വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Tuesday, February 8, 2011

(മൂന്ന്) അബ്ദുള്ള (റ) നെ ബലി നല്‍കുന്നു..

അകലെ, ശാന്തമായി  ഒഴുകുന്ന  പുഴക്കപ്പുറത്തു  നിന്നും പ്രവാചക  പ്രകീര്ത്തനങ്ങളുടെ  ശ്രുതി മധുര  ഗീതങ്ങള്‍  കേള്‍ക്കാനാവുന്നുണ്ട്‌. അല്ലെങ്കിലും എത്ര  പറഞ്ഞാലാണ് ആ പുണ്യ  പ്രവാചകന്റെ (സ്വ) സ്തുതി ഗീതങ്ങള്‍ അവസാനിക്കുക!. ആ ഒരൊറ്റ നേതാവിനെ ഓര്‍ത്തു മാത്രമാണ് പതിനാലു  നൂറ്റാണ്ടുകല്‍ക്കിപ്പുറവും  അനുയായികള്‍ കണ്ണീര്‍ പൊഴിച്ചത്!. 'നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക' എന്ന്  പറയാന്‍ മാത്രം സ്വഭാവ മഹിമ കൊണ്ടും പ്രവൃത്തി ശുദ്ധി കൊണ്ടും പൂര്‍ണ്ണതയെത്തിയ  വ്യക്തിത്വം വേറെ ആരുണ്ട്‌!. 'അവിടുത്തെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു' വെന്ന് തന്റെ പ്രിയതമനെ കുറിച്ച് ആയിഷ (റ) പറഞ്ഞത് എന്ത് മാത്രം അര്‍ത്ഥവത്തായിരുന്നു!
ഇശലുകളും ഗദ്യ പദ്യങ്ങളും തീര്‍ത്തു, പുണ്യ റസൂലിന്റെ (സ്വ) സ്തുതി ഗീതങ്ങള്‍ കേട്ടു കൊണ്ടിരുന്നപ്പോള്‍ അറിയാതെ ചിന്തകള്‍ മദീനയോളം ചെന്നെത്തി.
" എന്താ ഒറ്റക്കിരിക്കുന്നെ?"- ഉപ്പയുടെ ശബ്ദം കേട്ടാണ് ഞാന്‍ ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നത്‌.
"ഒന്നൂല്ല, വെറുതെ കയറിയതാ"
റസൂലിനെ കുറിച്ച പാട്ടുകള്‍ കേട്ടപ്പോള്‍ വെറുതെ കയറി ഇരുന്നതാണ് ടെറസ്സില്‍. ഉപ്പയും ഉമ്മയും കുഞ്ഞോന്‍ ഹിശാമും  ........ അങ്ങനെ എല്ലാവരും അവിടേക്ക് വന്നു.
ഒരു പായും ചുരുട്ടിപ്പിടിച്ചാണ് മറ്റേമ്മ വന്നത്. ടെറസ്സില്‍ ഒഴിഞ്ഞ ഭാഗം നോക്കി മറ്റേമ്മ പായ വിരിച്ചു. എല്ലാവരും അതില്‍ ഇരുന്നു. ചെറുകാറ്റില്‍ ഇളകിയാടുന്ന തെങ്ങോലകൾക്കപ്പുറം, പുഞ്ചിരി തൂകുന്ന ഇളം നിലാവില്‍ അപ്പോഴും പുണ്യ റസൂലിന്റെ മദ്‌ഹുകള്‍ തീര്‍ത്ത്  ഗസലുകള്‍ ഒഴുകി വരുന്നുണ്ടായിരുന്നു.  ഞാന്‍ കസേരയില്‍ നിന്നെണീറ്റു പായയിലേക്കിരുന്നു കസേര ഉപ്പാക്ക് നീക്കിയിട്ട്‌ കൊടുത്തു.
ഉപ്പാക്കൊപ്പം ഹിശാമും അതില്‍ കയറി ഇരുന്നു.
"പ്പാപ്പാ, ഇന്നലെ രാവിലെ പറഞ്ഞതിന്റെ ബാകി ഇപ്പൊ പറഞ്ഞു തരോ?" 
"ന്നാ , ഇന്ന് ഇവിടെ വെച്ചായിക്കോട്ടേ" - മറ്റേമ്മ ഹിശാമിനൊപ്പം കൂടി.
നല്ല ഇളം തണുപ്പുള്ള കാറ്റും പശ്ചാത്തലത്തില്‍, ശ്രുതി മധുരമായ ഇശലുകൾക്കുമൊപ്പം ഉപ്പ പ്രവാചക (സ്വ) ചരിത്രം പറഞ്ഞു തുടങ്ങി.

സംസം കിണര്‍ കണ്ടെത്തുകയും ഖുറൈശികള്‍, അവര്‍ക്കും അതില്‍ അവകാശം നല്‍കണമെന്നും വാദിച്ചു. സംസം കിണറില്‍ മറ്റുള്ളവര്‍ക്ക് അംഗത്വം നല്‍കാന്‍  അബ്ദുല്‍ മുത്വലിബ് ഒരുക്കമായിരുന്നില്ല. അദ്ദേഹം അത് ഉറപ്പിച്ചു പറയുകയും ചെയ്തു. 
എന്നാല്‍ സംസം കിണറില്‍ നിന്നു കിട്ടിയ സ്വര്ണ്ണ കലമാനും സ്വര്ണ്ണ വാളുകളും വീതം വെക്കണമെന്ന് അവര്‍ ശഠിച്ചു. അവസാനം അബ്ദുല്‍ മുത്തലിബ് തന്നെ അതിനൊരു പരിഹാരവും  നിര്‍ദ്ദേശിച്ചു. 
എന്തെങ്കിലും പ്രശ്നങ്ങളില്‍ ഒരു തീരുമാനമെടുക്കാന്‍ അമ്പുകളില്‍ എഴുതി ഏതെങ്കിലും ബിംബത്തിന്റെ അടുത്ത് പോയി നറുക്കെടുക്കുന്ന ഒരു ആചാരം മക്കയിൽ നിലനിന്നിരുന്നു. 
"നമുക്കു  പ്രശ്നങ്ങള്‍ നീതി പൂര്‍വ്വം പരിഹരിക്കാം. എനിക്കും നിങ്ങള്‍ക്കും കഅബക്കും ഈരണ്ടു നരുക്കുകള്‍. ഒരോ നറുക്കും കിട്ടുന്നവര്‍ക്ക് ആ സമ്പത്ത്. അല്ലെങ്കില്‍ ഒന്നും നൽകുകയുമില്ല " - അബ്ദുല്‍ മുത്വലിബ് നിര്‍ദേശം മുന്നോട്ടു വെച്ചു. അവര്‍ അത് അംഗീകരിക്കുകയും  നറുക്കെടുക്കുകയും ചെയ്തു.
അവര്‍ അമ്ബുകളില്‍ പേരെഴുതി. 'ഹുബലി"ന്‍റെ സമീപം വെച്ചു നറുക്കെടുത്തു. കലമാനുകള്‍ കഅബക്കും വാളുകള്‍ അബ്ദുല്‍ മുത്വലിബിനും കിട്ടി.  അദ്ദേഹം സ്വര്ണ കലമാനുകളുടെ രൂപം കഅബക്ക് കൊടുത്തു. സ്വര്ണ വാളുകള്‍ ഉപയോഗിച്ച് കഅബയുടെ വാതിലിനു പൂട്ട്‌ നിര്‍മിച്ചു നല്‍കുകയും ചെയ്തു. 
സംസം  കിണറിന്റെ അധികാരം കൈവന്നതോട് കൂടി കഅബയിലെത്തുന്ന ഹാജിമാര്‍ക്ക് വെള്ളം നല്‍കാനുള്ള അവകാശം അബ്ദുല്‍ മുതലിബിനു കിട്ടിയിരുന്നു.
അബ്ദുല്‍ മുത്വലിബും ഏക മകന്‍ ഹാരിസും ചേര്‍ന്നാണ് ' സിഖായ' നിര്‍വഹിച്ചിരുന്നത്. ദൈവം തനിക്കു പത്തു മക്കളെ തരികയും അവര്‍ യുവത്വം പ്രാപിക്കുകയും സംസം കിണര്‍ കുഴിക്കുന്ന സമയം പോലോത്ത സന്ദര്‍ഭങ്ങളില്‍ തനിക്കൊപ്പം നില്ക്കാന്‍ അവര്‍ പ്രാപ്തരാവുകയും ചെയ്താല്‍ അവരില്‍ ഒരാളെ കഅബക്ക് സമീപം വെച്ചു താന്‍ ബലി നല്‍കുമെന്ന് അദ്ദേഹം ശപഥം ചെയ്തു.
അപ്രകാരം അദ്ദേഹത്തിനു പത്തു മക്കള്‍ ഉണ്ടാവുകയും അവര്‍ യുവാക്കളായി മാറുകയും ചെയ്തു.
അബ്ദുല്‍ മുത്വലിബ് പത്തു മക്കളെയും വിളിച്ചു ചേര്‍ത്ത് തന്റെ ശപഥത്തെ കുറിച്ച് അറിയിക്കുകയും ചെയ്തു. അവര്‍ നറുക്കെടുക്കാനും ആരുടെ  പേര് വന്നുവോ അവരെ ബലി നല്‍കാനും സമ്മതിച്ചു. അപ്രകാരം അവര്‍ ഓരോരുത്തരും അവരവരുടെ പേരെഴുതി അമ്പുകള്‍ നിക്ഷേപിച്ചു.
ഹുബലിന്റെ സമീപം വെച്ചു നറുക്കെടുത്തു. അബ്ദുള്ള(റ)യുടെ പേരായിരുന്നു കിട്ടിയത്. അബ്ദുല്‍ മുത്വലിബിന്റെ ഏറ്റവും ഇളയ മകന്‍, അക്കാരണത്താല്‍ തന്നെ മക്കളില്‍ ഏറ്റവും പ്രിയം അദ്ദേഹത്തിനു അബ്ദുല്ലയോടു തന്നെയായിരുന്നു.  എന്നിരുന്നാലും ദൈവ കല്‍പ്പനയില്‍ നിന്നും പിന്മാറാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. അദ്ദേഹം അബ്ദുല്ലയെ ബലി നല്‍കാന്‍ സമ്മതിച്ചു. കഅബക്കരികില്‍ ബലി നല്‍കാനായി അവര്‍ അദ്ദേഹത്തെയും കൊണ്ട് വന്നു.
അബ്ദുള്ളയെ, അദ്ധേഹത്തിന്റെ സ്വഭാവവും സൌന്ദര്യവും പെരുമാറ്റവും കാരണം ഖുറൈശികള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അക്കാരണത്താല്‍ തന്നെ ബലിദാനത്തില്‍ നിന്നും പിന്മാറണമെന്ന് അവര്‍ അബ്ദുല്‍ മുത്വലിബിനോട് ആവശ്യപ്പെട്ടു. പക്ഷെ, തന്റെ ശപഥത്തില്‍ നിന്നും പിന്‍വാങ്ങാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.
"ആ യുവാവിനു പകരം ഞങ്ങളുടെ സമ്പത്ത് മുഴുവന്‍ മതിയാകുമെങ്കില്‍ ഞങ്ങള്‍ അത് അര്‍പ്പിക്കാം "-മുഗീറത്തുബിന്‍ അല്‍ മഖ്സൂമി പറഞ്ഞു. ഖുരൈശികളുടെ നിര്‍ബന്ധം ശക്തമായി.
"പുത്രബലിയല്ലാതെ വേറെ വല്ല ഉപായവുമുണ്ടോ എന്ന് നമുക്കു അന്വേഷിക്കാം"- ഖുറൈശികള്‍ അബ്ദുല്‍ മുത്വലിബിനോട്  പറഞ്ഞു.
" ശരി, എന്നാല്‍ മറ്റു വല്ല വഴിയുമുണ്ടോ എന്ന് നമുക്കു കൂടിയാലോചിക്കം "-അബ്ദുല്‍ മുത്വലിബ് സമ്മതിച്ചു. അവര്‍, ഖുറൈശി പ്രമുഖര്‍ യോഗം ചേര്‍ന്നു കൂടിയാലോചിച്ചു.
"ഇത്തരം വിഷയങ്ങളില്‍ ഒരു തീരുമാനം പറയാന്‍ കഴിവുള്ള ഒരു മഹതി  യസ്‌രിബില്‍ ഉണ്ട്. നമുക്ക് അവിടെ ചെന്നു വിഷയങ്ങള്‍ അവതരിപ്പിക്കാം"- ഖുറൈശികളില്‍ ചിലര്‍ അപിപ്രായപ്പെട്ടു. അബ്ദുല്‍ മുത്വലിബ് അവരുടെ അപിപ്രായം അംഗീകരിച്ചു.  
അവര്‍ യസ്‌രിബില്‍ മഹതിയുടെ അടുത്തെത്തി. വിവരങ്ങള്‍ മുഴുവനും ധരിപ്പിച്ചു. അവര്‍ ചോദിച്ചു
"നിങ്ങളുടെ നാട്ടില്‍, ആചാര പ്രകാരം വധത്തിനു പ്രായശ്ചിത്തം  എന്താണ്?"
"നൂറു ഒട്ടകം"- അവിടെ കൂടിയ ഖുറൈശികള്‍ മറുപടി പറഞ്ഞു.
"നിങ്ങള്‍ നാട്ടിലേക്ക് തിരിച്ചു പോവുക. എന്നിട്ട് ആദ്യം പത്തു ഒട്ടകങ്ങളെ ബലി കൊടുക്കുക. എന്നിട്ട് ഒട്ടകത്തിന്റെയും അബ്ദുള്ളയുടെയും പേരെഴുതിയ അമ്പു് എടുക്കുക. അങ്ങനെ നിങ്ങള്ക്ക് ഒട്ടകത്തിന്റെ പേര് കിട്ടുന്നത് വരെ ഓരോ പ്രാവശ്യവും പത്തു ഒട്ടകങ്ങളെ വീതം അധികരിപ്പിച്ചു കൊണ്ടിരിക്കുക." - മഹതിയുടെ വാക്കുകള്‍ അബ്ദുല്‍ മുത്വലിബിനും ഖുരൈശികള്‍ക്കും  ആശ്വാസം പകര്‍ന്നു.
അവര്‍ മക്കയിലേക്ക് മടങ്ങി. കഅബക്കരികില്‍ പത്തു ഒട്ടകങ്ങളെ ബലി കൊടുത്തു. ശേഷം മഹതി പറഞ്ഞ പ്രകാരം അബ്ദുള്ളയുടേയും ഒട്ടകത്തിന്റെയും പേരെഴുതിയ അമ്പുകളില്‍ നിന്നു  അമ്പു് എടുത്തു കൊണ്ടിരുന്നു.
എല്ലാ പ്രാവശ്യവും അബ്ദുള്ള യുടെ പേര് തന്നെയാണ് കിട്ടിയത്. ഓരോ പ്രാവശ്യവും പത്തു ഒട്ടകങ്ങളെ വീതം അധികരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ നൂറു ഒട്ടകങ്ങളെയും ബലി കഴിച്ചു. വീണ്ടും അമ്പെടുത്തപ്പോള്‍ ഒട്ടകത്തിന്റെ പേര് കിട്ടി.
"ഇല്ല,  മൂന്നു പ്രാവശ്യം തുടര്‍ച്ചയായി ഒട്ടകത്തിന്റെ അമ്പ് കിട്ടിയാലല്ലാതെ ഞാന്‍ അംഗീകരിക്കില്ല" - അബ്ദുല്‍ മുത്വലിബ് തറപ്പിച്ചു പറഞ്ഞു.
അങ്ങനെ അവര്‍ വീണ്ടും വീണ്ടും അമ്പെടുത്തു. മൂന്നു പ്രാവശ്യവും ഒട്ടകത്തിന്റെ പേരുള്ള അമ്പ് തന്നെ കിട്ടി. അങ്ങനെ അബ്ദുൽ മുത്വലിബ് അംഗീകരിക്കുകയും അബ്ദുള്ള (റ) നര ബലിയില്‍ നിന്നും രക്ഷപ്പെടുകയും ചൈതു
ഈ സംഭവം അറബികള്‍ക്കിടയില്‍ പെട്ടെന്ന് തന്നെ വ്യാപിച്ചു. നര ബലിയില്‍ നിന്നും രക്ഷപ്പെട്ടതും പകരം നൂറു ഒട്ടകങ്ങള്‍ ബലി നല്‍കപ്പെട്ടതും അബ്ദുള്ള (റ) നു വലിയ പ്രശസ്തി നേടിക്കൊടുത്തു. അവര്‍ സ്നേഹപൂര്‍വ്വം അദ്ദേഹത്തെ 'സബീഹ്' (ബലി നല്കപെട്ടവന്‍) എന്ന് വിളിക്കുമായിരുന്നു വെത്രേ. 
ബലി പീടത്തില്‍ നിന്നും രക്ഷപെട്ട അബ്ദുള്ള (റ) നെ ആ ചിന്തകളില്‍ നിന്നും മാറ്റി നിര്‍ത്താനും മറ്റുമായി അബ്ദുല്‍ മുത്വലിബ് കല്യാണം കഴിപ്പിക്കാനായി ആലോചനകള്‍ നടത്തി തുടങ്ങി. 
മുഖത്ത് വല്ലാത്ത ശോഭയും സൗന്ദര്യവും ഉള്ള ആളായിരുന്നു അബ്ദുള്ള (റ). ഇക്കാരണത്താല്‍ തന്നെ നിരവധി സ്ത്രീകളുടെ രക്ഷിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ വരിക പതിവായിരുന്നു. അദ്ദേഹം ബലി നല്കപ്പെടുന്നതില്‍ നിന്നും രക്ഷപ്പെട്ടതും സല്സ്വഭാവവവും എല്ലാറ്റിനും പുറമേ തറവാട് മഹിമയും  കൂടുതല്‍ ആലോചനകള്‍ വരുന്നതിനു കാരണമായി.
ഒരിക്കല്‍ അബ്ദുള്ള (റ) കഅബയുടെ അടുത്ത് നില്‍ക്കുകയായിരുന്നു. തറവാടിയും കുലീനയുമായ ഒരു സ്ത്രീ അദ്ദേഹത്തെ കാണാനിടയായി. ബനൂ അസദ് ഗോത്രത്തില്‍ പെട്ട സ്ത്രീയായിരുന്നു അവര്‍.
"നിങ്ങള്‍ എന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്ക്ക് പകരം ബലിനല്കപ്പെട്ട അത്രയും ഒട്ടകങ്ങള്‍ നിങ്ങള്ക്ക് നല്‍കാം"- ആ സ്ത്രീ അദ്ദേഹത്തിനടുത്തു വന്നു പറഞ്ഞു.
" എനിക്ക് എന്റെ പിതാവുണ്ട്. അവര്‍ പറയുന്നത് പോലെ മാത്രമേ എനിക്ക് ചെയ്യാന്‍ പറ്റൂ."- അദ്ദേഹം ഒഴിഞ്ഞു മാറി.
ബനൂ സഹ്റ ഗോത്രം വളരെ പ്രസിദ്ധവും അവർ  ഉന്നത കുലജാതരുമായിരുന്നു. ബനൂ ഹാഷിം ഗോത്രത്തോളം തന്നെ പേരും പ്രശസ്തിയും ഉള്ള ഗോത്രം. പ്രായം കൊണ്ടും പദവി കൊണ്ടും ബനൂ സഹ്റയുടെ നേതാവാണ്‌ വഹബ്. അബ്ദുല്‍ മുത്വലിബ് തന്റെ ഇളയ പുത്രന്‍ അബ്ദുള്ള (റ) ക്ക് വിവാഹാലോചനയുമായി അദ്ധേഹത്തിന്റെ അടുക്കലെത്തി. ആമിന ബിന്ത് വഹബിനെ അബ്ദുള്ള (റ) നു വിവാഹം ചെയ്തു കൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.  രണ്ടാമതൊന്നാലോചിക്കാതെ അവര്‍ അതിനു സമ്മതമറിയിച്ചു. 
ദാറുന്നദ്‌വ വീണ്ടും അലങ്കരിക്കപ്പെട്ടു. ആകാശത്ത് മാലാഖമാര്‍ ആനന്ദ നിര്‍വൃതിയടഞ്ഞു. ആകാശ ഭൂമികള്‍ സന്തോഷത്തിലാറാടി. സര്‍വ്വലോകാനുഗ്രഹിയുടെ ജനന നിമിഷങ്ങള്‍ക്ക്  സര്‍വ്വ ചരാചരങ്ങളും കാത്തിരുന്നു . ദാറുന്നദ്‌വ ഒരിക്കല്‍ കൂടി അധിതികള്‍ക്ക് സല്ക്കാരമൊരുക്കി. അബ്ദുള്ള ബിന്‍ അബ്ദുല്‍ മുത്വലിബ് (റ) ന്റെയും ആമിന ബിന്തു വഹബ് (റ) ന്റെയും വിവാഹം സാഘോഷം നടത്തപ്പെട്ടു. അന്ന് അബ്ദുള്ള (റ) നു പതിനെട്ടു വയസ്സായിരുന്നു.


ഹിഷാം ഉപ്പാപ്പയുടെ മടിയില്‍ നിന്നും മെല്ലെ വഴുതിയിറങ്ങി. അവനൊപ്പം ഉപ്പാപ്പയും കഥ നിര്‍ത്തി എഴുനേറ്റു. സമയം വല്ലാതെ വൈകിയിരിക്കുന്നു. ഞങ്ങള്‍ എല്ലാവരും  ഭക്ഷണം കഴിക്കാനായി താഴേക്കിറങ്ങി. അന്തരീക്ഷത്തില്‍ അപ്പോഴും പ്രവാചക (സ്വ) സ്തുതിഗീതങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.....
(തുടരും)

2 comments:

  1. ചരിത്രങ്ങളുടെ കലവരയനല്ലോ വായിക്കുന്നു

    ReplyDelete
  2. പതിനഞ്ച് ആണ്‍മക്കളടക്കം 19 കുട്ടികളെ കിട്ടിയെന്നാണ്‌ ഞാന്‍ കേട്ടത്.

    ReplyDelete