വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Wednesday, June 20, 2012

ഖദീജ ബീവി (റ) യെ വിവാഹം കഴിക്കുന്നു

കട്ടിലിന്റെ ഒരു ഭാഗത്ത്‌ തലയിണ അല്പം കയറ്റി വെച്ച് മറ്റേമ്മ ചാരു കസേരയിലെന്ന പോലെ കാലുകള്‍ നീട്ടി വെച്ച് ഇരുന്നു. ഹിഷാം പാഠഭാഗങ്ങള്‍ എഴുതുന്നതും നോക്കി ഒരു ചെറു പുഞ്ചിരിയോടെ അവന്റെ മുഖത്തേക്കും പുസ്തകത്തിലേക്കും മാറി മാറി നോക്കി കൊണ്ടിരുന്നു. ചുണ്ടുകളിലെ തഹ്ലീലിനും തസ്ബീഹിനുമൊപ്പം കയ്യിലെ തസ്ബീഹു മാലയിലെ മുത്തുകള്‍ ചൂണ്ടു വിരല്‍ കൊണ്ട് മെല്ലെ മറിച്  കൊണ്ടിരിക്കുകയാണ്.
"കുഞ്ഞോന്‍ എഴുതി കഴിയാനായോ ?"
ഹിഷാം മെല്ലെ ചെരിഞ്ഞു കിടന്നു മറ്റെമ്മയെ തിരിഞ്ഞു നോക്കി.
"ആ, ഇപ്പൊ കഴീം. കുറച്ചും കൂട്യേ ഉള്ളൂ"
വല്യുപ്പ വന്നു മറ്റെമ്മായുടെ കട്ടിലിന്റെ മറു തലക്കല്‍ ഇരുന്ന്‍ പുസ്തകമെടുത്തു വായിച്ചു കൊടുക്കാന്‍ തുടങ്ങി. വല്യുപ വായിക്കുന്നത് കേട്ട് അവന്‍ നോട്ടു പുസ്തകത്തില്‍ അത് പകര്‍ത്തിയെഴുതി തുടങ്ങി.
മറ്റേമ്മ ഒന്ന് കൂടി കയറി ഇരുന്നു. കാലിലെ വേദനക്കിപ്പോ നല്ല ആശ്വാസമുണ്ട്. ഇറങ്ങി നടക്കാനും ചെറിയ ചെറിയ പണികള്‍ ചെയ്യാനും പറ്റും.
ഹിഷാം പുസ്തകങ്ങള്‍ ഓരോന്നെടുത്തു ബാഗിലേക്കു വെച്ചു. പേനയും പെന്‍സിലും ചെറിയ പെട്ടിയിലാക്കി അതും ബാഗിനകത്തു വെച്ചു.
"പ്പാപ്പാ, ഞാനിത് കൊണ്ട് വെച്ചു ഇപ്പോ വരാം"
"അമ്മായിനീം വല്യുമാനീം വിളിക്ക്" - ബാഗുമെടുത്ത്‌ പോവുമ്പോള്‍ വല്യുപ്പ ഹിശാമിനോടായി പറഞ്ഞു.
"ഇനി പറയാനുള്ളത് നബി (സ്വ) ശാമില്‍ നിന്നും തിരിച്ചു വരുന്നതാ അല്ലെ" - അതെ എന്ന അര്‍ത്ഥത്തില്‍ മെല്ലെ തല കുലുക്കി ഹിഷാം വല്യുപ്പയുടെ മടിയിലേക്ക്‌  നിരങ്ങി കയറി ഇരുന്നു.
നബി (സ്വ) യും മൈസറും തങ്ങളുടെ ചരക്കുകളുമായി ശാമിലെത്തി.
ഉദ്ദേശിച്ചതിലും വേഗത്തില്‍ ചരക്കുകള്‍ വിറ്റഴിക്കാനവര്‍ക്കായി. ഇത് മൈസറിനു നബി (സ്വ) യൂടുള്ള മതിപ്പ് കൂടാന്‍ കാരണമായി.ശാമിലെ വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും ഖദീജ വാങ്ങി വരാന്‍ ആവശ്യപ്പെട്ട മുഴുവന്‍ വസ്ത്തുക്കളും വാങ്ങി അവര്‍ പെട്ടെന്ന് തന്നെ മടങ്ങി, പ്രവാചകന്റെ (സ്വ) സ്വഭാവ ശുദ്ധിയും ആളുകളുമായുള്ള പെരുമാറ്റവും മൈസരക്ക് അവിടത്ത്തോടെ ബഹുമാനം കൂടാന്‍ കാരണമായി
മേഘപാളികള്‍ തണല്‍ വിരിച്ച പാതയില്‍, മരക്കൊമ്പുകള്‍ തല താഴ്ത്തി നിന്നപ്പോള്‍ പ്രവാചകനും (സ്വ) ഒട്ടക കടിഞ്ഞാണില്‍ മുറുകെ പിടിച്ച് മൈസറയും മക്കയെ ലക്ഷ്യമാക്കി നടന്നു നീങ്ങി.....
മൈസറക്ക് ഖദീജ ബീവിയുടെ വീട്ടിലെത്താന്‍ ദൃതി കൂടി കൂടി വന്നു....അദ്ദേഹം പ്രവാച്ചകര്‍(സ്വ)ക്കൊപ്പം വേഗത്തില്‍ നടന്നു .... ചൂട് പിടിച്ച് പരന്ന്‍  കിടക്കുന്ന മണല്‍ തരികള്‍ അവരുടെ കാല്‍ പാദങ്ങള്‍ക്കടിയില്‍ കിടന്നു പുളകം കൊണ്ടു  ....ഒട്ടകത്തിന്റെ കയര്‍ വലിച്ചു പിടിച്ചു അവയ്ക്കൊപ്പം നടന്നു നീങ്ങി ,.....
മക്കയുടെ അടുത്ത് മറുദറ്രാന്‍ എന്ന സ്ഥലത്തെത്തിയതോടെ മൈസരക്ക് തന്റെ ആവേശം അടക്കാനായില്ല. ഒട്ടകത്തിന്റെ മൂക്കുകയര്‍ മുറുകെ പിടിച്ചു അദ്ദേഹം വേഗത്തില്‍ നടന്നു പ്രവാചകരുടെ (സ്വ) അടുത്തെത്തി
"മുഹമ്മദ്‌, നീ വേഗം ചെന്ന് ഖദീജയോടു സന്തോഷ വാര്‍ത്ത അറിയിക്കൂ. അവര്‍ക്ക് വളരെ സന്തോഷമാവും. അവര്‍ നിനക്ക് എന്തെങ്കിലും സമ്മാനം തരാതിരിക്കില്ല"
കണ്ണുകളില്‍ ആവേശവും ചുണ്ടുകളില്‍ പുഞ്ചിരിയും വിരിയിച്ച് മൈസര മൈസര നബി(സ്വ) യോട് പറഞ്ഞു.
........... മക്കയില്‍, ഖദീജ ബീവിയുടെ വീടിനടുത്തെത്തുമ്പോള്‍ സമയം വൈകുന്നേരം ആയിരുന്നു. മരുഭൂമിയുടെ അങ്ങേ തലയില്‍ മുഹമ്മദും ഒട്ടക കൂട്ടങ്ങളും ഒഴുകി ഒഴുകി വരുന്നത് മട്ടുപ്പാവില്‍ നിന്നിരുന്ന ഖദീജ കണ്ടു. മുഹമ്മദി (സ്വ)നെയും സംഘത്തെയും സ്വീകരിക്കാന്‍ അവര്‍ താഴെ ഇറങ്ങി വന്നു.
ശമിലെക്കുള്ള യാത്രയെ കുറിച്ചും അവിടെത്തെ കച്ചവടത്തെ കുറിച്ചും അവര്‍ക്ക് ലഭിച്ച ലാഭത്തെ പറ്റിയും തന്റെ തനിമയാര്‍ന്ന പതിയ ശബ്ദത്തില്‍ അവിടുന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍ ഖദീജ മുഖത്ത് നിന്നും കണ്ണെടുക്കാതെ നബി (സ്വ) യെ തന്നെ നോക്കി നിന്നു ....
കച്ചവട ശേഷം അവര്‍ വാങ്ങാന്‍ ഏല്‍പ്പിച്ച വസ്തുക്കള്‍ അവര്‍ക്ക് കാണിച്ചു കൊടുത്തു....
അല്പം കഴിഞ്ഞാണ് മൈസറ  അവിടെ എത്തുന്നത് . ശമിലെക്കുള്ള യാത്രയും യാത്രയിലെ അത്ഭുത സംഭവങ്ങളും മുഹമ്മദി صلى الله عليه وسلم ന്റെ കച്ചവടത്തിലെ മിടുക്കും ആളുകളോടുള്ള പെരുമാറ്റവും ..... എല്ലാം വിശദീകരിക്കുമ്പോള്‍ മൈസരക്ക് ആയിരം നാവായിരുന്നു. ഖദീജ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ കേട്ട് നിന്നു.
ഖദീജ ബീവിക്ക് മുഹമ്മദ്صلى الله عليه وسلم യോടുള്ള മതിപ്പ് കൂടി കൂടി വന്നു.അവിടുത്തെ സ്വഭാവ മഹിമയും ശബ്ദവും പെരുമാറ്റവും ഖദീജയെ വല്ലാതെ ആകര്‍ഷിച്ചു.മൈസര നല്‍കിയ വിശദീകരണം കൂടി ആയപ്പോള്‍ അത് വീണ്ടും വീണ്ടും കൂടി വന്നു.
മക്കയിലെ ഉയര്‍ന്ന കുലജാതരാണ് അവര്‍ . പല ഖുറൈഷി പ്രമുഖരുടെയും വിവാഹാഭ്യര്‍ഥന നിരസിച്ചവരാണവര്‍ ....പക്ഷെ മുഹമ്മദ്‌ صلى الله عليه وسلم നോടുള്ള അവരടെ മതിപ്പ് സ്നേഹമായി മാറാന്‍ ആധികം കാലം വേണ്ടി വന്നില്ല.
നല്പതിലെത്തിയ അവര്‍ മുഹമ്മദ്  صلى الله عليه وسلم നോടുള്ള തന്റെ സ്നേഹവും വിവാഹം കഴിക്കാനുള്ള ആഗ്രഹവും പ്രിയ കൂട്ടുകാരി നുഫൈസ ബിന്ത് മുന്‍യയോട് തുറന്നു പറയാനും  മടി കാണിച്ചില്ല..
വിവാഹ അന്വേഷണവുമായി നുഫൈസ  മുഹമ്മദി صلى الله عليه وسلم ന്റെ അടുത്തെത്തി.
അവര്‍ ഖദീജയുടെ സ്ഥാനമാനങ്ങളെ കുറിച്ചും അവര്‍ക്ക് സമൂഹത്തില്‍ ഉള്ള മതിപ്പും സാമ്പത്തിക സ്ഥിതിയും എല്ലാം പറഞ്ഞു മനസ്സിലാക്കി.
"വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതിനു നിങ്ങള്‍ക്കെന്താണ് തടസ്സം"
തനതായ ശൈലിയില്‍ മുഹമ്മദ്‌صلى الله عليه وسلم തന്റെയും തന്റെ കുടുംബത്തിന്റെയും അപ്പോഴത്തെ സ്ഥിതിയും സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും നുഫൈസയെ  പറഞ്ഞു മനസ്സിലാക്കി.
"നിങ്ങള്‍ അത് കൊണ്ടൊന്നും പേടിക്കേണ്ട അതൊക്കെ ഖദീജ നോക്കി കൊള്ളും"
 നുഫൈസയുടെ  വാക്കുകള്‍ക്കു മുന്നില്‍ അവിടുന്ന് കല്യാണത്തിന് സമ്മതംഅറിയിച്ചു.
ഖദീജ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി . മുഹമ്മദ്‌ صلى الله عليه وسلم യും പിതൃവ്യന്‍ അബുത്വാലിബും ഖദീജ ബീവിയുടെ വീട്ടിലെത്തി. ഫിജ്ജാര്‍ യുദ്ധത്തിനു മുമ്പ് തന്നെ ഖദീജ ബീവിയുടെ പിതാവ് ഖുവൈലിദ്  മരണപ്പെട്ട്ടതിനാല്‍ ഖദീജ ബീവിക്ക് വേണ്ട സൌകര്യങ്ങള്‍ എല്ലാം ചെയ്തു കൊടുത്തത് പിതൃവ്യന്‍  അമ്ര്‍  ബിന്‍ അസദ്  ആയിരുന്നു.
ആകാശത്ത് മാലാഖമാര്‍ ആനന്ദാശ്രു പൊഴിച്ചു. ഈത്തപ്പനയോലകള്‍ നിര്‍ത്തം വെച്ചു. ഖദീജ ബീവി നബി صلى الله عليه وسلم യുടെ പ്രിയതമയായി.
വിവാഹം വളരെ ഗംഭീരമായി തന്നെ നടത്താന്‍ ഖദീജ ബീവി ശ്രദ്ധിച്ചു.
ഇത് പ്രവാചക صلى الله عليه وسلمജീവിതത്തിലെ ഒരുവഴിത്തിരിവായിരുന്നു . ഭാര്യയും മക്കളും അടങ്ങുന്ന അവിടുത്തെ കുടുംബ ജീവിതം .....
കണ്ണുകളില്‍ ആകാംഷ നിറച്ച് ഹിഷാം വല്യുപ്പയുടെ കണ്ണുകളിലേക്കു തന്നെ നോക്കി ഇരിക്കുകയാണ്...; ചരിത്രത്തിന്റെ ഏടുകള്‍ ഓരോന്നായി മറിഞ്ഞു വരുമ്പോഴും അവന്റെ ആകാംഷ വര്‍ദ്ധിച്ചു കൊണ്ടിരുന്നു.
"ഇന്ന് ഇത്രേം മതി കുഞ്ഞോനു  നാളെ മദ്രസ ഉള്ളതല്ലേ. നമ്മള്‍ ഇനില്യും പറഞ്ഞിരുന്നാല്‍ നേരം വൈകും. ബാക്കി പ്പാപ്പ നാളെ പറഞ്ഞു തരാം." - മടിയില്‍ നിന്നും ഹിശാമിനെ മെല്ലെ എടുത്തുയര്‍ത്തി വല്യുപ്പ എഴുനേല്‍ക്കാന്‍ തുനിഞ്ഞു. അമ്മായി സ്വാബിര വന്നു അവനെ എണീപ്പിച്ച്  അവനെയും എടുത്തു മെല്ലെ അടുക്കളയിലേക്കു നടന്നു.
"അല്‍ഹംദു  ലില്ലാഹ് ......"
കണ്ണുകളില്‍ സന്തോഷവും അത്ഭുതവും നിറച്ച്  മറ്റേമ്മ മെല്ലെ തസ്ബീഹിന്റെ ലോകത്തേക്ക് നീങ്ങി.
(തുടരും) 

Friday, January 13, 2012

AD 595 നബി (സ്വ) വീണ്ടും ശാമിലേക്ക്

ഖുറൈഷികള്‍ക്കും അറബികള്‍ക്കുമിടയില്‍ നബി (സ്വ) തങ്ങള്‍ വിശ്വസ്തനും  സല്സ്വഭാവിയുമായി അറിയപ്പെടാന്‍ തുടങ്ങി.അറബികള്‍ നബി  (സ്വ) യെ അല്‍ അമീന്‍ എന്ന് വിളിച്ചു തുടങ്ങി.സമകാലികരേക്കാള്‍ കാര്യങ്ങള്‍ ഗ്രഹിക്കാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാനും നബി (സ്വ) ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയായിരുന്നു.അല്‍ അമീന്‍ അറബികള്‍ക്കിടയില്‍ സ്വീകാര്യനാവാന്‍ അതും ആക്കം കൂട്ടി.   സമകാലികരോടൊപ്പം കൂട്ട് കൂടാനോ കളിചിരികളില്‍ പങ്കെടുക്കാനോ നബി (സ്വ) താല്പര്യം കാട്ടിയില്ല. പില്‍കാലത്ത് നബി (സ്വ) യുടെ മുഖ്യ ശത്രുവായി മാറിയ അബൂ ജഹല്‍ പോലും നബിയെ വിശ്വസ്തന്‍ ' അല്‍ അമീന്‍' എന്ന് വിളിച്ചു പോന്നു. ഖുറൈശികള്‍ക്കിടയില്‍ സുസമ്മതനായിതീര്‍ന്ന നബിയെ അവര്‍ അമാനത് സ്വത്തുകള്‍ ഏല്‍പ്പിക്കുകയും അവരുടെ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സമീപിക്കുകയും ചെയ്തിരുന്നു........

വല്ല്യുപ്പ ചരിത്ര സംഭവങ്ങളിലേക്ക് മെല്ലെ കടന്നു കയറുകയാണ്.  ഹിഷാമിന്റെ അമ്മായി ഫസീലയും കുട്ടികളും വിരുന്നു വന്ന ദിവസമാണ്. ഇന്ന് നസ്വീഹും അബ്ദുല്‍ മുഹ്സിനും കൂടിയുണ്ട് കഥ കേള്‍ക്കാന്‍ ഉപ്പാപയുടെ മടിയില്‍ ഇന്ന് മുഹ്സിന്‍ സ്ഥാനം പിടിച്ചിരിക്കുന്നു. നസീഹിന്റെ തോളില്‍ കയ്യിട്ടു ഹിഷമും നസ്വീഹും ഒരു കസേരയില്‍ കയറിയിരുന്നു. ഇടയ്ക്കു മുഹ്സിന്‍ ഉപ്പാപ്പയുടെ താടിയില്‍ പിടിച്ചു വലിച്ചപ്പോള്‍ ഉപ്പാപ്പ ചെറുതായി ഒന്ന് ചിരിച്ചു.
"ഉപ്പാപ്പാ പറ, ന്നിട്ട്?"- ഇന്ന് നസ്വീഹിനാണ് ദ്ര്യിതി. ഉപ്പാപ്പ കഥ പറയാന്‍ തുടങ്ങി. 

മക്കയില്‍ അറിയപ്പെട്ട വ്യാപാരിയായിരുന്നു ഖദീജ (റ). അവര്‍ ആളുകളെ വാടകക്കെടുത്തു അവരുടെ കയ്യില്‍ കച്ചവടത്തിന്നായി സാധനഗ്നല്‍ കൊടുത്തയക്കുക പതിവായിരുന്നു. മക്കയിലെ വലിയ സമ്പന്ന ഗോത്രമായ സഅദ് ഗോത്രത്തില്‍ ജനിച്ചതും മഖ്സൂം ഗോത്രതിലേക്ക് രണ്ടു തവണ കല്യാണം കഴിച്ചയച്ചതും കാരണം അവര്‍ കണക്കില്ലാത്ത സ്വത്തിനു ഉടമയായി തീര്‍ന്നു.
സാമ്പത്തികമായി വളരെ താഴ്ന്ന സ്ഥിതിയായിരുന്നു അബൂ ത്വാലിബിന്റെത്. ഇക്കാരണത്താല്‍ തന്നെ ആട് മേക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന ഒരു തൊഴിലിലേക്ക് സഹോദര പുത്രനായ മുഹമ്മദ്‌ (സ്വ) യെ പറഞ്ഞയക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. 
അക്കാലത്ത് ഖദീജ (റ) ഒരു കച്ചവട സംഘത്തെ ശാമിലേക്ക് അയക്കാന്‍ തയ്യാറെടുക്കുന്നതായി അദ്ദേഹം അറിയാനിടയായി. 
മുഹമ്മദ്‌ നബി (സ്വ) യുടെ അടുത്ത് വന്ന അബൂ ത്വാലിബ്‌ പറഞ്ഞു. " മകനെ, ഞാനൊരു ദരിദ്രനാണ്. കാലം നമുക്കെതിരും. ഖദീജ (റ) ശാമിലേക്ക് കച്ചവടത്തിന് ആളെ അയക്കാന്‍ ഒരുങ്ങുന്നു എന്ന് ഞാന്‍ അറിയുന്നു. രണ്ടൊട്ടകമാണ് പ്രതിഫലം പറയുന്നത്. ഞാന്‍ അവരുമായി സംസാരിക്കട്ടെയോ?"
" എല്ലാം അങ്ങയുടെ ഇഷ്ടം പോലെ"- വളരെ ശാന്തതയോടെ നബി (സ്വ) പ്രതിവചിച്ചു. 
"ഖദീജാ നിന്റെ വ്യാപാരത്തിന് മുഹമ്മദിനെ (സ്വ) ഞാന്‍ ഏര്‍പ്പാടാക്കി തരാം. രണ്ടു ഒട്ടകമാണ് നിങ്ങള്‍ പ്രതിഫലം പറഞ്ഞതെന്ന് കേട്ടു. പക്ഷെ, മുഹമ്മദിന് നാലൊട്ടകമെങ്കിലും തരണം"- അബൂ ത്വാലിബ്‌ ഖദീജ (റ) അടുക്കല്‍ വന്നു സംസാരിച്ചു. 
"നിങ്ങള്‍ നിങ്ങളുടെ ഒരകന്ന കൊള്ളരുതാതവന് വേണ്ടിയാണ് ഈ പറഞ്ഞതെങ്കിലും ഞാന്‍ സമ്മതിക്കുമായിരുന്നു. നിങ്ങളുടെ ഒരടുത്ത ബന്ധുവിന് വേണ്ടിയാകുമ്പോ പിന്നെ പ്രശ്നമെന്ത്? " - ഖദീജ (റ) ബീവിയുടെ അബൂ ത്വാലിബിനോടുള്ള ബഹുമാനവും വിശ്വാസവും മുഹമ്മദ്‌ നബി (സ്വ) യെ കച്ചവടക്കാരനായി കിട്ടിയതിലുള്ള സന്തോഷവും ആ വാക്കുകളില്‍ കാണാമായിരുന്നു. 
"ഇത് അല്ലാഹു നിനക്ക് നല്‍കിയ അനുഗ്രഹമാണ്" -നബിയുടെ തോളില്‍ തലോടുമ്പോള്‍ അബൂ ത്വാലിബിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. 
ഖദീജ (റ) യുടെ അടിമ മൈസരയായിരുന്നു നബി (സ്വ) യുടെ സഹായി. കച്ചവട സാധനങ്ങളുമായി അവര്‍ ശാം ലക്ഷ്യമാക്കി നീങ്ങി. വാദില്‍ ഖുറാ, മദ് യന്‍, സമൂദ്, തുടങ്ങിയ സ്ഥലങ്ങലൂടെ ആ സാര്‍ത്ഥ വാഹക സംഘം ശാം ലക്ഷ്യമാക്കി നടന്നു നീങ്ങി. പിന്നിടുന്ന ഓരോ വഴികളും,  അബൂ ത്വാലിബിനോടൊപ്പം ചെറുപ്പത്തില്‍ ശാമിലേക്ക് വന്നപ്പോഴുണ്ടായ സംഭവങ്ങള്‍ ഒരു പക്ഷെ പ്രവാചകന്‍ (സ്വ) ഓര്‍മ്മിചെടുതിരിക്കണം. 
പരന്നു വിശാലമായി കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന മരുഭൂമിയില്‍ ഒട്ടകങ്ങളുടെ കാല്‍ പെരുമാറ്റങ്ങളും സീല്കാരങ്ങളും അലിഞ്ഞലിഞ്ഞില്ലാതായി. ഈത്തപ്പനയോലകളില്‍ കുഞ്ഞിളം കാറ്റുകള്‍ രാഗസുധ തീര്‍ത്തു.... ഇളം തെന്നലില്‍ ഈന്തപനയോലകള്‍ നൃത്തം വെച്ചു ....
പ്രവാച്ചകര്‍ക്കൊപ്പം മൈസറും ഒട്ടക കൂട്ടങ്ങല്‍ക്കൊപ്പം ശാം  ലക്ഷ്യമാക്കി പതിയെ പതിയെ നടന്നു നീങ്ങി .....

Tuesday, December 20, 2011

ഹില്ഫുല്‍ ഫുളൂല്‍

മറ്റേമ്മ ഊന്നു വടിയുടെ സഹായത്തോടെ മെല്ലെ എണീറ്റ്‌ നടക്കാന്‍ ശ്രമിക്കുകയാണ്. കൂടെ വല്ല്യുമ്മയും ഉപ്പാപ്പയും ഉണ്ട്. കാലുകള്‍ക്ക് വല്ലാതെ ബലം കൊടുക്കാന്‍ കഴിയുന്നില്ലെങ്കിലും കുറച്ചൊക്കെ ദൂരം നടക്കാന്‍ സാധിക്കുന്നു. 
അല്‍പ്പ നേരത്തെ നടത്തത്തിനു ശേഷം മറ്റേമ്മ കസേരയില്‍ വന്നിരുന്നു. വല്ലാതെ വേദനിക്കുന്നുണ്ടെന്നു തോന്നുന്നു. ആ മുഖത്ത് നിന്നു തന്നെ എല്ലാം വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. 
താഴെ കിടന്ന പാത്രത്തില്‍ നിന്നും ഹിഷാം കപ്പു കൊണ്ട് മെല്ലെ വെള്ളം കോരി ഒഴിച്ച് കൊടുത്തു കൊണ്ടിരുന്നു. മഗ്‌രിബ് നിസ്കാരത്തിനു സമയമായി വരുന്നു. അംഗ ശുദ്ധി വരുത്തി കട്ടിലിന്റെ ഒരു ഭാഗത്തേക്ക് മെല്ലെ കയറി ഇരിക്കുമ്പോള്‍ വല്ല്യുമ്മായെ  അവനും കുഞ്ഞിക്കൈകള്‍ കൊണ്ട്  മെല്ലെ പിടിക്കാന്‍ സഹായിച്ചു.  
പുറത്ത് ആകാശ ചെരുവില്‍ ചെഞ്ചായം വാരി വിതറി പകലോന്‍ ഒരിക്കല്‍ കൂടി എരിഞ്ഞടങ്ങുകയാണ്. അന്നം തേടിയിറങ്ങിയ കിളികള്‍ തിരിച്ചു കൂടണയാനുള്ള തന്ത്രപ്പാടിലാണ്. അവയുടെ കളകളാരവത്തിനു വെറുതെ ചെവി കൊടുത്ത് ചിന്തകളുടെ ലോകത്തേക്ക് മറ്റേമ്മ മെല്ലെ ഇറങ്ങി നടന്നു....
കട്ടിലില്‍ കാലുകള്‍ നീട്ടിയിരുന്നു മറ്റേമ്മ പതിയെ നിസ്കരിച്ചു തുടങ്ങി. അടുത്ത് തന്നെ ഹിശാമും വല്ല്യുമ്മയും നില്‍ക്കുന്നുണ്ട്. പരിമിതികള്‍ക്കിടയിലും റുകൂഉം സുജൂദും ആംഗ്യം കാണിച്ച് അവസാനം സലാം വീട്ടുമ്പോഴും  ഹിഷാം മറ്റേമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു. 
 എല്ലാവരും നിസ്കാരം കഴിഞ്ഞു മറ്റേമ്മയുടെ കട്ടിലില്‍ വന്നിരുന്നു. ഉപ്പാപ്പ  പതിവ് പോലെ ഹിശാമിനെ അടുത്ത് പിടിച്ചിരുത്തി ചരിത്രത്തിനെ താളുകള്‍ മെല്ലെ മറിച്ചു തുടങ്ങി. 

വളരെ നീണ്ട നാല് വര്‍ഷത്തെ ഹര്ബുല്‍ ഫുജ്ജാരിനു ശേഷം അറബി സമൂഹം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയായിരുന്നു. മക്കയിലും പരിസര പ്രദേശങ്ങളിലും പതിവ് പോലെ വ്യാപാരം നടന്നു വന്നു.
ഹര്ബുല്‍ ഫുജ്ജാര്‍ കഴിഞ്ഞു ഏകദേശം നാലുമാസങ്ങള്‍ കഴിഞ്ഞു. ദുല്‍ ഖഅദ് മാസം. വ്യാപാര സാധനങ്ങളുമായി യമനില്‍ നിന്നും വന്ന കച്ചവട സംഘത്തില്‍ 'സുബൈദി' ഗോത്രത്തില്‍ നിന്നുള്ള ഒരാളും ഉണ്ടായിരുന്നു.
പതിവ് പോലെ കച്ചവടം നടന്നു കൊണ്ടിരിക്കുന്നു. ആളുകള്‍ കൂട്ടംകൂട്ടമായും ഒറ്റ  തിരിഞ്ഞും ചന്തയിലേക്ക് വന്നു കൊണ്ടിരുന്നു. 
അമര്‍  ബിന്‍ ആസിന്റെയും ഹിഷാം ബിന്‍ ആസിന്റെയും (റ) പിതാവാണ് ആസ് ബിന്‍ വാഇല്‍ അസ്സഹമി.വില്ലാളി വീരനും പോക്കിരിയുമായിരുന്നു അയാള്‍. ആളുകളെ അനാവശ്യമായി ആക്രമിക്കുകയും ഉപദ്രവികുകയും അയാളുടെ വിനോദമായിരുന്നു. 
കച്ചവടം നടക്കുന്ന സ്ഥലത്തേക്ക് ആസ് ബിനു വാഇല്‍ അസ്സഹമി കടന്നു വന്നു. 
യമനില്‍ നിന്നും വന്ന ആ കച്ചവടക്കാരന്റെ അടുത്ത് വന്നു കുറച്ചു സാധനങ്ങള്‍ വാങ്ങിച്ചു. എല്ലാം  വാങ്ങി കഴിഞ്ഞപ്പോള്‍ ആസിന്റെ സ്വഭാവം മാറി. അയാള്‍ പണം കൊടുക്കാന്‍ തയ്യാറായില്ല.
പരസ്പരം കലഹിച്ചും വാഗ്വാദം കൂടിയിട്ടും ഒരു ഫലവുമുണ്ടായില്ല. ആസ് പണം കൊടുക്കാന്‍ തയ്യാറായില്ല. അവിടെ കൂടി നിന്ന ഖുറൈശികളോടും മറ്റു അറബികളോടും സഹായം അഭ്യര്‍ഥിച്ചുവെങ്കിലും  ആരും ആസ്സിനെതിരെ തിരിയാന്‍ ഒരുക്കമായിരുന്നില്ല.
കാര്യങ്ങള്‍ കൈവിട്ടു പോയി എന്നുറപ്പായപ്പോള്‍ യമനി കച്ചവടക്കാരന്‍ മസ്ജിദുല്‍ ഹറമില്‍ കഅബക്കടുത്തു കയറി നിന്നു ഒരു കവിത ചൊല്ലി.

"...ഫിഹ്ര്‍ കുടുംബമേ നിങ്ങള്‍ സഹായിക്കുക, വീടും കൂട്ടുകാരും അകന്ന
 കച്ചവട ചരക്കത്രയും മക്കയില്‍ ആയ ഈ മര്‍ദ്ദിതനെ,
ഇഹ്രാമില്‍ പ്രവേശിച്ചു   ഉമ്ര നിര്‍വ്വഹിക്കാത്ത ഈ മുടി ജഡ കുത്തിയവനെ,
കാരണം ഈ ഗൃഹം മനുഷ്യത്വമുള്ളവര്‍ക്കുള്ളതാണ്
വഞ്ചകരും   ബുദ്ധിശൂന്യരുമായ തെമ്മാടികള്‍ക്കുള്ളതല്ല..." *

  
അദ്ദേഹം കവിത ആലപിക്കുന്നതും കേട്ടാണ് നബി صلى الله عليه وسلم യുടെ എളാപ്പ, സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്തലിബ് കടന്നു വന്നത്.
" ഞാനിതാ താങ്കളുടെ വിളി കേട്ടിരിക്കുന്നു. എന്താണ് നിങ്ങളുടെ പ്രശ്നം?"
സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്തലിബിന്റെ വാക്കുകള്‍ ആ വ്യാപാരിക്ക് കുറച്ചൊന്നുമായിരിക്കില്ല ആശ്വാസം പകര്‍ന്നത്.
കൊടും വേനലില്‍ മഴ മേഘങ്ങള്‍ പ്രത്യക്ഷപെട്ട പോലെ നിരാശയുടെ ഇരുളുകള്‍ക്ക് മീതെ പ്രതീക്ഷയുടെ പുതിയ പ്രകാശ കിരണങ്ങള്‍ കാണാനായി...
വ്യാപാരി എല്ലാ വിഷയങ്ങളും സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്വലിബിന്റെ മുന്നില്‍ അവതരിപ്പിച്ചു.
" ഈ കാണിക്കുന്നത് തികച്ചും അക്രമമാണ്. ഇതൊരിക്കലും വകവെച്ചു കൊടുക്കാനാവില്ല. ഇതിന്തിരെ നാം പ്രതികരിക്കണം."-വ്യാപാരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്വലിബ് കൂടി നിന്ന ഖുരൈശികളോടായി പറഞ്ഞു.
" ശരിയാണ്,നാം ഇദ്ദേഹത്തിനു കിട്ടേണ്ട അവകാശം വാങ്ങിച്ചു കൊടുക്കണം"- അവിടേക്ക് കടന്നു വന്ന അബ്ദുള്ള ബിന്‍ ജുദ്ആന്‍ പറഞ്ഞു. അബൂബക്കര്‍ സിദ്ധീഖ് (റ) ന്‍റെ കുടുംബത്തില്‍ പെട്ട അദ്ദേഹം ദാന ധര്‍മ്മങ്ങള്‍ക്കും പരസ്പര സഹായങ്ങള്‍ക്കും പേരുകേട്ട മഹാ വ്യക്തിയായിരുന്നു. അക്കാലത്തു അറബികളില്‍ പ്രായം കൊണ്ടും പദവി കൊണ്ടും ഏറ്റവും ഉന്നതിയില്‍ നിന്നിരുന്നതും അദ്ദേഹം തന്നെയായിരുന്നു.
"കടന്നു വരൂ ഖുറൈഷി ഗോത്രത്തിലെ നേതാകളെ, അക്രമിക്കപ്പെടുന്നവരെ സഹായിക്കാനും അക്രമികളുടെ കൈക്ക് പിടിക്കാനും നമുക്കു ഒരു ഉടമ്പടി ഉണ്ടാക്കാം"
അദ്ധേഹത്തിന്റെ വാക്കുകള്‍ കേട്ട, നന്മയുടെ ഉറവകള്‍ ഇനിയും വറ്റിയിട്ടിലാത്ത ചിലര്‍ മുന്നോട്ടു വന്നു. ബനൂ ഹാഷിം ബിന്‍ അബ്ദുല്‍ മുത്വലിബ്, ഖദീജ (റ) ന്‍റെ ഗോത്രമായ ബനൂ അസദ്, നബി صلى الله عليه وسلم യുടെ എളാപ്പമാരുടെ ഗോത്രമായ ബനൂ സഹര്‍, അബ്ദുല്ലഹിബ്നു ജുദ്ആന്റെ ഗോത്രമായ തൈം  എന്നീ ഗോത്രക്കാര്‍ പങ്കെടുത്തു ഒരു ഉടമ്പടി ഉണ്ടാകാന്‍ തീരുമാനമായി.
സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്വലിബ് ഖുറൈഷി പ്രമുഖരെ അബ്ദുല്ലഹിബിന്‍ ജുദ്ആന്റെ വീട്ടില്‍ ഒരു സദ്യക്കായി ക്ഷണിച്ചു. സദ്യക്ക് ശേഷം അവര്‍ അറബികളുടെ അന്നത്തെ സ്ഥിതിയും മറ്റും വിലയിരുത്തി.
"ഇക്കാലമത്രയും ഖുരൈഷികള്‍ക്ക് നേരെ യുദ്ധം ചെയ്യാനും യുദ്ധം നിഷിദ്ധമായ മാസത്തില്‍ യുദ്ധം ചെയ്യാനും ആരും ധൈര്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. " -'ഹര്ബുല്‍ ഫുജ്ജാരിന്റെ' വിഷയം സൂചിപ്പിച്ച് ചിലര്‍ അപിപ്രായപ്പെട്ടു.
അക്രമികളെ നിരുല്‍സാഹപ്പെടുത്താനും അക്രമിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കാനും വേണ്ടി പരസ്പരം ഒരു ഉടമ്പടി ഉണ്ടാക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ അവിടെ, അബ്ദുള്ള ബിന്‍ ജുദ്ആന്റെ വീട്ടില്‍ വെച്ചു ഒരു സഖ്യത്തിന് രൂപം നല്‍കി. ഈ ഉടമ്പടിയാണ് 'ഹില്ഫുല്‍ ഫുദൂല്‍' എന്നറിയപ്പെടുന്നത്. 
ഖുറൈഷി പ്രമുഖര്‍ പങ്കെടുത്ത ഈ യോഗത്തില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബി صلى الله عليه وسلم തങ്ങളും അവിടുത്തെ എളാപ്പമാര്‍ക്കൊപ്പം പങ്കെടുത്തു. 
 ഈ സഖ്യം രൂപപ്പെട്ട ശേഷം ആദ്യമായി യമനി വ്യാപാരിയുടെ പ്രശ്നം പരിഹരിക്കപ്പെട്ടു. 
______________
* കവിത വിവര്‍ത്തനം ചെയ്തു തന്ന പ്രിയ സുഹൃത്ത്‌ നൌഫല്‍ വി എം കൊടുവള്ളിക്ക് നന്ദി.

Tuesday, March 15, 2011

AD590 അപിഷപ്ത യുദ്ധം (ഹര്ബുല്‍ ഫുജ്ജാര്‍)

ഞാന്‍ അതില്‍  (ഹര്ബുല്‍ ഫുജ്ജാര്‍) പങ്കെടുക്കുകയും എളാപ്പമാർക്കൊപ്പം അമ്പെറിയുകയും ചൈതു. ഞാല്‍  ആഗ്രഹിചു പൊവുന്നു, ഞാല്‍  അങ്ങനെ ചൈതിരുന്നില്ലെങ്കിലെന്നു.*(നബി വചനം)
മറ്റേമ്മ കട്ടിലില്‍ നിന്ന് മെല്ലെ എഴുനേറ്റു ഒരു ഭാഗത്ത്‌ ചാരിയിരുന്നു.
"ദാ, മറ്റെമ്മാ മുണ്ട്" -നിലത്തു വീണു കിടന്ന തട്ടമെടുത്തു ഹിഷാം മറ്റെമ്മാക്ക് കൊടുത്തു.
ഉമ്മേം, വല്ല്യുമ്മേം അമ്മായീം ഒക്കെ എവിടെ?"
ഹിഷാമിന്റെ കവിളില്‍ ചെറുതായി ഒന്നു നുള്ളി  തട്ടം  വാങ്ങുമ്പോള്‍ മറ്റേമ്മ ചോദിച്ചു.
"അവിടെണ്ട്, ആടിനെ പാല് കറകുന്നുണ്ട്"
പറഞ്ഞു തീർന്നതും ഉമ്മയും വല്ല്യുമ്മയും അമ്മായിയും അവിടേക്ക് വന്നു.
"ഉം, ന്താ ഒരു ചര്‍ച്ച?"- അമ്മായി ഹിശാമിനെ ചേര്‍ത്ത് പിടിച്ചു നിര്‍ത്തി.
ഉപ്പാപ്പ അവന്റെ കൈ പിടിച്ചു വലിച്ചു മടിയിലേക്ക്‌ കയറ്റി ഇരുത്തി.
"നബി (സ്വ) തങ്ങള്‍ ജാഹിലിയ്യ കാലത്ത് പങ്കെടുത്ത ഏക യുദ്ധമാണ് ഹര്ബുല്‍ ഫുജ്ജാര്‍. അന്ന് നബിക്ക് 15 വയസ്സായിരുന്നു."- ഉപ്പാപ്പ കഥ പറയാന്‍ തുടങ്ങിയപ്പോള്‍ ഹിഷാം ഒന്ന് കൂടി ചേര്‍ന്നിരുന്നു.
"അപ്പൊ,ന്താ യുദ്ധത്തിനു കാരണം"- അവന്‍ ഇടയ്ക്കു കയറി ചോദിച്ചപ്പോള്‍ ഉപ്പാപ്പ കഥ മുഴുവന്‍ പറയാമെന്നേറ്റു.

ഖുറൈശികളും ഹവാസിന്‍ ഗോത്രവും തമ്മിലാണ് ഈ യുദ്ധം നടന്നത്. ജാഹിലിയ്യ കാലം മുതല്‍ക്കു തന്നെ യുദ്ധം അനുവദനീയമല്ലാത്ത നാലു മാസങ്ങളില്‍ പെട്ട റജബ് മാസത്തിലാണ് ഈ യുദ്ധം നടക്കുന്നത് . അത് കൊണ്ടാണ് ഇതിനു 'ഹര്ബുല്‍ ഫുജ്ജാര്‍' എന്ന് പേര് വന്നത്.
യുദ്ധത്തിന്റെ കാരണം ഇതാണ്.
 പ്രവാചകര്‍ (സ്വ)യുടെ കാലത്ത് ഓരോരോ  കാലത്ത് ഓരോരോ സ്ഥലങ്ങളില്‍ വെച്ചായിരുന്നു കച്ചവടം നടന്നിരുന്നത്.  മക്കയിലെ ഏറ്റവും പ്രസിദ്ധമായ വ്യാപാര കേന്ദ്രമായിരുന്നു അക്കാലത്തു ഉക്കാദ്.ത്വാഇഫിനും  മക്കക്കും ഇടയിലുള്ള ഏറ്റവും വലിയ വ്യാപാര കേന്ദ്രം. അറബി സാഹിത്യത്തില്‍ പ്രസിദ്ധമായ ‘മുഅല്ലഖാത്‘ കവിതകള്‍ ആലപിചിരുന്നതും അറബി സാഹിത്യ മത്സരങ്ങള്‍ നടന്നിരുന്നതും ഇവിടെ വെച്ച് തന്നെയായിരുന്നു. യുദ്ധം നിഷിദ്ധമായ മാസത്തില്‍ നടക്കുന്ന ചന്തയായതിനാല്‍ നിര്‍ഭയരായി ആര്‍ക്കും ഇവടെ വന്നു വ്യാപാരവും മറ്റും നടത്താന്‍ കഴിയുമായിരുന്നു. ഇത് ഉക്കാദിനു മറ്റു വ്യാപാര കേന്ദ്രങ്ങളെക്കാള്‍ പ്രസിദ്ധി നേടിക്കൊടുത്തു.
അറബികള്‍ പ്രവാചകര്‍ യുടെ കാലത്തും ഇസ്ലാമിക കാലത്തും പവിത്രവും യുദ്ധം നിഷിദ്ധവുമായ നാലുമാസങ്ങളാണ് റജബ്, ദുല്‍ ഖഅദ്, ദുല്‍ ഹിജ്ജ, മുഹറം എന്നിവ. ഈ മാസങ്ങളില്‍ തന്നെയാണ് ഉക്കാദില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടന്നിരുന്നതും. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ദേശങ്ങളില്‍ നിന്നും അക്കാലത്തു ഇവിടെ കച്ചവട സംഘങ്ങള്‍ എത്തുക പതിവായിരുന്നു. സമ്പന്നര്‍ അടിമകളെയോ മറ്റു വിശ്വസ്തരെയോ അവരുടെ കച്ചവട വസ്തുക്കള്‍ ഏല്പിച്ചു ഉക്കാദിലെക്കയക്കുമായിരുന്നു.
‘ഹീറ‘യിലെ രാജാവായിരുന്നു ‘നുഅമാന്‍ ബിന്‍ മുന്‍ദിര്‘‍. എല്ലാവര്‍ഷവും ഉക്കാദിലേക്ക് അദ്ദേഹവും കച്ചവട  സംഘത്തെ ഉക്കാദിലേക്ക്  അയക്കുമായിരുന്നു. ഹീറയില്‍ നിന്ന് കസ്തൂരി കൊണ്ട്‌വന്നു ഉക്കാദില്‍ വില്‍ക്കുകയും തിരിച്ചു പോവുമ്പോള്‍ യമനിപട്ട്, കയര്‍, തുകല്‍ വസ്ത്രങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ തിരിച്ചു കൊണ്ട്പോവുകയുമാണ് സാധാരണയായി അവര്‍ ചെയ്തിരുന്നത്.  പതിവ് പോലെ ആ വര്‍ഷവും ഉക്കാദിലേക്ക് കച്ചവട സംഘത്തെ അയക്കാന്‍ അദ്ദേഹം ഒരുങ്ങി.കച്ചവട സാധനങ്ങളുമായി സംഘം തയ്യാറായി. ഓരോ വര്‍ഷവും ഓരോരുത്തരെ പാട്ടത്തിനെടുത് അവര്‍ വശം ചരക്കു കൊടുത്തയച്ചാണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്. 
‘കിനാന‘ ഗോത്രക്കരയായ ‘ബരാദ് ബിന്‍ ഖൈസ്‘ തന്റെ ഗോത്രമായ കിനാനക്കരികിലൂടെ കച്ചവട സംഘത്തെ മക്കയിലെത്തിക്കാമെന്നേറ്റു. എന്നാല്‍, ‘ഹവാസിന്‍‘ ഗോത്രക്കാരനായ ഉർവതുല്‍ ഹവാസിന്‍ നജദ് വഴി ഹിജാസിലൂടെ സംഘത്തെ മക്കയില്‍ എത്തിക്കാമെന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി. ഹവാസിന്‍ ഗോത്രക്കാരനായ ഉര്‍വത്തിനെയാണ് നുഅമാന്‍ കച്ചവട സംഘവുമായി മക്കയിലേക്ക് പുറപ്പെടാന്‍ തിരഞ്ഞെടുത്തത്. ഇത് ബർരാദിനെ ദേഷ്യം പിടിപ്പിച്ചു. ഉര്‍വത്തിനെ അപായപ്പെടുത്താന്‍ തന്നെ അയാള്‍ തീരുമാനിച്ചു. 
അറബികള്‍ ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന മാസമാണ് യുദ്ധം നിഷിദ്ധമായ മാസങ്ങൾ. എത്ര വലിയ സംഘട്ടനങ്ങളായാലും ഈ മാസങ്ങളില്‍ അവരത് നിര്‍ത്തി വെക്കുമായിരുന്നു. 
ഉർവത്ത് കച്ചവട സംഘവുമായി നജ്ദ് വഴി മക്കയിലേക്ക് പുറപ്പെട്ടു.
യാത്രക്കിടയില്‍ അവര്‍ 'അവാറാ' എന്ന സ്ഥലത്ത് വെള്ളം കാണുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി അവിടെ ഇറങ്ങുകയും ചെയ്തു. ആയുധങ്ങളോ മറ്റു യുദ്ധസാമഗ്രികളോ ഒന്നും തന്നെ അവരുടെ കൈവശം ഉണ്ടായിരുന്നില്ല.
യുദ്ധം നിഷിദ്ധമായ മാസം ആണെന്നൊന്നും വകവെക്കാതെ ബർരാദ് തന്റെ സൈന്യവുമായി ഉര്‍വത്തിനു നേരെ അക്രമം അഴിച്ചു വിട്ടു.
നിരായുധരായിരുന്ന ഉര്‍വത്തിനു പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്തു. കച്ചവട സാധനങ്ങള്‍ തട്ടിയെടുത്ത അവര്‍ 'ഖൈബര്‍' എന്ന സ്ഥലത്തേക്ക് ഓടിപ്പോവുകയും അവിടെ ഒളിച്ചിരിക്കുകയും ചെയ്തു.
പിന്നീട് ബർരാദ് നേരെ ഹവാസിന്‍ ഗോത്രത്തില്‍ ചെന്ന് ഗോത്ര നേതാവ് ‘ബശാല്‍ ബിന്‍ അബീ ഹാസിനു‘മായി സംസാരിച്ചു, ഉര്‍വത്തിന്റെ രക്തത്തിന് ഖുരൈശികളോട് പകരം ചോദിക്കാന്‍ ബരാദ് അവരെ പ്രേരിപ്പിച്ചു.
ഹവാസിന്‍ ഗോത്രം ഖുരിഷികളെ ആക്രമിക്കാന്‍ കോപ്പ് കൂട്ടി. വിവരം അറിഞ്ഞ ഖുരൈശികള്‍ യുദ്ധ നിരോധിത മേഘലയായ ‘ഹറമിലേ’ക്കു രക്ഷപ്പെടാന്‍ ഒരുങ്ങിയെങ്കിലും ഖുറൈശികൾ അതിനു മുമ്പ് തന്നെ പിടിക്കപ്പെട്ടു.
ഇരു വിഭാഗവും തമ്മില്‍ കനത്ത പോരാട്ടം തന്നെ നടന്നു. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ ഖുറൈഷി സൈന്യം പതിയെ പതിയെ പിന്‍വാങ്ങിക്കൊണ്ടിരുന്നു. ഹറമില്‍ പ്രവേശിച്ച ഖുരിഷികളോട്' അടുത്ത വര്‍ഷം ഇതേ മാസം ഇതേ ദിവസം ഇതേ സ്ഥലത്ത് വെച്ച്  ഇതിനു പ്രതികാരം ചെയ്യുമെന്നും' അവര്‍ പ്രഖ്യാപിച്ചു.
ഇരു വിഭാഗവും യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. അടുത്തുള്ള ഗോത്രങ്ങളിലെക്കും ഖബീലകളിലെക്കും ഇരു കൂട്ടരും  ദൂതന്മാരെ പറഞ്ഞയച്ചു. പരസ്പരം സന്ധി ചെയ്തും ഉടമ്പടികള്‍ ഉണ്ടാക്കിയും അവര്‍ സൈന്യബലം കൂട്ടി. ആവശ്യമായ യുദ്ധ സാമഗ്രികളും കുതിരകളെയും സംഘടിപ്പിച്ചു. 
ഇരു സൈന്യവും മുഖാമുഖം നിന്ന് പോരാടി. ഹര്‍ബ് ബ്നു ഉമയ്യയായിരുന്നു കിനാന ഗോത്രത്തിന്റെ പടത്തലവന്‍. നാലു വര്ഷം നീണ്ടു നിന്ന യുദ്ധത്തില്‍ ഇരു ഭാഗത്ത്‌ നിന്നും നിരവധി ആളുകള്‍ പിടഞ്ഞു വീണു. ഒടുവില്‍ അവര്‍ പരസ്പരം സന്ധി ചെയ്തു യുദ്ധം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. വധിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ പ്രായശ്ചിത്തവും നല്‍കാന്‍ ധാരണയായി.
ഓരോ ഭാഗത്ത്‌ നിന്നും മരിച്ചവരുടെ എന്ണ്ണമെടുത്ത് കൂടുതല്‍ മരിച്ചവരുടെ ആളുകള്‍ക്ക് പ്രായശ്ചിത്തം നല്‍കാനാണ് തീരുമാനിച്ചത്. അപ്രകാരം ഖുറൈശികള്‍ ഹവാസ്‍ ഗോത്രത്തിനു ഇരുപതു ആളുകളുടെ പ്രായശ്ചിത്തം നല്‍കേണ്ടി വന്നു.
 എളാപ്പമാര്‍ക്കൊപ്പം യുദ്ധത്തില്‍ പങ്കെടുത്ത നബി (സ്വ) തങ്ങള്‍  ശത്രുക്കള്‍ എറിയുന്ന അമ്പുകള്‍ പെറുക്കാന്‍ അവരെ സഹായിച്ചു. യുദ്ധം നടന്ന നാലു വർഷവും നബി (സ്വ) അമ്പ് പെറുക്കൻ സഹായിക്കുക മാത്രമേ ചൈതിട്ടുള്ളൂ.
ഈ ഒരു യുദ്ധത്തിനു ശേഷമാണു 'ഹില്ഫുല്‍ ഫുളൂല്‍' എന്ന ഉടമ്പടി ഉണ്ടാക്കുന്നതും നബി (സ്വ) തങ്ങള്‍ അതില്‍ പങ്കെടുക്കുന്നതും.

ഹിഷാം ഒന്ന് കൂടി ചേര്‍ന്നിരുന്നു. അവന്‍ ഉപ്പാപ്പയുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ്.
"അതെന്താ, ഹില്ഫുല്‍ ഫുളുല്‍?"- അവന്‍ ചോദിച്ചു.
"അത് ഉപ്പാപ്പ നാളെ പറഞ്ഞു തരാം"-ഉപ്പാപ്പ കസേരയില്‍ നിഇന്നും മെല്ലെ എഴുനേറ്റു പുറത്തേക്കു നടന്നു. കൂടെ ഹിശാമും. 
* ഹദീസിന്റെ സ്വതന്ത്ര വിവർത്തനം. ഇബ്നു ഹാഷിം രചിച്ച ‘സ്വീറത്തുന്നബവി‘യിൽനിന്ന്.  

Saturday, March 5, 2011

AD 582 അബൂ ത്വാലിബിനോടൊപ്പം ശാമിലേക്ക്

ബുഹൈരയുടെ ആരാധനാലയത്തിന്റെ
ബാക്കി പത്രം
നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞു കൊണ്ട് തന്നെ സത്യം മറച്ചു വെക്കുകയാകുന്നു (അല്‍ ബഖറ. 146)

ഹിഷാം വളരെ സന്തോഷത്തിലാണ്. മദ്രസ വിട്ടു വന്നതും അവന്‍ പുസ്തകങ്ങള്‍ അലമാരയില്‍ കൊണ്ട് വെച്ചു ഉപ്പാപ്പയുടെ അടുത്തെത്തി. ഉപ്പാപ്പാ വലിയ തിരക്കിട്ട പണിയിലാണ്. ചെടികള്‍ നട്ടു പിടിപ്പിക്കുന്നതിനും പച്ചകറികള്‍ നനക്കുന്നതിനും ഉപ്പപ്പക്കൊപ്പം അവനും സജീവമാണ്. ഒടിഞ്ഞു വീണ ഒരു പയര്‍വള്ളി ഉപ്പാപ്പാക്ക്  ചൂണ്ടി കാണിച്ചു കൊടുക്കുമ്പോള്‍ അവന്‍ പറഞ്ഞു " ഉപ്പാപ്പാ, ഇന്ന് സ്കൂളില്ല. ഇന്നു പള്ളീക്ക് ഞാനൂണ്ട്
“അതിനെന്താ? കുറച്ചു കഴിയട്ടെ"- ഉപ്പോപ്പ അവനെ സമാധാനിപ്പിച്ചു നിര്‍ത്തി.
പയറിനു തടമെടുക്കലും നനയും കഴിഞ്ഞപ്പോള്‍ അവര്‍ കുളിച്ചു വൃത്തിയായി വീട്ടില്‍ അകത്തു കയറി.
"ഉപ്പാപ്പാ, ഇന്നലെ പറഞ്ഞില്ലേ നബി ശാമിലേക്ക് പോയത് പറഞ്ഞു തരാന്ന്. അത് പറഞ്ഞു താ"-  
"ശരി, നീ ഇങ്ങോട്ട് സിറ്റ് ഔട്ടിലേക്ക്  വാ"- വല്യുപ്പാ അവന്റെ കയ്യും പിടിച്ചു സിറ്റ് ഔട്ടിലേക്ക് നടന്നു. ചുവരിനോട് ചാരി കിടന്ന ഒരു കസേര കുറച്ചു മുമ്പോട്ട്‌ നീക്കി വലിച്ചിട്ട് ഹിഷാം ഉപ്പാപ്പയെ നോക്കി വെറുതെ ചിരിച്ചു.
"എല്ലാവരെയും അവരുടെ ജോലികളി സഹായിക്കുന്നത് നബി (സ്വ) യുടെ ഒരു ശീലമായിരുന്നു. മാത്രവുമല്ല സ്വയം എന്തെങ്കിലും ജോലി നോക്കുകയും ചൈതിരുന്നു." -ഉപ്പാപ്പ കഥ പറഞ്ഞു തുടങ്ങി. വല്ല്യുമ്മയും മറ്റേമ്മയും അമ്മായിയും അവിടേക്ക് വന്നു. ഉമ്മ ഹസീന അടുക്കളയില്‍ തിരക്കിട്ട എന്തോ പണിയിലാണെന്നു തോന്നുന്നു.

"ഖുറൈശികള്‍ പൊതുവേ കച്ചവടക്കാരായിരുന്നു. അറേബ്യന്‍ നാടുകളിലും മറ്റും കച്ചവട കേന്ദ്രങ്ങളിലേക്ക് ഒട്ടകപ്പുറത്തും മറ്റുമായി കച്ചവട സാധങ്ങല്‍ കൊണ്ട് പോയി കച്ചവടം നടത്തിയാണ്  അവര്‍ പണം സംബാധിച്ചിരുന്നത്.  കൂട്ടംകൂട്ടമായി അവര്‍ ഓരോ നാടുകളിലേക്കും  പുറപ്പെട്ടു."- ഉപ്പാപ്പ കഥ പറഞ്ഞു ഒന്ന് നിര്‍ത്തി. അകത്തു ഡൈനിങ്ങ്‌ ഹാളില്‍ നിന്നും ഒരു കസേരയുമെടുത്തു ഉമ്മയും വന്നിരുന്നു.

അങ്ങനെ നബി صلى الله عليه وسلم തങ്ങള്‍ക്കു 12 വയസ്സുള്ള സമയം. അബൂ ത്വാലിബ്‌ ശമിലേക്ക് പുറപ്പെടാന്‍ കച്ചവട സാധനങ്ങള്‍ ഒരുക്കുകയായിരുന്നു. നബി صلى الله عليه وسلم അദ്ധേഹത്തിന്റെ അടുത്ത് ചെന്ന് കൂടെ ശാമിലേക്ക് പോരാന്‍ സമ്മതം വാങ്ങി.
കച്ചവട സംഘത്തോടൊപ്പം നബിയും മക്കയില്‍ നിന്നു പുറപ്പെട്ടു. മക്കയുടെയും ശാമിന്റെയും ഇടയിലുള്ള സ്ഥലമാണു ബസ്വറ. കച്ചവട സംഘം അവിടെ എത്തിയപ്പോള്‍ അവര്‍ അവിടെ ഭക്ഷണം പാകം ചൈതുകഴിക്കാനും മറ്റുമായി അവിടെ ഇറങ്ങി. ഈ സമയമത്രയും നബി صلى الله عليه وسلم തങ്ങള്‍ അബൂ ത്വാലിബിന്റെ കൂടെ തന്നെയായിരുന്നു. അബൂ ത്വാലിബിനു നബി صلى الله عليه وسلم യെ അത്രമാത്രം ഇഷ്ടമായിരുന്നു.
അവര്‍ ഇറങ്ങിയ സ്ഥലത്തിനടുത്ത് തന്നെ ' ബുഹൈറ' എന്ന ഒരു പാതിരി താമസിച്ചിരുന്നു. ഇന്‍ജീല്‍, തൌറാത്ത് തുടങ്ങിയ നബിصلى الله عليه وسلمക്ക് മുമ്പ് ഇറക്കപെട്ട ഗ്രന്ഥങ്ങള്‍ വിശദമായി പഠിച്ച ആളായിരുന്നു ബുഹൈറ. ആരോടും അധികം സംസാരിക്കാത്ത ആളായിരുന്നു. വേദ ഗ്രന്ഥങ്ങളില്‍ നിന്നും വരാനിരിക്കുന്ന പ്രവാചകന്റെ എല്ലാ സവിശേഷതകളും ജനന സമയം പോലും അവര്‍ മനസ്സിലാക്കിയിരുന്നു. 
ഒട്ടക സംഘത്തിനു മേഘം തണല്‍ നല്‍കുന്നത് അദ്ദേഹം കാണാനിടയായി.  ഖുറൈഷികള്‍ക്ക് ഭക്ഷണം നല്കാന്‍ ബുഹൈറ തീരുമാനിച്ചു. തന്റെ ഒരു  അനുയായിയെ വിളിച്ചു അദ്ദേഹം കാര്യം പറഞ്ഞു.  ദൂതന്‍ ഖുറൈഷികളുടെ അടുത്തെത്തി പറഞ്ഞു. 
" ഖുറൈഷി സമൂഹമേ നിങ്ങള്ക്ക്  വേണ്ടി ഇന്ന് ബുഹൈറ ഭക്ഷണം തയ്യാര്‍ ചെയ്തിരിക്കുന്നു. എല്ലാവര്രും ഭക്ഷണം കഴിക്കാന്‍ എത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അടിമയും ഉടമയും പ്രായമായവരും കുട്ടികളും എല്ലാവരും അദ്ധേഹത്തിന്റെ  താമസ  സ്ഥലത്തേക്ക് വരിക"
അവര്‍ അത്ഭുതപ്പെട്ടു.
" എന്ത് പറ്റി ബുഹൈറക്ക്. ഇത് വരെ നമ്മോടു ഒരു വാക്ക് പോലും മിണ്ടാത്ത ആളാണല്ലോ."-അവര്‍ പരസ്പരം പറഞ്ഞു. ഖുറൈഷികളില്‍ ഒരാള്‍ അദ്ദേഹത്തോട് അക്കാര്യം ചോദിക്കുകയും ചെയ്തു.
" ബുഹൈറ, ഇത് വളരെ വിചിത്രംയിരിക്കുന്നല്ലോ? അങ്ങ് എന്തിനാണ് ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ വിളിച്ചത്"
" ഞാന്‍ നിങ്ങളെ ബഹുമാനിക്കാന്‍ ഇഷ്ടപ്പെടുന്നു, ഇത് നിങ്ങളുടെ അവകാശമാണ്." -അദ്ദേഹം പുഞ്ചിരിച്ചു.
അദ്ദേഹം ഖുറൈഷികളെ വീക്ഷിച്ചു. പക്ഷെ, അദ്ദേഹം തിരയുന്ന,  പ്രവാചകന്റെ അടയാളമുള്ള ഒരാളെയും അദ്ദേഹം കണ്ടില്ല. അദ്ദേഹം അവരോടു ചോദിച്ചു.
 "ഞങ്ങളില്‍ ആരെങ്കിലും ഇനിയും ഇവടെ എത്താന്‍ ബാക്കിയുള്ളവരുണ്ടോ?"
" ഞങ്ങള്‍ എല്ലാവരും വന്നിട്ടുണ്ട്. ഒരാള്‍ ഒഴികെ. ഒരു പുതിയ ആളാണ്. ഞങ്ങളില്‍ ഏറ്റവും വയസ്സ് കുറഞ്ഞ ആളും"
അവര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് ബുഹൈറ നോക്കി. മേഘം  തണലിട്ട മരത്തിനു കീഴെ ഇരിക്കുന്ന നബി صلى الله عليه وسلم ക്ക് മരം ചില്ലകള്‍ താഴ്ത്തി കൊടുത്തത്  അദ്ദേഹം ശ്രദ്ധിച്ചു.
"ആരാണയാള്‍, അദ്ധേഹത്തെ കൂടി വിളിക്കൂ"- ബുഹൈറ ആവശ്യപ്പെട്ടു. അവര്‍ നബിصلى الله عليه وسلمയെ ഭക്ഷണം കഴിക്കാനായി കൂട്ടി കൊണ്ട് വന്നു.
നബി صلى الله عليه وسلم നടന്നു വരുമ്പോഴും  ഭക്ഷണം കഴിക്കുമ്പഴും ബുഹൈറ നബിصلى الله عليه وسلمയെ തന്നെ ശ്രദ്ധിച്ചു. നബിصلى الله عليه وسلمയുടെ പ്രവര്‍ത്തികളും ശരീര ഘടനയും എല്ലാം അദ്ദേഹം അണുവിട വിടാതെ ശ്രദ്ധിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചു എണീറ്റ്‌ പോയപ്പോള്‍ ബുഹൈറ നബിصلى الله عليه وسلمയുടെ അടുത്ത് വന്നു.
"കുഞ്ഞേ, ലാത്ത, ഉസ്സ എന്നിവയെ പറ്റി എനിക്ക് പറഞ്ഞു തരിക"-ബുഹൈറ നബി صلى الله عليه وسلمയുടെ അടുത്തേക്ക് വന്നു.
"ലാത്തയെയും ഉസ്സയെയും കുറിച്ച് നിങ്ങള്‍ എന്നോട് ചോദിക്കരുത്. എനിക്കവയെ ദ്വേഷ്യമാണ്. എന്നോട് വേറെ എന്തെങ്കിലും ചോദിച്ചോളൂ" -നബി صلى الله عليه وسلم പ്രതികരിച്ചു.
ബുഹൈരയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. നബിصلى الله عليه وسلمയുടെ എല്ലാ കാര്യങ്ങളും പ്രവര്‍ത്തികളെ കുറിച്ചും, ഉറങ്ങുന്നത് വരെ,  അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. പ്രവാചകന്‍صلى الله عليه وسلم എല്ലാറ്റിനും മറുപടി പറഞ്ഞു. അദ്ദേഹം നബിവ്യുടെ നെറ്റിയിലേക്ക് സൂക്ഷിച്ചു നോക്കി. നബിصلى الله عليه وسلمയുടെ ശരീരത്തില്‍ നിന്നും വസ്ത്രം അല്‍പ്പമൊന്നു മാറിയപ്പോള്‍ ചുമലുകള്‍ക്കിടയില്‍ പ്രവാചകത്വത്തിന്റെ മുദ്രയും അദ്ദേഹത്തിനു കാണാനായി. എല്ലാവരും പോയപ്പോള്‍ അബൂ ത്വാലിബിനെമാത്രം വിളിച്ചു അദ്ദേഹം രഹസ്യമായി സംസാരിച്ചു.  
" ഇവന്‍ നിങ്ങളുടെ പുത്രനാണോ" -അദ്ദേഹം അബൂ ത്വാലിബിനെ വല്ലാതെ നോക്കി.
" അതെ" -അബ്ദുല്‍ മുത്തലിബ് ബുഹൈറയുടെ മുഖത്തേക്ക് ആശ്ചര്യ ഭാവത്തില്‍ നോക്കി.
" ഇവന്‍ നിങ്ങളുടെ മകനല്ല. ഇവന്റെ പിതാവ് ജീവിചിരിക്കുകയില്ല. ജീവിച്ചിരിക്കാൻ വഴിയില്ല." - ഉറച്ച സ്വരത്തില്‍ ബുഹൈറ പറഞ്ഞു. 
" എന്റെ സഹോദര പുത്രനാണ്"-അബൂ ത്വാലിബ്‌ പറഞ്ഞു. 
"അപ്പോള്‍ ഇവന്റെ പിതാവ്?"
"മരിച്ചു, ഉമ്മയും..."-അബൂ ത്വാലിബ്‌  തുടർന്നു പറഞ്ഞു.
".....കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടു"
" ശരിയാണ്, താങ്കള്‍ പറഞ്ഞത് സത്യമാണ്.നിങ്ങൾ എത്രയും പെട്ടെന്ന് നിങളുടെ സഹോദര പുത്രനുമായി നാട്ടിലേക്കു മടങ്ങുക, ജൂതര്‍ ഒരിക്കലും കുട്ടിയെ കണാനിടയാകരുത്. ഒരു പക്ഷെ അങ്ങനെ സംഭവിച്ചാല്‍ കുട്ടിയെ അപായപ്പെടുത്താന്‍ പോലും അവര്‍ മടിച്ചേക്കില്ല. ഞങ്ങള്‍ ഇദ്ദേഹത്തെ കുറിച്ച് ഗ്രന്ഥങ്ങളില്‍ നിന്നും  മുൻ‌ഗാമികളില്‍ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങളെ ഞാന്‍ ഈ വിഷയം അറിയിക്കുകയാണ്"- ഗൌരവമാര്‍ന്ന സ്വരത്തില്‍ ബുഹൈറ അബൂ ത്വാലിബിനോട്  പറഞ്ഞു.
" നിങ്ങള്‍ സഹോദര പുത്രനുമായി ഒരിക്കലും ഈ സ്തലങ്ങളിലേക്കൊന്നും വരരുത്. ജൂതര്‍ ശത്രുതാ മനോഭാവം വെച്ച് പുലര്തുന്നവരാന്. ഇദ്ദേഹം ഈ സമുദായതിന്റെ പ്രവാചകനാണ്. അതും അറബ് നാട്ടില്‍ നിന്ന്. എന്നാല്‍ ജൂതര്‍ ആഗ്രഹിക്കുന്നത് ബനൂ ഇശ്സ്രാ‌ഈലില്‍ നിന്നും ഒരു പ്രവാചകന്‍ ഉണ്ടാവാനാണ്. അത് കൊണ്ടു സഹോദര പുത്രനെ ശ്രദ്ധിക്കണം" -ബുഹൈറ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു.
അബൂ ത്വാലിബ്‌ അകെ ഭയ വിഹ്വലനായി. കച്ചവടം കഴിഞ്ഞതും അബൂ ത്വാലിബ്‌ നബിصلى الله عليه وسلم യെയും കൂട്ടി പെട്ടെന്ന് തന്നെ മക്കയിലേക്ക് പുറപ്പെട്ടു. കച്ചവട സ്ഥലത്ത് വെച്ച് പല ജൂതരും നബിصلى الله عليه وسلمയെ കാണുകയും തിരിച്ചറിയുകയും ചെയ്തു. അവര്‍ ഉറപ്പു വരുത്താനായി ബുഹൈറയുടെ അടുത്ത് വരികയും വിഷയമവതരിപ്പിക്കുകയും ചെയ്തു.എന്നാല്‍ ബുഹൈറ അത് ശക്തമായി തന്നെ  നിഷേധിച്ചു.
" നിങ്ങള്‍ ശരിക്കും പ്രവാചകന്റെ അടയാളങ്ങള്‍ കണ്ടുവോ?. ഇല്ല, നിങ്ങള്‍ ശരിക്കും അദ്ധേഹത്തെ ശ്രദ്ധിച്ചിട്ടില്ല" 
ജൂതര്‍ പിരിഞ്ഞു പോയി.

ഉപ്പാപ്പ ഹിഷാമിന്റെ മുഖത്തേക്ക് നോക്കി അവന്‍ അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ്. "അപ്പൊ, അവര്‍ക്കൊക്കെ നബി (സ്വ) യെ ശരിക്കും അറിയാമായിരുന്നോ?" 
"പിന്നില്ലാതെ, തൌറാത്തിലും ഇന്ജീലിലും ഒക്കെ നബിയെ കുറിച്ച് ന്നന്നായി വിശദീകരിച്ചിട്ടുണ്ട്." 
അകലെ പള്ളിയില്‍ നിന്നും ദുഹര്‍ നിസ്കാരത്തിനു ബാങ്ക് വിളി ഉയര്‍ന്നു. മുഅദ്ദിന്റെ ഓരോ വിളികള്‍ക്കും ഉപ്പാപ്പ മറുപടി പറഞ്ഞു കൊണ്ടിരുന്നു. ഹിഷാം നേരെ ഉമ്മയുടെ അടുത്ത് പോയി. തലയില്‍ തൂവെള്ള തൊപ്പിയും വെള്ള തുണിയുമുടുത്തു അവന്‍ വന്നു. 
ബാങ്ക് വിളി കഴിഞ്ഞതും അവന്‍ ഉപ്പാപ്പയുടെ കയ്യില്‍ കയറി പിടിച്ചു." ഉപ്പാപ്പാ, പോവല്ലേ ഐദ്രു ഉസ്താദ്‌ എത്തിയിട്ടുണ്ടാവും" 
പേരക്കുട്ടിയുടെ കയ്യും പിടിച്ചു അവര്‍ നേരെ പള്ളിയിലേക്ക് നടന്നു....  

Tuesday, March 1, 2011

ആമിനാ ബീവിയുടേയും അബ്ദുൽ മുത്വലിബിന്റെയും വേർപ്പാട്



ആമിനാ ബീവിയുടെ ഖബര്‍ ഇവിടെ സ്ഥിതി ചെയ്യുന്നു

സുലൈമാന്‍  ബിനു  ബരീദ  (റ) അദ്ധേഹത്തിന്റെ പിതാവിനെ  തൊട്ടു  നിവേദനം. അദ്ദേഹം പറഞ്ഞു: "നബി (സ്വ) ഒരു  ഖബറിനരികിലേക്ക്  ചെന്നു. നബി (സ്വ) ക്കൊപ്പം ജനങ്ങളും  ഇരുന്നു. സംഭാഷനതിലേര്‍പ്പെട്ടവനെ പോലെ നബി (സ്വ) തല കുലുക്കി കൊണ്ടിരുന്നു, അങ്ങനെ  പിന്നീട്കരയുകയും ചെയ്തു.ഉമര്‍ ബിന്‍ ഖത്വാബ് (റ) നബി (സ്വ) യുടെ അടുത്തെത്തി ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, താങ്കളെ എന്താണ് കരയിപ്പിക്കുന്നത്‌?. നബി (സ്വ) പ്രതിവചിച്ചു.
ഇത് ആമിന ബിന്ത് വഹബിന്റെ  ഖബറാണ്. ഞാന്‍ അവരുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ അല്ലാഹുവിനോട് അനുവാദം ചോദിച്ചു, എനിക്ക് സമ്മതം നല്‍കപ്പെടുകയും ചെയ്തു. അവര്‍ക്ക് പാപമോചനം ആവശ്യപ്പെടാന്‍ ഞാന്‍ സമ്മതം ചോദിച്ചു, പാപമോചനം ആവശ്യപ്പെടുന്നതില്‍ നിന്നും എന്നെ അല്ലാഹു വിലക്കി........" (ബൈഹഖി)
ഖുർ‌ആന്‍ ഒതുകയായിരുന്ന ഉപ്പാപ്പയുടെ മടിയില്‍ ചാരിനിന്നു ഹിഷാം മുസഹഫിലേക്ക് നോക്കി. തലയില്‍ തൂവെള്ള തോര്‍ത്തും മുഖത്ത് കണ്ണടയും വെച്ചു, അക്ഷരങ്ങള്‍ അതിന്റെ യഥാര്‍ത്ഥ സ്ഥാനത് നിന്നും ഉച്ചരിച്ചു  തജ്‌വീദ് അനുസരിച്ച് മധുര മാർന്ന ശബ്ദത്തില്‍ ഓതുന്ന ഉപ്പാപ്പയുടെ ഓത്തു കേട്ടാല്‍ ആരും ഒരു നിമിഷമെങ്കിലും എല്ലാം മറന്നു അതില്‍  ശ്രദ്ധിച്ചു നിന്ന് പോവും. അല്ലാഹുവിന്റെ റസൂല്‍ (സ്വ) തങ്ങളുടെ ഏറ്റവും വലിയ 'മുഅജിസത്ത്’ (അമാനുഷിക കഴിവ്). ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും മാറ്റ ത്തിരുത്തലുകള്‍ക്കോ കൂട്ടി ചെര്‍ക്കപ്പെടലുകള്‍ക്കോ വിധേയമാകപ്പെടാത്ത അല്ലാഹുവിന്റെ വാക്കുകള്‍. 'നമ്മുടെ ദാസന് നാം ഇറക്കിയതില്‍ നിങ്ങള്‍ സംശയാലുക്കലാണെങ്കില്‍ അതിലേതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ട് വരിക. അള്ളാഹു അല്ലാതെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചു കൊള്ളുക, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍....'  ആയിരത്തി നാനൂര് വര്‍ഷങ്ങള്‍ക്കു മുമ്പ്, അറബി സാഹിത്യ രംഗത്ത്‌ അഗ്രഗണ്യരായിരുന്ന അറബി സമൂഹത്തെ ഖുര്‍ആന്‍  വെല്ലു വിളിച്ചു. ഖസീദകളും നശീദകളും കൊണ്ട് അമ്മാനമാടിയിരുന്നവര്‍ പക്ഷെ, ഈ ഒരു വെല്ലു വിളി ഏറ്റെടുക്കാന്‍ തയ്യാറായില്ല.ഖുര്‍ ആനിന്റെ  വാക്ചാതുരിക്കും അമാനുഷികതക്കും  മുന്നില്‍ അവര്‍ പകച്ചു നിന്നു.  നൂറ്റാണ്ടുകള്‍ അനവധി  കടന്നു പോയെങ്കിലും ശത്രുക്കള്‍ ഇന്നും ആ  വെല്ലുവിളിക്ക്  മുന്നില്‍ അടി പതറുന്നു.
നിശ്ശബ്ദരായി പ്രവാചക വചനങ്ങള്‍ക്ക് കാതോര്‍ത്ത സ്വഹാബത്തിനു മുന്നില്‍ അല്ലാഹുവിന്റെ തിരു വചനങ്ങള്‍ നബി (സ്വ) തങ്ങള്‍ ഓതി കേള്‍പ്പിച്ചു. മക്കയുടെയും മദീനയുടെയും മണല്‍ തരികള്‍ അതിനു സാക്ഷിയായി. ഹിറയുടെ ചുവരുകള്‍ നടുക്കത്തോടെ ഉള്‍കൊണ്ട വാക്കുകള്‍ മദീനയുടെ അന്ധത ബാധിച്ച സമൂഹത്തിനു ഉണര്‍വും വിജയവും നേടിക്കൊടുത്തു. ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മക്കയുടെ തന്നെ അറഫ മൈതാനിയില്‍ ഒരുമിച്ചു കൂടിയ ജനസഹസ്രങ്ങളെ സാക്ഷി നിര്‍ത്തി ഖുര്‍ആനിന്റെ അവസാനത്തെ വാക്കുകളും നിറകന്ണ്ണൂകലളോടെ അബൂബക്കര്‍ സിദ്ദീഖും (റ) സ്വഹാബതും ശ്രവിച്ചു.
 "ഇന്നേ ദിവസം നിങ്ങൾക്കു നിങ്ങളുടെ മതം പൂർണ്ണമാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്കു പൂർത്തിയാക്കിത്തരികയും ചെയ്തിരിക്കുന്നു.മതമായി നിങ്ങൾക്കു ഇസ്ലാമിനെ ത്രിപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു.  ................"
ഹിഷാം ഉപ്പാപ്പയുടെ മുഖത്തേക്കൊന്നു എത്തി നോക്കി അനുസരണയോടെ ഒരു കള്ളചിരിയോടെ  അവിടെ തന്നെ നിന്നു. ഉപ്പാപ്പക്ക് കാര്യം പിടി കിട്ടി. അവന്റെ മുഖത്തേക്ക് തന്നെ നോക്കി മുസ്ഹഫ് മെല്ലെ മടക്കി വെച്ചു. 
 സ്വദഖല്ലാഹുല്‍ ആദീം. .............
വലിയവനും ഉന്നതനുമായ അള്ളാഹു  സത്യം പറഞ്ഞിരിക്കുന്നു. മാന്യനായ അവന്റെ പ്രവാചകന്‍ സത്യമാക്കുകയും എത്തിച്ചു തരികയും ചെയ്തിരിക്കുന്നു. ഞങ്ങള്‍  അതിനു സാക്ഷികളും നന്ദിയുല്ലവരുമാണ്. സര്‍വ്വ സ്തുതിയും അല്ലാഹുവിനാകുന്നു.

"ഇന്നലെ ഉപ്പാപ്പ എന്താ പറഞ്ഞു തന്നത്?"- മുഷഫുമായി ഓഫീസ് റൂമിലേക്ക്‌ നടക്കുമ്പോള്‍ ഉപ്പാപ്പ ചോദിച്ചു.
ഹലീമ ബീവി (റ) നബി (സ്വ) ക്ക് പാല് കൊടുത്ത കഥ"- അവന്‍ വല്യുപ്പയുടെ കുപ്പായകയ്യില്‍ നിന്നും പിടിവിടാതെ കൂടെ നടന്നു.
"ഉമ്മാ, അമ്മായീ ... വേഗം വാ"- അടുക്കളയില്‍ പണിയിലായിരുന്ന ഹസീനയെയും സ്വാബിറയെയും അവന്‍ നീട്ടിവിളിച്ചു.
വല്യുമ്മ ഓതിക്കൊണ്ടിരുന്ന മുസ്ഹഫ് മടക്കി മടിയില്‍ തലയിണക്ക് മുകളില്‍ തന്നെ വെച്ച് കണ്ണട ഊരി കയ്യില്‍ പിടിച്ചു. ഉമ്മ ഹസീനയും അമ്മായി സ്വബിറയും കസേരകളില്‍ ഇടം പിടിച്ചു. കലുകൽ നീട്ടി വെച്ച് മറ്റേമ്മ കട്ടിലിൽ എഴുനേറ്റിരുന്നു. നബിയുടെ ചരിത്രം പറഞ്ഞു തുടങ്ങുകയാണ് ഉപ്പാപ്പ.
പ്രവാചകന്‍ (സ്വ) യെ പറ്റി പറയുമ്പോൾ ഉപ്പാപ്പാക്ക് ആയിരം നാവാണ്. കണ്ണുകളില്‍ തിളക്കവും ചുണ്ടുകളില്‍ മന്ദഹാസവും മനസ്സില്‍ പ്രവാചക സ്നേഹവും നിറച്ചു ഉപ്പാപ്പ കഥ പറഞ്ഞ് തുടങ്ങി.

ഹലീമ ബീവി(റ)  നബിയെ മക്കയില്‍ ആമിനാ ബീവി (റ) യെ ഏല്‍പ്പിച്ചു. കുട്ടികളോടൊപ്പം അധികം കളിക്കുകയോ അനാവശ്യമായി ആരോടും തര്‍ക്കികുകയോ കളവു പറയുകയോ .... അങ്ങനെ യാതൊരു വിധ ദുശ്ശീലങ്ങളും ഇല്ലാതെ നബി (സ്വ) മക്കയില്‍ ജീവിച്ചു പോന്നു. ഇടയ്ക്കിടയ്ക്ക് 'ബനൂ അദിയ്യ് ബിന്‍ അല്‍  ജാറില്‍' പെട്ട  നബി (സ്വ) തങ്ങളുടെ അമ്മാവന്മാരുടെ നാടായ യസ്‌രിബിലേക്ക് ആമിനാ ബീവി (റ) നബിയേയും കൂട്ടി പോവാറുണ്ടായിരുന്നു. നബി (സ്വ) യുടെ പിതാവ് അബ്ദുള്ള (റ) ന്റെ ഖബറും അവിടെ തന്നെയായിരുന്നുവല്ലോ.
നബി (സ്വ) ക്ക് ആറ് വയസ്സുള്ള സമയം. ആമിന (റ) ന്റെ കൂടെ നബി (സ്വ) തങ്ങള്‍ അമ്മാവന്മാരുടെ നാടായ യസ്‌രിബ് ലേക്ക് പുറപ്പെട്ടു. കൂടെ ഉമ്മു ഐമന്‍ (റ) എന്ന അടിമ സ്ത്രീയും ഉണ്ടായിരുന്നു.
അവിടെ വെച്ച് നടന്ന ഒരു സംഭവം ഉമ്മു ഐമന്‍ (റ) വിവരിക്കുകയുണ്ടായി.
യസ്‌രിബില്‍ എത്തിയ സമയം. ഒരിക്കല്‍ യസ്‌രിബില്‍ അമ്മാവന്മാരുടെ വീട്ടില്‍ അവര്‍ താമസിക്കുകയായിരുന്നു.
യസ്‌രിബിലെ ജൂതന്മാരില്‍ പെട്ട രണ്ടു ആളുകള്‍ വന്ന് ഉമ്മു ഐമന്‍ (റ) നോടായി പറഞ്ഞു. "ആ കുട്ടിയെ ഒന്ന് ഞങ്ങളുടെ അടുത്തേക്ക് വിട്ടു തരുമോ"
ഉമ്മു ഐമന്‍ (റ) നബി (സ്വ) യെ അവര്‍ക്കടുത്തേക്ക് പറഞ്ഞയച്ചു.
അവര്‍ നബി (സ്വ) യെ നന്നായി വീക്ഷിക്കുകയും ഉമ്മ വെക്കുകയും ചെയ്തു.
ഇദ്ദേഹം ഈ സമുദായത്തിന്റെ പ്രവാചകനാണ്‌. ഇത് അദ്ധേഹത്തിന്റെ പലായന ഗൃഹവും......" അവര്‍തമ്മില്‍ ഇപ്രകാരം സംസാരിക്കുന്നത് ആമിന (റ) കേള്‍ക്കാനിടയായി. ആമിന (റ) പേടിക്കുകയും എത്രയും പെട്ടെന്ന് യസ്‌രിബിൽ നിന്നും മടങ്ങിപ്പോരാന്‍ ഒരുങ്ങുകയും ചെയ്തു.
ആവര്‍ യസ്രിബില്‍ നിന്നും യാത്ര പുറപ്പെട്ടു. മക്കയിലേക്കുള്ള വഴി മദ്ധ്യേ അബവാഅ്  എന്ന സ്ഥലത്ത് എത്തിയതും ആമിന ബീവി (റ) നു കലശലായ രോഗം ബാധിച്ചു.അധികം വൈകാതെ അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു.

ഉമ്മയും ഉപ്പയും നഷ്ടപ്പെട്ട നബി (സ്വ) തങ്ങളുടെ മുഴുവന്‍ സംരക്ഷണവും അബ്ദുല്‍ മുത്തലിബ് ഏറ്റെടുത്തു. അദ്ദേഹം നബി (സ്വ) യെയും കൂട്ടി മക്കയിലേക്ക് പുറപ്പെട്ടു. അബുല്‍ മുത്തലിബ് നബിയെ അതിരറ്റു സ്നേഹിക്കുകയും മറ്റു കുട്ടികളേക്കാന്‍ നബി (സ്വ) ക്ക് പരിഗണന നല്‍കിപ്പോരുകയും ചെയ്തിരുന്നു.
കഅബയുടെ തണലില്‍ അബ്ദുല്‍ മുതലിബിനു ഇരിക്കാന്‍ മാത്രമായി ഒരു പ്രത്യേക ഇരിപ്പിടം തന്നെ തയ്യാറാക്കി വെച്ചിരുന്നു. ആ ഇരിപ്പിടത്തില്‍  മറ്റാരും ഇരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ നബി സ്വല്ലല്ലാഹു അലൈഹി വസ്സല്ലം വന്നാല്‍ ആ ഇരിപ്പിടത്തില്‍ കയറി ഇരിക്കുമായിരുന്നു വത്രേ.
നബിയെ ഒരിക്കല്‍ അവിടെ ഇരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് അബ്ദുല്‍ മുത്തലിബ് കാണാനിടയായി.
" എന്റെ കുട്ടി അവിടെ തന്നെ ഇരിക്കട്ടെ, അവനു അതിനുള്ള യോഗ്യതയുമുണ്ട്." -അബ്ദുല്‍ മുത്തലിബ് നബിയെ ഒപ്പമിരുത്തി അണച്ച് പിടിച്ചു. പുറത്തു തടവിക്കൊണ്ട് പറഞ്ഞു.
അബ്ദുല്‍ മുതലിബിനോടോപ്പമുള്ള നബിയുടെ (സ്വ) സന്തോഷക്കാലം അധിക കാലം നിലനിന്നില്ല. പ്രവാചകരുടെ ആറാമത്തെ വയസ്സില്‍ അദ്ദേഹം രോഗശയ്യയിലായി. അധികം വൈകാതെ തന്നെ  82 -ആം വയസ്സില്‍ അബ്ദുല്‍ മുതലിബും  ഈ ലോകത്തോട്‌ വിട പറഞ്ഞു.*

പിന്നീട് നബി (സ്വ) യുടെ സംരക്ഷണം ഏറ്റെടുത്തു പ്രവാചകരെ വളര്‍ത്തി വലുതാക്കിയത് അബൂ ത്വാലിബ്‌ ആയിരുന്നു. അബ്ദുല്‍ മുതലിബിനെ പോലെ തന്നെ അദ്ദേഹവും നബിയെ ആത്മാര്‍തമായി സ്നേഹിക്കുകയും നബിക്ക് വേണ്ട എല്ലാ കാര്യങ്ങളും നടത്തി കൊടുക്കുകയും അതിരറ്റു സ്നേഹിക്കുകയും ചെയ്തു വന്നു. നബി (സ്വ) തന്റെ അരികിലില്ലെങ്കില്‍ അദ്ദേഹം ഉറങ്ങുക പോലും ചെയ്തിരുന്നില്ല എന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ വായിക്കാന്‍ കഴിയും.
നബി (സ്വ) അബൂ ത്വാലിബിന്റെ കൂടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. ഒരിക്കല്‍ അബൂ ത്വാലിബ്‌ നബിയോട് പറഞ്ഞു 
" മുഹമ്മദ്‌, നീ നിന്‍റെ കുപ്പായം അഴിച്ചു വെച്ചു എന്റെ കൂടെ കിടക്കു"
തന്റെ ശരീരം ആരും കാണുന്നത് നബിക്കിഷ്ടമില്ലായിരുന്നു. അതിനാല്‍ തന്നെ നബി അത് സ്നേഹപൂര്‍വ്വം നിരസിച്ചു. പക്ഷെ അബൂ ത്വാലിബ്‌ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ പ്രവാചകര്‍ (സ്വ)  അതിനു സമ്മതിച്ചു.കാരണം നബിക്ക് അബൂ ത്വലിബിനെ ധിക്കരികാനും കഴിയുമായിരുന്നില്ല.
" ഞാന്‍ വസ്ത്രം അഴിക്കുമ്പോള്‍ നിങ്ങള്‍ മുഖം തിരിക്കണം. ഞാന്‍ കിടന്നതിനു ശേഷം മാത്രമേ നോക്കാന്‍ പാടുള്ളൂ" - പ്രവാചകര്‍ (സ്വ) ആവശ്യപ്പെട്ടു.
"ശരി, സമതിച്ചിരിക്കുന്നു" -അബൂ ത്വാലിബ്‌ അങ്ങനെ തന്നെ ചെയ്തു.
അബൂ ത്വാലിബ്‌ ഒരിക്കന്‍ നബിയെ കുറിച്ച് പറയുകയുണ്ടായി. "ഞങ്ങളൊന്നും ഭക്ഷണം കഴിക്കുമ്പോള്‍ ദൈവ നാമമുച്ചരിക്കുകയോ ഭക്ഷണ ശേഷം ദൈവത്തിനു നന്ദി പറയുകയോ ചെയ്തിരുന്നില്ല. എന്നാല്‍ മുഹമ്മദ്‌ ആദ്യ കാലം മുതല്‍ തന്നെ അങ്ങനെ ചെയ്തിരുന്നു"
നബിയില്‍ നിന്നു ഒരിക്കലും അപക്വമായ പെരുമാറ്റമോ പൊട്ടിച്ചിരിയോ കളവു പറച്ചിലോ ഒന്നും തന്നെ അദ്ദേഹം കണ്ടില്ല. നബിയുടെ ഇത്തരം സ്വഭാവ സവിശേഷതകള്‍ അബൂ ത്വലിബിനെ നബിയിലേക്ക് വല്ലാതെ ആകര്‍ഷിച്ചു...

ഹിഷാം വല്യുപ്പയുടെ കണ്ണുകളിലേക്കു തന്നെ നോക്കിയിരിക്കുകയാണ്. അവനു വല്ലാത്ത ആവേശവും താല്പര്യവുമാണ് നബിയുടെ കഥ കേള്‍ക്കാന്‍.
"നമ്മുക്കു ഭക്ഷണം കഴിച്ചു കിടക്കാം"- വല്യുമ്മ ഇടപെട്ടു
" ന്നാ, നമുക്കു പോവാം അല്ലെ കുഞ്ഞോനെ?"- അവന്‍ വല്യുപ്പയുടെ വിരല്‍ തൂങ്ങി അടുക്കളയിലേക്കു നടന്നു.
_________________________________

* AD -578 ല്‍ ആണ് അബ്ദുല്‍ മുത്വലിബ് മരണപ്പെടുന്നത്. അന്ന് നബിക്ക് എട്ടു വയസ്സായിരുന്നു.

Wednesday, February 23, 2011

(ഏഴ്) ഹലീമ (റ) യോടൊപ്പം ബനൂ സഅദ് ഗോത്രത്തില്‍


ഹലീമ ബീവി (റ) യുടെ ഖബര്‍
 അബൂ തുഫൈല്‍  (റ) നെ തൊട്ടു നിവേദനം: ജുഗ്_രാന എന്ന സ്ഥലത്ത് വെച്ചു നബി(സ്വ) മാംസം വീതംവെക്കുന്നത് ഞാന്‍  കണ്ടു. അപ്പോള്‍ ഒരു സ്ത്രീ നബി (സ്വ) യുടെ  അടുത്ത് വന്നു. നബി (സ്വ) അവര്‍ക്ക് അവിടുത്തെ  തലപ്പാവ് വിരിച്ചു കൊടുത്തു. 
ഞാന്‍ ചോദിച്ചു: " ആരാണവര്‍" 
"നബി (സ്വ) ക്ക് മുലകൊടുത്ത നബി (സ്വ) യുടെ ഉമ്മ" -അവര്‍ പറഞ്ഞു.  (ത്വബ്റാനി) 
                                            ***
കൊയ്തൊഴിഞ്ഞ പാടത്തു പലതരം പക്ഷികള്‍ അന്നം തേടി വന്നിരിക്കുന്നു. അവയുടെ കളകളാരവം കാതുകളില്‍ സംഗീതം തീര്ക്കുന്നുണ്ട്.  അകലെ നിരനിരയായി നില്‍ക്കുന്ന പച്ചപ്പരവതാനി വിരിച്ച കുന്നുകള്‍ക്കും മീതെ പഞ്ഞിക്കെട്ടു പോലെ ആകാശ മേഘങ്ങള്‍ പാറി നടക്കുന്നു... ‍  
ഹിശാമിനൊപ്പം ഉപ്പാപ്പയും വല്യുമ്മയും ആടിനെ മേക്കാന്‍ പാടത്തെത്തിയതാണ്. ഉപ്പാപ്പയുടെ വിരലില്‍ തൂങ്ങി അവന്‍ ചാടി ചാടി നടന്നു. കയ്യില്‍ ഒരു ചെറിയ വടിയും പിടിച്ചു ആടുകള്‍ക്ക് പിന്നില്‍ നടക്കുകയാണവന്‍. പച്ചപുല്ലു നിറഞ്ഞ  ഒഴിഞ്ഞ സ്ഥലം നോക്കി ആടുകളെ കെട്ടി മേയാന്‍ വിട്ട് അധികം അകലെയല്ലാതെ ഒരു വരമ്പില്‍ അവരിരുന്നു.
ആടുകള്‍ പുല്ലും തിന്നു മേഞ്ഞു നടക്കാന്‍ തുടങ്ങിയിരിക്കുന്നു. വയല്‍ പരപ്പിനു ഓരം ചേര്‍ന്ന് നില്‍ക്കുന്ന കുളക്കടവില്‍ കുട്ടികളുടെ കലപില ശബ്ദം കേള്‍ക്കാം. ചാടിയും മറിഞ്ഞും അവര്‍ വെള്ളത്തില്‍ കളിക്കുകയാണ്.

" ഉപ്പാപ്പാ,  ഇന്നലെ പറഞ്ഞതിന്റെ ബാക്കി ഇപ്പൊ പറഞ്ഞു തര്യോ?" - ഹിശാമിന് ആ സ്ഥലം നന്നായി ഇഷ്ടപെട്ടെന്നു തോന്നുന്നു. അവന്‍ ഉപ്പാപ്പയുടെ മടിയില്‍ നിന്നിറങ്ങി വരമ്പത്ത് സ്ഥലം പിടിച്ചു.
" അതിനെന്താ? അതിനു മുമ്പ് ഉപ്പാപ്പ  ഒരു കാര്യം കാണിച്ചു തരാം" - ഉപ്പാപ്പ പതിയെ എണീറ്റ്‌  അടുത്തു നിന്ന തെങ്ങിന്‍ തെയ്യില്‍ നിന്നും  ഒരു ഓലക്കൊടിയും പറിച്ചു കൊണ്ട് വന്നു. അവന്‍ വരമ്പത്തു നിന്നും ചാടി എഴുനേറ്റ് ഉപ്പാപ്പാക്കടുത്തെത്തി. ഒറ്റ ഓലയില്‍ നെയ്തെടുത്ത ഒരു പന്ത് കയ്യില്‍ പിടിച്ചു ഹിശാമിനോട് ചോദിച്ചു.
കുഞ്ഞോനു ഇതിനു മുമ്പ് ഇങ്ങനെ പന്തുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?"
"വല്യുമ്മാക്കറിയോ ഇതുണ്ടാക്കാന്‍?,  ഉപ്പാപ്പാ എനിക്കും പഠിപ്പിച്ചു താ" -ഹിഷാം  വല്യുമ്മായെ നോക്കി.
"മോനു ചെറിയ കുട്ടിയല്ലേ, കുറച്ചു കൂടി വലുതായിട്ട് ഉപ്പാപ്പ പഠിപ്പിച്ചു  തരാം കേട്ടോ"
മനമില്ലാ മനസ്സോടെയണെങ്കിലും അവന്‍ തല കുലുക്കി സമ്മതിച്ചു.
"നമ്മുക്ക് ഇന്നു ഹലീമ ബീവിയുടെ കഥ പറഞ്ഞാലോ"- ഉപ്പാപ്പ കണ്ണടക്കു മുകളിലൂടെ തന്റെ വലതു വശത്തിരിക്കുന്ന ഹിശാമിനെ നോക്കി.സമ്മതഭാവത്തിൽ തല കുലുക്കി  അവന്‍ നേരെ വല്യുമ്മായുടെ മടിയില്‍ കയറി ഇരുന്നു.

മക്കയില്‍ പ്രത്യേകിച്ചും ഖുരൈശികള്‍ക്കിടയില്‍ സ്വന്തം ഉമ്മമാര്‍ മക്കള്‍ക്ക്‌ മുലകൊടുക്കുന്ന സമ്പ്രദായം അക്കാലത്തുണ്ടയിരുന്നില്ല. പട്ടണ പ്രദേശത്തു നിന്നും മാറി, നാട്ടിന്‍ പുറത്തുള്ള സ്ത്രീകള്‍ കുട്ടികളെ  അവരുടെ വീടുകളിൽകൊണ്ട് പോയി വളര്‍ത്തി കുറച്ചു വലുതാവുമ്പോള്‍ തിരിച്ചേൽ‌പ്പിക്കുകയായിരുന്നു പതിവ്. കുട്ടികളുടെ സ്വഭാവം നന്നാവാനും അവര്‍ക്ക് പെരുമാറ്റ രീതികള്‍ മനസ്സിലാക്കാനും വേണ്ടിയായിരുന്നു അത്. 

വല്ല്യുപ്പ ഹലീമാബീവിയുടെ(റ) കഥ പറഞ്ഞു തുടങ്ങി.ഹിഷാം കഥ കേള്‍ക്കാനുള്ള ആവേശത്താല്‍ ഉപ്പാപ്പയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

നബി (സ്വ) യെ പ്രസവിച്ചു കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. സഅദ് ഗോത്രത്തില്‍ ഭയങ്കരമായ ക്ഷാമമായിരുന്നു അക്കാലത്ത്. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ആഹാരവും കിട്ടാത്ത അവര്‍ വലഞ്ഞു. ഒട്ടകങ്ങളും  ആടുകളും തിന്നാന്‍ പച്ചിലകളും വെള്ളവുമില്ലാതെ അവയുടെ ശരീരം മെലിഞ്ഞു തുടങ്ങി. കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുക്കാൻ പോലും പാലില്ലാതെ ഉമ്മമാര്‍ സങ്കടപ്പെട്ടു. 
"നമ്മുക്കു മക്കയില്‍ പോയി ഏതെങ്കിലും കുട്ടികളെ മുലകൊടുക്കാന്‍ കിട്ടുമോന്നു നോക്കാം. അങ്ങനെ കിട്ടുന്ന പണം കൊണ്ട് നമുക്കു ഭക്ഷണം വാങ്ങാമെല്ലോ"- ഹലീമ ബീവി (റ) ഭര്‍ത്താവു ഹരിസിനോട് (റ) ചോദിച്ചു. 
അവര്‍ അതിനു സമ്മതിക്കുകയും ചെയ്തു.
ബനൂ സഅദ് ഗോത്രത്തിലെ സ്ത്രീകള്‍ക്കൊപ്പം ഹലീമ ബീവി (റ)യും ഭര്‍ത്താവും പുറപ്പെട്ടു. ഹലീമാബീവി (റ) ക്കൊപ്പം മകന്‍ ദുഐബും ഉണ്ടായിരുന്നു. അവര്‍ ഒരു പെൺ കഴുതയുടെ പുറത്താണ് യാത്ര ചെയ്തിരുന്നത്. ഭക്ഷണവും വെള്ളവും വേണ്ട പോലെ ലഭിക്കാതെ അത് അകെ മെലിഞ്ഞു അവശയായിരുന്നു. ദീര്‍ഘമായ യാത്രക്കൊടുവില്‍ അവര്‍ മക്കയിലെത്തി.
കുട്ടികളെ തിരഞ്ഞു വന്ന പല സ്ത്രീകളും നബിയെയും കണ്ടു.
" കുട്ടി അനാഥനാണ്. ഇപ്പോള്‍ അബ്ദുല്‍ മുത്തലിബിന്റെ സംരക്ഷണത്തിലാണ്" -ആമിനാ ബീവി (റ) ഇത് പറയുമ്പോള്‍ എല്ലാ സ്ത്രീകളും ഒഴിഞ്ഞു മാറി. അവര്‍ കരുതിയത്‌ ബാപ്പയില്ലാത്ത കുട്ടിയെ വളര്‍ത്തിയാല്‍ വളരെ ചുരുങ്ങിയ കാശ് മാത്രമേ കിട്ടൂ എന്നാണ്. അവര്‍ക്കൊപ്പം ഹലീമ ബീവി (റ) യും നബി (സ്വ) യെ കണ്ടു. അനാഥനാണെന്നറിഞ്ഞപ്പോള്‍ അവരും പിന്മാറി.
ഹലീമ ബീവി (റ) യും ഹാരിസ് (റ) വും  വൈകുന്നേരം വരെ കുട്ടികള്‍ക്കായി നടന്നു. അവര്‍ക്കൊപ്പം വന്ന എല്ലാ സ്ത്രീകളും ബനൂ സഅദ് ഗോത്രതിലേക്ക് മടങ്ങാനൊരുങ്ങി.
സൂര്യന്‍ അസ്തമിക്കാന്‍ ഇനി ഏതാനും സമയം മാത്രമേ ഭാക്കി യുള്ളൂ. ഹലീമ(റ)  ഭറ്ത്താവിനെയും മടിയില്‍ കിടക്കുന്ന കുഞ്ഞിനേയും മാറി മാറി നോക്കി.
"നമുക്കു ആ യതീം കുട്ടിയെ ഏറ്റെടുത്തു ഇവർക്കൊപ്പം തന്നെ തിരിച്ചു പോയാലോ"- ഹലീമ (റ) യുടെ വാക്കുകളില്‍ നിരാശ പടര്‍ന്നിരുന്നു.
"നേരം രാത്രിയാവുകയാണ്. നീയും കുഞ്ഞും ഒരുപാടു ക്ഷീണിച്ചിട്ടുണ്ട്, നമ്മുക്കു ആ കുട്ടിയെ തന്നെ ഏറ്റെടുക്കാം. ആ കുട്ടിയിൽ അല്ലാഹു നമുക്കു നന്മ നൽകാതിരിക്കില്ല " - ഹാരിസ് (റ)  കഴുതയുടെ കയറും പിടിച്ചു അബ്ദുല്‍ മുത്തലിബിന്റെ വീട് ലക്ഷ്യമാക്കി നടന്നു.
ഹലീമ ബീവി (റ) നബി (സ്വ) യെ എടുത്തു മടിയില്‍ കിടത്തി.കണ്ണുകളില്‍ അസാമാന്യമായ തിളക്കവും കണ്ണെടുക്കാനാവാത്ത സൗന്ദര്യവും ഒരു വേള ഹലീമ (റ) നെ അല്ഭുതപ്പെടുത്തിയിരിക്കണം.  
ഹലെമ ബീവി (റ) രണ്ടു കുട്ടികള്‍ക്കും പാല് കൊടുത്തു. അവര്‍ വയര്‍ നിറച്ചും പാല് കുടിച്ചു. അന്ന് ആദ്യമായി ദുഐബ് വയര്‍ നിറച്ചും പാല്‍ കുടിച്ചു. 
ഹലീമബീവി (റ) ദുഐബിനെ ഭര്‍ത്താവിന്റെ കയ്യില്‍ കൊടുത്തു. ഹലീമ ബീവി (റ) നബി (സ്വ) യെ സ്നേഹ പൂര്‍വ്വം മാറോട് ചേര്‍ത്ത് പിടിച്ചു .അവര്‍ സഅദ് ഗോത്രതിലേക്ക് മടങ്ങി. 
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മെലിഞ്ഞുണങ്ങിയ ആടുകളും മറ്റും പുഷ്ടിപ്പെടുകയും അവയുടെ അകിടില്‍ പാല്‍ നിറയുകയും ചെയ്തിരുന്നു. ഹലീമ ബീവി ഭര്‍ത്താവിനെ നോക്കി. 
" നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ, ഇന്നലെ രാത്രി ദുഐബ് പാല്‍ കുടിക്കാന്‍ ഇല്ലാത്തതിനാല്‍ വിശന്നു കരഞ്ഞാണു ഉറങ്ങിയത്. ഇന്നവന്‍ വയര്‍ നിറച്ചും പാല് കുടിച്ചു. രണ്ടു പേരും നന്നായി ഉറങ്ങുന്നു" - ഹലീമ ബീവി (റ) ക്ക് സന്തോഷം അടക്കാനായില്ല.
ഹാരിസ് (റ) വീട്ടില്‍ നിന്നു പുറത്തിറങ്ങി. അദ്ദേഹം തന്റെ ആടുകളുടെ അടുത്ത് വന്നു. അവയുടെ അകിടുകള്‍ പാല്‍ നിറഞ്ഞിരുന്നു. അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല.
"ഇതൊരു സാധാരണ കുട്ടിയല്ല" -ഹാരിസ് (റ) ഹലീമ ബീവി (റ) യോടായി പറഞ്ഞു
നബി (സ്വ) എന്നും കുടിക്കാറുണ്ടയിരുന്ന ആ മുലയില്‍ നിന്നു മാത്രമേ എന്നും പാല്‍ കുടിച്ചിരുന്നുള്ളൂ എന്ന് ഹലീമ ബീവി (റ) പറഞ്ഞിരുന്നുവത്രെ. 

ഉപ്പാപ്പ ഹിഷാമിന്റെ മുഖത്തേക്ക് തന്നെ നോക്കി. അവന്റെ മുഖത്ത് എന്തോ സന്തോഷം കാണുന്നുണ്ട്. ഒരു ചെറു പുഞ്ചിരിയോടെ ഉപ്പാപ്പ വീണ്ടും പറയാന്‍ തുടങ്ങി.

അങ്ങനെ നബി (സ്വ) തങ്ങള്‍ക്കു രണ്ടു വയസ്സായപ്പോള്‍ ഹലീമ ബീവി (റ) നബിയേയും (സ്വ) കൂട്ടി ആമിനാ ബീവി (റ) യുടെ അടുത്തെത്തി. ഹലീമാ ബീവി (റ) ക്ക് ഒരു നിമിഷം പോലും നബിയെ വിട്ടു പോവാന്‍ കഴിയുമായിരുന്നില്ല. 
"കുട്ടി കുറച്ചു ദിവസം കൂടി എന്റെ കൂടെ നിന്നോട്ടെ?"-ഹലീമ ബീവി ആമിനാ ബീവി (റ) യോട് അപേക്ഷിച്ചു. 
ആമിനാ ബീവി(റ) നു മനസ്സലിഞ്ഞു.
" ശരി, അവന്‍ എന്നാല്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കട്ടെ"
ഹലീമ ബീവി(റ) ക്ക് സന്തോഷം അടക്കാനായില്ല. അവര്‍ നബി ( സ്വ) യെയും കൊണ്ട് ബനൂ സഅദ് ഗോത്രതിലേക്ക് മടങ്ങി.

അവിടത്തെ മറ്റു കുട്ടികള്‍ക്കൊപ്പം നബി (സ്വ) തങ്ങളും ആടുകളെ മേക്കാനും മറ്റും പോവുക പതിവായിരുന്നു. ഒരിക്കന്‍ നബി ( സ്വ) തങ്ങള്‍ ആടുകളെ മേച്ചു കൊണ്ടിരിക്കുമ്പോള്‍ തൂവെള്ള വസ്ത്രങ്ങള്‍ ധരിച്ച രണ്ടു പേര്‍ വന്നു. അവര്‍ നബി (സ്വ) യെ പിടിച്ചു നിലത്തു കിടത്തി. നബി (സ്വ) യുടെ നെഞ്ച് പിളര്തുകയും ഒരു മംസക്കഷ്ണമെടുത്ത് വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി തിരിച്ചു വെക്കുകയും ചെയ്തു.
എല്ലാം കണ്ടു നിന്ന കുട്ടികള്‍ ഹലീമ (റ) വിന്റെ വീട്ടിലേക്കോടി. അവര്‍ ഹലീമ ബീവി  (റ) യോട് വിവരങ്ങള്‍ ധരിപ്പിച്ചു. ഭയന്ന് വിറച്ച ഹലീമ (റ) നബി (സ്വ) തങ്ങളെ അന്വേഷിച്ചു പുറപ്പെട്ടു. അകലെ ഒന്നും സംഭവിക്കാത്ത മട്ടില്‍ നബി (സ്വ) നില്‍ക്കുന്നു!!.
നബിക്കരികെ ഓടിയെത്തിയ അവര്‍ കാര്യങ്ങള്‍ ആരാഞ്ഞു. നബി നടന്ന സംഭവങ്ങള്‍‍ ഒന്നൊഴിയാതെ  പറഞ്ഞു. ഹലീമ ബീവി അകെ പേടിച്ചു വിറക്കാന്‍ തുടങ്ങിയിരുന്നു. നബിയെ നബി (സ്വ) തങ്ങളെ, ഉമ്മ ആമിനാ ബീവി (റ) യെ ഏല്‍പ്പിക്കാന്‍ അവര്‍ തീരുമാനിച്ചു.  
ഹലീമ ബീവി (റ) ക്ക് മനസ്സിലായി. ഇതൊരിക്കലും ഒരു സാധാരണ ബാലനല്ല. അവര്‍ നബി (സ്വ) തങ്ങളെയും കൂട്ടി മക്കയിലെത്തി. ആമിനാ ബീവി (റ) യോടു കാര്യങ്ങൾ വിശദീകരിച്ചു. അവരുടെ കണ്ണുകളിൽ ഭയവും പരിഭ്രാന്തിയും തെളിഞ്ഞു കാണാമായിരുന്നു. 
ആമിനാ ബീവി ഒന്ന് പുഞ്ചിരിച്ചു. " ശൈത്ത്വാന്‍ ആണ് ഇതെല്ലം ചെയ്തതെന്ന് നിങ്ങള്‍ പേടിക്കുന്നുണ്ടല്ലേ?,  എന്റെ മകനെ ശൈത്ത്വാന്‍ ഒന്നും ചെയ്യില്ല." അവര്‍ ഹലീമ (റ) യോട് പറഞ്ഞു
"ഞാന്‍ ഇവനെ ഗര്ഭം ധരിച്ചപ്പോള്‍ എനിക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. എനിക്ക് പ്രസവ സമയത്തും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. പ്രസവിച്ചപ്പോള്‍ എന്റെ ശരീരത്തില്‍ നിന്നും ഒരു പ്രകാശം ആകാശത്തേക്കുയര്‍ന്നു. ആ പ്രകാശത്തില്‍ ഞാന്‍ ബസ്വറയിലെ കൊട്ടാരം കണ്ടു. പ്രസവിച്ചു വീണ ഉടനെ ഇരു കയ്യും നിലത്തു കുത്തി അവര്ന്‍ ആകാശത്തേക്ക് നോക്കി......."
എല്ലാം കേട്ടപ്പോള്‍ ഹലീമ (റ) നു സന്തോഷമായി. അവര്‍ നബിയെ ആമിനാ ബീവി (റ) യെ ഏല്‍പ്പിച്ചു ബനൂ സഅദ് ഗോത്രതിലേക്ക് തന്നെ തിരിച്ചു പോയി.
(തുടരും)
_______________________________
നബി (സ്വ) യ്ടെ നെഞ്ചു പിളര്‍ത്തി ഹൃദയം പുറത്തെടുത്തു കഴുകിയ സംഭവം നടക്കുന്നത് നാലാമത്തെ വയസ്സിലാണ്.  ( AD 575)

Sunday, February 20, 2011

(ആറ്) കാത്തിരുന്ന കാരുണ്യ വസന്തോദയം

മക്കയും മദീനയും ഓരോ വികാരങ്ങളാണ്. മക്ക, ഒരുപാടു നല്ല ഒര്മകള്‍ക്കൊപ്പം തന്നെ ഹൃദയത്തില്‍ വല്ലാത്ത  ഒരു അനുഭവം സമ്മാനിക്കുന്നു. മക്ക സുന്ദരമാണ്.  മാമലകള്‍ക്കും പർ‌വ്വതങ്ങൾക്കുമൊപ്പം ഈന്തപ്പനയും കള്ളീമുൾ ചെടികളും കൊണ്ടു സമ്പന്നമായ  ഹസ്രത് ഇസ്മയില്‍ ഇബ്രാഹിം (അ) എന്നിവരുടെ പാദസ്പര്‍ശം കൊണ്ട് അനുഗരഹീതമായ ഭൂമി.   ഉറവ വറ്റാത്ത സംസം കിണറിന്റെയും, അല്ലാഹുവിന്റെ പ്രഥമ ഭവനം  കഅബ ശരീഫിന്റെയും  മഹാ നഗരം.
മന്ദ മാരുതന്‍ കടന്നു പോയപ്പോള്‍ ഈത്തപ്പന ഓലകള്‍ നിര്ത്തമാടി  .കായ്ച്ചു നില്‍ക്കുന്ന ഈത്തപ്പനക്കുലകള്‍ ഇളകിയാടി. അബാബീല്‍ പക്ഷികള്‍ ചിറകടിച്ചുയര്‍ന്നു പറന്നു. ആകാശവും ഭൂമിലും സര്‍വ ലോക ചരാ ചരങ്ങളും കതോർത്തിരിക്കുകയാണ്........ മക്കയില്‍ ലോകാനുഗ്രഹിയുടെ ജനന നിമിഷങ്ങള്‍ അടുത്തടുത്ത്‌ വരികയാണ്‌..........
വീട്ടില്‍ ആമിന (റ) വിനു പ്രസവ വേദന തുടങ്ങിയിരിക്കുന്നു . അകലെ കഅബക്കരികില്‍ അബ്ദുല്‍ മുത്വലിബ് പ്രാര്‍ത്ഥനാ നിമഗ്നനാണ്.
പ്രവാചകരുടെ ജനനത്തിനു മുമ്പ് തന്നെ പിതാവ് അബ്ദുള്ള (റ) മരണപ്പെട്ടിരുന്നു. വ്യാപാര  ആവശ്യങ്ങള്‍ക്ക് സിറിയയില്‍ പോയ  അദ്ദേഹം തിരിച്ചു യാത്രാമദ്ധ്യേ യസ്‌രിബില്‍ ‍ വെച്ചു മരണപ്പെടുമ്പോള്‍ ആമിന (റ) എട്ടു മാസം ഗര്‍ഭിണിയായിരുന്നു. 

നിസ്കരപ്പായയിലിരുന്നു ഉപ്പാപ്പ  പേരകുട്ടി ഹിശാമിന് നബിയുടെ കഥ പറഞ്ഞു കൊടുക്കുകയാണ്. മുന്നില്‍ നിവര്‍ത്തി വെച്ച മുസ്‌ഹഫ് അടച്ച് കയ്യിലെടുത്തു ഉപ്പാപ്പ ഒന്ന് ചാരിയിരുന്നു. ഹിശാമിന് കഥ നന്നായി ഇഷ്ടപ്പെടുന്നുണ്ട്. അവന്‍ ഉപ്പാപ്പയുടെ തുണിയില്‍ പിടിച്ചു അവിടെ തന്നെ ഒന്നു നീങ്ങി, മടിയില്‍ കയറിയിരുന്നു. പേരക്കുട്ടിയുടെ തലയില്‍ വെറുതെ വിരലോടിച്ചു ഉപ്പ കഥ തുടര്‍ന്ന്. 

ലോകം മുഴുവന്‍ ആകാംശാ പൂര്‍വ്വം കാത്തിരുന്ന ആ സുന്ദര നിമിഷം അടുത്തടുത്ത്‌ വരികയാണ്. ആകാശത്ത് മാലാഖമാര്‍ അല്ലാഹുവിനു സ്തുതിയും സ്ത്രോത്രങ്ങളും ഉരുവിട്ട് കൊണ്ടിരുന്നു. ആകാശ ഭൂമികള്‍ ആ അസുലഭ നിമിഷത്തിനായി കണ്ണും കാതും കൂര്‍പ്പിചിരിക്കുകയാണ്. ഒരുവേള സൂര്യ ചന്ദ്ര നക്ഷത്രാതികള്‍ ആനന്ദ നൃത്തം ചവിട്ടി...........  
ഈത്തപ്പനയോലകള്‍ ഇളം കാറ്റില്‍ ഇളകിയാടി.........
ലോക നേതാവിന്റെ ജനനത്തിനായി ലോകം മുഴുക്കെയും ഒരുങ്ങി. ........ആകാശ ലോകത്ത് പുഷ്പവൃഷ്ടി തുടങ്ങി...... അര്ഷും കുര്സും ലൌഹും ഖലമുമെല്ലാം ആ ഒരൊറ്റ നിമിഷത്തിനായി കണ്‍‌തുറന്നു കാത്തിരുന്നു..........
"ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല"
ലോക ജനതയ്ക്ക് സത്യവും സമാധാനവും ധര്‍മ്മവും നീതിയും കാണിക്കാന്‍ ആ പുണ്യ പ്രവാചകന്‍ (സ്വ)  പിറക്കാന്‍ പോവുകയാണ്.........
സൂര്യന്‍ ആകാശക്കവിളില്‍ ചെഞ്ചായം പുരട്ടി തുടങ്ങിയിരിക്കുന്നു .......
ആകാശ നക്ഷത്രങ്ങള്‍ മിഴിയടക്കാതെ കാത്തിരുന്നു.......
മഴ മേഘങ്ങള്‍ക്കപ്പുരം   ചന്ദ്രന്‍ നിറപുഞ്ചിരിയുമായി ഭൂമിയെ നോക്കി...

കഅബ ക്കരികില്‍ പ്രാര്‍ത്ഥിച്ചു കൊടിരിക്കുന്ന അബ്ദുല്‍ മുത്വലിബിന്റെ അടുത്തേക്ക് അടിമ ഓടി വന്നു. അബ്ദുല്‍ മുത്വലിബിന്റെ മുന്നില്‍ വന്നു നിന്നു കിതക്കുമ്പോഴും അവന്റെ മുഖത്ത് വല്ലാത്ത സന്തോഷവും തെളിച്ചവും കാണാമായിരുന്നു.
"അമിന പ്രസവിച്ചു"
അയാള്‍ ഇടക്കൊന്നു ശ്വാസം അഞ്ഞു വലിച്ചു.
“ആൺകുട്ടിയാണ്"
അബ്ദുല്‍ മുത്തലിബ് കില്ലയില്‍ ഒന്ന് കൂടി മുറുക്കെ പിടിച്ചു. ക‌അബയുടെ നാഥൻ തന്റെ വിളി കേട്ടിരിക്കുന്നു... കണ്ണുകളില്‍ കണ്ണീര്‍ കണങ്ങൾനിറഞ്ഞു. ഒന്നും കാണാന്‍ കഴിയുന്നില്ല. അദ്ദേഹം ആ സന്തോഷ വാര്‍ത്ത‍ അറിയിച്ച അടിമയെ അപ്പോള്‍ തന്നെ മോചിപ്പിച്ച്‌ സ്വതന്ത്രനാക്കി.
ആമിനയുടെ അടുത്തേക്ക് ദ്ദൃധിയില്‍ നടന്നു വന്ന അബ്ദുല്‍ മുത്വലിബ് അടക്കാനാവാത്ത സന്തോഷത്തോടെ കുഞ്ഞിനെ വാരിയെടുത്ത് നെറ്റിയില്‍ തുരുതുരാ ഉമ്മ വെച്ചു. കുഞ്ഞിനേയും മാറില്‍ അണച്ച് പിടിച്ചു അദ്ദേഹം കഅബയിലേക്കു നടന്നു.
അബ്ദുല്‍ മുത്വലിബിന്റെ സന്തോഷം കണ്ട അവിടെ കൂടി നിന്ന ഖുറൈശികള്‍ അത്ഭുതപ്പെട്ടു.
ഖുറൈശികള്‍  നോക്കി നില്‍ക്കെ അദ്ദേഹം പ്രഖ്യാപിച്ചു. ഞാനെന്റെ പേരക്കുട്ടിക്ക്‌ "മുഹമ്മദ്‌" എന്ന് പേരിട്ടിരിക്കുന്നു. കൂടി നിന്ന ഖുറൈശികള്‍ക്ക് അത്ഭുതം  അടക്കാനായില്ല. അവര്‍ ചോദിച്ചു.
"അബ്ദുല്‍ മുത്വലിബ്, ഇതെന്തു പറ്റി നമ്മുടെ പൂര്‍വികര്‍ ഉപയോഗിച്ചു വന്ന പേരുകള്‍ അവഗണിച്ചു ഇങ്ങനെ ഒരു പേരിട്ടത്? "
അദ്ദേഹം അവരെ മാറി മാറി നോക്കി ഒന്ന് മന്ദഹസിച്ചു. "ലോകര്‍ മുഴുവനും  ഇവനെ  സ്തുതിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു".
 നബി പിറന്ന സന്തോഷാധിക്യത്താല്‍ അദ്ദേഹം ഒട്ടകത്തെ അറുത്തു എല്ലാവര്ക്കും ദാനം ചെയ്യുകയും ചെയ്തു. 
ആനക്കലഹ സംഭവം നടന്നു ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണു നബിയുടെ ജനനം. ആനക്കലഹ സംഭവം നടന്നപ്പോള്‍ തന്നെ ജൂതരും ക്രിസ്ത്യാനികളും പറഞ്ഞിരുന്നു അവസാനത്തെ പ്രവാചകൻ അഹ്മദിന്റെ വരവിനു സമയമായിരിക്കുന്നുവെന്നു.

ഹിഷാം ഉപ്പാപ്പയുടെ മടിയില്‍ തല വെച്ചു കഥ തുടരാൻ  തലയാട്ടി. വല്യുപ്പ  തുടർന്നു.
നബി (സ്വ) ജനിക്കുന്നത് ക്രിസ്താബ്ദം 571 ഏപ്രില്‍ 20 (റബീഉല്‍ അവ്വല്‍ 12 നു) തിങ്കളാഴ്ച സുബഹിയോടടുത്ത സമയത്താണു. അക്കാലത് മക്കയില്‍ അറിയപ്പെട്ട ഗോത്രമായിരുന്നു ഖുറൈശികൾ. ഖുറൈശികളില്‍ പെട്ട ബനൂ ഹാഷിം വംശ പരമ്പരയിലാണ് നബി ജനിച്ചത്‌.
നബി (സ്വ) തങ്ങളെ ഗര്‍ഭം ധരിച്ചത് മുതല്‍ തന്നെ പല അത്ഭുത സംഭവങ്ങളും നടക്കുകയുണ്ടായി. ഒരു സാധാരണ കുട്ടിയെ  ഗർഭം ധരിക്കുന്നതു പോലെ ആയിരുന്നില്ല .നബി തങ്ങളെ ഗര്‍ഭം ധരിച്ച സമയത്തെ കുറിച്ച് അമിന ബീവി (റ) തന്നെ പലപ്പോഴും  വിവരിക്കുകയുണ്ടായി. ഒരിക്കലും മറ്റു സ്ത്രീകളെ പോലെ ബീവിക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത് പോലെ തന്നെ പ്രസവവും വളരെ ആയാസകരമായിരുന്നു. പ്രവാചകര്‍ (സ്വ) തങ്ങളെ ഗര്‍ഭം ധരിചിരിക്കുമ്പോള്‍ ഒരിക്കല്‍ അമിന (റ) ഒരു അശരീരി കേട്ടു ' ആമിനാ, നീ ഗര്‍ഭം ധരിച്ചിരിക്കുന്നത്‌ ഈ സമുദായത്തിന്റെ നേതാവിനെയാണ്. അത് കൊണ്ട് നീ പ്രസവിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ എല്ലാ അസൂയാലുക്കളുടെയും ബുദ്ധിമുട്ടില്‍ നിന്നും ഞാന്‍ കവലിനെ തേടുന്നു വെന്ന് പ്രാര്‍ത്ഥിക്കുക, അവനു മുഹമ്മദ്‌ എന്ന് പേരിടുകയും ചെയ്യുക'
നബിയെ പ്രസവിച്ച ഉടനെ  തന്നെ അമിന ബീവിയുടെ ശരീരത്തില്‍ നിന്നും  ഒരു പ്രകാശം ആകാശത്തേക്ക് ഉയറ്ന്നു വെന്നും ആ പ്രഭയില്‍ ബസ്വറയിലെ കൊട്ടാരം വരെ കണ്ടു വെന്നും ബീവി പറഞ്ഞിട്ടുണ്ട്.
ജനിച്ചു വീണ ഉടനെതന്നെ നബി രണ്ടും കയ്യും, കാൽ മുട്ടുകളും  നിലത്തൂന്നി ആകാശത്തേക്ക് നോക്കിയത്രേ.
നബി (സ്വ) തങ്ങളെ പ്രസവിച്ച സമയത്ത് ലോകത്തിന്റെ  പല ഭാഗത്തായി പല അത്ഭുത  സംഭവങ്ങളും അരങ്ങേറി. കഅബയില്‍ ആരാധിക്കപ്പെട്ടിരുന്ന മുന്നൂറിലധികം ബിംബങ്ങള്‍ തലകുത്തി വീണതും ,സാവാ തടാകം വറ്റി വരണ്ടതും  അഗ്നി ആരാധകരായിരുന്ന മജൂസികള്‍ ആരാധിച്ചു പോന്നിരുന്ന തീ കുണ്ഡം അണഞ്ഞു പോയതും അവയില്‍ ചിലത് മാത്രം.   
" നബി (സ്വ) തങ്ങള്‍ ജനിച്ചപ്പോഴുണ്ടായ അത്ഭുതങ്ങള്‍ ഞാന്‍ പിന്നെ വിശദീകരിച്ചു പറഞ്ഞു തരാം" -ഉപ്പാപ്പ ഹിശാമിനെ മെല്ലെ പിടിചെഴുനെല്‍പ്പിച്ചു.
അടുക്കളയില്‍ നിന്നു ഉമ്മ വിളി തുടങ്ങിയിരിക്കുന്നു. ഹിശാമിനു മദ്രസ്സയില്‍ പോവാന്‍ സമയമായി. ചായയും പലഹാരവുമൊരുക്കി വല്ല്യുമ്മയും വിളി തുടങ്ങിയിട്ടുണ്ട്. മനസ്സില്ലാ മനസ്സോടെ അവന്‍ അടുക്കളയിലേക്കു നടന്നു...
........................................................
മറ്റേമ്മായെ കാലിനു ചെറിയ പ്രശ്നവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗ ശമനത്തിനും ആരോഗ്യത്തിനും ദുആ ചെയ്യാൻ അപേക്ഷിക്കുന്നു. അതു കാരണമാണ് ഈ ഭാഗം ഒരൽ‌പ്പം വൈകിയത്.ക്ഷമിക്കുമല്ലോ.

Monday, February 14, 2011

റബീഗ്; മദീനയുടെ വസന്തം

ആകാശത്ത് നക്ഷത്രങ്ങള്‍ മിഴി തുറന്നു. അക്കാശ മേഘങ്ങള്ക്കപ്പുരം  രബീഗിന്റെ പോന്നമ്പിളി പുഞ്ചിരി തൂകി.തഴുകി കടന്നു പോയ മന്ദമാരുതതനില്‍ ഇപ്പോഴും മദീനയുടെ സുഗന്ധമുണ്ട്.
മദീനയുടെ ആ മണല്‍ തരികളില്‍ ഇപ്പോഴും ആയിഷ (റ) കണ്ടെത്തിയ ആ കാസ്തൂരി ഗന്ധം വിടാതെ നില്‍ക്കുന്നുണ്ട്.നബി (സ്വ) കിടന്നുറങ്ങുമ്പോള്‍ പൊടിയുന്ന വിയര്‍പ്പു കണങ്ങള്‍ കുപ്പിയില്‍ ശേഖരിച്ചു വെക്കാറുണ്ടായിരുന്നുവെന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സുഗന്ധമായി ഉപയോഗിച്ചിരുന്നുവെന്നും ആയിഷ (റ).
മദീന, പ്രവാചകര്‍ (സ്വ) യെ പോലെ തന്നെ പ്രിയങ്കരമാവാന്‍ കാരണം അവിടുത്തെ അനശ്വര സാമീപ്യം തന്നെ. ഞാന്‍ മദീനയുടെ മണ്ണില്‍ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നു വന്നു പുണ്യ നബി (സ്വ). അത് കൊണ്ട് റബീഗ് മദീനയുടെ വസന്തമാവുന്നു. പ്രവാചകന്‍ (സ്വ) ലോകാനുഗ്രഹിയാണ്. അങ്ങനെ മദീനയുടെ വസന്തം ലോകത്തിനു തന്നെ സ്വന്തമായി തീരുന്നു.
"ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല"  എന്ന് അള്ളാഹു.
മരണ സമയത്ത് പോലും സ്വന്തം സമുദായത്തിന്റെ നന്മക്കു വേണ്ടി പ്രാര്‍ത്ഥിച്ച വേറെ ഏതു നേതാവിനെ നമുക്കു കാണാനാവും?
തന്നെ അപമാനിക്കുകയും വധിക്കാന്‍ ഗൂഡാലോചന നടത്തുകയും ചെയ്തവരോട്‌  ' നിങ്ങള്‍ എന്നില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നു' എന്ന ചോദ്യത്തിന് 'മാന്യനായ സഹോദരന്റെ' പെരുമാറ്റം ആവശ്യപെട്ടവരോട് 'നിങ്ങള്‍ പോവുക നിങ്ങള്‍ സ്വതന്ത്രരാണ്. ഇന്നേ ദിവസം നിങ്ങളുടെ മേല്‍ യാതൊരു പ്രതികാര നടപടിയുമില്ല' എന്ന് പറയാന്‍ മാത്രം ദയയും കാരുണ്യവും കാണിച്ച പ്രവാചകന്‍ (സ്വ).
യുദ്ധങ്ങളില്‍ പോലും സ്ത്രീകളോടും കുട്ടികളോടും പ്രയമായവരോടും ഒരക്രമവും പാടില്ലെന്ന് തന്റെ അനുച്ചരന്മാരോട് ഉപദേശിച്ച മനുഷ്യ സ്നേഹി.
കത്തുന്ന സൂര്യന് ചുവട്ടിലും കാര്‍മേഘങ്ങളും മരചില്ലകളും  തണല്‍ നല്‍കിയ അന്ത്യ പ്രവാചകന്‍ (സ്വ)...
അടിച്ചമാര്തപ്പെട്ടവന്റെയും അശരണരുടെയും അടിമകളുടെയും അനാഥ- അഗതികളുടെയും സ്ത്രീ സമുഹത്തിന്റെയും എന്നല്ല മനുഷ്യ വര്‍ഗ്ഗത്തിന്റെ ആകമാനം നന്മക്കും മോചനത്തിനും വേണ്ടി ശബ്ദമുയര്തുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മഹാ മനീഷി.
പറഞ്ഞാല്‍ തീരാത്ത പുണ്യങ്ങളുടെ കലവറയാണ് മുഹമ്മദ്‌ (സ്വ).
അറിഞ്ഞാല്‍ തീരാത്ത അഗാധ സാഗരമാണ് മുസ്ത്വഫ (സ്വ)
കണ്ടാല്‍ കൊതി തീരാത്ത സൌന്ദര്യമാണ് മുജ്തബ (സ്വ)


ഇത് റബീ‌ഇന്റെ പുണ്യ ദിനങ്ങള്‍. ലോകാനുഗ്രഹി മുഹമ്മദ്‌ മുസ്ത്വഫ (സ്വ) യുടെ ജന്മം കൊണ്ടനുഗ്രഹീതമായ മാസത്തിന്റെ സുന്ദര ദിന രാത്രങ്ങള്‍.
' അല്ലാഹുവും അവന്റെ മാലാഖമാരും നബിയുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നു, വിശ്വാസികളെ നിങ്ങളും നബിയുടെ മേല്‍ അനുഗ്രഹം തേടുക'- ആകാശ ഭൂമികള്‍ മുഴുക്കെയും അവിടുത്തെ സ്തുതി ഗീതങ്ങള്‍ പാടിപ്പറഞ്ഞു കൊണ്ടിരിക്കുന്നു.........
മദീനയുടെ വസന്തം, മക്കയുടെ വസന്തം, മുസ്ലിം ജനകോടികളുടെ ഹൃദയാരമത്തിലെ എക്കാലത്തെയും പുണ്യ വസന്തം, ദൈവ സൃഷ്ടികളുടെ മുഴുവന്‍ സ്നേഹ ഭാജ്യം .............
നമുക്കും പങ്കു ചേരാം ആ അനുഗ്രഹ വര്‍ഷതിന്റെ സ്തുതി ഗീതങ്ങളില്‍.................
ഏവര്‍ക്കും അനുഗ്രഹങ്ങളുടെ, സന്തോഷത്തിന്റെ 
നബിദിന ആശംസകള്‍