വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Tuesday, October 23, 2012

നബിയുടെ സന്താനങ്ങള്‍ (ഒന്ന്)


'മധുര ദീപമെന്‍ ഹബീബിനെ കനവില്‍ കണ്ടിടാന്‍ ....... ' ഹിഷാം മൈക്ക് പിടിച്ചു ഉച്ചത്തില്‍ പാടി കൊണ്ടിരിക്കുകയാണ്. അടുത്ത് തന്നെ കസേരയില്‍ വല്ല്യുപ്പയും ഇരിക്കുണ്ട്. മദ്രസയില്‍ നബി ദിന പരിപാടികള്‍ക്ക് റിഹേഴ്സല്‍ തുടങ്ങിയ അന്ന് മുതല്‍ തുടങ്ങിയതാണ്‌ വീട്ടില്‍ ഈ മൈക്കും പിടിച്ചുള്ള ഗാനാലാപനം.
ഗാനം തിരഞ്ഞെടുത്തതും പാടാന്‍ പഠിപ്പിക്കുന്നതും വല്യുപ്പ തന്നെയാണ്. പലതവണ പാടിച്ചു നോക്കി തെറ്റുകള്‍ പറഞ്ഞു കൊടുത്ത് വീണ്ടും വീണ്ടും പാടിപ്പിച്ചു കൊണ്ടിരിക്കുകയാണ് .
"പേരക്കുട്ടിയുടെയും  വല്യുപ്പാന്റെം പാട്ട് മത്സരം ഇനിയും കഴിഞ്ഞില്ലേ.?"
കയ്യില്‍ നിസ്കാര കുപ്പായവും പിടിച്ചു വല്യുമ്മ വന്നതും ഹിഷാം നാണം കൊണ്ട് വല്യുപ്പയുടെ മടിയില്‍ മുഖം പൂഴ്ത്തി കിടന്നു.
" നിസ്കരിക്കാന്‍ പള്ളീല്‍ പോവണ്ടേ. സമയം ഒരുപാടായി" -വല്യുമ്മ നേരെ മുറിയിലേക്ക് പോയി.
"കുഞ്ഞോനെ, നമുക്ക് നിസ്കരിച്ചു വന്നാലോ.?"- വല്യുപ്പ ഹിഷാമിന്റെ തലയില്‍ മെല്ലെ തലോടി കൊണ്ട് ചോദിച്ചു.
അവന്‍ ശരിയെന്നു മെല്ലെതലയാട്ടി . വെള്ള തുണിയും തലയില്‍ ഒരു തോപ്പിയുമായി അവന്‍ പെട്ടെന്ന് തന്നെ ഒരുങ്ങി വന്നു.
" പ്പാപ്പാ, നിസ്കരിച്ചു വന്നിട്ട് എനിക്ക് നബി (സ്വ) യുടെ ചരിത്രത്തിന്റെ ബാക്കി കൂടി പറഞ്ഞു തര്വോ?"
ഉം. അതിനെതാ, വീട്ടിലെത്തിയിട്ടു പ്പാപ്പ പറഞ്ഞു തരാ, ന്ത്യെ പോരെ?
ഹിഷാം തല കുലുക്കി ചാടി ചാടി നടക്കാന്‍ തുടങ്ങി.......
"അസ്സലാമു അലൈക്കും. മ്മാമ്മാ , ഞങ്ങളെത്തി .......... "അവന്‍ നേരെ അടുക്കള വഴി അകത്തെത്തി .
"പ്പാപ്പാ, നമുക്ക് ഇവിടെ ഇരിക്കാം"
 വല്യുപ്പയുടെ കയ്യും പിടിച്ചു വലിച്ചു അവന്‍ ഡൈനിംഗ്  ഹാളില്‍ എത്തി. കൂട്ടിനു വല്യുമ്മയും അമ്മായിയും ഉമ്മയും എത്തി .
"ന്നിട്ട്, ബാക്കി പറഞ്ഞു തരിം പ്പാപ്പാ"- ഹിഷാം ധൃതി  കൂട്ടി.
നബി (സ്വ) തങ്ങള്‍ക്കു എത്ര കുട്ടികള്‍ ഉണ്ടായിരുന്നു എന്ന് അറിയ്യ്വോ  കുഞ്ഞോന്?
" ഫാത്തിമാ ബീവി, അബ്ദുല്ലാഹ്, ഉമ്മു കുല്സൂം....ആ പിന്നെ ഖാസിം ... നിക്ക് ഇതേ അറിയൂ"
ന്നാ പ്പാപ്പ നബിയുടെ മക്കളെ കുറിച്ച് പറഞ്ഞു തരാം..  പോരെ?
ഹിഷാം സമ്മത ഭാവത്തില്‍ തല കുലുക്കി.
നബി ( സ്വ) തങ്ങള്‍ക്കു ആകെ ഏഴു മക്കളുണ്ടായിരുന്നു. മൂന്നു ആണ്മക്കളും നാല് പെണ്മക്കളുപക്ഷെ, അവിടുത്തെ വഫാതിന്റെ സമയത്ത് ഫാതിമ ബീവി മാത്രമേ ജീവിച്ചിരുന്നുള്ളൂ. ബാക്കി എല്ലാ മക്കളും അവിടുത്തെ ജീവിത കാലത്ത് തന്നെ മരണപ്പെട്ടിരുന്നു. നബിയുടെ വഫാതിന്റെ ഏതാനും  മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബീവി ഫാത്തിമയും വഫാതായി. ഇബ്രാഹീം എന്നാ കുട്ടി നബിയുടെ അടിമ സ്ത്രീ ആയിരുന്ന മരിയതുല്‍ ഖിബ്തിയാ എന്ന അടിമ സ്ത്രീയില്‍ ജനിച്ചതാണ്. ബാക്കി ആര് മക്കളും ഖദീജ ബീവി (റ) യിലും.
"ഇന്ന് നമുക്ക് നബിയുടെ ആണ്‍കുട്ടികളെ കുറിച്ച് പറയാം. " -ഹിശാമിനെ മടിയിലേക്ക്‌ കയറ്റി ഇരുത്തി ഉമ്മയും കൊടുത്തു ഒരു ചെറു പുഞ്ചിരിയോടെ വല്യുപ്പ പറഞ്ഞു തുടങ്ങി...
നബിയുടെ ഇരുപത്തി അഞ്ചാമത്തെ വയസ്സില്‍ ആണ് ഖദീജ ബീവിയുമായുള്ള വിവാഹം നടക്കുന്നത്. ഖാസിം ആയിരുന്നു ആദ്യത്തെ കുഞ്ഞ്. ആദ്യമായി മരണപ്പെട്ടതും ഖാസിം തന്നെ. ക്രിസ്താബ്ദം 605 നു മരണപ്പെടുമ്പോള്‍ ഖാസിമിന് രണ്ടു വയസ്സ് പ്രായമുണ്ടായിരുന്നു. ഖാസിമിന്റെ പിതാവ് എന്ന നിലക്ക് നബിയെ അറബികള്‍ അബു ഖാസിം എന്ന് വിളിച്ചിരുന്നു.
അധികം വൈകാതെ രണ്ടാമത്തെ മകന്‍ അബ്ദുള്ളയും മരണപ്പെട്ടു.
ഹിജ്റ  എട്ടാം വര്ഷം ദില്‍ ഹിജ്ജ മാസത്തിലാണ് മാരിയതുല്‍ ഖിബ്തിയ എന്നാ അടിമ സ്ത്രീയില്‍ നബി (സ്വ) ക്ക് ഇബ്രാഹീം ജനിക്കുന്നത്. ഈജിപ്ത് ഭരിച്ചിരുന്ന ഒരു രാജാവ് നബിക്ക് സമ്മാനിച്ചതായിരുന്നു മരിയതുല്‍ ഖിബ്തിയയെ.ഇബ്രാഹീം ജനിച്ചതോടെ നബി (സ്വ) വളരെ സന്തോഷിച്ചു. പക്ഷെ, ആ സന്തോഷ ദിവസങ്ങള്‍ക്കു അധികം ആയുസ്സുണ്ടായിരുന്നില്ല. മദീനയില്‍ വെച്ച് ഇബ്രാഹിം മരണപ്പെടുമ്പോള്‍ പതിനെട്ടു മാസം മാത്രമാണ് പ്രായമുണ്ടായിരുന്നത്. അതൊരു സൂര്യഗ്രഹണ  ദിവസമായിരുന്നു.  ഇബ്രാഹീം മരണപ്പെട്ടതിനാലാണ് സൂര്യഗ്രഹണം സംഭവിച്ചതെന്ന് ആളുകള്‍ പറഞ്ഞു പരത്തി. ഇത് നബി (സ്വ) അറിയാനിടയായി. ആരും ജീവിക്കുന്നത് കൊണ്ടോ മരിക്കുന്നത് കൊണ്ടോ അല്ല സൂര്യഗ്രഹമുണ്ടാവുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് പ്രാര്തിക്കുകയാണ് വേണ്ടതെന്നും അവിടുന്ന് സ്വഹാബത്തിനെ പഠിപ്പിച്ചു കൊടുത്തു.
നാല് പെണ്മക്കളെയും നബി (സ്വ) വിവാഹം കഴിപ്പിച്ചു അയക്കുകയും അവര്‍ കുടുംബ ജീവിതം നയിക്കുകയും ചെയ്ത ശേഷമാണ് ഇഹലോക വാസം വെടിയുന്നത്
വിവാഹം കഴിഞ്ഞു അഞ്ചാം വര്‍ഷമാണ്‌ സൈനബ് (റ ) ജനിക്കുന്നത്. അബുല്‍ ആസ് ബിന്‍ രബീഗ് ആയിരുന്നുഭര്‍ത്താവ് . എന്നാല്‍ അദ്ദേഹം ഇസ്ലാം വിശ്വസിച്ചിരുന്നില്ല. അങ്ങനെ ബദര്‍ യുദ്ധത്തില്‍ അദ്ദേഹത്തെ ബന്ദിയായി പിടിക്കുകയും സൈനബിനെ മദീനയിലേക്ക് അയക്കണമെന്ന നിബന്ധനയില്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു. പിന്നീട് നബി (സ്വ) യുടെ കൂടെയായിരുന്നു സൈനബ്  ജീവിച്ചത്. പില്‍കാലത്ത് അബുല്‍ ആസ് ഇസ്ലാം സ്വീകരിക്കുകയും സൈനബ് നെ തന്നെ സഖിയായി സ്വീകരിക്കുകയും ചെയ്തു. ഇതില്‍ അലി ഉമാമ എന്നീ മക്കള്‍ ജനിക്കുകയും അലി ചെറുപ്പത്തില്‍ തന്നെ മരണപ്പെടുകയും ഉമാമ നെ അലി ഫാത്വിമ ന്റെ മരണ ശേഷം വിവാഹം കഴിക്കുകയും ചെയ്തു. ഹിജ്ര എട്ടാം വര്ഷം സൈനബ് വഫാതായി.
വിവാഹത്തിന്റെ എട്ടാം വര്ഷം നബിക്ക് റുഖിയ ജനിച്ചു. നബി യുടെ മുഖ്യ ശത്രുവായ അബു ലഹബിന്റെ മകന്‍ ഉത്ബയായിരുന്നു റുഖിയ യെ വിവാഹം കഴിച്ചത്. അബു ലഹബിന്റെ കൈകള്‍   എന്നാ ഖുറാന്‍ സൂക്തങ്ങള്‍ ഇറങ്ങിയത്തില്‍ ദ്വേഷ്യം പൂണ്ട അബു ലഹബ്, റുഖിയ യെ വിവാഹ മോചനം നടത്താന്‍ നിര്‍ബന്ധിക്കുകയും ഉത്ബ മഹതിയെ ത്വലാഖ് ചൊല്ലുകയും ചെയ്തു. ഉസ്മാന്‍ പിന്നീട് അവരെ വിവാഹം കഴിക്കുകയും അതില്‍ അബ്ദുല്ലാ എന്നാ കുട്ടി ജനിക്കുകയും ചെയ്തു. ഹിജ്ര രണ്ടാം വര്ഷം വഫാതാവുമ്പോള്‍  മഹതിക്ക് ഇരുപതു വയസ്സേ പ്രയമുണ്ടായിരുന്നുള്ളൂ. ഹിജ്റ  നാലാം വര്ഷം ആറാം വയസ്സില്‍ അബ്ദുള്ളയും ഇഹലോക വാസം വെടിഞ്ഞു.
പ്രവാചകരുടെ മൂന്നാമത്തെ മകള്‍ ഉമ്മു കുല്സൂമിനെ വിവാഹം ചെയ്തത് അബു ലഹബിന്റെ തന്നെ മറ്റൊരു പുത്രനായ ഉതൈബ ആയിരുന്നു. പിതാവ് അബു ലഹബിന്റെ നിര്‍ബന്ധപ്രകാരം ഉതൈബയും ഭാര്യയെ വിവാഹ മോചനം നടത്തി. പിന്നീട് ഉസ്മാന്‍  രുഖിയയുടെ മരണ ശേഷം ഉമ്മു കുല്സൂമിനെ വിവാഹം കഴിച്ചു. ഹിജ്ര ഒമ്പതാം വര്ഷം മഹതി വഫാതായി. അവര്‍ക്ക് മക്കള്‍ ജനിചിരുന്നില്ല.
നബി യുടെ ഇളയ മകളാണ് ഫാത്വിമ. തന്റെ നാല്പതാം വയസ്സിലാണ് ഫാത്വിമ ജനിക്കുന്നത്. ഹിജ്ര രണ്ടാം വര്ഷം അലി ആണ് മഹതിയെ വിവാഹം കഴിച്ചത്. ഇതില്‍ അവര്‍ക്ക് ഹസന്‍, ഹുസൈന്‍ മുഹ്സിന്‍, ഉമ്മു കുല്സൂം, സൈനബ് എന്നീ  അഞ്ചു മക്കള്‍ ജനിച്ചു. ഹിജ്ര പതിനൊന്നാം വര്ഷം അവര്‍ വഫാതായി. അന്നവര്‍ക്ക് ഇരുപത്തി നാല് വയസ്സായിരുന്നു.
വല്യുപ്പ പറഞ്ഞു നിര്‍ത്തിയതും ഹിഷാം തല തിരിച്ചു ഉപ്പാപ്പയുടെ മുഖത്തേക്ക് നോക്കി.
"ഇനി നമ്മുക്ക് അടുത്ത പ്രാവശ്യം ജിബ്രീല്‍ നബിയുടെ അടുത്ത് വരുന്നതും  നബിക്ക് പ്രവാചകത്വം കിട്ടുന്നതും ഒക്കെ പറയാം.  ല്ലേ ?"
"ഉം .... "ഹിഷാം തല കുലുക്കി സമ്മതിച്ചു.
നേരം ഒരുപാടായില്ലേ നമ്മുക്ക് ഭക്ഷണം കഴിച്ചാലോ. ഉമ്മ ഹസീന വന്നു അവന്റെ കൈ പിടിച്ചു മെല്ലെ വലിച്ചു. ഉപ്പാപയുടെ മടിയില്‍ നിന്ന് ഊര്‍ന്നിറങ്ങുമ്പോള്‍ അവന്‍ ഉപ്പാപ്പയുടെ കൈ പിടിച്ചു വലിച്ചു. അവര്‍ നേരെ അടുക്കളയിലേക്കു നീങ്ങി.
(തുടരും)

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment