വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Saturday, March 5, 2011

AD 582 അബൂ ത്വാലിബിനോടൊപ്പം ശാമിലേക്ക്

ബുഹൈരയുടെ ആരാധനാലയത്തിന്റെ
ബാക്കി പത്രം
നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞു കൊണ്ട് തന്നെ സത്യം മറച്ചു വെക്കുകയാകുന്നു (അല്‍ ബഖറ. 146)

ഹിഷാം വളരെ സന്തോഷത്തിലാണ്. മദ്രസ വിട്ടു വന്നതും അവന്‍ പുസ്തകങ്ങള്‍ അലമാരയില്‍ കൊണ്ട് വെച്ചു ഉപ്പാപ്പയുടെ അടുത്തെത്തി. ഉപ്പാപ്പാ വലിയ തിരക്കിട്ട പണിയിലാണ്. ചെടികള്‍ നട്ടു പിടിപ്പിക്കുന്നതിനും പച്ചകറികള്‍ നനക്കുന്നതിനും ഉപ്പപ്പക്കൊപ്പം അവനും സജീവമാണ്. ഒടിഞ്ഞു വീണ ഒരു പയര്‍വള്ളി ഉപ്പാപ്പാക്ക്  ചൂണ്ടി കാണിച്ചു കൊടുക്കുമ്പോള്‍ അവന്‍ പറഞ്ഞു " ഉപ്പാപ്പാ, ഇന്ന് സ്കൂളില്ല. ഇന്നു പള്ളീക്ക് ഞാനൂണ്ട്
“അതിനെന്താ? കുറച്ചു കഴിയട്ടെ"- ഉപ്പോപ്പ അവനെ സമാധാനിപ്പിച്ചു നിര്‍ത്തി.
പയറിനു തടമെടുക്കലും നനയും കഴിഞ്ഞപ്പോള്‍ അവര്‍ കുളിച്ചു വൃത്തിയായി വീട്ടില്‍ അകത്തു കയറി.
"ഉപ്പാപ്പാ, ഇന്നലെ പറഞ്ഞില്ലേ നബി ശാമിലേക്ക് പോയത് പറഞ്ഞു തരാന്ന്. അത് പറഞ്ഞു താ"-  
"ശരി, നീ ഇങ്ങോട്ട് സിറ്റ് ഔട്ടിലേക്ക്  വാ"- വല്യുപ്പാ അവന്റെ കയ്യും പിടിച്ചു സിറ്റ് ഔട്ടിലേക്ക് നടന്നു. ചുവരിനോട് ചാരി കിടന്ന ഒരു കസേര കുറച്ചു മുമ്പോട്ട്‌ നീക്കി വലിച്ചിട്ട് ഹിഷാം ഉപ്പാപ്പയെ നോക്കി വെറുതെ ചിരിച്ചു.
"എല്ലാവരെയും അവരുടെ ജോലികളി സഹായിക്കുന്നത് നബി (സ്വ) യുടെ ഒരു ശീലമായിരുന്നു. മാത്രവുമല്ല സ്വയം എന്തെങ്കിലും ജോലി നോക്കുകയും ചൈതിരുന്നു." -ഉപ്പാപ്പ കഥ പറഞ്ഞു തുടങ്ങി. വല്ല്യുമ്മയും മറ്റേമ്മയും അമ്മായിയും അവിടേക്ക് വന്നു. ഉമ്മ ഹസീന അടുക്കളയില്‍ തിരക്കിട്ട എന്തോ പണിയിലാണെന്നു തോന്നുന്നു.

"ഖുറൈശികള്‍ പൊതുവേ കച്ചവടക്കാരായിരുന്നു. അറേബ്യന്‍ നാടുകളിലും മറ്റും കച്ചവട കേന്ദ്രങ്ങളിലേക്ക് ഒട്ടകപ്പുറത്തും മറ്റുമായി കച്ചവട സാധങ്ങല്‍ കൊണ്ട് പോയി കച്ചവടം നടത്തിയാണ്  അവര്‍ പണം സംബാധിച്ചിരുന്നത്.  കൂട്ടംകൂട്ടമായി അവര്‍ ഓരോ നാടുകളിലേക്കും  പുറപ്പെട്ടു."- ഉപ്പാപ്പ കഥ പറഞ്ഞു ഒന്ന് നിര്‍ത്തി. അകത്തു ഡൈനിങ്ങ്‌ ഹാളില്‍ നിന്നും ഒരു കസേരയുമെടുത്തു ഉമ്മയും വന്നിരുന്നു.

അങ്ങനെ നബി صلى الله عليه وسلم തങ്ങള്‍ക്കു 12 വയസ്സുള്ള സമയം. അബൂ ത്വാലിബ്‌ ശമിലേക്ക് പുറപ്പെടാന്‍ കച്ചവട സാധനങ്ങള്‍ ഒരുക്കുകയായിരുന്നു. നബി صلى الله عليه وسلم അദ്ധേഹത്തിന്റെ അടുത്ത് ചെന്ന് കൂടെ ശാമിലേക്ക് പോരാന്‍ സമ്മതം വാങ്ങി.
കച്ചവട സംഘത്തോടൊപ്പം നബിയും മക്കയില്‍ നിന്നു പുറപ്പെട്ടു. മക്കയുടെയും ശാമിന്റെയും ഇടയിലുള്ള സ്ഥലമാണു ബസ്വറ. കച്ചവട സംഘം അവിടെ എത്തിയപ്പോള്‍ അവര്‍ അവിടെ ഭക്ഷണം പാകം ചൈതുകഴിക്കാനും മറ്റുമായി അവിടെ ഇറങ്ങി. ഈ സമയമത്രയും നബി صلى الله عليه وسلم തങ്ങള്‍ അബൂ ത്വാലിബിന്റെ കൂടെ തന്നെയായിരുന്നു. അബൂ ത്വാലിബിനു നബി صلى الله عليه وسلم യെ അത്രമാത്രം ഇഷ്ടമായിരുന്നു.
അവര്‍ ഇറങ്ങിയ സ്ഥലത്തിനടുത്ത് തന്നെ ' ബുഹൈറ' എന്ന ഒരു പാതിരി താമസിച്ചിരുന്നു. ഇന്‍ജീല്‍, തൌറാത്ത് തുടങ്ങിയ നബിصلى الله عليه وسلمക്ക് മുമ്പ് ഇറക്കപെട്ട ഗ്രന്ഥങ്ങള്‍ വിശദമായി പഠിച്ച ആളായിരുന്നു ബുഹൈറ. ആരോടും അധികം സംസാരിക്കാത്ത ആളായിരുന്നു. വേദ ഗ്രന്ഥങ്ങളില്‍ നിന്നും വരാനിരിക്കുന്ന പ്രവാചകന്റെ എല്ലാ സവിശേഷതകളും ജനന സമയം പോലും അവര്‍ മനസ്സിലാക്കിയിരുന്നു. 
ഒട്ടക സംഘത്തിനു മേഘം തണല്‍ നല്‍കുന്നത് അദ്ദേഹം കാണാനിടയായി.  ഖുറൈഷികള്‍ക്ക് ഭക്ഷണം നല്കാന്‍ ബുഹൈറ തീരുമാനിച്ചു. തന്റെ ഒരു  അനുയായിയെ വിളിച്ചു അദ്ദേഹം കാര്യം പറഞ്ഞു.  ദൂതന്‍ ഖുറൈഷികളുടെ അടുത്തെത്തി പറഞ്ഞു. 
" ഖുറൈഷി സമൂഹമേ നിങ്ങള്ക്ക്  വേണ്ടി ഇന്ന് ബുഹൈറ ഭക്ഷണം തയ്യാര്‍ ചെയ്തിരിക്കുന്നു. എല്ലാവര്രും ഭക്ഷണം കഴിക്കാന്‍ എത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അടിമയും ഉടമയും പ്രായമായവരും കുട്ടികളും എല്ലാവരും അദ്ധേഹത്തിന്റെ  താമസ  സ്ഥലത്തേക്ക് വരിക"
അവര്‍ അത്ഭുതപ്പെട്ടു.
" എന്ത് പറ്റി ബുഹൈറക്ക്. ഇത് വരെ നമ്മോടു ഒരു വാക്ക് പോലും മിണ്ടാത്ത ആളാണല്ലോ."-അവര്‍ പരസ്പരം പറഞ്ഞു. ഖുറൈഷികളില്‍ ഒരാള്‍ അദ്ദേഹത്തോട് അക്കാര്യം ചോദിക്കുകയും ചെയ്തു.
" ബുഹൈറ, ഇത് വളരെ വിചിത്രംയിരിക്കുന്നല്ലോ? അങ്ങ് എന്തിനാണ് ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ വിളിച്ചത്"
" ഞാന്‍ നിങ്ങളെ ബഹുമാനിക്കാന്‍ ഇഷ്ടപ്പെടുന്നു, ഇത് നിങ്ങളുടെ അവകാശമാണ്." -അദ്ദേഹം പുഞ്ചിരിച്ചു.
അദ്ദേഹം ഖുറൈഷികളെ വീക്ഷിച്ചു. പക്ഷെ, അദ്ദേഹം തിരയുന്ന,  പ്രവാചകന്റെ അടയാളമുള്ള ഒരാളെയും അദ്ദേഹം കണ്ടില്ല. അദ്ദേഹം അവരോടു ചോദിച്ചു.
 "ഞങ്ങളില്‍ ആരെങ്കിലും ഇനിയും ഇവടെ എത്താന്‍ ബാക്കിയുള്ളവരുണ്ടോ?"
" ഞങ്ങള്‍ എല്ലാവരും വന്നിട്ടുണ്ട്. ഒരാള്‍ ഒഴികെ. ഒരു പുതിയ ആളാണ്. ഞങ്ങളില്‍ ഏറ്റവും വയസ്സ് കുറഞ്ഞ ആളും"
അവര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് ബുഹൈറ നോക്കി. മേഘം  തണലിട്ട മരത്തിനു കീഴെ ഇരിക്കുന്ന നബി صلى الله عليه وسلم ക്ക് മരം ചില്ലകള്‍ താഴ്ത്തി കൊടുത്തത്  അദ്ദേഹം ശ്രദ്ധിച്ചു.
"ആരാണയാള്‍, അദ്ധേഹത്തെ കൂടി വിളിക്കൂ"- ബുഹൈറ ആവശ്യപ്പെട്ടു. അവര്‍ നബിصلى الله عليه وسلمയെ ഭക്ഷണം കഴിക്കാനായി കൂട്ടി കൊണ്ട് വന്നു.
നബി صلى الله عليه وسلم നടന്നു വരുമ്പോഴും  ഭക്ഷണം കഴിക്കുമ്പഴും ബുഹൈറ നബിصلى الله عليه وسلمയെ തന്നെ ശ്രദ്ധിച്ചു. നബിصلى الله عليه وسلمയുടെ പ്രവര്‍ത്തികളും ശരീര ഘടനയും എല്ലാം അദ്ദേഹം അണുവിട വിടാതെ ശ്രദ്ധിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചു എണീറ്റ്‌ പോയപ്പോള്‍ ബുഹൈറ നബിصلى الله عليه وسلمയുടെ അടുത്ത് വന്നു.
"കുഞ്ഞേ, ലാത്ത, ഉസ്സ എന്നിവയെ പറ്റി എനിക്ക് പറഞ്ഞു തരിക"-ബുഹൈറ നബി صلى الله عليه وسلمയുടെ അടുത്തേക്ക് വന്നു.
"ലാത്തയെയും ഉസ്സയെയും കുറിച്ച് നിങ്ങള്‍ എന്നോട് ചോദിക്കരുത്. എനിക്കവയെ ദ്വേഷ്യമാണ്. എന്നോട് വേറെ എന്തെങ്കിലും ചോദിച്ചോളൂ" -നബി صلى الله عليه وسلم പ്രതികരിച്ചു.
ബുഹൈരയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. നബിصلى الله عليه وسلمയുടെ എല്ലാ കാര്യങ്ങളും പ്രവര്‍ത്തികളെ കുറിച്ചും, ഉറങ്ങുന്നത് വരെ,  അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. പ്രവാചകന്‍صلى الله عليه وسلم എല്ലാറ്റിനും മറുപടി പറഞ്ഞു. അദ്ദേഹം നബിവ്യുടെ നെറ്റിയിലേക്ക് സൂക്ഷിച്ചു നോക്കി. നബിصلى الله عليه وسلمയുടെ ശരീരത്തില്‍ നിന്നും വസ്ത്രം അല്‍പ്പമൊന്നു മാറിയപ്പോള്‍ ചുമലുകള്‍ക്കിടയില്‍ പ്രവാചകത്വത്തിന്റെ മുദ്രയും അദ്ദേഹത്തിനു കാണാനായി. എല്ലാവരും പോയപ്പോള്‍ അബൂ ത്വാലിബിനെമാത്രം വിളിച്ചു അദ്ദേഹം രഹസ്യമായി സംസാരിച്ചു.  
" ഇവന്‍ നിങ്ങളുടെ പുത്രനാണോ" -അദ്ദേഹം അബൂ ത്വാലിബിനെ വല്ലാതെ നോക്കി.
" അതെ" -അബ്ദുല്‍ മുത്തലിബ് ബുഹൈറയുടെ മുഖത്തേക്ക് ആശ്ചര്യ ഭാവത്തില്‍ നോക്കി.
" ഇവന്‍ നിങ്ങളുടെ മകനല്ല. ഇവന്റെ പിതാവ് ജീവിചിരിക്കുകയില്ല. ജീവിച്ചിരിക്കാൻ വഴിയില്ല." - ഉറച്ച സ്വരത്തില്‍ ബുഹൈറ പറഞ്ഞു. 
" എന്റെ സഹോദര പുത്രനാണ്"-അബൂ ത്വാലിബ്‌ പറഞ്ഞു. 
"അപ്പോള്‍ ഇവന്റെ പിതാവ്?"
"മരിച്ചു, ഉമ്മയും..."-അബൂ ത്വാലിബ്‌  തുടർന്നു പറഞ്ഞു.
".....കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടു"
" ശരിയാണ്, താങ്കള്‍ പറഞ്ഞത് സത്യമാണ്.നിങ്ങൾ എത്രയും പെട്ടെന്ന് നിങളുടെ സഹോദര പുത്രനുമായി നാട്ടിലേക്കു മടങ്ങുക, ജൂതര്‍ ഒരിക്കലും കുട്ടിയെ കണാനിടയാകരുത്. ഒരു പക്ഷെ അങ്ങനെ സംഭവിച്ചാല്‍ കുട്ടിയെ അപായപ്പെടുത്താന്‍ പോലും അവര്‍ മടിച്ചേക്കില്ല. ഞങ്ങള്‍ ഇദ്ദേഹത്തെ കുറിച്ച് ഗ്രന്ഥങ്ങളില്‍ നിന്നും  മുൻ‌ഗാമികളില്‍ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങളെ ഞാന്‍ ഈ വിഷയം അറിയിക്കുകയാണ്"- ഗൌരവമാര്‍ന്ന സ്വരത്തില്‍ ബുഹൈറ അബൂ ത്വാലിബിനോട്  പറഞ്ഞു.
" നിങ്ങള്‍ സഹോദര പുത്രനുമായി ഒരിക്കലും ഈ സ്തലങ്ങളിലേക്കൊന്നും വരരുത്. ജൂതര്‍ ശത്രുതാ മനോഭാവം വെച്ച് പുലര്തുന്നവരാന്. ഇദ്ദേഹം ഈ സമുദായതിന്റെ പ്രവാചകനാണ്. അതും അറബ് നാട്ടില്‍ നിന്ന്. എന്നാല്‍ ജൂതര്‍ ആഗ്രഹിക്കുന്നത് ബനൂ ഇശ്സ്രാ‌ഈലില്‍ നിന്നും ഒരു പ്രവാചകന്‍ ഉണ്ടാവാനാണ്. അത് കൊണ്ടു സഹോദര പുത്രനെ ശ്രദ്ധിക്കണം" -ബുഹൈറ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു.
അബൂ ത്വാലിബ്‌ അകെ ഭയ വിഹ്വലനായി. കച്ചവടം കഴിഞ്ഞതും അബൂ ത്വാലിബ്‌ നബിصلى الله عليه وسلم യെയും കൂട്ടി പെട്ടെന്ന് തന്നെ മക്കയിലേക്ക് പുറപ്പെട്ടു. കച്ചവട സ്ഥലത്ത് വെച്ച് പല ജൂതരും നബിصلى الله عليه وسلمയെ കാണുകയും തിരിച്ചറിയുകയും ചെയ്തു. അവര്‍ ഉറപ്പു വരുത്താനായി ബുഹൈറയുടെ അടുത്ത് വരികയും വിഷയമവതരിപ്പിക്കുകയും ചെയ്തു.എന്നാല്‍ ബുഹൈറ അത് ശക്തമായി തന്നെ  നിഷേധിച്ചു.
" നിങ്ങള്‍ ശരിക്കും പ്രവാചകന്റെ അടയാളങ്ങള്‍ കണ്ടുവോ?. ഇല്ല, നിങ്ങള്‍ ശരിക്കും അദ്ധേഹത്തെ ശ്രദ്ധിച്ചിട്ടില്ല" 
ജൂതര്‍ പിരിഞ്ഞു പോയി.

ഉപ്പാപ്പ ഹിഷാമിന്റെ മുഖത്തേക്ക് നോക്കി അവന്‍ അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ്. "അപ്പൊ, അവര്‍ക്കൊക്കെ നബി (സ്വ) യെ ശരിക്കും അറിയാമായിരുന്നോ?" 
"പിന്നില്ലാതെ, തൌറാത്തിലും ഇന്ജീലിലും ഒക്കെ നബിയെ കുറിച്ച് ന്നന്നായി വിശദീകരിച്ചിട്ടുണ്ട്." 
അകലെ പള്ളിയില്‍ നിന്നും ദുഹര്‍ നിസ്കാരത്തിനു ബാങ്ക് വിളി ഉയര്‍ന്നു. മുഅദ്ദിന്റെ ഓരോ വിളികള്‍ക്കും ഉപ്പാപ്പ മറുപടി പറഞ്ഞു കൊണ്ടിരുന്നു. ഹിഷാം നേരെ ഉമ്മയുടെ അടുത്ത് പോയി. തലയില്‍ തൂവെള്ള തൊപ്പിയും വെള്ള തുണിയുമുടുത്തു അവന്‍ വന്നു. 
ബാങ്ക് വിളി കഴിഞ്ഞതും അവന്‍ ഉപ്പാപ്പയുടെ കയ്യില്‍ കയറി പിടിച്ചു." ഉപ്പാപ്പാ, പോവല്ലേ ഐദ്രു ഉസ്താദ്‌ എത്തിയിട്ടുണ്ടാവും" 
പേരക്കുട്ടിയുടെ കയ്യും പിടിച്ചു അവര്‍ നേരെ പള്ളിയിലേക്ക് നടന്നു....  

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment