വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Saturday, February 12, 2011

(നാല്) അബ്ദുള്ള (റ) വഫാത്താവുന്നു

അബ്ദുള്ള (റ) ന്‍റെ ഖബര്‍
പുറത്തു ഹിഷാമിന്റെ ശബ്ദവും ഒപ്പം ആട്ടിന്‍ കുട്ടി കരയുന്ന ശബ്ദവും കേട്ടാണ് ഞാന്‍ പുറത്തിറങ്ങിയത്. വല്യുപ്പയും ഹിശാമും ആടിന് തീറ്റയും വെള്ളവും കൊടുക്കുന്ന തിരക്കിലാണ്. വല്യുമ്മയും, ഉമ്മയും അമ്മായിയും അലക്കാനും കുളിക്കാനുമായി കുളത്തിലേക്ക്‌ പോയതാണ്.
ഒരു തള്ളയാടും  മൂന്ന് ആട്ടിന്‍ കുട്ടികളും. അവയില്‍ പുറത്തു കറുത്ത പാടുള്ള വെളുത്ത  പഞ്ഞിക്കെട്ടു പോലിരിക്കുന്ന ആട്ടിന്‍ കുട്ടി ഹിശാമിന്റെതാണ്. അവനുള്ളപ്പോള്‍ ആരും  അതിനു തീറ്റ കൊടുക്കാനോ വെള്ളം കാട്ടാനോ പാടില്ല. വൈകുന്നേരങ്ങളില്‍  കൊയ്തൊഴിഞ്ഞ പാടത്ത് കളികാണാന്‍ പോവുമ്പോള്‍ ഒരു നീളന്‍ കയറില്‍ കെട്ടി അവനൊപ്പം ആ ആട്ടിന്‍ കുട്ടിയുമുണ്ടാവും. 
 "ഇന്നിപ്പോ ഉപ്പാപ്പയും ഉണ്ടല്ലോ കൂടെ?"
എന്റെ ശബ്ദം കേട്ട് ഹിഷാം  തിരിഞ്ഞു നോക്കി. പറിഞ്ഞു പോയ പല്ലുകള്‍ക്കിടയിലൂടെ അവര്‍ നാവു പുറത്തേക്കിട്ടു ചിരിച്ചു.
"ആടിനെ നോക്കുന്നതും നല്ലതാണ്" - ഉപ്പാപ്പ കയ്യിലെ പുല്ലു ഹിഷാമിന്റ്റെ കയ്യിൽ കൊടുത്ത് പറഞ്ഞു തുടങ്ങി.
അല്ലാഹുവിന്റെ എല്ലാ പ്രവാചകന്മാരും ആടുകളെ മേച്ചു നടന്നിട്ടുണ്ട്.  നമ്മുടെ നബി (സ്വ)  ആടുകളെ മേച്ചു നടന്നിട്ടില്ലേ?. നിനക്കറിയില്ലേ ഖുറൈശികളുടെ ആടുകളെ മേയ്ക്കാന്‍ നബി (സ്വ) പോയിരുന്നത്?"
"ശരിയാണ്, ശുഐബ് നബി (അ) ന്റെ മകളെ വിവാഹം കഴിക്കുന്നതിനു മുമ്പ് മൂസ നബി (അ) യും ആടുകളെ മേച്ചു നടന്നിട്ടിണ്ട്."-ഞാനും ഉപ്പാക്കൊപ്പം കൂടി.
"ആ, ഇന്നിപ്പൊ ഞങ്ങളെ കൂട്ടാതെ കഥ പറഞ്ഞു തുടങ്ങിയോ?"- അലക്കി കഴിഞ്ഞ തുണികള്‍ ഒരു കയ്യില്‍ പിടിച്ചു ഹിഷാമിന്റെ ഉമ്മയും വല്യുമ്മയും അമ്മായിയും നടന്നു അവിടേക്ക് വന്നു.
"ഞങ്ങള്‍ നിസ്കരിച്ചു ചോറ് കഴിക്കട്ടെ, എന്നിട്ട് പറഞ്ഞാല്‍ മതി ബാക്കി കഥ" -അമ്മായി സ്വബിറ കയ്യിലുള്ള ബക്കറ്റ് തറയില്‍ വെച്ചു.
"ഞങ്ങളും നിസ്കരിച്ചിട്ടില്ല, അല്ലെ കുഞ്ഞോനെ? ന്നാ നമുക്കും നിസ്കരിച്ചിട്ടു വന്നാലോ? "
എല്ലാവരും ദുഹര്‍ നിസ്കാര ശേഷം ഭക്ഷണവും കഴിച്ചു സിറ്റ് ഔട്ടിലെത്തി.
"നമ്മളിന്നലെ നബിയുടെ ഉപ്പയുടെയും ഉമ്മയുടെയും കല്യാണം പറഞ്ഞില്ലേ. ഇന്ന് നമ്മുക്കു അതിന്റെ ബാക്കി പറയാം"
ഉപ്പാപ്പയുടെ മടിയിലിരുന്ന് ഹിഷാം തല കുലുക്കി സമ്മതിച്ചു.

അബ്ദുള്ള (റ) വും ആമിന ബീവിയും (റ) സന്തോഷത്തോടെ കഴിഞ്ഞു വന്നു. കല്യാണത്തിന് ശേഷവും അദ്ദേഹം മക്കയിൽ വഴികളിലൂടെ നടന്നു പോവുമ്പോള്‍ സ്ത്രീകള്‍ സ്നേഹത്തോടെ നോക്കി നില്‍ക്കുമായിരുന്നു വത്രേ. അദ്ധേഹത്തിന്റെ മുഖത്ത് അത്രമാത്രം ഒരു പ്രകാശവും സൗന്ദര്യവും ഉണ്ടായിരുന്നു.
ആമിനാ ബീവി (റ) നെ വിവാഹം ചെയ്തു കുറച്ച കാലം കഴിഞ്ഞ സമയം . ആമിനാ ബീവി  (റ)ഗര്‍ഭം ധരിച്ചതിന് ശേഷം  അദ്ദേഹം അത് ശ്രദ്ധിച്ചു. സ്ത്രീകള്‍ തന്നെ മുമ്പുണ്ടായിരുന്ന പോലെ ശ്രദ്ധിക്കാതായിരിക്കുന്നു!!.
മക്കയില്‍ ഒരു പ്രവാചകൻ വരാനിരിക്കുന്നു വെന്നും ഏക ദൈവ വിശ്വാസം അംഗീകരിക്കുകയും മുന്‍ വേദ ഗ്രന്ദങ്ങള്‍ വളര നന്നായി പഠിക്കുകയും ചെയ്ത ആളായിരുന്നു വറഖത്തുബ്നു നൌഫല്‍. അബ്ദുള്ള (റ) ഒരിക്കല്‍ അദ്ധേഹത്തിന്റെ സഹോദരി ഖതീല ബിന്തു നൌഫലിന്റെ അടുത്ത് കൂടി നടന്നു പോവാനിടയായി. ആമിന ബീവി (റ)ഗര്‍ഭം ധരിക്കുന്നതിനു മുമ്പ് എപ്പോഴും തന്നെ ആരാധനയോടെ നോക്കിയിരുന്ന അനേകം സ്ത്രീകളില്‍ ഒരാളായിരുന്നു ഖതീലയും.
"നിങ്ങളൊന്നും എന്നെ മുമ്പുണ്ടായിരുന്ന പോലെ പരിഗണിക്കുന്നില്ലല്ലോ?"- അബ്ദുള്ള (റ) ഖതീലയോട് ചോദിച്ചു.
"മുമ്പൊക്കെ നിങ്ങളുടെ മുഖത്ത് വല്ലാത്തൊരു പ്രകാശം കാണുമായിരുന്നു. എന്നാല്‍ കുറച്ചു കാലമായി അത് കാണാതായിരിക്കുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് നിങ്ങളോട് ആരാധനയും കുറഞ്ഞു" - ഖതീല മുഖത്ത് ചിരി വരുത്തി പറഞ്ഞു. *

കാലങ്ങള്‍ അധികം വേണ്ടി വന്നില്ല. ഖുറൈശികള്‍ കച്ചവട ചരക്കുമായി ശാമിലേക്ക് തിരിക്കാനൊരുങ്ങി. തന്റെ സ്നേഹ നിധിയായ ഭാര്യയോട്‌ യാത്രപറഞ്ഞു അബ്ദുള്ള (റ) വും അവര്‍ക്കൊപ്പം ചരക്കുമായി യാത്ര തിരിച്ചു.
ശാമിലെ കച്ചവടത്തിന് ശേഷം അവര്‍ മക്കയിലേക്ക് തന്നെ തിരിച്ചു. വഴിയില്‍ വെച്ചു അബ്ദുള്ള (റ) രോഗിയായി. യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയെതിയപ്പോള്‍ അബ്ദുള്ള (റ) കൂടെയുളവരോട് പറഞ്ഞു.
"ഞാന്‍ എന്റെ അമ്മാമന്മാരുടെ അടുത്ത് നില്‍ക്കാം. നിങ്ങൾ മക്കയിലേക്ക് പോവുക"
അബ്ദുള്ളയുടെ അമ്മാവന്മാര്‍, ബനൂ നജ്ജാര്‍, ഗോത്രത്തില്‍ അബ്ദുല്ലയെ നിർത്തി കൂടെയുള്ളവർ യാത്ര തുടര്‍ന്നു.
അധികം വൈകാതെ തന്നെ അദ്ദേഹം വഫാത്താവുകയും ചെയ്തു.
ഖുറൈശി കച്ചവടക്കാര്‍ മക്കയിലെത്തി. തന്റെ ഇളയ മകന്‍ അബ്ദുള്ളയുടെ രോഗ വിവരം  അബ്ദുല്‍ മുത്വലിബിനെ വല്ലാതെ തളര്‍ത്തി. ആമിന ബീവിയുടെ കണ്ണൂകൾ നിറഞ്ഞു തുളുമ്പി. ദുഃഖ ഭാരം താങ്ങാനാവാതെ ആമിന ബീവി തളര്‍ന്നിരുന്നു പോയി.
വിവരങ്ങള്‍ അറിഞ്ഞയുടനെ അബ്ദുല്‍ മുത്വലിബ് തന്റെ മൂത്ത പുത്രന്‍ ഹാരിസിനെ വിളിച്ചു യസ്‌രിബിലേക്ക് പറഞ്ഞയച്ചു. പക്ഷെ, ഹാരിസ് യസ്‌രിബില്‍ എത്തുന്നതിനു മുമ്പ് തന്നെ അബ്ദുള്ള (റ) മരണപ്പെട്ടിരുന്നു. ബനൂ  നജ്ജാര്‍ ഗോത്രത്തില്‍ ദാറുന്നാബിഗയയില്‍ അദ്ദേഹത്തെ ഖബറടക്കുകയും ചെയ്തിരുന്നു.
ആമിന ബീവിയെ അബ്ദുള്ളയുടെ മരണം അറിയിക്കാന്‍ അവര്‍ ഭയപ്പെട്ടു. ഗര്‍ഭിണിയായ ബീവിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നവര്‍ ഭയപ്പെട്ടു കാണണം. എങ്കിലും അധികം താമസിയാതെ തന്നെ ബീവി ആ നടുക്കുന്ന വിവരം അറിഞ്ഞു. അബ്ദുള്ള (റ) മരണപ്പെട്ടിരിക്കുന്നു. യസ്രിബില്‍ അദ്ദേഹഹത്തെ ഖബറടക്കുകയും ചെയ്തിരിക്കുന്നു!!!
ഉമ്മു ഐമന്‍ എന്ന അടിമ സ്ത്രീയും അഞ്ചു ഒട്ടകങ്ങളും ഏതാനും ആടുകളും മാത്രമായിരുന്നു വഫാതാവുമ്പോള്‍ അബ്ദുള്ള (റ) സമ്പാദ്യം. ഈ സംഭവം നടക്കുന്നത് നബി (സ്വ) തങ്ങള്‍ ജനിക്കുന്നതിന്റെ രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ്. അബ്ദുള്ള (റ) മരണപ്പെടുമ്പോള്‍ അദ്ദേഹത്തിനു ഇരുപത്തിയഞ്ചു വയസ്സായിരുന്നു.

വല്യുപ്പയുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. തോളില്‍ കിടക്കുന്ന തോര്‍ത്ത്‌ മുണ്ട് കൊണ്ട് മെല്ലെ കണ്ണൂകൾ തുടക്കുമ്പോള്‍ ഹിഷാം വല്യുപ്പയുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കി. കണ്ണുകള്‍ അപ്പോഴും നിറഞ്ഞു തന്നെയിരുന്നു....
(തുടരും)
__________________________________
* ആമിനാ ബീവി അബ്ദുള്ള (റ) വില്‍ നിന്നും ഗര്‍ഭം ധരിച്ചതിന് ശേഷം അബ്ദുള്ള (റ) ന്‍റെ മുഖത്തുണ്ടായിരുന്ന ആ പ്രകാശം ആമിന ബീവി (റ)യുടെ മുഖത്ത് കാണാമായിരുന്നു വെന്നും നബിയെ പ്രസവിച്ച സമയം ഒരു പ്രകാശം കണ്ടു എന്നും ആ പ്രകാശത്തില്‍ ബസ്വറയിലെ കൊട്ടാരം വരെ ആമിനാ ബീവിക്ക് കാണാനായി എന്നും പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

1 comment: