വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Saturday, October 6, 2012

AD 605ഹജറുല്‍ അസവാദ് സ്ഥാപിക്കുന്നു
ഉമര്‍ ബിനുല്‍ ഖതാബ്‌ (റ) ഹജറുല്‍ അസ്വദ്  ചുംബിച്ച ശേഷംപറഞ്ഞു . "നീ കല്ലാണെന്ന് എനിക്കറിയാം.  പ്രവാചകര്‍(സ്വ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും, ഞാന്‍ നിന്നെ ച്ചുംബിക്കുമായിരുന്നില്ല"1

ഭക്ഷണം കഴിച്ചു പുറത്തു വന്നിരുന്നപ്പോള്‍ തുള്ളിക്കൊരു കുടം കണക്കെ മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു. മുറ്റത്തെ പൂവിട്ടു നില്‍ക്കുന്ന മുല്ലയും സൂര്യകാന്തിയും മഴത്തുള്ളികല്‍ക്കനുസരിച്ചു താളം പിടിച്ചു കൊണ്ടിരിക്കുന്നത് കാണാന്‍ വല്ലാത്ത ചന്തമാണ്.
"മറ്റെമ്മാ വാ, വല്യുപ്പാനോട് ബാക്കി കൂടി കൂടി പറഞ്ഞു തരാന്‍ പറയിം"- ഹിഷാം മറ്റെമ്മായുടെ വടിയിലും ഒരു കൈ തുണിയുടെ കോന്തലയിലും പിടിച്ചു കൊണ്ട് വന്നു കസേരയില്‍ ഇരുത്തി.
"വല്യുപ്പാ നമ്മുക്ക് ബാക്കി കൂടിപറഞ്ഞാലോ?"
ഹിഷാം മടിയില്‍ കയറി ഇരിക്കുമ്പോള്‍ സമ്മതം ചോദിക്കുന്നത് പോലെചോദിച്ചു.
" അതിനെന്താ, വല്യുമ്മയും അമ്മായീം ഒക്കെ വരട്ടെ."
പറഞ്ഞു തീര്‍ന്നതും അമായിയും വല്യുമ്മയും ഉമ്മയും സ്ഥലത്തെത്തി.
"മക്കയില്‍ ഒരിക്കല്‍ ഒരു വലിയ മഴ പെയ്തു.........."
വല്യുപ്പ കഥ പറഞ്ഞു തുടങ്ങിയതും ഹിഷാം മടിയില്‍ ഒന്ന് കൂടി ഇളകി ഇരുന്നു.
മഴ കൂടുതല്‍ കൂടുതല്‍ കനത്തു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
"മുമ്പൊന്നും ഇല്ലാത്ത വിധം മക്കയും പരിസര പ്രദേശങ്ങളും വെള്ളം കൊണ്ട് നിറഞ്ഞു. അടുത്തുണ്ടായിരുന്ന മലകളില്‍ നിന്നും വെള്ളം കുത്തിയൊലിച്ച്‌  കഅബക്ക് നേരെ വരാന്‍ തുടങ്ങി. ശക്തമായ ഈ മഴവെള്ളത്തിന്റെ ശക്തിയില്‍ കഅബയുടെ ചുമരുകള്‍ക്കു സാരമായ കേടു പറ്റി.
ഖുറൈശികള്‍ കഅബ പുതുക്കി പണിയുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. ഇതിനു മുമ്പ് തന്നെ അവര്‍ ഇക്കാര്യം ചിന്തിച്ചിരുന്നു. കഅബക്ക് ഒരു മേല്‍കൂര ഇല്ലാത്തതിനാല്‍ ആളുകള്‍ നേര്‍ച്ചയായി സമര്‍പ്പിച്ചിരുന്ന വില കൂടിയ വസ്തുക്കള്‍ സൂക്ഷിക്കാന്‍ അവര്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ദൈവങ്ങള്‍ദ്യേശ്യപ്പെടുമോ എന്ന ചിന്തയാല്‍ അവര്‍ കഅബക്ക് രൂപ മാറ്റം വരുത്താന്‍ ഭയപ്പെടുകയാണുണ്ടായത്.
അവര്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. കഅബയുടെ ചുമരുകള്‍ തകര്‍ന്നതിനാല്‍ പുതുക്കി പണിയല്‍ നിര്‍ബന്ധമാണ്‌ എന്നവര്‍ തീരുമാനിച്ചു. എന്നാല്‍ കഅബ  പോളിക്കുന്നതിന്റെ കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
ഈ സമയത്ത് പക്കൊമിയാസ് എന്ന് പേരായ റോമന്‍ വ്യാപാരിയുടെ ഈജിപ്തില്‍ നിന്നും വരികയായിരുന്ന ഒരു കപ്പല്‍ ജിദ്ദയില്‍ കരക്കണഞ്ഞു. പക്കൊമിയാസ് ഒരു വിദഗ്ദനായ ആശാരി കൂടി ആയിരുന്നു. വലീദ് ബിന്‍ മുഗീറയുടെ നേതൃത്വത്തില്‍ ഖുറൈഷികളില്‍ ചില പൌരപ്രമുഖര്‍ ജിദ്ധയിലെത്തി കപ്പല്‍ വിലക്ക് വാങ്ങുകയും കഅബയുടെ പുനര്‍ നിര്‍മാണത്തില്‍ സഹായിക്കാന്‍ പക്കൊമിയസിന്റെ സഹായം തേടുകയും ചെയ്തു. അഭ്യര്‍ത്ഥന സ്വീകരിച്ച പക്കൊമിയാസ് ഖിബ്തി* വംശജനായ ഒരാളെ തന്റെ സഹായി ആയി ഒപ്പം കൂട്ടി അവര്‍ക്കൊപ്പം പുറപ്പെട്ടു.
കഅബ പൊളിക്കേണ്ട ഘട്ടം വന്നപ്പോള്‍ ആരും അതിനു തയ്യാറായില്ല. ദൈവ കോപവും മുന്‍കാലങ്ങളില്‍ അബ്രഹത്തിന് സംഭവിച്ച അനുഭവവും ഓര്‍ത്തു ആരും അതിനു മുന്നോട്ടു വന്നില്ല. അവസാനം ഖുറൈശികള്‍ നാല് ഗോത്രങ്ങള്‍ക്ക് പൊളിക്കാനുള്ള ചുമതല ഏല്‍പ്പിച്ചു കൊടുക്കാന്‍ തീരുമാനിക്കുകയും നാല് ഗോത്രക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നിട്ടും കഅബയുടെ ചുമരുകള്‍ പൊളിക്കാന്‍ ആരും മുന്നോട്ട് വന്നില്ല.
എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിന്നും വലീദ് ബിന്‍ മുഗീറ സര്‍വ്വ ദൈവങ്ങളെയും വിളിച്ച് യമനീ ഭാഗം പൊളിക്കാന്‍ ആരംഭിച്ചു.
പിറ്റേ ദിവസം വരെ വലീദിനു എന്ത് സംഭവിക്കുന്നു എന്ന് നോക്കി ആളുകള്‍ കാത്തിരുന്നു. പിറ്റേ ദിവസം പ്രഭാതത്തോടെ  ഒന്നും സംഭവിക്കാതെ വലീദ് തിരിച്ചു വന്നപ്പോള്‍ മറ്റുള്ളവര്‍ക്കും ധൈര്യമായി. അവര്‍ കഅബ പൊളിക്കാന്‍ ആരംഭിച്ചു.
ഈ പ്രവൃത്തികളില്‍ എല്ലാം തന്നെ മുഹമ്മദ്‌ നബി (സ്വ)യും പങ്കെടുത്തു. അവിടുന്ന് അവര്‍ക്കൊപ്പം കല്ലുകള്‍ ഇളക്കി മാറ്റാനും അനുബന്ധ പ്രവൃത്തികളിലും പങ്കെടുത്തു.
ചുമരുകള്‍ ഇളക്കി മാറ്റി തറ പൊളിക്കുന്ന ഭാഗമെത്തിയപ്പോള്‍ അവര്‍ക്ക് കല്ലുകള്‍ ഇളക്കാന്‍ പറ്റാതെയായി. അത് കാരണം അവര്‍ തറ ഭാഗം അങ്ങനെ തന്നെ നിലനിര്‍ത്തി. പിന്നീട് അടുത്തുള്ള കുന്നുകളില്‍ നിന്നും നീല നിറത്തിലുള്ള കല്ലുകള്‍ കൊണ്ട് വന്നു അവര്‍ ചുമരുകള്‍ പടുത്തുയര്‍ത്തി.
ഹജറുല്‍ അസവദ്  സ്ഥാപിക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ അവര്‍ തമ്മില്‍ തര്‍ക്കമായി. ആരാണ് അത് സ്ഥാപിക്കേണ്ടത് ? ഏതു ഗോത്രത്തിനാണ് അതിനുള്ള അവകാശം? ഇതായിരുന്നു പ്രധാന പ്രശ്നം.
ഓരോ ഗോത്രവും അവരവര്‍ക്കാണ്  അതിനുള്ള അവകാശമെന്ന് വാദിച്ചു തുടങ്ങി. തര്‍ക്കം ഒരു യുദ്ധത്തിന്റെ വക്കോളമെത്തി. അബ്ദുദ്ദാര്‍  ഗോത്രവും അദിയ്യ്  ഗോത്രവും ഹജറുല്‍ അസവദ്  സ്ഥാപിക്കാനുള്ള അവകാശം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അതിനു വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയ്യാറാണെന്നും പ്രഖ്യാപിച്ചു. അബ്ദുദ്ദാര്‍  ഗോത്രംഒരു പാത്രത്തില്‍ രക്തം കൊണ്ടുവരികയും ആ രക്തത്തില്‍ കൈ മുക്കി ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു.
"ഹജര്‍ സ്ഥാപിക്കാനുള്ള അവകാശം ഞങ്ങള്‍ക്കാണ്. അത് മറ്റാര്‍ക്കും വിട്ടു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. മരണം വരെ യുദ്ധം ചെയ്യേണ്ടി വന്നാലും...."
അക്കാലത്ത് ഖുറൈഷികള്‍ക്കിടയില്‍ ബഹുമാനവും സ്ഥാനവും ഉണ്ടായിരുന്ന ആളായിരുന്നു അബു ഉമയ്യ ബിന്‍ മുഗീറ  അല്‍  മഖ്സൂമി. കാര്യങ്ങള്‍  ഒരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ അദ്ദേഹം മുന്നോട്ടു വന്നു പറഞ്ഞു
"സഫാ ഭാഗത്ത് കൂടി ആദ്യം വരുന്ന ആളെ നമുക്ക് മധ്യസ്തനാക്കാം"
തീരുമാനം  എല്ലാവര്ക്കുംസമ്മതമായിരുന്നു. എല്ലാവരും അംഗീകരിച്ചു. കുറച്ചു കഴിഞ്ഞതും മുഹമ്മദ്‌ (സ്വ) തങ്ങള്‍ ആ വഴിക്ക് വന്നു.
"അതാ വരുന്നു അല്‍  അമീന്‍ . നമ്മുക്ക് അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കാം"
അവര്‍ ഒന്നടങ്കം കാര്യങ്ങള്‍ വിശദീകരിച്ചു. പ്രശ്നങ്ങള്‍ ശരിക്കും മനസ്സിലാക്കിയ മുഹമ്മദ്‌ (സ്വ)ഒരു വലിയ വിരിപ്പ് കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. വിരിപ്പിന്റെ ഓരോ ഭാഗത്ത് ഓരോ ഗോത്രതലവന്മാരോട് പിടിക്കാനും ആവശ്യപ്പെട്ടു. അവര്‍ അപ്രകാരം ചെയ്തു.
വിരിപ്പിലേക്ക്  നബി (സ്വ) അവിടുത്തെ സ്വകരങ്ങളാല്‍ തന്നെ ഹജറുല്‍ അസവദ്  എടുത്തു വിരിപ്പില്‍ വെച്ചു . ശേഷം അത് സ്ഥാപിക്കേണ്ട ഉയരം വരെ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് തന്നെ അതെടുത്തു സ്ഥാപിക്കേണ്ട സ്ഥലത്ത് എടുത്തു വെക്കുകയും ചെയ്തു.
ഒരു യുദ്ധത്തിന്റെ വക്കിലെത്തിയിരുന്ന സംഭവം വളരെ ബുദ്ധിപരമായി കൈകാര്യം ചെയ്തത് അറബികള്‍ക്കിടയില്‍ മുഹമ്മദ്‌ (സ്വ) യുടെ സ്വീക്കാര്യത വര്‍ധിപ്പിച്ചു.
അറബികള്‍ കഅബയുടെ ചുമരുകള്‍ പതിനെട്ട് അടി ഉയരത്തില്‍ കെട്ടിപൊക്കി. സുരക്ഷിതമോര്‍ത്ത് വാതില്‍ അല്പം ഉയര്‍ത്തി സ്ഥാപിച്ചു. അകത്തു ഇരു നിലകളിയായി ആറു  തൂണുകളും വടക്ക് ഭാഗത്ത്‌ മുകളിലേക്ക് കയറാന്‍ ഒരു ഗോവണിയും പണി കഴിപ്പിച്ചു.
ഹുബാല്‍ വിഗ്രഹത്തെ കഅബക്കകത്ത് സ്ഥാപിച്ചു. മേല്‍ക്കൂര ഇല്ലാത്തതിനാല്‍ കഅബക്കകത്ത് സൂക്ഷിക്കാന്‍ കഴിയാതിരുന്ന വില പിടിപ്പുള്ള വസ്തുക്കള്‍ കഅബയിലേക്ക്  തന്നെ മാറ്റുകയും ചെയ്തു.

