വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Sunday, February 13, 2011

ആനക്കലഹ സംഭവം

യെമനില്‍ അബ്രഹത് നിര്‍മിച്ചതെന്ന് പറയപ്പെടുന്ന
ആരാധനാലയം. ചിത്രം: യാത്രകള്‍  
അനക്കാരെ കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ.
അവരുടെ തന്ത്രം അവന്‍ പിഴവാക്കിയില്ലേ.
കൂട്ടം കൂട്ടമായിട്ടുള്ള പക്ഷികളെ അവന്‍ അവരുടെ നേര്‍ക്ക്‌ അയക്കുകയും ചെയ്തു. 
ചുട്ടു പഴുപ്പിച്ച കളിമണ്‍ കല്ലുകള്‍ കൊണ്ട് എറിയുന്നതായ. 
അങ്ങനെ അവരെ അവന്‍ തിന്നൊടുക്കിയ വൈക്കോല്‍ തുരുമ്പു പോലെയാക്കി (വിശുദ്ധ ഖുര്‍ആന്‍)
                                                        ***********
ഹിഷാം ഇന്നും വലിയ സന്തോഷത്തിലാണ്. പള്ളിയില്‍  മഗ്‌രിബ് നിസ്കാരത്തിനു ശേഷം പെട്ടെന്ന് തന്നെ സുന്നത് നിസ്കാരവും കഴിച്ചു അവന്‍ വല്യുപ്പയെ വീട്ടിലേക്കു പോവാന്‍ വിളിച്ചു. കയ്യില്‍ കത്തിച്ചു പിടിച്ച ടോര്‍ച്ചുമായി വേഗത്തില്‍ വല്യുപ്പയുടെ മുന്നില്‍ തന്നെ നടന്നു.  വല്ല്യുപ്പ അവന്റെ കൂടെ എത്താന്‍ ഒന്ന് ബുദ്ധിമുട്ടേണ്ടി വന്നു. വീട്ടിലെത്തുമ്പോള്‍ വല്യുമ്മ അവരെയും കാത്തു സിറ്റൌട്ടില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.
"അസ്സലാമു അലൈക്കും"- ഹിഷാം വല്ല്യുമ്മാക്ക് സലാം പറഞ്ഞു
"വ അലൈക്കുമുസ്സലാം" - ഒരു ചെറിയ പുഞ്ചിരിയോടെ വല്യുമ്മ സലാം മടക്കി.
ഹിഷാം നേരെ മുറിയില്‍ കയറി. പഠന വിഷയത്തില്‍ അവന്‍ എന്നും മുന്നിലാണ്. എന്നും പഠിക്കാനുള്ളത് കഴിഞ്ഞേ അവന്‍ എന്തു കാര്യത്തിനും ഒരുങ്ങുകയുള്ളൂ. വല്യുമ്മയും വല്യുപ്പയും മുസ്ഹഫ് എടുത്തു വച്ച് അൽ കഹ്ഫ് സൂറത്തു*ഓതാന്‍ തുടങ്ങിയിരിക്കുന്നു. അവന്‍ പുസ്തകങ്ങളും മറ്റും എടുത്തു വെച്ചു വായിക്കാന്‍ തുടങ്ങി.
"എന്തെങ്കിലും എഴുതി കൊണ്ട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ടോ?" -ഉമ്മയുടെ ചോദ്യം കേട്ടപ്പോള്‍ ഹിശാം തലയുയര്‍ത്തി നോക്കി. 
"ഇല്ല, നാളെ വെള്ളിയാഴ്ചയാ. മദ്രസ്സയിലേക്കുള്ളത് നാളെ എഴുതിയാ  മതി" 
ഹസീന അവന്റെ അടുത്ത് തന്നെ ഒരു കസേര നീക്കിയിട്ട്‌ ഇരുന്നു. പുറത്തു അപ്പോഴും വല്ല്യുമ്മയും  വല്ല്യുപ്പയും ഖുര്‍ആന്‍ ഓതുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. 
അബ്രഹത് നിര്‍മിച്ച ആരാധനാലയത്തിന്റെ ചിത്രം
കടപ്പാട്: യാത്രകള്‍
എല്ലാവരും ഓഫീസ് റൂമിൽ എത്തി. കഥ കേള്‍ക്കാന്‍  വല്യുമ്മയും മറ്റേമ്മയും അമ്മായിയും ഓരോ കസേരകളില്‍  കുറച്ചു മാറിയിരുന്നു. ഹിഷാം നേരെ വന്നു വല്യുപ്പയുടെ മടിയില്‍ കയറി ഇരുന്നു. 
"ഞാന്‍ ഇന്നലെ പറഞ്ഞതിന്റെ ബാക്കി ഇന്നു ആനക്കലഹ സംഭവം  പറയാം" - വല്യുപ്പ ഹിഷമിനെ ഒന്ന് കയറ്റി ഇരുത്തി. 
ഹബ്ശ ഭരണത്തിന് കീഴില്‍  പെട്ടിരുന്ന യമന്‍ എന്ന  പ്രവിശ്യയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് അബ്രഹത്ത്. ആയിരുന്നു ക്രിസ്തുവര്ഷം 535   ല്‍ അബ്രഹത്ത്,  യമന്‍ ഒരു സ്വതന്ത്ര രാജ്യമാണെന്നും അയാള്‍ അവിടത്തെ രാജാവാണെന്നും സ്വയം പ്രഖ്യാപിച്ചു. 
പിന്നീട് അബ്രഹത്തിന്റെ ചിന്ത രാജ്യം കൂടുതല്‍ വിശാലമാക്കാനും  സാമ്പത്തികമായി അഭിവൃധിപ്പെടുത്താനുമായി. അതിന്നായി അയല്‍ രാജ്യങ്ങള്‍ പിടിച്ചടക്കാനും തീരുമാനിച്ചു. അങ്ങനെ അബ്രഹത്ത് അയല്‍ രാജ്യങ്ങളും യുദ്ധം ചെയ്തു പിടിച്ചടക്കാന്‍ തുടങ്ങി. 
അക്കാലത് റോമാ സാമ്രാജ്യവും പേര്‍ഷ്യാ സാമ്രാജ്യവും തമ്മില്‍ വലിയ ശത്രുതയിലായിരുന്നു. അത് കാരണം റോമക്കാര്‍ അബ്രഹത്തിന് പിന്തുണയുമായി വന്നു. അവര്‍ അയാള്‍ക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തു കൊടുത്തു. ഒരു വിഭാഗം ക്രിസ്ത്യന്‍ സമൂഹവും യമനിലെ  ജൂതന്മാരും അബ്രഹത്തിന്റെ ഭരണത്തിന് എതിരായിരുന്നു. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ പേര്‍ഷ്യക്കാരും മുന്നോട്ടു വന്നു.  
അക്കാലത്തെ ഏറ്റവും വലിയ കച്ചവട കേന്ദ്രങ്ങളിലോന്നായിരുന്നു മക്ക. അതിന്റെ പ്രധാന കാരണം കഅബയും അവിടെ ഹജ്ജ് ചെയ്യാനെത്തുന്ന അറബികളുമായിരുന്നു.  തീർത്ഥാടകരെ മക്കയിൽ നിന്നും യമനിലെത്തിക്കാനും അതു വഴി കച്ചവടം കൂട്ടാനും വേണ്ടി യമനിലും കഅബ പോലെ ഒരു ആരാധനാലയം തീര്‍ത്തു എല്ലാവരെയും അങ്ങോട്ട് ആകര്‍ഷിക്കുക തന്നെ. അബ്രഹത്ത് മനസ്സില്‍ കരുതി.
അന്ന് വരെ ആരും കണ്ടിട്ടില്ലാത്ത വിധം മനോഹരവും കൊത്തുപണികളോട്  കൂടിയതുമായ ഒരു വലിയ ആരാധനാലയം അബ്രഹത്ത് നിര്‍മ്മിച്ചു.
അടുത്തതായി എല്ലാവരെയും അവിടേക്ക് തീർത്ഥാടനത്തിനു ക്ഷണിക്കാനായി അയാള്‍ നാടിന്റെ നാനാ ഭാഗത്തേക്കും  സന്ദേശ വാഹക സംഘത്തെ അയച്ചു. അതില്‍ ഒരു വിഭാഗം  മക്കയിലുമെത്തി.
ഒരു വലിയ ഞെട്ടലോടെയാണ് ഖുറൈഷി സമൂഹം ഈ വാര്‍ത്ത‍ കേട്ടത്. മുഴുവന്‍ ഗോത്രങ്ങളില്‍ നിന്നും പ്രമാണിമാര്‍ ഒരുമിച്ചു കൂടി കാര്യങ്ങള്‍  ചർച്ച ചെയ്തു വിലയിരുത്തി.
'ഒരിക്കലും ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല. നമ്മുടെ പൂര്‍വ പിതാക്കളായ ഇസ്മായീലും ഇബ്രാഹീമും നിര്‍മിച്ച അല്ലാഹുവിന്റെ ഭവനമാണ് കഅബ. ഒരിക്കലും കഅബക്കെതിരെ മറ്റൊരു ആരാധനാലയം വന്നു കൂടാ'- അവര്‍ ഒന്നടങ്കം അപിപ്രായപ്പെട്ടു.
യമനില്‍ ചെന്ന് അബ്രഹത്തിനെ പറ്റിയും ആരാധനാലയത്തെ കുറിച്ചും അന്വേഷിച്ചു  കാര്യങ്ങള്‍ മനസ്സിലാക്കുവാനും മറ്റുമായി ‘കിനാന‘ ഗോത്രത്തില്‍ പെട്ട ഒരാളെ അവര്‍ നിയോഗിച്ചു.
അയാള്‍ യമനിലെത്തി. കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചു മനസ്സിലാക്കി. പുതിയ ആരാധനാലയത്തിന്റെ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അയാള്‍ക്ക് ദ്വേഷ്യം വന്നു. ആളുകള്‍ ഇല്ലാത്ത തക്കം നോക്കി അതിനകത്ത് കയറിയ അയാള്‍ അവിടെ മല മൂത്ര വിസര്‍ജ്ജനം നടത്തി വൃത്തി കേടാക്കി.
സംഭവം ഒരു ഇടിമുഴക്കം പോലെ അബ്രഹത്തിന്റെ കാതിലുമെത്തി.  നമ്മുടെ അരാധനാലയത്തെ അപമാനിച്ച അറബികളെ ഒരു പാഠം പടിപ്പിക്കൻ അബ്രഹത്ത് തീരുമാനിച്ചു. അയാള്‍ സൈന്യത്തെ തയ്യാറാക്കാന്‍ ഉത്തരവിട്ടു. മക്കയിലെ കഅബ പൊളിക്കണം അതാണ് അയാളുടെ ലക്‌ഷ്യം.ആനപ്പടയും കുതിരപ്പടയാളികളും അടങ്ങുന്ന വമ്പന്‍ സൈന്യവുമായി അബ്രഹത് യസ്‌രിബ്  വഴി മക്കയുടെ അടുത്തെത്തി. 
മക്കയുടെ അടുത്തെത്താറായപ്പോള്‍ അവര്‍ ഒരു ഒട്ടകകൂട്ടത്തെ അവര്‍  കണ്ടു. അത് അബ്ദുല്‍ മുത്വലിബിന്റെ ഒട്ടകങ്ങളായിരുന്നു . അവരവയെ  പിടികൂടി. 
അല്പം കൂടി മുന്നോട്ട് സഞ്ചരിച്ച് അവര്‍ മക്കയുടെ അടുത്ത് തമ്പടിച്ചു. അബ്രഹത്ത്  ഒരു ദൂതനെ മക്കയിലേക്കയച്ചു. 
"അബ്രഹത്ത് വരുന്നത് ഒരു യുദ്ധം ചെയ്യാനല്ല. ഞങ്ങള്‍ക്ക് കഅബ പൊളിക്കണം. ആരെങ്കിലും യുദ്ധം ചെയ്യാന്‍ വന്നാല്‍ ഞങ്ങൾയുദ്ധത്തിനും തയ്യാറാണ്. സൈന്യത്തിന് മക്കയില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ തടസ്സം നില്‍ക്കരുത്. സമ്മതമാണെങ്കില്‍ താങ്കളെ കാണണമെന്ന് അബ്രഹത്തിന് താല്പര്യമുണ്ട് " -അബ്ദുല്‍ മുത്തലിബിന്റെ അടുത്തെത്തിയ  ദൂതന്‍ അറിയിച്ചു. 
അബ്ദുല്‍ മുത്തലിബ് കഅബക്ക് നേരെ വിരല്‍ ചൂണ്ടി ഭയലേശമന്യേ പ്രതിവചിച്ചു.
"ഇത് അല്ലാഹുവിന്റെ ഭവനമാണ്, അവന്റെ സ്നേഹിതനായ ഇബ്രഹിമിന്റെയും.  തീര്‍ച്ചയായും കഅബക്ക് ഒരു രക്ഷിതാവുണ്ട്. കഅബയെ അവന്‍ സംരക്ഷിച്ചു കൊള്ളും" - അബ്ദുൽ മുത്വലിബിന്റെ വിശ്വാസവും ധൈര്യവും ദൂതനെ അൽഭുതപ്പെടുത്തിയിരിക്കണം.
 അബ്രഹത്ത് വരുന്നത് ഒരു വമ്പന്‍ സൈന്യവുമായാണ്. ഒരിക്കലും മക്കക്കാര്‍ക്ക് അവരെ എതിര്‍ക്കാന്‍ കഴിയില്ല. മക്കയിലെ കാരണവരും അവരുടെ നേതാവുമായിരുന്ന അദ്ദേഹം ജനങ്ങളോടായി പറഞ്ഞു. " ആരും അബ്രഹത്തിന്റെ സൈന്യവുമായി ഏറ്റുമുട്ടാന്‍ തുനിയരുത്. എല്ലാവരും മക്ക വിട്ടു അടുത്തുള്ള സ്ഥലങ്ങളില്‍ ചെന്ന് തമ്പടിക്കുക."
ജനങ്ങളെല്ലാവരും മക്ക വിട്ടു പോയി. അദ്ദേഹം കഅബയുടെ ഖില്ലയില്‍ മുറുക്കെ പിടിച്ചു. കണ്ഠമിടരി കൊണ്ട് പറഞ്ഞു." കഅബയുടെ നാഥാ, ഓരോരുത്തരും അവരവരുടെ വീടുകള്‍ സംരക്ഷിക്കുന്നുണ്ട്. ഇത് നിന്റെ വീടാണ്.  അതു കൊണ്ടു ക‌അബയെ നീ തന്നെ സംരക്ഷിക്കുക"
അബ്ദുല്‍ മുത്വലിബിന്റെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ ഒരു നിമിശത്തേക്കെങ്കിലും ഇടറി. അദ്ദേഹം അബ്രഹത്തിന്റെ ദൂതനോടൊപ്പം തിരിച്ചു നടന്നു...
ദൂതന്റെ കൂടെ അബ്ദുല്‍ മുത്വലിബും അബ്രഹത്തിന്റെ കൂടാരത്തിലേക്കു പ്രവേശിച്ചു. 
രാജധാനിയില്‍ അബ്രഹത്ത് ഇരിക്കുന്നുണ്ട്‌. ഗൌരവ പ്രകൃതനായ അബ്ദുല്‍ മുത്വലിബിനെ   കണ്ടതും  അയാള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുനേറ്റു അദ്ധേഹത്തെ ബഹുമാനിക്കുകയും കൂടെ ഇരുത്തുകയും ചെയ്തു.  
തന്റെ വരവിന്റെ ഉദ്ദേശവും മറ്റും അയാള്‍ അബ്ദുല്‍ മുത്വലിബിനെ അറിയിച്ചു. അദ്ദേഹം എല്ലാം തികഞ്ഞ ശാന്തതയോടെ കേട്ടു. അവസാനം അബ്രഹത്ത് വിവര്ത്തകനോട് പറഞ്ഞു." അദ്ദേഹത്തിന് വല്ല ആവശ്യവുമുണ്ടെങ്കില്‍ പറയാന്‍ പറയൂ"
"എന്റെ ഇരുനൂറു ഒട്ടകങ്ങളെ നിങ്ങളുടെ സൈന്യം പിടിച്ചു വെച്ചിട്ടുണ്ട്. അവയെ എനിക്ക് തിരിച്ചു തരാന്‍ അയാളോട് പറയൂ. " - അബ്ദുല്‍ മുത്വലിബ് മറുപടി പറഞ്ഞു.
അബ്രഹത്ത് അബ്ദുല്‍ മുതലിബിനെ സൂക്ഷിച്ചു  നോക്കി. അയാള്‍ പറഞ്ഞു." ഞാന്‍ താങ്കളെ ആദ്യം കണ്ടപ്പോള്‍ എനിക്ക് നിങ്ങളോട് ബഹുമാനംവും ആദരവും തോന്നിയിരുന്നു. പക്ഷെ സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് അതെല്ലാം നഷ്ടപെട്ടു. നിങ്ങള്‍ നിങ്ങളുടെ ഒട്ടകങ്ങളെ തിരിച്ചു താരാനാണോ ആവശ്യപ്പെടുന്നത്. താങ്കളും മുന്ഗാമികളും പരിശുദ്ധമായി കരുതിപ്പോന്ന ഭവനം ഉപേക്ഷിച്ചു കളയുകയാണോ?"
അബ്ദുല്‍ മുത്വലിബ്, അബ്രഹത്തിന്റെ കണ്ണുകളിലേക്കു തന്നെ നോക്കി.
 " നിങ്ങള്‍ പിടിച്ചു വെച്ച  ഒട്ടകങ്ങളുടെ ഉടമസ്ഥന്‍ ഞാനാണ്‌. കഅബയുടെ നാഥന്‍ അല്ലാഹുവും. അത് നില നിര്‍ത്താനാണ് അവന്റെ തീരുമാനമെങ്കില്‍ ഒരു ശക്തിക്കും അത് തകര്‍ക്കാന്‍ കഴിയുകയില്ല. അല്ലാഹുവിന്റെ ഭവനം  അവന്‍ തന്നെ  കാത്തു കൊള്ളും"
" ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല" -അബ്രഹത്ത് പുച്ഛത്തോടെ പറഞ്ഞു.
" കാണാം "- വിശ്വാസം സ്ഫുരിക്കുന്ന സ്വരത്തില്‍  അബ്ദുല്‍ മുത്തലിബ് പറഞ്ഞു. 
കാണാം......

അടുത്ത ദിവസം 
അബ്രഹത്തിന്റെ സൈന്യം കഅബയെ ലക്ഷ്യമാക്കി നീങ്ങി. ഖുറൈഷികളും മക്ക നിവാസികളും അടുത്തുള്ള മലകളില്‍ നിലയുറപ്പിച്ചു. എന്ത് സംഭവിക്കുമെന്ന ഭയത്താല്‍ എല്ലാവരും നോക്കി നില്‍ക്കുകയാണ്. എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍...
സൈന്യത്തിനു മുന്നിൽ അബ്രഹത്ത് ഒരു വെള്ള ആനയുടെ പുറത്തു ഏറ്റവും മുന്നില്‍ തന്നെ. ഏകദേശം കഅബയുടെ അടുത്തെത്തിയതും ആ അത്ഭുതം സംഭവിച്ചു, അന ഒരടി പോലും മുന്നോട്ടു നടക്കാന്‍ കൂട്ടാക്കുന്നില്ല.. ആനയുടെ പാപ്പാന്‍ പഠിച്ച പണിയൊക്കെ നോക്കിയിട്ടുംആന അനങ്ങിയില്ല. അത് മുട്ട് കുത്തി ഇരുന്നു.
ഈ സമയം അള്ളാഹു തആല അബാബീല്‍ പക്ഷികളെ അയച്ചു. അവയുടെ ചുണ്ടുകളില്‍ നരകത്തില്‍ ഇട്ടു ചുട്ടു പഴുപ്പിച്ച കല്ലുകലളുമുണ്ടായിരുന്നു. അവ അബ്രഹത്തിന്റെ സൈന്യത്തെ എറിയാന്‍ തുടങ്ങി. സൈന്യം ചിന്നി ചിതറി ഓടി. കണ്ടു നിന്നവര്‍ അമ്പരന്നു... അവര്‍ സന്തോശത്താല്‍ കഅബയുടെ രക്ഷിതാവിനെ സ്തുതിച്ചു.... 
"അപ്പൊ അബ്രഹത്തോ?"- ഹിശാമിന് സംശയം ചോതിക്കതിരിക്കാനായില്ല. 
ഉപ്പാപ്പ അവന്റെ കവിളിൽ മെല്ലെ ഒന്നു നുള്ളി
"അവന്റെ തലയിലും ഒരു കല്ല്‌ വീണു. അവർ തിരിച്ചു യമനിലേക്കു തന്നെ പോവുമ്പോൾ അവന്റെ ശരീരത്തിൽ നിന്നും ഇറച്ചിയും രക്തവും ഊർന്നു വീഴുന്നുണ്ടായിരുന്നു . അധികം വൈകാതെ അവറ്  തിരിച്ചു ബസ്വറയില്‍ എത്തിയപ്പോള്‍, അവിടെ വെച്ചു അവന്‍ മരണപ്പെടുകയും ച്ചെയ്തു" -വല്യുപ്പ ഒന്ന് നിര്‍ത്തി. 
"നീ 'സൂറത്തുല്‍ ഫീല്‍"  പഠിച്ചിട്ടില്ലേ?. അതൊന്നു ചൊല്ലിക്കെ" - ഹിശാം ഓതിത്തുടങ്ങി.
“അലം തറ കൈഫ  ...............”
" അനക്കാരെ കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ.
അവരുടെ തന്ത്രം അവന്‍ പിഴവാക്കിയില്ലേ.
കൂട്ടം കൂട്ടമായിട്ടുള്ള പക്ഷികളെ അവന്‍ അവരുടെ നേര്‍ക്ക്‌ അയക്കുകയും ചെയ്തു. 
ചുട്ടു പഴുപ്പിച്ച കളിമണ്‍ കല്ലുകള്‍ കൊണ്ട് എറിയുന്നതായ. 
അങ്ങനെ  അവരെ അവന്‍ തിന്നൊടുക്കിയ വൈക്കോല്‍ തുരുമ്പു പോലെയാക്കി " 
* വെള്ളിയാഴ്ച്ച രാവിലോ പകലോ സൂറത്തുൽ കഹഫ് ഓതൽ പ്രത്യേകം സുന്നത്താണ്.

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment