു അവരോടു അദ്ദേഹം ആവശ്യപ്പെട്ടു. അവരപ്രകാരം കൂടെ പറഞ്ഞയക്കുകയും മുത്വലിബ് ശബിയക്കൊപ്പം മക്കയിലേക്ക് തിരിച്ചു പോരുകയും ചെയ്തു.
മക്കയിലെത്തുമ്പോള്‍ ഒട്ടകപ്പുറത്തു മുത്വലിബിനു പിന്നിലിരിക്കുന്ന ശബിയയെ ഖുറൈശികൾ കണ്ടു. ‘അബ്ദുല്‍ മുത്വലിബ് ‘(മുത്വലിബിന്റെ അടിമ) അവര്‍ ശബിയയെ വിളിച്ചു.
"ഖുറൈഷികളെ നിങ്ങള്ക്ക് നാശം, ഇതെന്റെ സഹോദര പുത്രന്‍ ഹാഷിമിന്റെ മകന്‍ ശബിയയാണ്" - മുത്വലിബ് അവരോടു പറഞ്ഞെങ്കിലും അവര്‍ അദ്ദേഹത്തെ അബ്ദുല്‍ മുത്വലിബ് എന്ന് തന്നെ വിളിച്ചു പോന്നു. 
"ഖുറൈഷികള്‍ക്ക് മുമ്പ് മക്ക ഭരിച്ചിരുന്നത് 'ജറ്ഹമിയ്യ' എന്ന് പറയപ്പെടുന്ന രാജാക്കന്മാരായിരുന്നു. അവര്‍ മക്ക വിട്ടു പോവുന്നതിനു മുമ്പായി സംസം കിണര്‍ മൂടി ഇട്ടു. അങ്ങനെ ഖുറൈശികള്‍ക്ക് സംസം കിണര്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു.  ഇതൊക്കെ ഉപ്പാപ്പ മുമ്പ്  പറഞ്ഞു തന്നതല്ലേ?. കുഞ്ഞോനു ഓര്‍മ്മയുണ്ടോ?" - അവന്‍ ഉണ്ടെന്ന അര്‍ത്ഥത്തില്‍ തലയാട്ടി. 
ഒരിക്കല്‍ അബ്ദുല്‍ മുത്വലിബ്  ‘ഹിജ്ര്‍ ഇസ്മാഈല്‍‘ എന്ന  കഅബയുടെ അടുത്തുള്ള സ്ഥലത്ത് ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ ഒരാള്‍ വന്നു അബ്ദുല്‍ മുത്വലിബിനോട് പറഞ്ഞു ." നീ ഏറ്റവും ഉത്തമമായത് കുഴിക്കുക"
അബ്ദുല്‍ മുത്തലിബ് ചോദിച്ചു. " എന്താണ് ഏറ്റവും ഉത്തമമായത്?"
പക്ഷെ, ഉത്തരം പറയുന്നതിന് മുമ്പ് വന്നയാള്‍ സ്വപ്നത്തില്‍ നിന്നും മറഞ്ഞു. അങ്ങനെ അദ്ദേഹം രണ്ടാം ദിവസവും ഉറങ്ങാന്‍  കിടന്നു. തലേ ദിവസം വന്ന പോലെ അയാള്‍ വീണ്ടും വന്നു. 
" നന്മയുള്ളത്‌ നീ കുഴിക്കുക"- സ്വപ്നത്തില്‍ വന്നയാള്‍ പറഞ്ഞു.  
അബ്ദുല്‍ മുത്വലിബ് ചോദിച്ചു." എന്താണ് നന്മയുള്ളത്‌"
തലേ ദിവസത്തെ  പോലെ ഉത്തരം പറയും മുമ്പ് അയാള്‍ മറഞ്ഞു. മൂന്നാം ദിവസവും അബ്ദുല്‍ മുത്വലിബ് ഉറങ്ങാന്‍ കിടന്നു. അന്നും അയാള്‍ സ്വപ്നത്തില്‍ വന്നു. അബ്ദുല്‍ മുത്വലിബിനോട് പറഞ്ഞു. " സൂക്ഷിച്ചു വെച്ചത് നീ കുഴിക്കുക" 
അബ്ദുല്‍ മുത്വലിബ് വീണ്ടും ചോദിച്ചു. " എന്താണ് സൂക്ഷിച്ചു വെച്ചത്?"
അന്നും സ്വപ്നത്തില്‍ വന്നയാള്‍ ഉത്തരമൊന്നും പറയാതെ പോയി. 
അബ്ദുല്‍ മുത്വലിബ് അടുത്ത ദിവസവും രാത്രി ഹിജ്ര്‍ ഇസ്മായീലില്‍ ഉറങ്ങാന്‍ കിടന്നു. നാലാം ദിവസവും അയാള്‍ സ്വപ്നത്തില്‍ വന്നു പറഞ്ഞു. " നീ സംസം കിണര്‍ കുഴിക്കുക" 
പിറ്റേ ദിവസം രാവിലെ സ്വപ്നത്തില്‍ അദ്ദേഹത്തിന് കാണിച്ചു കൊടുത്ത സ്ഥലത്തേക്ക് പണിയായുധങ്ങള്‍ എടുത്തു മകന്‍ ഹാ‍രിസിനേയും കൂട്ടി അദ്ദേഹം പുറപ്പെട്ടു. അദ്ദേഹം സ്വപ്നത്തില്‍ കാണിച്ച സ്ഥലം കുഴിച്ചപ്പോള്‍ ജര്‍ഹമിയ്യാക്കള്‍ സംസം കിണര്‍ മൂടാന്‍ ഉപയോഗിച്ച പാറക്കല്ലുകള്‍ പുറത്തു വന്നു. അങ്ങനെ അവര്‍ അതും കൂടി മാറ്റിയപ്പോള്‍ സംസം കിണര്‍ കാണാന്‍ പറ്റി.
ഈ സംഭവം കാട്ടു തീ പോലെ ഖുറൈഷികള്‍ക്കിടയില്‍ പരന്നു. എല്ലാ ഗോത്രങ്ങളില്‍ നിന്നും നേതാക്കള്‍ അബ്ദുല്‍ മുത്വലിബിനെ കാണാന്‍ വന്നു. 
" അബ്ദുല്‍ മുത്വലിബ്, ഞങ്ങള്‍ക്കും സംസം കിണറില്‍ പങ്കാളിത്തം തരണം"- അവര്‍ ആവശ്യപ്പെട്ടു. 
"ഇല്ല, സംസം കിണറില്‍ ഞാന്‍ ആര്‍ക്കും ഒരു പങ്കാളിത്തവും അനുവദിച്ചു തരില്ല. ഇത് അള്ളാഹു എനിക്ക് പ്രത്യേകം തന്നതാണ്." -അബ്ദുല്‍ മുത്വലിബ് തറപ്പിച്ചു പറഞ്ഞു.
ആ സംഭവത്തിന്‌ ശേഷം ഹജ്ജിമാര്‍ക്ക്  വെള്ളം നല്‍കുന്ന ഉത്തരവാദിത്തം നബി (സ്വ) തങ്ങളുടെ ഉപ്പാപ്പയായ അബ്ദുല്‍ മുത്വലിബിന്റെ  അധീനതയില്‍  വന്നു.**
"കുഞ്ഞോനെ"- അടുക്കളയില്‍ നിന്നു ഹസീന വിളി തുടങ്ങിയിരിക്കുന്നു. ഉപ്പാപ്പ ഹിശാമിനെ മെല്ലെ പിടിച്ചു എഴുനേല്‍പ്പിച്ചു. മറ്റെമ്മായുടെ കയ്യും പിടിച്ചു ഹിഷാം അടുക്കളയിലേക്കു നടന്നു ...
(തുടരും)
__________________________________________________
* ഈ ചരിത്രം അലിയ്യുബ്നു അബീ ത്വാലിബ്‌ (റ) നെ ഉദ്ധരിച്ചു റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

2 comments:

  1. ഉപദേശ നിർദ്ദേശൻങ്ങൾ നൽകുന്ന നാസറിനു നന്ദി.
    -അനസ്

    ReplyDelete
  2. തിരുത്ത്
    ശബിയ എന്നതു ശൈബ എന്നു തിരുത്തി വായിക്കാൻ അപെക്ഷിക്കുന്നു

    ReplyDelete