പുറത്ത് മഴ തെല്ലൊന്നുതോര്‍ന്നിരിക്കുന്നു . ഇടയ്ക്കിടയ്ക്ക് വീശുന്ന കാറ്റിനു വല്ലാത്ത തണുപ്പും.... ഹിഷാം വല്യുപ്പയെ ചേര്‍ത്തു പിടിച്ചു കൊണ്ടിരുന്നു.
"ബാക്കി നമ്മുക്ക് പിന്നെ പറഞ്ഞാ പോരെ"
തണുത്ത് പല്ലുകള്‍ കൂട്ടിയിടിക്കുന്നതിനിടയില്‍ ഹിഷാം ശരി എന്ന് തല കുലുക്കി. അവര്‍ എല്ലാവരും മെല്ലെ എണീറ്റ്‌ അകത്തേക്ക് എഴുനേറ്റു നടന്നു......
(മുന്‍ ഭാഗങ്ങള്‍ ഇവിടെ)
______________________________________________________
1-സ്വഹീഹുല്‍ മുസ്ലിം.1270

 * മൂസാ നബി (അ) കാലത്ത് ഈജിപ്റ്റ്‌ ഭരിച്ചിരുന്ന ഫറോവ വംശത്തില്‍ പെട്ടവരെ ആണ് ഖിബ്തികള്‍ എന്ന് പറയുന്നത്.

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment